പ്രസവാനന്തരം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ചെറിയൊരു വിഭാഗം സ്ത്രീകളെ ബാധിക്കുന്ന കടുത്ത മാനസിക രോഗമാണ് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് അഥവാ പ്രസവാനന്തര മാനസിക വിഭ്രാന്തി. ആയിരം സ്ത്രീകളില്‍ ഒന്നോ രണ്ടോ പേര്‍ക്ക് പ്രസവശേഷം ഈ രോഗം ഉണ്ടാകാം. നമ്മുടെ സമൂഹത്തി  ഈ രോഗത്തെക്കുറിച്ചുള്ള അവബോധം കുറവാണ്. അത്തരക്കാര്‍ സ്വയമോ അല്ലെങ്കില്‍ സ്വന്തം കുട്ടിയുള്‍പ്പെടെ മറ്റുള്ളവരെയോ അപായപ്പെടുത്താനുള്ള പ്രവണത കാണിക്കുന്നു. അതുകൊണ്ടുതന്നെ എത്രയും നേരത്തെ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ തേടണം. ചുരുങ്ങിയ സമയംകൊണ്ട് വ്യത്യസ്ത രീതിയിലുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന രോഗമാണിത്.  

രോഗലക്ഷണങ്ങള്‍

വിഷാദാവസ്ഥയുടെയോ ഉന്മാദാവസ്ഥയുടെയോ സ്‌കീസോഫ്രീനിയ പോലുള്ള സൈക്കോസിസ് രോഗത്തിന്റെയോ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന രോഗമാണിത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ  പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍ രോഗി പ്രകടിപ്പിക്കാം. 

പൊതുലക്ഷണങ്ങള്‍ 

വിഷാദാവസ്ഥ/അകാരണമായ കരച്ചില്‍, ഉത്കണ്ഠ/അസ്വസ്ഥത, കടുത്ത ആശയക്കുഴപ്പം, പെട്ടെന്ന് ദേഷ്യം വരുക, കൂടുതല്‍ ചിന്തിക്കുക, ഓര്‍മക്കുറവ്, ശ്രദ്ധക്കുറവ്, മറ്റുള്ളവരുമായി സംസാരിക്കാതെ അകന്നു നില്‍ക്കുക, കുട്ടിയെ പരിചരിക്കാന്‍ താത്പര്യം കുറയുക, താന്‍ വലിയ ആളാണെന്ന തോന്നല്‍, പതിവി  കവിഞ്ഞ സംസാരവും പ്രസരിപ്പും സൗഹൃദ പ്രകടനവും, ഉറക്കമില്ലായ്മ/ഉറങ്ങേണ്ട എന്ന തോന്നല്‍, എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടല്‍, സ്വപ്‌നലോകത്തിലാണെന്ന തോന്നല്‍, അനാവശ്യമായ സംശയവും ഭയവും.

മിഥ്യാധാരണകള്‍: യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത വിചിത്രമായ ചിന്തകളും തെറ്റിദ്ധാരണയും. ഉദാ: പ്രസവാനന്തരം കുട്ടി മാറിപ്പോയെന്നും തന്റെ കുട്ടി ചെകുത്താന്റെ പിടിയിലാണെന്നുമുള്ള വിചാരങ്ങള്‍.

മിഥ്യാനുഭവങ്ങള്‍: ഇല്ലാത്ത ദൃശ്യങ്ങള്‍ കാണുക, ശബ്ദങ്ങള്‍ കേള്‍ക്കുക, മണം അനുഭവപ്പെടുക എന്നിവ.

സ്വന്തം കുട്ടിയെ പരിചരിക്കാന്‍പോലും കഴിയാത്ത വിധത്തില്‍ രോഗലക്ഷണങ്ങള്‍ അമ്മമാരെ കീഴ്പ്പെടുത്തിയേക്കാം. ഈ അവസ്ഥ തിരിച്ചറിയാന്‍ അമ്മമാര്‍ക്ക് പൊതുവേ കഴിയാത്തതുകൊണ്ട് രോഗാവസ്ഥ തിരിച്ചറിഞ്ഞ് അവരെ സഹായിക്കേണ്ടത് പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഉത്തരവാദിത്വമാണ്.
പ്രസവത്തിനു ശേഷമുള്ള ആദ്യത്തെ നാല് ആഴ്ചകളിലാണ് സാധാരണമായി രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നത്. പ്രസവാനന്തരം കുറേ ആഴ്ചകള്‍ക്കു ശേഷം രോഗം പ്രകടമാകുന്ന അവസ്ഥയും അപൂര്‍വമായി കാണാറുണ്ട്.

