തു തരം ഡയാലിസിസ് ആയാലും ശരീരത്തിലെ മാംസ്യത്തിന്റെ അളവ് കുറയുന്നു. അതിനാല്‍ ഭക്ഷണത്തില്‍ കൂടുതല്‍ മാംസ്യം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ഡയാലിസിസ് പൂര്‍ത്തിയാക്കാന്‍ ദീര്‍ഘനേരം ആവശ്യമായതിനാല്‍ ഇടനേരത്ത് കഴിക്കാന്‍ പ്രമേഹരോഗികള്‍ എന്തെങ്കിലും ലഘുഭക്ഷണം കരുതേണ്ടതാണ്. ഇത് ഹൈപ്പോഗ്ലൈസീമിയ പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു.

ഭക്ഷണം മൂന്നു നേരം മാത്രം കഴിക്കുന്നതിന് പകരം അഞ്ചോ ആറോ തവണകള്‍ ആയി കഴിക്കുന്നതാണ് ഉത്തമം. ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭ്യമാക്കാന്‍ എളുപ്പമാക്കും. ഭക്ഷണം അഞ്ച്-ആറ് തവണകളായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും ആമാശയം സംബന്ധിച്ച അസ്വസ്ഥതകള്‍ ഒഴിവാക്കാനും സഹായിക്കുന്നു. 

പൊട്ടാസ്യം കുറവുള്ള പഴങ്ങളായ ആപ്പിള്‍, പേരയ്ക്ക, പപ്പായ, പൈനാപ്പിള്‍ തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന് ഏകദേശം 100 ഗ്രാം വീതം ഒരു ദിവസത്തിലുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. രക്തത്തിലെ പൊട്ടാസ്യം നിയന്ത്രിച്ചു നില്‍ക്കുന്ന അവസരങ്ങളില്‍ മാത്രമേ ഇങ്ങനെ കഴിക്കാവൂ. 

ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുള്ള ഉപ്പ്, വെള്ളം തുടങ്ങിയവയുടെ അളവ് വിദഗ്ധ നിര്‍ദേശപ്രകാരം  ചെയ്യാം. ഭക്ഷണം തീരെ കഴിക്കാനാവാത്ത അവസരങ്ങളില്‍ വൃക്കരോഗികള്‍ക്ക് ഉപയോഗിക്കാന്‍ മാത്രമായിട്ടുള്ള ന്യൂട്രിഷ്യണല്‍ സപ്ലിമെന്റ് ഉപയോഗിക്കാം. ഇവയുടെ അളവ്, ഒരു ദിവസത്തില്‍ എത്ര തവണ കഴിക്കണം തുടങ്ങിയ കാര്യങ്ങളും വിദഗ്ധ നിര്‍ദേശപ്രകാരം ക്രമീകരിക്കണം. 

ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍

  • ഓരോ രോഗിക്കും ഭക്ഷണക്രമം വ്യത്യസ്തമായിരിക്കും. അതിനാല്‍ ഉപ്പിന്റെയും മാംസ്യത്തിന്റെയും പൊട്ടാസ്യത്തിന്റെയും എല്ലാം അനുവദനീയമായ അളവ് ഒരു വൃക്ക രോഗ വിദഗ്ധന്റെയോ ഡയറ്റീഷ്യന്റെയോ നിര്‍ദേശാനുസരണം ക്രമീകരിക്കുക.
  • ഭക്ഷണത്തില്‍ പുളി, മസാലകള്‍, മറ്റു സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവ മിതമായി മാത്രം ഉപയോഗിക്കുക. 
  • എണ്ണ ആവശ്യത്തിന് മതി. 
  • രക്തത്തിലെ സോഡിയം, പൊട്ടാസ്യം, യൂറിയ, ക്രിയാറ്റിനിന്‍ എന്നിവയുടെ അളവ് മാസത്തില്‍ ഒരിക്കലെങ്കിലും പരിശോധിച്ച് അതിന് അനുസരിച്ച് ഭക്ഷണക്രമത്തില്‍ വ്യത്യാസം വരുത്തണം.
  • അമിതമായ ഭക്ഷണനിയന്ത്രണവും പാടില്ല. ആവശ്യമുള്ള അളവില്‍ പോലും ശരീരത്തിന് പോഷകങ്ങള്‍ ലഭ്യമാകാതെ വരാന്‍ ഇത് ഇടയാക്കും.
  • എന്തെങ്കിലും കാരണങ്ങള്‍ മൂലം ഉണ്ടാകുന്ന വയറിളക്കം, ഛര്‍ദി തുടങ്ങിയ അവസ്ഥകളില്‍ ശരീരത്തില്‍ നിന്ന് ജലം, ലവണങ്ങള്‍(സോഡിയം, പൊട്ടാസ്യം) തുടങ്ങിയവ അധികമായി നഷ്ടമാകുന്നു. അതിനാല്‍ ഈ ഘട്ടങ്ങളില്‍ സാധാരണ പിന്‍തുടര്‍ന്ന ഭക്ഷണക്രമത്തില്‍ നിന്നും അധിക അളവില്‍ ഇവയെല്ലാം ഉപയോഗിക്കേണ്ടി വരും. 

വിവരങ്ങള്‍ക്ക് കടപ്പാട്:
എസ്. സിന്ധു
ഡയറ്റീഷ്യന്‍

Content Highlights: World Kidney Day 2021 These foods should be eaten by dialysis patients, Health, Kidney Health