കോഴിക്കോട്: ഒരിക്കൽ നിരന്തരം ഡയാലിസിസിന് വിധേയയായിരുന്ന നബീല ഇന്ന് ഡയാലിസിസ് ടെക്‌നീഷ്യൻ. ഇരുവൃക്കകളും തകരാറിലായപ്പോൾ നബീലയുടെ വൃക്കമാറ്റി വെച്ചു, ചികിത്സിച്ച ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ച് പാസായി. അധ്യാപന ബിരുദധാരിയായ നബീല ഇപ്പോൾ വടകര കാരിയാട് തണൽ ഡയാലിസിസ് സെന്ററിൽ ടെക്‌നീഷ്യൻ. പാനൂർ പെരിങ്ങത്തൂർ തങ്കേത്തുംകണ്ടിയിൽ നബീലയുടെ കഥയിൽ ചെറുത്തുനിൽപ്പും ചേർന്നുനിൽക്കലുമുണ്ട്.

ഏഴാംക്ലാസിൽ പഠിക്കുമ്പോൾ മുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു നബീലയ്ക്ക്. 2009-ൽ വൃക്കയുടെ തകരാർ കണ്ടെത്തി. അഞ്ചുവർഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലും തുടർന്ന് ആസ്റ്റർമിംസിലും ചികിത്സ. അതിനുശേഷം ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിച്ചു, നല്ലനിലയിൽ പാസായി. ജോലിയുമായി.- ഏറെ വേദനസഹിച്ചയാൾ വേദനയൊപ്പുന്നവളായി സേവനത്തിന്റെ യൂണിഫോമണിഞ്ഞു.

പരീക്ഷണങ്ങൾ അവസാനിച്ചില്ല. ഇരുവൃക്കകളും തകരാറിലായതോടെ ആഴ്ചയിൽ മൂന്നെന്നക്രമത്തിൽ ഡയാലിസിസ്. ആ സമയത്ത്, മെഡിക്കൽ കോളേജിൽ മസ്തിഷ്‌കമരണം സംഭവിച്ചയാളുടെ വൃക്ക ലഭിച്ചു. മിംസ് ആശുപത്രിയിൽ ഡോ. സജിത്ത് നാരായണന്റെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയ വിജയിച്ചതോടെ നബീലയ്ക്ക് പുനർജന്മമായി.

തുടർചികിത്സകൾക്കുശേഷം രണ്ടാഴ്ചമുമ്പ് സുഖമായി വീട്ടിലെത്തി. തങ്കേത്തുംകണ്ടിയിൽ ഇസ്മയിൽ - സുഹറ ദമ്പതിമാരുടെ നാലുമക്കളിൽ മൂന്നാമത്തെയാളാണ് നബീല.

സാമ്പത്തികക്ലേശത്തിനിടയിൽ സഹായിച്ചവരോട്, ചികിത്സിച്ച ഡോക്ടർമാരോട്, വൃക്കരോഗികളെ സഹായിക്കുന്ന പ്രസ്ഥാനമായ തണലിനോട്. നന്ദിയുടെ വാക്കുകളാണ് നൂറുനാവോടെ നബീല പറയുന്നത്.

Content Highlights: World Kidney Day 2021, Kidney transplant woman later became a dialysis technician, Health