കാരണങ്ങള്‍

ഈ രോഗാവസ്ഥയിലേക്ക് നയിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. ജനിതക ഘടകമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. സ്വന്തം അമ്മയ്ക്കോ സഹോദരിമാര്‍ക്കോ ഇത്തരം രോഗമുണ്ടെങ്കില്‍ കുടുംബത്തിലെ മറ്റ് സ്ത്രീകള്‍ക്ക് രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രസവശേഷം സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനവും വേണ്ടത്ര ഉറക്കമില്ലായ്മയും ഈ രോഗത്തിന് ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. മുന്‍പേതന്നെ ഉന്മാദ-വിഷാദ രോഗം, സ്‌കീസോ-അഫക്ടീവ് ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ, മറ്റ് മാനസിക പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ക്കും രോഗസാധ്യത വളരെ കൂടുതലാണ്. മുന്‍ പ്രസവങ്ങളില്‍ ഇതേ രോഗമുണ്ടായിരുന്നവര്‍ക്ക് തുടര്‍ പ്രസവങ്ങളി  ഈ രോഗം ആവര്‍ത്തിക്കാനുള്ള സാധ്യതയുമുണ്ട്.

മുന്‍കരുതല്‍ 

ജനിതകപരമായി രോഗസാധ്യത കൂടിയവരും മറ്റ് മാനസിക രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരും ഗര്‍ഭധാരണത്തെപ്പറ്റി ചിന്തിക്കുന്നതിനു മുന്‍പുതന്നെ ഇക്കാര്യം ഒരു മാനസികരോഗ വിദഗ്ധനുമായി ചര്‍ച്ച ചെയ്യണം. രോഗിക്ക് ഗര്‍ഭധാരണം പെട്ടെന്നു സാധ്യമാണോ അല്ലയോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിദഗ്ധോപദേശം ലഭ്യമാക്കാനും ഇതുപകരിക്കുന്നു. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തതുമൂലം സംഭവിക്കുന്ന അപ്രതീക്ഷിത ഗര്‍ഭധാരണമാണെങ്കില്‍ അക്കാര്യവും എത്രയും പെട്ടെന്ന് ഡോക്ടറെ അറിയിക്കേണ്ടതാണ്.

Mother and kid
Representative Image | Photo: Gettyimages.in

ഗര്‍ഭാവസ്ഥയിലുള്ളവര്‍ക്കു മുന്‍പ് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് രോഗമുണ്ടായിരുന്നെങ്കില്‍ അക്കാര്യം അവരെ ചികിത്സിക്കുന്ന ഡോക്ടറോട് വളരെ വിശദമായി സംസാരിക്കണം. രോഗിക്ക് വേണ്ടവിധത്തിലുള്ള പരിചരണം നല്‍കാന്‍ അത് അവരെ സഹായിക്കും.

രോഗത്തിന് ആക്കംകൂട്ടുന്ന വിവിധ ഘടകങ്ങളെക്കുറിച്ച് ബന്ധുക്കളെ മനസ്സിലാക്കിക്കൊടുക്കേണ്ടതും പ്രധാനപ്പെട്ടതാണ്. ദൈനംദിന ജീവിതത്തിലെ മാനസികസമ്മര്‍ദങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിയുന്നതിലൂടെ അവയില്ലാതാക്കാന്‍ ശ്രമിക്കാവുന്നതാണ്. ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടത്തിലും പ്രസവശേഷവും കഴിയാവുന്നത്ര ഉറങ്ങുകയും വിശ്രമിക്കുകയും വേണം. രാത്രിയില്‍ ഇടയ്ക്കിടെ ഉണര്‍ന്നു കരയുന്ന നവജാതശിശുവിന് പാല്‍ നല്‍ കാന്‍ പങ്കാളിയുടെയോ മറ്റു കുടുംബാംഗങ്ങളുടെയോ സഹായം തേടാവുന്നതാണ്.

