കോവിഡ് കാലം വ്യക്തികള്‍ എല്ലാം അവരവരിലേക്ക് ചുരുങ്ങിയ കാലം കൂടിയാണ്. മാത്രമല്ല നമ്മുടെ ആഹാര ശീലങ്ങളെയും സാമൂഹ്യ ശീലങ്ങളെയും അപ്പാടെ ഒരു പരിധിവരെയെങ്കിലും മാറ്റിമറിക്കുകയും ചെയ്തു. പുതിയ കാലഘട്ടത്തിനൊത്തു ജീവിക്കാന്‍ ആരംഭിച്ചു. പുതിയ ശീലങ്ങള്‍ നമ്മുടെ ഇടയില്‍ പ്രചാരം നേടി. എങ്കിലും നമുക്ക് ഓര്‍ക്കാം പ്രാവര്‍ത്തികമാക്കാം ചിലകാര്യങ്ങള്‍.

ഭക്ഷണം

സമീകൃതാഹാരം ശീലമാക്കാം. വീടുകളില്‍ ലഭ്യമായ പച്ചക്കറികള്‍, ഇലക്കറികള്‍ പരമാവധി പ്രയോജനപ്പെടുത്താം.വറുത്തതും പൊരിച്ചതുമായ ഭക്ഷണം ഒഴിവാക്കാം

വ്യായാമം

വ്യായാമം ചെയ്യുന്നതില്‍ ഉപേക്ഷ വേണ്ട. കഴിയുന്നതും വീടിന്റെ പരിസരങ്ങളില്‍ വച്ചുതന്നെ വ്യായാമം ചെയ്യാം. മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ ഇല്ലാത്തവര്‍ക്കു വ്യായാമം ചെയ്യാവുന്നതാണ്. കൂട്ടം കൂടിയുള്ള വ്യായാമങ്ങള്‍ ഒഴിവാക്കാം. വ്യായമം ചെയ്യുന്നത് മാനസിക പിരിമുറുക്കം കുറക്കാനും നല്ലതാണ്. 

ഉറക്കം

നല്ല മാനസികാരോഗ്യത്തിന് നല്ല ഉറക്കം നിര്‍ബന്ധമാണ്. അതുകൊണ്ട് കുട്ടികള്‍ക്ക് 8 മുതല്‍ 9 മണിക്കൂറും മുതിര്‍ന്നവര്‍ക്ക് 7 മുതല്‍ 8 മണിക്കൂറും ഉറങ്ങണം. എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങാന്‍ പോവുക, കൃത്യസമയത്ത് ഉണരുക. 
 
ചികിത്സ തുടരാം

ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ ഒരു കാരണവശാലും അതു മുടക്കരുത്. പതിവ് ചികിത്സകള്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമായ ഇ സഞ്ജീവനിവഴിയും നടത്താം.

നല്ല ശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാം

സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍ മാസ്‌ക് സാമൂഹിക അകലം പാലിക്കല്‍ എന്നിവ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് ഒഴിവാക്കണം. ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മൂടാന്‍ ശ്രദ്ധിക്കുക. ഇത് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ സഹായിക്കും. ക്വാറന്റൈന്‍പോലുള്ള സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ബന്ധപ്പെട്ടവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ മടിക്കേണ്ട. മാനസിക സംഘര്‍ഷങ്ങളുണ്ടെങ്കില്‍ വിദഗ്‌ധോപദേശം തേടാം

യാത്രകളും സൗഹൃദങ്ങളും

അത്യാവശ്യമില്ലാത്ത യാത്രകള്‍ എല്ലാം തന്നെ ഒഴിവാക്കുന്നതാണ് നല്ലത്. സൗഹൃദങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ആകട്ടെ. റിവേഴ്‌സ് ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് എല്ലാവരുടെയും കടമായാണ്. ജോലി നഷ്ടപ്പെട്ടോ, രോഗങ്ങള്‍ ബാധിച്ചോ കഷ്ടപ്പെടുന്നവര്‍ നിങ്ങള്‍ക്ക് ചുറ്റും ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു  കൈത്താങ്ങ് ആകാം. ഒപ്പം ശരിയായ ജീവിത ചര്യകള്‍ പാലിക്കുക എന്നത്  ഓരോരുത്തരുടെയും കടമയാണ്.

Content Highlights: Mental Health during Corona Virus Pandemic