കേരളത്തിന്റെ സാമൂഹ്യാവസ്ഥ മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കിയാൽ വ്യത്യസ്തമാണ്. ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുമായി തട്ടിച്ചു നോക്കിയാൽ ഈ വ്യത്യാസം കൂടുതൽ പ്രകടമാണ്. നഗരവത്‌കരണത്തിലും കേരളം മുന്നിലാണ്. ഇതിനു പിന്നിൽ അടിസ്ഥാനപരമായി പല കാരണങ്ങളും എടുത്തുകാണിക്കാൻ കഴിയും. ഇത്തരമൊരു സാഹചര്യത്തിലും കേരളത്തിൽ മാനസികരോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടാകുന്നതായി കണ്ടുവരുന്നു. ആത്മഹത്യാനിരക്കും കേരളത്തിൽ കൂടുതലാണ്.

ഈ പ്രത്യേക സാഹചര്യം മുൻനിർത്തി ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കാനും അതോടൊപ്പം ആത്മഹത്യാനിരക്ക് കുറയ്ക്കുന്നതിനും മികച്ച പരിപാടികളാണ് സംസ്ഥാനത്തുടനീളം നടപ്പാക്കി വരുന്നത്. ഇതിനു പുറമേ പ്രാദേശിക തലത്തിലും ധാരാളം കർമ്മപരിപാടികൾ നടപ്പിലാക്കി വരുന്നു. പോലീസ്, എക്സൈസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളും ഇതിനായി വിവിധ പരിപാടികൾ ആവിഷ്കരിച്ചുവരുന്നു. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഓരോ പ്രോജക്റ്റും വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. പകൽവീട് പദ്ധതിക്കും സ്കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാമിനും ഇതിൽ വളരെ ഉയർന്ന സ്ഥാനമാണുള്ളത്.

ജില്ല മാനസികാരോഗ്യ പരിപാടി

ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് ദേശീയ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 1999 ൽ കേരളത്തിൽ ജില്ലാ മാനസികാരോഗ്യ പരിപാടികൾ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ അഞ്ചു ജില്ലകളിൽ മാത്രമാണ് ഇതിന്റെ പ്രവർത്തനം കാര്യക്ഷമമായി നടന്നിരുന്നത്. തുടർന്ന് മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിച്ചു. ഇപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും ഈ പരിപാടി സജീവമായി നടന്നുവരുന്നു. പ്രാഥമികാരോഗ്യ തലത്തിൽ മാനസികാരോഗ്യ ചികിത്സ ലഭ്യമാക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മനോരോഗ വിദഗ്ധർ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ പോവുകയും രോഗികൾക്ക് ചികിത്സയും മരുന്നും സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്നു. സാധാരണക്കാരായ മാനസിക രോഗികൾക്ക് ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ വലിയൊരനുഗ്രഹമാണ്. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞുവെന്നത് അഭിമാനാർഹമാണ്.

പകൽവീടുകൾ

മനോരോഗ ചികിത്സയിൽ ആയിരിക്കുകയും അതോടൊപ്പം മുഖ്യധാരാ സമൂഹത്തിൽ നിന്നും അകന്നുകഴിയുകയും ചെയ്യുന്ന വ്യക്തികളെ കണ്ടെത്തുകയും പുനരധിവാസത്തിനും സംരക്ഷണത്തിനുമായി പകൽവീടുകൾ ജില്ല മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ആരംഭിക്കുകയുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കൊല്ലം, മലപ്പുറം,എറണാകുളം ജില്ലകളിൽ മൂന്ന് വീതം കേന്ദ്രങ്ങളും മറ്റു ജില്ലകളിൽ രണ്ട് വീതവും മൊത്തത്തിൽ 34 പകൽ വീടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചുവരുന്നു. ഇത്തരം പകൽ വീടുകളിൽ മാനസികരോഗികൾക്കായി തൊഴിൽ പരിശീലനം, ഭക്ഷണം, മാനസികാരോഗ്യ ചികിത്സ, മനശാസ്ത്ര ചികിത്സകൾ എന്നിവ ലഭ്യമാക്കുന്നു. ഇതിനു വേണ്ട ജീവനക്കാർ മറ്റു വിദഗ്ധർ എന്നിവരെ ഓരോ കേന്ദ്രങ്ങളിലും ഉറപ്പാക്കുന്നു. തുടർ ചികിത്സകൾക്കായുള്ള സൗകര്യം ഉറപ്പാക്കുന്നു. കൃത്യമായ ഇടവേളകളിൽ മാനസികാരോഗ്യ വിദഗ്ധർ പ്രസ്തുത സ്ഥാപനങ്ങൾ സന്ദർശിക്കുകയും രോഗികളെ പരിശോധിച്ച് അവർക്കുവേണ്ട തുടർചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഇതുവഴി സ്ഥിരമായി കഴിക്കുന്ന മരുന്നുകളിൽ രോഗസ്ഥിതിക്കനുസരിച്ച് വ്യത്യാസം വരുത്താനോ അല്ലെങ്കിൽ പുതിയ മരുന്നുകൾ ആരംഭിക്കാനോ ഉള്ള സൗകര്യം ലഭിക്കുന്നു. രോഗികൾക്കും ബന്ധുക്കൾ അല്ലെങ്കിൽ അവരെ പരിചരിക്കുന്നവർക്കും ഇത് വലിയൊരാശ്വാസമാണ്.

