കോവിഡ് 19 മഹാമാരി കാലം കിടപ്പുരോഗികളെ സംബന്ധിച്ച് നിരവധി ആശങ്കകൾ സൃഷ്ടിക്കുന്ന ഒന്നാണ്. രോഗികൾ മാത്രമല്ല പരിചരിക്കുന്നവരും കൂട്ടിരിപ്പുകാരും ബന്ധുക്കളും ഒരു പോലെ ശ്രദ്ധിക്കേണ്ട കാലം. രോഗികളുമായി ഇടപഴകുന്ന വേളയിലും പരിചരിക്കുമ്പോഴും കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കേണ്ടതുമാണ്. രോഗീപരിചരണത്തിൽ കാണിക്കുന്ന ചെറിയൊരു അശ്രദ്ധയ്ക്ക് പോലും വലിയ വില കൊടുക്കേണ്ടിവരും.

 • കിടപ്പുരോഗികൾക്ക് കോവിഡ് വരാതിരിക്കാൻ പ്രോട്ടോക്കോൾ പ്രകാരമുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ടതാണ്.
 • കുടുംബാംഗങ്ങളിൽ ഒരാൾ തന്നെ സ്ഥിരമായി പ്രസ്തുത വ്യക്തിയെ പരിചരിക്കുന്നതാണ് നല്ലത്.
 • പരിചരിക്കുന്ന വ്യക്തി പരമാവധി മറ്റു സമ്പർക്കങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കേണ്ടതാണ്.
 • രോഗിയെ പരിചരിക്കുന്നതിന് മുൻപായി കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.
 • മാസ്കും കയ്യുറകളും ധരിക്കുക.
 • രോഗികളുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം പാലിക്കേണ്ടതാണ്.
 • സാധിക്കുമെങ്കിൽ രോഗികളും മാസ്ക് ധരിക്കുന്നതാണ് നല്ലത്.
 • രോഗീപരിചരണത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്.
 • സന്ദർശകരെ അനുവദിക്കരുത്.
 • സ്നേഹപൂർവം കാര്യം പറഞ്ഞ് മുറിയിൽ പ്രവേശിക്കുന്നത് തടയാൻ കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
 • വീട്ടിൽ നിന്നും അത്യാവശ്യമുള്ളവർ മാത്രം പുറത്ത് പോകേണ്ടതാണ്.
 • രോഗിയെ സ്ഥിരമായി പരിചരിക്കാൻ ആരോഗ്യമുള്ള ഒരു കുടുംബാംഗത്തെ ചുമതലപ്പെടുത്തെണ്ടതാണ്.
 • മുറിക്കുള്ളിൽ നല്ല വായുസഞ്ചാരവും വെളിച്ചവും ഉറപ്പാക്കേണ്ടതാണ്.
 • കൃത്യസമയത്ത് തന്നെ രോഗിക്ക് നിർദേശിച്ചിരിക്കുന്ന ആഹാരവും വെള്ളവും മരുന്നും കൊടുക്കേണ്ടതാണ്.
 • വ്രണങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.
 • പതിവ് ചികിത്സകൾ, ശുശ്രൂഷകൾ എന്നിവ ഒന്നും തന്നെ മുടക്കരുത്.
 • പതിവ് ചികിത്സയ്ക്കായി സർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയേയും ആശ്രയിക്കാവുന്നതാണ്.
 • പാലിയേറ്റീവ് ഒ.പി. സേവനങ്ങൾ ഇപ്പോൾ ഇ-സഞ്ജീവനി വഴിയും ലഭ്യമാണ്.
 • ബുദ്ധിമുട്ടുകൾ നേരിട്ടാൽ തൊട്ടടുത്ത സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെടേണ്ടതാണ്.
 • കിടപ്പ് രോഗികൾക്ക് കൊടുക്കാവുന്ന ശരിയായ സാന്ത്വനം മികച്ച പരിചരണമാണ്.

Content Highlights:Corona Virus outbreak Bedridden patients and Covid19 all things family members needs to know, Health