കോവിഡ് ലോകത്ത് ദശലക്ഷക്കണക്കിനാളുകളുടെ മാനസികാരോഗ്യത്തെ ബാധിച്ചെന്നാണ് ഡബ്ല്യു.എച്ച്.ഒ.യുടെ റിപ്പോര്‍ട്ട്. 93 ശതമാനം രാജ്യങ്ങളിലും മാനസികാരോഗ്യ സേവനങ്ങള്‍ കോവിഡ് കാലത്ത് തടസ്സപ്പെട്ടു. മാനസികാരോഗ്യ സേവനങ്ങള്‍ കൂടുതലാളുകള്‍ക്ക് ആവശ്യമായും വന്നു. ഏകാന്തത, തൊഴില്‍ നഷ്ടം, വരുമാനനഷ്ടം, രോഗഭീതി, സ്വന്തക്കാരുടെ മരണം, പട്ടിണി, പഠനസൗകര്യക്കുറവ് തുടങ്ങിയവയാണ് സമ്മര്‍ദം കൂട്ടിയ പ്രധാന ഘടകങ്ങള്‍. വീടുനുള്ളില്‍ ഓരോരുത്തരും സമ്മര്‍ദങ്ങളാല്‍ വീര്‍പ്പുമുട്ടി.

സമ്മര്‍ദത്തില്‍ പുരുഷന്‍മാര്‍

 • തുടക്കത്തില്‍ മദ്യം കിട്ടാഞ്ഞതാണ് ലഹരിക്കടിപ്പെട്ട പുരുഷന്‍മാരെ പ്രധാനമായും ബാധിച്ചത്. ചിലര്‍ ആത്മഹത്യ ചെയ്തു. മദ്യം കിട്ടാതെ പലര്‍ക്കും മതിഭ്രമം, മാനസിക വിഭ്രാന്തി, സ്ഥലകാലബോധമില്ലായ്മ, അപസ്മാരം എന്നിവയുണ്ടായി. പലര്‍ക്കും കൗണ്‍സലിങ് വേണ്ടിവന്നു 
 • ജോലി നഷ്ടപ്പെടുമോ ശമ്പളം വെട്ടിക്കുറയ്ക്കുമോ തുടങ്ങിയ ഉത്കണ്ഠകള്‍ പലരെയും അലട്ടി.
 • ദേഷ്യം നിയന്ത്രിക്കാനാവുന്നില്ലെന്നും ഉറക്കക്കുറവുണ്ടെന്നും പരാതിപ്പെട്ട് പല പ്രായത്തില്‍പ്പെട്ട പുരുഷന്‍മാരും മാനസികവിദഗ്ധരെ സമീപിച്ചു. 
 • വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഓഫീസിലേതു പോലെ പലര്‍ക്കും ശ്രദ്ധ കേന്ദ്രീകരിക്കാനായില്ല.

