ന്ത്യയിലെ 15 കോടി ജനങ്ങളെങ്കിലും വിവിധ മാനസികരോഗങ്ങള്‍ക്ക് അടിമ പ്പെട്ടവരാണെന്ന് നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വേയുടെ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ 90 ശതമാനം ആളുകള്‍ക്കും മതിയായ ചികിത്സ ലഭിച്ചിട്ടുമില്ല. മാത്രമല്ല അവരില്‍ ഏകദേശം ഒരു കോടിയോളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ വേണ്ടിവരുന്ന ഗുരുതരമായ മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരാണ്. ലോകത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ മൂന്നിലൊന്ന് ഇന്ത്യയിലാണെന്നതാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത. അതില്‍ത്തന്നെ ഇന്ത്യയില്‍ ആത്മഹത്യകളുടെ തലസ്ഥാനമായി (പ്രത്യേകിച്ചും യുവതികളില്‍) കേരളം മാറിയിരിക്കുന്നു. സംസ്ഥാനത്ത് 1990-നും 2013-നും ഇടയില്‍ വിഷാദരോഗം 67 ശതമാനം വര്‍ധിച്ചു എന്നതാണ് മറ്റൊരുകണക്ക്. 2025 ആകുമ്പോനഴേക്കും ഈ നിരക്ക് 22.5 ശതമാനം അധികമായി വര്‍ധിക്കുമെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

പരിഗണനയില്ലാത്ത മേഖല

ഒരു മാനസികരോഗിയുടെ പരിപാലനത്തിനായി നമ്മുടെ സര്‍ക്കാര്‍ വര്‍ഷത്തില്‍ വെറും 13 രൂപമാത്രമാണ് ചെലവഴിക്കുന്നത്. യഥാര്‍ഥത്തില്‍ അത്യാവശ്യ മരുന്നുകള്‍, ഭക്ഷണം, താമസം എന്നിവയ്ക്കായി മാസത്തില്‍ ചുരുങ്ങിയത് 500 രൂപയെങ്കിലും ചെലവുവരുന്നു. ഇന്ത്യക്കാരുടെ മാനസികാ രോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നില്ല എന്നതാണ് സത്യം.

1982-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിവെച്ച ജില്ലാ മാനസികാരോഗ്യപദ്ധതി 1996 വരെ ഫയലില്‍ ഉറങ്ങുകയായിരുന്നു. 1996-ല്‍ 27 കോടി രൂപ ചെലവ് പ്രതീക്ഷിച്ചുകൊണ്ട് നടപ്പാക്കിത്തുടങ്ങിയ ഈ പദ്ധതി ഇന്ന് ചുരുക്കം ചില ജില്ലകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. മാത്രമല്ല ഈ പദ്ധതിക്കു കീഴില്‍ 40 ശതമാനം തസ്തികകള്‍ ഇന്നും ഒഴിഞ്ഞുകിടക്കുകയാണ്. യഥാര്‍ഥത്തില്‍ മനോരോഗികളുടെ പരിപാലനത്തിന് പണമില്ലായ്മയല്ല, മറിച്ച് പണം വേണ്ട രീതിയില്‍ വിനിയോഗിക്കാത്തതാണ് പ്രശ്‌നം. കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും മനോരോഗികള്‍ക്കുള്ള കേന്ദ്ര ഫണ്ടുകള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാതെ തിരിച്ചടയ്ക്കുകയാണ് ചെയ്യുന്നത്. വളരെ ശ്രദ്ധയോടെ മനോരോഗാശുപത്രികളുടെ നടത്തിപ്പ് പരിശോധിക്കാന്‍പോലും ഇവിടെ ആളില്ലെന്നതാണ് വസ്തുത.

അപര്യാപ്തമായ ബജറ്റ്

നമ്മുടെ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ കേവലം 1.16 ശതമാനം മാത്രമാണ് മാനസികാരോഗ്യ മേഖലക്കായി നീക്കിവെച്ചിരിക്കുന്നത്. ഇത് തികച്ചും അപര്യാപ്തമാണ്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി മാനസികാരോഗ്യ ചികിത്സയ്ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടെങ്കിലും യോഗ്യരായ പ്രൊഫഷണലുകളെ ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഒരു ലക്ഷം ആളുകള്‍ക്ക് കുറഞ്ഞത് അഞ്ച് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ നേടിയവര്‍) വേണ്ടിടത്ത് 0.62 ആണ് ഇപ്പോഴുള്ളത്.

നമ്മുടെ ആരോഗ്യനയം എത്രമാത്രം ഫലപ്രദമാണെന്നും ജനങ്ങള്‍ എത്രകണ്ട് ഇത് ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് അറിയാനും വേണ്ടി ഒരു ആരോഗ്യ ഓഡിറ്റിങ് നടപ്പാക്കണം. കേവലം വരവുചെലവ് കണക്കുകള്‍ മാത്രം നോക്കുന്ന ഓഡിറ്റിങ് മാത്രമാണ് ഇന്ന് ആരോഗ്യമേഖലയില്‍ നടക്കുന്നത്.

(കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

Content Highlights: World Mental Health Day 2020,  Mental health care needs a policy, Health, Mental Health