ഗര്‍ഭകാലത്ത്

രോഗസാധ്യത കൂടിയവര്‍ക്ക് ഗര്‍ഭാവസ്ഥയില്‍ സൈക്യാട്രിസ്റ്റിന്റെ പരിചരണം അത്യാവശ്യമാണ്. ഗര്‍ഭകാലത്തോ പ്രസവശേഷമോ രോഗം വരാനുള്ള സാധ്യത എത്രത്തോളമുണ്ട്, ഗര്‍ഭകാലത്തും പ്രസവശേഷവും മരുന്നുകഴിച്ചാലുണ്ടാകുന്ന നേട്ടങ്ങളും കോട്ടങ്ങളും എന്തൊക്കെയാണ്, ഗര്‍ഭകാലത്തും പ്രസവശേഷവും  പരിചരിക്കാന്‍ ആരൊക്കെയാണ് വേണ്ടത് തുടങ്ങിയ കാര്യങ്ങളെല്ലാം സൈക്യാട്രിസ്റ്റുമായി ചര്‍ച്ച ചെയ്യണം. 

ഗര്‍ഭധാരണത്തിനുശേഷം ഏകദേശം 32 ആഴ്ചകള്‍ കഴിയുമ്പോള്‍ ഭര്‍ത്താവ്, കുടുംബാംഗങ്ങള്‍, സൈക്യാട്രിസ്റ്റ്, ഗൈനക്കോളജിസ്റ്റ് എന്നിവരെ ഉള്‍പ്പെടുത്തിയുള്ള പ്രീബര്‍ത്ത് പ്ലാനിങ് മീറ്റിങ് ഒരുക്കുന്നത് നല്ലതാണ്. ഗര്‍ഭകാലത്തും പ്രസവശേഷവും പരിചരിക്കുന്നവര്‍ക്ക് രോഗത്തിന്റെ മുന്നറിയിപ്പുലക്ഷണങ്ങളെപ്പറ്റി അറിവുനല്‍കാനും പരിചരണത്തിനായുള്ള  പദ്ധതി തയ്യാറാക്കാനും വേണ്ടിയാണിത്. 

പ്രസവമുറികള്‍

ഇത്തരം രോഗം വരാന്‍ സാധ്യതയുള്ള ഗര്‍ഭിണിക്കും അതോടൊപ്പം കുഞ്ഞിനും ആവശ്യമായ പരിചരണം ഉറപ്പാക്കുന്ന രീതിയിലായിരിക്കും പ്രസവമുറി സജ്ജീകരിക്കുക. പ്രസവമുറിയി  ഗര്‍ഭിണി ഏതെങ്കിലുംതരത്തിലുള്ള മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ സൈക്യാട്രിസ്റ്റ് പരിശോധിച്ചതിനുശേഷം ഉടനടി വേണ്ടവിധത്തിലുള്ള ചികിത്സ നല്‍കും. പ്രീബെര്‍ത്ത് പ്ലാനിങ് മീറ്റിങ്ങില്‍ തയ്യാറാക്കിയ പദ്ധതിരേഖ പരിശോധിച്ചാണ് ഏതുതരത്തിലുള്ള മരുന്നുകളാണ് കൊടുക്കേണ്ടത് എന്നതിനെക്കുറിച്ച് തീരുമാനമെടുക്കുന്നത്.

പ്രസവശേഷം 

ആസ്പത്രി വിട്ടതിനുശേഷം ആദ്യത്തെ കുറച്ചു മാസങ്ങളില്‍ ക്രമമായ പരിശോധന നിര്‍ബന്ധമാണ്. ഏതെങ്കിലുംതരത്തിലുള്ള അസ്വസ്ഥത തോന്നുന്നുവെങ്കി  എത്രയും പെട്ടെന്ന് ഡോക്ടറുടെ സഹായം തേടേണ്ടതാണ്.

അടിയന്തര സഹായം

പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് രോഗമുള്ള മിക്കവര്‍ക്കും കിടത്തിചികിത്സ ആവശ്യമാണ്. നവജാതശിശുവിനൊപ്പം അമ്മയെയും ആസ്പത്രിയിലെ മദര്‍ ആന്‍ഡ് ബേബി യൂണിറ്റില്‍ പ്രവേശിപ്പിക്കുന്നതാണ് ഏറ്റവും അഭികാമ്യം. ശിശുക്കളെ പരിചരിക്കാന്‍ രോഗിയായ അമ്മയെ സഹായിക്കുന്നതിനൊപ്പം അമ്മയുടെ രോഗം ഭേദമാക്കാനുള്ള ചികിത്സ ന കുകയും ചെയ്യുന്നതാണ് ഇവിടത്തെ രീതി.