കൂട്ടുകാരെ കാണാതെ കുട്ടികള്‍

 • കുട്ടികളും കൗമാരക്കാരും അവരുടേതായ പല സമ്മര്‍ദങ്ങളും വിഷമങ്ങളും പങ്കിടുന്നതും അതിജീവിക്കുന്നതും സമപ്രായക്കാരായ കൂട്ടുകാരോട് പറഞ്ഞും പങ്കിട്ടുമാണ്. കോവിഡ് അതിനുള്ള അവസരമില്ലാതാക്കി. പ്രധാനമായും ബാധിച്ചത് നഗരത്തില്‍ കഴിയുന്നവരെ.
 • പുറത്തിറങ്ങാനും കളിക്കാനുമൊന്നും കഴിയാത്തതിനാല്‍ സ്‌ക്രീനുകളിലായി കുട്ടികളുടെ ലോകം. വീട്ടിലുള്ളവരോടുപോലും സംസാരം കുറഞ്ഞു.
 • പഠിക്കാന്‍ ടി.വി., ഫോണ്‍ സൗകര്യങ്ങളില്ലാത്ത കുട്ടികളെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സമ്മര്‍ദത്തിലാക്കി. സമപ്രായക്കാരെപ്പോലെ എല്ലാം വേണമെന്നാഗ്രഹിക്കുന്ന കൗമാരക്കാരെയാണ് കൂടുതല്‍ ബാധിച്ചത്.
 • സ്‌കൂളില്‍ പോയിക്കൊണ്ടിരുന്നപ്പോള്‍ അറിയാതിരുന്ന മുതിര്‍ന്നവര്‍ തമ്മിലുള്ള വഴക്കുകള്‍ നേരിട്ടു കാണാനിടവന്നത് കുട്ടികളില്‍ ഭയവും അരക്ഷിതാവസ്ഥയുമുണ്ടാക്കി
 • കോവിഡിനിടെയും ജോലിക്കുപോവേണ്ടിവന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പോലീസുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കുട്ടികളില്‍ അച്ഛനമ്മമാര്‍ക്ക് രോഗം വരുമോയെന്ന ഭയവും ഉത്കണ്ഠയും കൂടുതലായിരുന്നു
 • ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌കൂളില്‍പോക്ക് മുടങ്ങിയത് സമ്മര്‍ദമുണ്ടാക്കി.
 • ആത്മഹത്യപ്രവണതയുമായി കുട്ടികള്‍ ഹെല്‍പ്ലൈന്‍ നമ്പറുകളില്‍ വിളിച്ചു. സാനിറ്റൈസര്‍ കുടിച്ച് പത്തുവയസ്സുള്ള കുട്ടി മരിക്കാന്‍ ശ്രമിച്ചു.
 • ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ വാങ്ങാന്‍ പണമില്ലാഞ്ഞതിനാല്‍ തമാഴ്നാട്ടില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത നാം വായിച്ചു.

ഭാരം പേറി സ്ത്രീകള്‍

 • എല്ലാവരും വീട്ടിലുള്ളതിനാല്‍ വീട്ടമ്മമാരുടെ ജോലിഭാരം കൂടി. അമിതജോലികള്‍ പങ്കിടാന്‍ പലപ്പോഴും വീട്ടിലെ മറ്റംഗങ്ങള്‍ തയ്യാറാവാത്തത് സ്ത്രീകളില്‍ സമ്മര്‍ദം കൂട്ടി.
 • ലോക്ഡൗണില്‍ വീട്ടുജോലിക്ക് ആളെക്കിട്ടാത്തത് ഓഫീസ് ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് അമിതഭാരമുണ്ടാക്കി
 • ഗാര്‍ഹികപീഡനം കൂടി. വീട്ടില്‍ എപ്പോഴും എല്ലാവരുമുള്ളതിനാല്‍ സ്ത്രീകള്‍ക്ക് ഹെല്‍പ്ലൈനുകളെപ്പോലും ബന്ധപ്പെടാനാവാതെവന്നു. റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍പ്പോലും അവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള സൗകര്യം കോവിഡ് കാലത്തുണ്ടായിരുന്നില്ല
 • ഭര്‍ത്താക്കന്മാരുടെ വിവാഹേതര ബന്ധങ്ങള്‍ തിരിച്ചറിഞ്ഞ് സമ്മര്‍ദത്തിലായ ഒട്ടേറെ സ്ത്രീകള്‍ക്ക് കൗണ്‍സലിങ് വേണ്ടിവന്നു
 • സാധാരണ തൊഴില്‍സമയത്തെക്കാള്‍ സമയപരിധിയില്ലാതെ ജോലിചെയ്യാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായി.
 • കുട്ടികളുടെ ഉത്തരവാദിത്വമേറെയും സ്ത്രീകള്‍ പേറേണ്ടിവന്നു.
 • കോവിഡ് ബാധിച്ചവരടക്കമുള്ള കുടുംബാംഗങ്ങളെ പരിചരിക്കേണ്ട ഉത്തരവാദിത്വം ഏറെയും ഏറ്റെടുക്കേണ്ടിവന്നത് സ്ത്രീകളാണ്.

