തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാനത്ത് മാനസികാരോഗ്യ സേവനം പ്രയോജനപ്പെടുത്തിയത് 36.46 ലക്ഷം പേര്‍. 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട്' എന്ന പേരിലായിരുന്നു ആരോഗ്യവകുപ്പ് സംസ്ഥാനമെമ്പാടുമായി മാനസികാരോഗ്യ പരിപാടി ആവിഷ്‌കരിച്ചത്. ക്വാറന്റീനിലും ഐസൊലേഷനിലും കഴിഞ്ഞ 14.9 ലക്ഷം പേര്‍ക്കാണ് മാനസിക പിന്തുണ വേണ്ടിവന്നത്.

മനോരോഗ വിദഗ്ധര്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 1346 മാനസികാരോഗ്യ പ്രവര്‍ത്തകരാണ് രംഗത്തുണ്ടായിരുന്നത്. മാനസിക സമ്മര്‍ദം, ഉത്കണ്ഠ, വിഷാദം, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്ക് പ്രത്യേകപരിഗണന നല്‍കി.

സാമൂഹികാവശ്യങ്ങള്‍ക്ക് അതത് പഞ്ചായത്ത്, ഐ.സി.ഡി.എസ്. തലങ്ങളിലും സഹായം ലഭ്യമാക്കിയിരുന്നു. ലോക്ഡൗണ്‍ സമയത്ത് മാനസികാരോഗ്യ ചികിത്സയില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷി കുട്ടികള്‍, അതിഥിതൊഴിലാളികള്‍, ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ എന്നിങ്ങനെ 3,48,860 പേര്‍ക്ക് ഫോണിലൂടെ സഹായം നല്‍കി.

കോവിഡ് രോഗനിയന്ത്രണ രംഗത്തുള്ളവരുടെ മാനസിക സമ്മര്‍ദം ലഘൂകരിക്കുന്നതിനും ടെലികൗണ്‍സലിങ് നല്‍കിയിരുന്നു. 60,515 പേര്‍ ഈ സേവനം പ്രയോജനപ്പെടുത്തി.

35,523 കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കിയെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 14 ജില്ലകളിലുമായി 272 മാനസികാരോഗ്യ ക്ലിനിക്കുകള്‍ സജ്ജമാക്കി. മാനസിക വിഷമതകള്‍ ഉള്ളവര്‍ക്ക് ദിശ ടോള്‍ ഫ്രീ നമ്പറായ 1056-ലേക്ക് വിളിക്കാം. ജില്ലയിലെ മാനസികാരോഗ്യ പരിപാടിയുമായും ബന്ധപ്പെടാം.

Content Highlights: World Mental Health Day 2020, During the Covid 19 period 36 lakh people sought mental support, Health