രോഗികളുടെ മാനസിക-ശാരീരിക ഉല്ലാസത്തിന് വേണ്ട എല്ലാ സാഹചര്യങ്ങളും അതോടൊപ്പം ഓരോ പകൽവീടുകളിലും ഒരുക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇത്തരത്തിൽ നോക്കിയാൽ മാനസികരോഗികളുടെ പുനരധിവാസ പ്രക്രിയ വളരെ ഫലപ്രദമായും കാര്യക്ഷമമായും ഇവിടെ നടത്തപ്പെടുന്നുവെന്നു പറയാവുന്നതാണ്. ഇതിനുവേണ്ട സാങ്കേതിക സഹായം ആരോഗ്യ വകുപ്പിൽ നിന്നും ലഭിച്ചുവരുന്നു. കേരളത്തിലെ സവിശേഷമായ ഈ സാമൂഹികാവസ്ഥയിൽ ജില്ലാ മാനസികാരോഗ്യ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന പകൽവീടുകൾക്കുള്ള സ്ഥാനം വളരെ ഉയർന്നതാണ്.

സ്കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാം

കുട്ടികളിലെ വൈകാരിക പെരുമാറ്റ പ്രശ്നങ്ങൾ, പഠന വൈകല്യങ്ങൾ, ലഹരി വസ്തുക്കളുടെ ഉപയോഗം, ആത്മഹത്യ പ്രവണത എന്നിവ പരിഹരിക്കുന്നതിനായി എല്ലാ ജില്ലകളിലും സ്കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാം സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നടത്തിവരുന്നു. കുട്ടികളിൽ കൂടി വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും മാനസിക പ്രശ്നങ്ങളും തടയുന്നതിനും ആത്മഹത്യയിലേക്ക് എത്തുന്ന സാഹചര്യം തടയാനും അതിനായി കൃത്യസമയത്ത് തന്നെ ഇടപെടലുകൾ നടത്തുന്നതിനും ഈ പദ്ധതിയിലൂടെ സാധിക്കുന്നു. കുട്ടികളിൽ കണ്ടുവരുന്ന മാനസിക പ്രശ്നങ്ങൾ തുടക്കത്തിലെ കണ്ടെത്തുന്നതിനും അവയ്ക്ക് സ്കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാം വഴി പരിഹാരം നൽകാനും സാധിക്കുന്നുവെന്ന മേന്മ ഈ പദ്ധതിക്കുണ്ട്. ആവശ്യമെങ്കിൽ വിദഗ്ധരുടെ നേതൃത്വത്തിൽ പരിശീലനങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു വരുന്നു.

