മാ൪ച്ച് 11 ലോക വൃക്കദിനമായി ആചരിക്കുകയാണ്. വൃക്കരോഗങ്ങളുടെ ഗൗരവത്തെക്കുറിച്ചും, പ്രതിരോധിക്കേണ്ട ആവശ്യകതകളെക്കുറിച്ചും, ചികിത്സകളിലെ പുരോഗതികളെക്കുറിച്ചുമെല്ലാം ലോകമെമ്പാടുമുള്ള ജനങ്ങളെ ബോധവത്കരിക്കുകയും, രോഗികളുടെ ജീവിതനിലവാരം ഉയര്‍ത്തുവാനുള്ള പ്രയത്‌നങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയുമൊക്കെ ചെയ്തുകൊണ്ടാണ് ലോക വൃക്കദിനാചരണം കടന്ന് പോകുന്നത്.

സമ്പൂര്‍ണ്ണ വൃക്ക പരാജയം സംഭവിച്ച് കഴിഞ്ഞവരില്‍ താത്ക്കാലികമായി ഡയാലിസിസും ശാശ്വതമായി വൃക്കമാറ്റിവെക്കലും തന്നെയാണ് പ്രതിവിധിയായി നിര്‍ദ്ദേശിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനൂതനമായ ചികിത്സാ രീതികളുടെയും മറ്റും സഹായത്താല്‍ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയിലെ വിജയനിരക്ക് ക്രമാനുഗതമായി ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ ശാസ്ത്രലോകത്തിന് സാധിച്ചിട്ടുണ്ട്. 

വെല്ലുവിളികള്‍

വൃക്കമാറ്റിവെക്കല്‍ രംഗത്ത് ആശാവഹമായ പുരോഗതിയാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇപ്പോഴും വൃക്കമാറ്റിവെക്കലിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതും, തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നതും വലിയ പ്രതിസന്ധിയായി തന്നെ കണക്കിലെടുക്കേണ്ടി വരുന്നുണ്ട്. അവയവം ദാനം ചെയ്യുന്നവരുടെ തുടര്‍ ജീവിതത്തില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്ന തെറ്റിദ്ധാരണയും വ്യാപകമാണ്. ഇവയെക്കുറിച്ച് ഇനിയും കൂടുതല്‍ ബോധവത്കരണങ്ങള്‍ നടത്തി ജനങ്ങളിലെ ആശങ്കയും ആശയക്കുഴപ്പവും പരിഹരിക്കപ്പെടേണ്ടതുണ്ട്.

എന്താണ് വൃക്കമാറ്റിവെക്കല്‍

പ്രവര്‍ത്തന രഹിതമായ ഒരു യന്ത്രത്തിന്റെ തകരാര്‍ വന്ന ഭാഗം മാറ്റി പുതിയത് വെച്ച് യന്ത്രം വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നത് പോലെ പ്രവര്‍ത്തന രഹിതമായ വൃക്കയ്ക്ക് പകരം പുതിയ വൃക്ക ശസ്ത്രക്രിയയിലൂടെ സ്ഥാപിച്ച് ജീവന്‍ നിലനിര്‍ത്തുന്ന പ്രക്രിയയാണ് വൃക്കമാറ്റിവെക്കല്‍ എന്ന് എളുപ്പത്തില്‍ പറയാം. വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും വലിയ പുരോഗതികളിലൊന്ന് എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഒന്ന് കൂടിയാണ് വൃക്കമാറ്റിവെക്കല്‍ എന്ന പ്രക്രിയ.

ഇരുവൃക്കകളുടേയും പ്രവര്‍ത്തനം പൂര്‍ണ്ണമായും നിശ്ചലമായി കഴിഞ്ഞാല്‍ പിന്നീടുള്ള ശാശ്വതമായ പരിഹാരം എന്ന് പറയാവുന്നത് വൃക്ക മാറ്റിവെക്കല്‍ മാത്രമാണ്. അനുയോജ്യമായ വൃക്ക ലഭിക്കുന്നത് വരെ രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡയാലിസിസ് എന്ന സംവിധാനത്തെ ഉപയോഗപ്പെടുത്തുന്നു. 