നിസ്സഹായരായിപ്രായമായവര്‍

 • അയല്‍വീടുകളിലേക്കും ആരാധനാലയങ്ങളിലേക്കുമുള്ള പോക്ക് മുടങ്ങിയത് പലരിലും സമ്മര്‍ദമുണ്ടാക്കി.
 • കോവിഡ് ഭീതിയില്‍ മക്കളൊന്നും കാണാനെത്താത്തത് ഒറ്റയ്ക്കു താമസിക്കുന്നവരില്‍ സംഘര്‍ഷമുണ്ടാക്കി.
 • വെറുതേ ഇരിക്കുമ്പോള്‍ ടെലിവിഷന്‍ ഉപയോഗം കൂടി. ശാരീരികമായ പ്രവൃത്തികള്‍ കുറയുന്നതും സ്‌ക്രീന്‍ ഉപയോഗം കൂടുന്നതും പ്രായംചെന്നവരുടെ ഭൗതികമായ പല ശേഷികളെയും കുറയ്ക്കാനിടയാക്കി. കോവിഡിനുശേഷം ഓര്‍മക്കുറവുള്ളവരും ഭൗതികശേഷി കുറഞ്ഞവരുമായ വയോധികരുടെ എണ്ണം കൂടിയേക്കും
 • അത്യാഹിത സന്ദര്‍ഭങ്ങളിലടക്കം മറ്റു രോഗങ്ങള്‍ക്ക് ചികിത്സിതേടാനാവാതെ വന്നു
 • ഓര്‍മക്കുറവുള്ളവര്‍ക്കടക്കം നേരത്തേ ലഭിച്ച സംരക്ഷണം കിട്ടാതായത് അവരില്‍ അസ്വസ്ഥതയുണ്ടാക്കി
 • കോവിഡ് പിടിപെടുമെന്ന ഭയവും മരണഭയവും കൂടി.

''മാനസികപ്രശ്‌നങ്ങളൊക്കെ നേരത്തേതന്നെ ചികിത്സിച്ചു ഭേദമാക്കിയ ഒട്ടേറെപ്പേര്‍ക്ക് കോവിഡ് കാലത്ത് രോഗം തിരിച്ചുവരുന്ന അവസ്ഥയുണ്ടായി. ഫോണിലൂടെ നല്‍കുന്ന കുറിപ്പടിവെച്ച് പല ഫാര്‍മസികളും മരുന്നുനല്‍കാന്‍ തയ്യാറാവാതിരുന്നത് പലരെയും ബുദ്ധിമുട്ടിച്ചിരുന്നു. കോവിഡ് ഭീതിയില്‍ ഒട്ടേറെ പ്രവാസികളും കൗണ്‍സലിങ്ങിനായി സമീപിച്ചിട്ടുണ്ട്.''
-ഡോ. സ്മിത സി.എ.
സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്

''മാനസികവെല്ലുവിളി നേരിടുന്ന 70 ശതമാനം പേര്‍ക്കും കോവിഡിനു മുമ്പുതന്നെ ചികിത്സകിട്ടുന്നില്ല. കോവിഡ് ഈ സാഹചര്യം ഒന്നുകൂടി വഷളാക്കി. ഡിജിറ്റല്‍ കുറിപ്പടിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് കോവിഡ് കാലത്തുണ്ടായ ഒരു നല്ല കാര്യം. നേരിട്ടെത്തി ചികിത്സിക്കാന്‍ മടിച്ചിരുന്ന പലര്‍ക്കും ഇതോടെ ചികിത്സ വിരല്‍ത്തുമ്പിലെത്തി''.
-ഡോ. ടി. മനോജ്കുമാര്‍
ക്ലിനിക്കല്‍ ഡയറക്ടര്‍, എം.എച്ച്.എ.ടി.

Content Highlights: World Mental Health Day 2020, Lockdown and Mental Health during Covid19 Corona Virus outbreak