ഇതുവഴി സ്കൂളിലെ അധ്യാപകർക്കും കൗൺസലർമാർക്കും പ്രത്യേകം പരിശീലനം ലഭിക്കുന്നു. കൂടാതെ ഗുരുതരമായ സ്വഭാവവൈകല്യങ്ങളോ മറ്റു മാനസികാരോഗ്യ പ്രശ്നങ്ങളോ കണ്ടാൽ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിലേക്കായി രക്ഷാകർത്താക്കളുടെ പിന്തുണയോട് കൂടി വിദഗ്ധ ഡോക്ടർമാരുടെ സേവനവും വിദ്യാർഥികൾക്ക് ഉറപ്പാക്കുന്നു. സ്കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാമുമായി ബന്ധപ്പെട്ടു അനുബന്ധ വിഭാഗങ്ങളായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും എക്സൈസ് പോലീസ് ഉൾപ്പെടെയുള്ള അനുബന്ധ വകുപ്പുകളും പ്രവർത്തിച്ചുവരുന്നു.

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിൽ കോവിഡ് ബാധിതർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും കൗൺസിലിങ്ങ് ലഭ്യമാക്കുന്നു കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങളിൽ ഒട്ടനവധി പ്രശ്നങ്ങൾ കണ്ടുവരുന്നു. അപമാനം, ഉറക്കം നഷ്ടപ്പെടൽ, വിഷാദം, അമിതമായ ഉത്‌കണ്ഠ, മാനസിക പിരിമുറുക്കം, അനുബന്ധമായ മറ്റു മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ കണ്ടെത്തി അവ പരിഹരിക്കുന്നതിനാവശ്യമായ ശ്രമങ്ങൾക്കാണ് ജില്ല മാനസികാരോഗ്യ പദ്ധതിക്ക് കീഴിൽ കോവിഡ് 19 മാനസിക സാമൂഹിക പിന്തുണ ക്ലിനിക്കുകൾ അഥവാ covid 19 PSS ക്ലിനിക്കുകൾ സംസ്ഥാനതലത്തിൽ ആരംഭിച്ചത്. ഇതുവഴി ജനങ്ങൾക്ക് മാനസിക പ്രയാസങ്ങളോ ബുദ്ധിമുട്ടുകളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ പി.എസ്.എസ്. ക്ലിനിക്കുകളുമായി ഫോൺ വഴി ബന്ധപ്പെടാവുന്നതാണ്.

ലഹരി വിമുക്തിയുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന പ്രശ്നങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. മനോരോഗ വിദഗ്ധർ, കൗൺസിലർമാർ, സൈക്കോ സോഷ്യൽ വർക്കേഴ്സ് എന്നിവർ അടങ്ങുന്ന വിദഗ്ധ സംഘമാണ് ഓരോ പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്നത്. മാത്രമല്ല വിവിധ സർക്കാർ ഏജൻസികളുമായി കൂടിച്ചേർന്നുകൊണ്ട് വിവിധ സാമൂഹിക പ്രശ്നങ്ങളെയും അഭിസംബോധന ചെയ്യുന്നുണ്ട്. കൂടാതെ ആരോഗ്യ പ്രവർത്തകർക്കു മാത്രമായും ഇപ്പോൾ സേവനങ്ങൾ നൽകാനായി പ്രത്യേകം വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ ഡി.എം.എച്ച.പി.യുടെ നേതൃത്വത്തിൽ വളരെ സജീവമായ ഇടപെടലാണ് കോവിഡ് 19 പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്.

ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചുവരുന്ന പകൽ വീടും അതോടൊപ്പം സ്കൂൾ മെന്റൽ ഹെൽത്ത് പ്രോഗ്രാമും മാത്രമല്ല ധാരാളം മറ്റു പദ്ധതികളും ഇതിനോടാനുബന്ധിച്ച് നടന്നുവരുന്നു. ഇതിനു പുറമേ പ്രാദേശിക തലത്തിലോ അല്ലെങ്കിൽ പഞ്ചായത്ത് തലത്തിലോ രൂപം കൊടുത്ത മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മറ്റു ലഘുപദ്ധതികൾ അഥവാ പ്രോജക്റ്റുകളും ഇത്തരത്തിൽ കേരളത്തിൽ പ്രവർത്തിച്ചുവരുന്നു. ഇതിനു പുറമേ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് സിൻഡ്രോം പരിഹരിക്കുന്നതിന് വേണ്ട കൗൺസിലിങ്ങ് സേവനവും ചികിത്സയും ഡി.എം.എച്ച്.പിയോട് അനുബന്ധിച്ചു നടന്നുവരുന്നു.

Content Highlights:Various schemes to maintain mental health in kerala, Health, World Mental Health Day 2020, Mental Health