ഈ സംവിധാനമില്ലാത്ത ഇടങ്ങളി  സൈക്യാട്രിക് വിഭാഗത്തിലെ പൊതുവാര്‍ഡുകളിലാണ് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് രോഗികളെയും പരിചരിക്കുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവോ കുടുംബാംഗങ്ങളോ ശിശുപരിചരണം ഏറ്റെടുക്കേണ്ടിവരും.

മുലയൂട്ടലും മരുന്നുപയോഗവും

ആന്റി സൈക്കോട്ടിക്സ്, മൂഡ് സ്റ്റെബിലൈസേഴ്സ്, വിഷാദ പ്രതിരോധ മരുന്നുകള്‍, ബന്‍സോഡിയാസെപിന്‍ തുടങ്ങിയ മരുന്നുകളാണ് സാധാരണമായി ഉപയോഗിക്കുന്നത്. ആന്റി സൈക്കോട്ടിക് മരുന്നുകള്‍ സൈക്കോസിസ് എന്ന രോഗാവസ്ഥയുടെ ലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നു. രോഗത്തിന്റെ ആദ്യഘട്ടത്തി  ഇവയുടെ ഉപയോഗം കൂടിയേതീരൂ. മൂഡ് സ്റ്റെബിലൈസേഴ്സ് സ്വസ്ഥമായ മാനസികാവസ്ഥ സ്ഥിരമായി നിലനിര്‍ത്താനും രോഗം വീണ്ടും ആവര്‍ത്തിക്കുന്നത് തടയാനും സഹായിക്കുന്നു. വിഷാദ പ്രതിരോധ മരുന്നുകള്‍ വിഷാദലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചില മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ മുലയൂട്ടല്‍ ഒഴിവാക്കേണ്ടിവരും.

നവജാതശിശുക്കളെ അപായപ്പെടുത്താനുള്ള പ്രവണതയും ആത്മഹത്യാപ്രവണതയും പ്രകടിപ്പിക്കുന്ന കടുത്തരോഗാവസ്ഥയുള്ളവരെ ചികിത്സിക്കാനുള്ള സുരക്ഷിതമായ മറ്റൊരു മാര്‍ഗമാണ് ഇലക്ട്രോ കണ്‍വല്‍സീവ് തെറാപ്പി. 

രോഗവിമുക്തി നേടിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ കൊഗ്‌നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയോ ഇന്റര്‍പേഴ്സണ  സൈക്കോതെറാപ്പിയോ പോലുള്ള സൈക്കോളജിക്കല്‍ തെറാപ്പികള്‍ ആരോഗ്യകരമായ അവസ്ഥയിലേക്കുള്ള അമ്മയുടെ തിരിച്ചുവരവ് എളുപ്പമാക്കും. കുഞ്ഞുമായുള്ള ബന്ധം ദൃഢമാക്കാന്‍ മദര്‍-ഇന്‍ഫന്റ് തെറാപ്പിയും ഫലപ്രദമാണ്. 

രോഗാവസ്ഥയ്ക്കുശേഷം മാതൃത്വത്തിലുള്ള വിശ്വാസം ചില അമ്മമാര്‍ക്ക് നഷ്ടപ്പെടുന്നതുമൂലം കുട്ടിയുമായുള്ള ആത്മബന്ധം സ്ഥാപിക്കാന്‍ പ്രയാസമുണ്ടാകുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ സാധാരണമായി അധികനാള്‍ നീണ്ടുനില്‍ക്കാറില്ല. രോഗാവസ്ഥയ്ക്കുശേഷം കുഞ്ഞുമായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന അമ്മമാരാണ് ഏറെയും. കുഞ്ഞുമായി എങ്ങനെ ഇടപഴകണമെന്നതിനെക്കുറിച്ച് അറിയാന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാവുന്നതാണ്. രോഗം ഭേദമായിക്കൊണ്ടിരിക്കുന്ന അവസ്ഥയി  വീണ്ടുമൊരു ഗര്‍ഭധാരണം ഒഴിവാക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അമ്മമാര്‍ ഉപദേശം തേടേണ്ടതാണ്.

തിരിച്ചുവരവ്

പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് അവസ്ഥയില്‍ നിന്നുള്ള തിരിച്ചുവരവിന് ആറുമാസം മുതല്‍ ഒരു വര്‍ഷംവരെയോ അതില്‍ കൂടുതലോ സമയമെടുക്കും. ചിലപ്പോള്‍ ഈ രോഗം പിന്നീട് ആവര്‍ത്തിക്കുമെങ്കിലും ബഹുഭൂരിപക്ഷം സ്ത്രീകളും ഈ രോഗത്തില്‍ നിന്നും പൂര്‍ണമായി മുക്തി നേടുന്നു. ഏകദേശം 50 ശതമാനം സ്ത്രീകളില്‍ പ്രസവാനന്തരം രോഗത്തിന്റെ ആവര്‍ത്തനം കണ്ടുവരുന്നുണ്ട്.