വൃക്ക സ്വീകരിക്കല്‍

ഇരട്ടകളുടെ, പ്രത്യേകിച്ച് സമാന ഇരട്ടകളുടെ (identical Twins) പരസ്പരം വൃക്ക സ്വീകരിക്കുന്നതാണ് വൃക്കമാറ്റിവെക്കലിലെ ഏറ്റവും അനുയോജ്യമായ അവസ്ഥ. എന്നാല്‍ ഇത് എപ്പോഴും സാധ്യമല്ലല്ലോ. അതുകൊണ്ട് തന്നെ അടുത്ത വിഭാഗത്തിലേക്ക് കടന്നാല്‍ രക്തബന്ധമുള്ളവരുടെ വൃക്കകള്‍ സ്വീകരിക്കുന്നതാണ് അഭികാമ്യം. ഈ രീതിയിലും വൃക്കലഭ്യമല്ലാതാകുമ്പോഴാണ് അപകടങ്ങളിലും മറ്റും മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ വൃക്ക സ്വീകരിക്കുന്നതിനെ കുറിച്ച് (Cadavar/Deceased Donor) ആലോചിക്കേണ്ടി വരുന്നത്. ലോകമെമ്പാടും ഏറ്റവും വ്യാപകമായതും ഫലപ്രദമായി നടന്ന് വരുന്നതും രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗത്തില്‍ പെട്ട വൃക്കമാറ്റിവെക്കലുകളാണ്. 

ഫലപ്രാപ്തി

അന്യവസ്തുക്കള്‍ (Foreign body's) ശരീരത്തിനകത്ത് പ്രവേശിച്ച് കഴിഞ്ഞാല്‍ അവയെ പുറം തള്ളുവാനുള്ള ശ്രമങ്ങള്‍ നടത്തുക എന്നത് മനുഷ്യ ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. മറ്റൊരാളുടെ വൃക്ക സ്വീകരിക്കുന്ന വ്യക്തിയിലും ഈ പുറം തള്ളല്‍ പ്രക്രിയ സ്വാഭാവികമായും നടക്കും. അതിനാല്‍ ഈ പ്രതിരോധ ശേഷി മന്ദീഭവിപ്പിക്കുവാന്‍ ആവശ്യമായ മരുന്നുകള്‍ വൃക്കമാറ്റിവെക്കലിന് വിധേയനാകുന്ന വ്യക്തിക്ക് നല്‍കും. മാറ്റിവെക്കുന്ന അവയവം പുറം തള്ളപ്പെട്ട് പോകാതിരിക്കാന്‍ (Rejection) ഇത് അത്യാവശ്യമാണ്.

ഓര്‍ഗന്‍ റിസീവിങ്ങ് ആന്റ് ഗിവിങ്ങ് അവയര്‍നസ്സ് നെറ്റ് വര്‍ക്ക് ഇന്ത്യ (ORGAN) യുടെ കണക്കനുസരിച്ച് രക്തബന്ധമുള്ളവരില്‍ നിന്ന് സ്വീകരിക്കുന്ന വൃക്കമാറ്റിവെക്കലിന്റെ വിജയനിരക്ക് 95 ശതമാനത്തിനും മുകളിലാണ്. മസ്തിഷ്‌കമരണം സംഭവിച്ചവില്‍ നിന്ന് സ്വീകരിക്കുന്ന വൃക്കകള്‍ മാറ്റിവെക്കുന്ന ശസ്ത്രക്രിയകളുടെ വിജയശതമാനമാകട്ടെ 85 ശതമാനത്തിനും 90 ശതമാനത്തിത്തിനും ഇടയിലാണ്. ലോകത്തിലെ ഏറ്റവും മികച്ച വിജയനിരക്കിനോട് കിടപിടിക്കുന്നതാണ് ഈ കണക്ക് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

മാറ്റിവെക്കുന്ന വൃക്കകളുടെ പ്രവര്‍ത്തന കാലാവധി അതിന്റെ പരിപാലനത്തെ കൂടി ആശ്രയിച്ചിരിക്കുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശമനുസരിച്ച് കൃത്യമായ ജീവിതശൈലി നിയന്ത്രണങ്ങളും, വ്യായാമവും, മരുന്നുകളുടെ ഉപയോഗവും, കൃത്യമായ ഇടവേളകളിലുള്ള പരിശോധനയുമെല്ലാം നിര്‍വ്വഹിച്ചാല്‍ ദീര്‍ഘകാലം മറ്റ് പ്രത്യാഘാതങ്ങളൊന്നുമില്ലാതെ തന്നെ ജീവിതം മുന്‍പിലേക്ക് കൊണ്ടുപോകാന്‍ സാധിക്കും.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ കൺസല്‍ട്ടന്റ് നെഫ്രോളജിസ്റ്റാണ് ലേഖകൻ)

Content highlights: World Kidney Day 2021, what is kidney transplantation, Health