ഒക്ടോബർ 10. ലോക മാനസികാരോഗ്യ ദിനം. മാനസികാരോഗ്യം മെച്ചപ്പെടുത്താനും മനോരോഗങ്ങളെ ദൂരീകരിക്കാനുമുള്ള അവസരം എല്ലാവർക്കും ലഭ്യമാക്കുക എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ലക്ഷ്യം.

മനോരോഗം ഉണ്ടാകുന്നത് മനസ്സ് ദുർബലമായതുകൊണ്ടല്ല. പല കാരണങ്ങൾ മൂലം തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ വരുന്ന പാകപ്പിഴകൾ മൂലമാണ്.

രണ്ടാഴ്ചയിൽ കൂടുതൽ നിലനിൽക്കുന്ന വിഷാദാവസ്ഥ, ഒന്നിനോടും താത്‌പര്യമില്ലായ്മ, ഉറക്കക്കുറവ്, എന്തിന് ജീവിച്ചിരിക്കുന്നു എന്ന ചിന്തയും ശുഭാപ്തി വിശ്വാസമില്ലായ്മയും, ഉത്സാഹമില്ലായ്മ, തളർച്ച, അമിതവിശപ്പ് വിശപ്പില്ലായ്മ എന്നിവ ഉണ്ടെങ്കിൽ ചികിത്സ ആവശ്യമാണ്.

മനോരോഗങ്ങൾക്ക് ചികിത്സ തേടാതിരിക്കരുത്. കൃത്യസമയത്ത് തിരിച്ചറിയുക, അവ ഏതെങ്കിലും ശാരീരിക പ്രശ്നങ്ങൾ മൂലം വന്നതാണോ എന്ന് തിരിച്ചറിയുക, വേണ്ട ചികിത്സ ആവശ്യമുള്ള അത്രയും കാലം സ്വീകരിക്കുക. മാനസിക രോഗം ബാധിച്ചയാളെ കൈപിടിച്ച് കൂടെ നിർത്തേണ്ടത് സമൂഹത്തിന്റെ കൂടി കടമയാണ്.

പ്രതികൂലാവസ്ഥയിലും ശാന്തത കൈവിടാത്ത മനസ്സ്, മറ്റുള്ളവരേയും ഉൾക്കൊള്ളാൻ കഴിയുന്ന അവസ്ഥ, ഉൾക്കരുത്ത്, പ്രശ്നപരിഹാരത്തിനുള്ള കഴിവ്, സ്വന്തം കഴിവുകളിൽ സന്തോഷിക്കാനുള്ള മനസ്സ്, കുറവുകളെക്കുറിച്ചും മേന്മകളെക്കുറിച്ചുമുള്ള ധാരണ, എല്ലാത്തിനോടുമുള്ള പോസിറ്റീവ് മാനസികാവസ്ഥ, വീഴ്ചകളിലും ആത്മവിശ്വാസം കൈമോശം വരാത്ത അവസ്ഥ ഇവ നല്ല മാനസികാരോഗ്യത്തിന്റെ ലക്ഷണമാണ്. ലോക മാനസികാരോഗ്യ ദിനത്തിൽ നല്ല മാനസികാരോഗ്യം വളർത്താൻ നമുക്ക് പ്രവർത്തിക്കാം.

Content Highlights:World Mental Health Day 2020 How to maintain healthy mind