Hispanic parents cradling newborn on bed - stock photo
Representative Image | Photo: Gettyimages.in

രോഗമുണ്ടായ സ്ത്രീകളില്‍ പകുതിയിലേറെപ്പേര്‍ക്ക് പ്രസവത്തോടനുബന്ധിച്ചല്ലാതെയും ഈ രോഗാവസ്ഥ പിന്നീട് പ്രത്യക്ഷപ്പെടാം. അതിനാല്‍ രണ്ടാമതൊരു ഗര്‍ഭധാരണം ഒഴിവാക്കുന്നത് രോഗപ്രതിരോധമാര്‍ഗമല്ല. ഈ രോഗത്തോടനുബന്ധിച്ചുള്ള വിഷാദാവസ്ഥ, ഉത്കണ്ഠ, സാമൂഹികമായ ഇടപെടലുകള്‍ക്കുള്ള വിമുഖത എന്നിവ കുറച്ചുകാലത്തേക്ക് നിലനില്‍ക്കും. രോഗാവസ്ഥയെ തുടര്‍ന്ന് നഷ്ടമാകുന്ന സൗഹൃദങ്ങളും കുടുംബബന്ധങ്ങളും വീണ്ടെടുക്കാന്‍ കുറച്ച് സമയമെടുക്കും. മെച്ചപ്പെട്ട ചികിത്സയിലൂടെ മിക്ക സ്ത്രീകളും ആരോഗ്യകരമായ പൂര്‍വാവസ്ഥയിലേക്ക് തിരിച്ചുവരാറുണ്ട്.

ഭര്‍ത്താവിന്റെ ശ്രദ്ധയ്ക്ക് 

ആസ്പത്രിയില്‍ നിന്നും വീട്ടി  തിരിച്ചെത്തുന്ന ഭാര്യയോട് ഇടപെടുന്ന ഭര്‍ത്താവ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • കഴിയാവുന്നത്ര ശാന്തമായി പരമാവധി പിന്തുണ നല്‍കുക.
  • ഭാര്യ പറയുന്ന കാര്യങ്ങള്‍ ക്ഷമാപൂര്‍വം കേള്‍ക്കാന്‍ സമയം കണ്ടെത്തുക.
  • വീട്ടുജോലികളിലും പാചകത്തിലും സഹായിക്കുക.
  • ശിശുപരിചരണത്തിന് സഹായിക്കുക.
  • ഭാര്യയ്ക്ക് കഴിയുന്നത്ര വിശ്രമവും ഉറക്കവും ലഭിക്കാന്‍ ശ്രദ്ധിക്കുക.
  • ഷോപ്പിങ്ങിനും പാചകത്തിനും മറ്റും കുടുംബാംഗങ്ങളുടെ സഹായം തേടുക. ഇത് ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങളെ സഹായിക്കും.
  • കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും അമിതമായ സന്ദര്‍ശനം നിയന്ത്രിക്കുക.
  • വീട് കഴിയുന്നത്ര ശാന്തമായിരിക്കാന്‍ ശ്രദ്ധിക്കുക.

പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് രോഗത്തില്‍ നിന്നും വിമുക്തി നേടിക്കൊണ്ടിരിക്കുന്ന വ്യക്തിയുമൊത്തുള്ള ജീവിതം തുടക്കത്തില്‍ വിഷമകരമായിരിക്കും. ആവശ്യത്തിനുള്ള വ്യായാമം, വിശ്രമം, ആഹാരം എന്നിവ ശീലമാക്കി മെച്ചപ്പെട്ട ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. പങ്കാളി പൂര്‍ണമായും രോഗവിമുക്തി നേടുന്നതുവരെ ക്ഷമയോടെ കാത്തിരിക്കുക.

(കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം പ്രൊഫസറാണ് ലേഖകന്‍)

മാതൃഭൂമി ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Arogyamasika
പുതിയ ലക്കം
ആരോഗ്യമാസിക വാങ്ങാം

Content Highlights: World Mental Health Day 2020, How to solve Postpartum Depression and mental problems, Health