ന്ന് ഒക്ടോബര്‍ 10, ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യദിനമായി ലോകമെമ്പാടും ആചരിക്കുന്നു. മാനസിക ആരോഗ്യത്തെപ്പറ്റിയും മാനസിക രോഗങ്ങളെപ്പറ്റിയും ജനങ്ങളില്‍ ശരിയായ അവബോധം വളര്‍ത്തുവാന്‍ സഹായകരമായ പ്രവര്‍ത്തനങ്ങള്‍ ഈ ദിനത്തില്‍ പ്രത്യേകമായി നടത്തുന്നുണ്ട്. മാനസിക ആരോഗ്യത്തിന്റെ ഏതെങ്കിലും ഒരു വിഷയത്തിന് എല്ലാ വര്‍ഷവും പ്രാധാന്യം കൊടുത്തുകൊണ്ട് സമൂഹത്തിന്റെ എല്ലാ തട്ടിലുള്ളവരിലും മാനസ്സിക ആരോഗ്യവിജ്ഞാനം വളര്‍ത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

കോവിഡ് മഹാമാരി മാനസികാരോഗ്യത്തിന്റെ അത്യാവശ്യം ലോകത്തിനെ മനസ്സിലാക്കിക്കുവാന്‍ കുറെയൊക്കെ സഹായിച്ചു.  ലോക ശരാശരിയില്‍ സന്തോഷവും മാനസികആരോഗ്യവും ഈ കാലഘട്ടത്തില്‍ ദൃശ്യമാം വിധം കുറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും മാനസിക ആരോഗ്യം : കൂടുതല്‍ നിക്ഷേപം, കൂടുതല്‍ ലഭ്യത.... എന്ന ഈ വര്‍ഷത്തെ വിഷയം ഈ പോരായ്മകളെ എങ്ങിനെ നികത്താം എന്നു ചിന്തിക്കുവാന്‍ നമ്മെ സഹായിക്കും.

ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരം നല്ല മാനസിക ആരോഗ്യം ഒരു സമൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷികമാണ്. കുറെ കാലമായി മാനസ്സികാരോഗ്യത്തിന്റെ പ്രാധാന്യം മെല്ലെ സമൂഹത്തിന് മനസ്സിലാകുവാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും അതിനനുസിച്ചുള്ള പ്രതികരണം ഇപ്പോഴും ഉണ്ടായിട്ടില്ല. മാനസിക രോഗങ്ങള്‍ ലോകമെമ്പാടും കൂടി വരികയാണ്. കോവിഡ് രോഗത്തിന്റെ മാനസിക പ്രത്യാഘാതങ്ങള്‍ ഇനിയു വരുവാനിരിക്കുന്നതേയുള്ളൂ. മാനസിക രോഗങ്ങളും ലഹരി ഉപയോഗരോഗങ്ങളും കൂടി ചേര്‍ന്നാല്‍ ലോക രോഗഭാരത്തിന്റെ പത്തു ശതമാനം വരും. നാലിലൊരാള്‍ക്ക് ജീവിതത്തില്‍ എന്നെങ്കിലും ഏതെങ്കിലും ഒരു മാനസികരോഗം ബാധിക്കുന്നു എന്നാണ് കണക്ക്. ലോകമാകമാനം 100 കോടി ജനങ്ങളോളം മാനസിക രോഗങ്ങളുമായി ജീവിക്കുന്നുവെന്നും, ഒരു കൊല്ലം ഇതു കാരണമുള്ള നഷ്ടം ഏകദേശം ഒരു ലക്ഷം കോടിയോളമുണ്ട് എന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പഠനങ്ങള്‍ പറയുന്നത്. വികസിത രാജ്യങ്ങളില്‍ 50 ശതമാനവും അവികസിത രാജ്യങ്ങളില്‍ 80 ശതമാനവും രോഗികള്‍ക്ക് ഇന്നും പല കാരണങ്ങളാല്‍ ശരിയായ ചികിത്സ ലഭിക്കാതെ പോകുന്നു. ഈ വിടവ് നികത്തുവാനുള്ള പ്രയത്നമോ താല്പര്യം തന്നെയൊ മിക്ക രാജ്യങ്ങളും കാണിക്കുന്നില്ല. ആരോഗ്യ ബജറ്റിന്റെ കേവലം രണ്ടു ശതമാനം മാത്രമാണ് ലോകരാഷ്ടങ്ങള്‍ മാനസ്സിക ആരോഗ്യത്തിനായി നീക്കി വച്ചിരിക്കുന്നത്.

