രോഗ്യത്തെക്കുറിച്ച് നമുക്ക് ഒരുപാട് തെറ്റിദ്ധാരണകളുണ്ട്. കാഴ്ചയിലെ ഉയരവും വണ്ണവുമാണ് ഒരു മാനദണ്ഡം. ജലദോഷമോ പനിയോ വരാതിരുന്നാല്‍ ആരോഗ്യം പൂര്‍ണം. എന്നാല്‍ ശരീരത്തിന്റെ അവിഭാജ്യഭാഗമായ മനസ്സിന്റെ കാര്യം ഇവിടെയൊന്നും പരിഗണനയില്‍ വരുന്നതേയില്ല. യഥാര്‍ഥത്തില്‍ ആരോഗ്യമെന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം തന്നെ. ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ 'മാനസികാരോഗ്യം ശാരീരികാരോഗ്യത്തിന്റെ അവിഭാജ്യഘടകമാണ്. മാനസികാരോഗ്യമില്ലെങ്കില്‍ ആരോഗ്യമുണ്ടെന്ന് പറയാനാവില്ല.'

മോശമായ മാനസികാരോഗ്യം ഹൃദ്രോഗത്തിനും കാന്‍സറിനും മസ്തിഷ്‌കാഘാതത്തിനും സാധ്യതയുണ്ടാക്കുന്നു എന്നാണ് പുറത്തുവന്ന പഠനങ്ങള്‍ വിശദീകരിക്കുന്നത്.

എന്താണ് നല്ല മാനസികാരോഗ്യം?

ലോകാരോഗ്യ സംഘടനയുടെതന്നെ വിലയിരുത്തലിലേക്ക് പോകാം. 'വ്യക്തി അവന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ് ജീവിതത്തിലെ മനഃസംഘര്‍ഷങ്ങളെ അതിജീവിക്കുക, നിര്‍മാണാത്മകമായി പ്രവര്‍ത്തിക്കുക ഇങ്ങനെ തന്റെ ജീവിതത്തിനും സമൂഹത്തിനും എന്തെങ്കിലും സംഭാവനകള്‍ നല്‍കുക. ഇതാണ് മാനസികാരോഗ്യം.'

ബ്രിട്ടീഷ് മെന്റല്‍ ഹെല്‍ത്ത് ഫൗണ്ടേഷന്റെ അഭിപ്രായത്തില്‍ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ്, മറ്റുള്ളവരുമായി നല്ലബന്ധങ്ങള്‍ ഉണ്ടാക്കുക, നല്ലതും ചീത്തയുമായ വികാരങ്ങളെ നിയന്ത്രിക്കുക ഇവയെല്ലാം മാനസികാരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്.

മാനസികാരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണം

മാനസികാരോഗ്യത്തിന് പോഷകാഹാരങ്ങളടങ്ങിയ ഭക്ഷണം ആവശ്യമാണ്. പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, അണ്ടി ഇനങ്ങള്‍ തുടങ്ങിയവ അടങ്ങിയതാകണമത്. പൂരിത കൊഴുപ്പ് കുറയ്ക്കണം. മാംസവും പഞ്ചസാരയും പരിമിതപ്പെടുത്തണം. മത്സ്യം ഗുണകരമാണെന്നും നിര്‍ദേശിക്കപ്പെടുന്നു.

ചായയും കാപ്പിയും അധികമാകരുത്. ശീതളപാനീയങ്ങള്‍ പരമാവധി ഒഴിവാക്കണം. മദ്യം ആകാംക്ഷയും വിഷാദവും ഉണ്ടാക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.

വ്യായാമം

വ്യായാമം മാനസികാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ആഴ്ചയില്‍ ചുരുങ്ങിയത് 150 മിനിറ്റ് വ്യായാമം എല്ലാവര്‍ക്കും ആവശ്യമുണ്ട്. കൂട്ടുകാരോടൊന്നിച്ചുള്ള നടത്തം വ്യായാമത്തിനൊപ്പം മാനസികോല്ലാസവും നല്‍കും. നടത്തം മാനസിക പിരിമുറുക്കത്തിന് അയവു നല്‍കുന്നതായി ഒട്ടേറെ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പൂന്തോട്ടം പരിപാലിക്കുന്നതിനായി ചെലവഴിക്കുന്ന സമയം വ്യായാമത്തോടൊപ്പം മനസ്സിന് വിശ്രാന്തിയും നല്‍കുന്നു.

മാനസിക പിരിമുറുക്കം നിയന്ത്രിക്കുക

ജോലിഭാരം, സാമ്പത്തിക പ്രയാസം, ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഇവയെല്ലാം മാനസിക പിരിമുറുക്കത്തിലെത്തിക്കുന്ന ഘടകങ്ങളാണ്. കാലിഫോര്‍ണിയയിലെ ബെര്‍ക്ലി സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ മാനസിക പിരിമുറുക്കം മനോരോഗത്തിലേക്ക് നയിച്ചേക്കുമെന്ന് ചൂണ്ടിക്കാണിക്കുന്നു. യോഗ, ധ്യാനം ഇവ മനസ്സിന് വിശ്രാന്തി നല്‍കും. പ്രതിസന്ധിഘട്ടങ്ങളെ ശുഭാപ്തി വിശ്വസത്തോടെ നേരിടുകയും തുറന്നു ചിരിക്കുകയും ചെയ്യുക മറ്റൊരു മാര്‍ഗമാണ്. ഇഷ്ടമുള്ള ഒരു വിനോദം അതു വായനയാകട്ടെ, പാട്ടുകേള്‍ക്കുകയാകട്ടെ മനഃശാന്തി നല്‍കും.

നന്നായി ഉറങ്ങുക

അഞ്ചു മണിക്കൂറില്‍താഴെ ഉറങ്ങുന്നവരുടെ മാനസികാരോഗ്യം മോശമാകാന്‍ സാധ്യതയുള്ളതായി ഓസ്ട്രേല്യയിലെ ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ പഠനം വെളിപ്പെടുത്തുന്നു. സ്ഥിരമായി ഒരു സമയത്തുതന്നെ ഉറങ്ങാന്‍ ശ്രമിക്കുക. ചൂടുവെള്ളത്തില്‍ കുളിക്കുന്നതും പുസ്തകം വായിക്കുന്നതും ഉറക്കത്തെ സഹായിക്കും. എന്നാല്‍ ടി.വി., കമ്പ്യൂട്ടര്‍, ഫോണ്‍ ഇവ ഒഴിവാക്കണം. ഉയര്‍ന്ന അളവിലുള്ള മദ്യം, മധുരപാനീയങ്ങള്‍, കാപ്പി ഇവയും ഉറക്കത്തെ ബാധിക്കും.

ജോലിയും മാനസികാരോഗ്യവും

സ്ഥിരജോലിയുള്ളവരുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായിരിക്കും. അലസമായ മനസ്സ് ഗുണകരമായ സൂചനയല്ല. ജോലിയില്ലാത്തവര്‍ക്ക് സന്നദ്ധസേവനം ഗുണം ചെയ്യും. ഒഴിവുസമയത്ത് മറ്റുള്ളവരുമായി ആശയവിനിമയം നടത്തുകയും സൗഹൃദ സന്ദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യണം. സാമൂഹികബന്ധങ്ങളും സൗഹൃദങ്ങളും ധാരാളമായുള്ളവര്‍ക്ക് മികച്ച മാനസികാരോഗ്യം കാത്തുസൂക്ഷിക്കാന്‍ കഴിയും.

Content Highlights: World Mental Health Day 2020, Are you Mentally Fit, Health