ഇന്ത്യയിലെ സ്ഥിതി അതീവ ദയനീയമാണ്. ദേശീയ ബഡ്ജറ്റിന്റെ തുച്ഛമായ 0.01% മാത്രമാണ് മാനസികാരോഗ്യത്തിനായി നീക്കി വച്ചിരിക്കുന്നത്. പ്രതിശീര്‍ഷം വെറും നാലുരൂപ. ഇത് മുഴുവന്‍ തന്നെയും ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളത്തിനായി മാത്രമാണ് ചിലവഴിക്കുന്നത്. മാനസിക രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിനു പോലും നടക്കുന്നില്ല.  സ്വയം സന്നദ്ധ പ്രവര്‍ത്തക സംഘടനകളാണ് ഈ കാര്യത്തില്‍ അല്പമെങ്കിലും ചെയ്യുന്നത്. 

മാനസിക രംഗത്തു ചിലവഴിക്കുന്ന ഓരോ രൂപയും 5 രൂപയുടെ ഫലം തരുന്നു എന്നാണ്. കാരണം രോഗം ഭേദമാകുന്നവരുടെ എണ്ണത്തിനനുസരിച്ച് സമൂഹത്തിന് വളര്‍ച്ചയുണ്ടാവുമല്ലോ,സമൂഹത്തിന്റെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നതു വഴിയാണിത്.

എന്നിട്ടും എന്തു കൊണ്ടാണ് ലോക രാഷ്ട്രങ്ങള്‍ മാനസിക ആരോഗ്യ പ്രവര്‍ത്തനത്തില്‍ നിക്ഷേപിക്കാന്‍ തയ്യാറാകാത്തത്? ലഭ്യത ഉറപ്പാക്കാന്‍ ശ്രമിക്കാത്തത്?  മാനസിക ആരോഗ്യത്തേയും രോഗങ്ങളേയും പറ്റിയുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ തന്നെയാണ് കാരണം. മാനസിക രോഗങ്ങള്‍ ഒരു രോഗിയുടെ കുറവിന്റെ പ്രതിഫലനമാണ് എന്നതാണ് ഒന്നാമത്തെ തെറ്റിദ്ധാരണ. മാനസിക രോഗങ്ങള്‍ തടയുവാനോ ഫലപ്രദമായി ചികിത്സിക്കുവാനോ കഴിയില്ല എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. ഈ രോഗങ്ങള്‍ മറ്റേതൊരു രോഗത്തെപ്പോലെ തന്നെയാണെന്ന വസ്തുത സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. പല നിയമ നിര്‍മ്മാണത്തിനു ശേഷവും ഇന്നും മാനസിക രോഗങ്ങള്‍ക്കു ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ല. മാത്രമല്ല, മാനസിക രോഗമുണ്ട് എന്ന കാരണത്താല്‍ പലപ്പോഴും മറ്റു രോഗങ്ങള്‍ക്കുള്ള പരിരക്ഷ പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നെങ്കിലുമൊരിക്കല്‍ രോഗമുണ്ടായിരുന്നു എന്ന കാരണത്താല്‍ സാമാന്യ നീതിപോലും നിഷേധിപ്പെട്ടവര്‍ വളരെയധികമുണ്ട്.

2030 തോടെ ആരോഗ്യവാന്മാരായ ജനങ്ങള്‍ എന്ന ലക്ഷ്യം പൂര്‍ത്തിയാകമെങ്കില്‍ മാനസികാരോഗ്യ രംഗത്തു അര്‍ഹമായ നിക്ഷേപങ്ങള്‍ നടത്തിയേ പറ്റൂ എന്നാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യദിനം സമൂഹത്തോട് പറയാന്‍ ശ്രമിക്കുന്നത്. മൂന്നു പ്രവര്‍ത്തനങ്ങളാണ് പ്രാഥമികമായി ചെയ്യേണ്ടത്. ഒന്നാമതായി മുഴുവന്‍ സമൂഹം ഒറ്റക്കെട്ടോടെ മാനസികആരോഗ്യത്തിന്റെ വളര്‍ച്ച, പരിരക്ഷ, ചികിത്സ എന്നീ പദ്ധതികളില്‍ ഏര്‍പ്പെടണം. രണ്ടാമതായി മാനസിക പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സ കൂടുതല്‍ വിശാലമായി സമൂഹത്തില്‍ ലഭ്യമാക്കണം. മൂന്നാമതായി കോവിഡ് മൂലമുണ്ടായ മാനസിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങള്‍ കണ്ടെത്തണം. എല്ലാവര്‍ക്കും എപ്പോഴും എവിടേയും മാനസ്സികാരോഗ്യം ഉറപ്പാക്കുവാന്‍ വേണ്ട നിക്ഷേപങ്ങള്‍ നടത്തണം. 

(കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്യാടിസ്റ്റാണ് ലേഖകന്‍)

Content Highlights: World Mental Health Day 2020, Mental health and Corona pandemic