വൃക്കയുടെ പ്രവര്‍ത്തന പരിശോധന കൃത്യമായ ഇടവേളകളില്‍ നടത്തിയാലല്ലാതെ തിരിച്ചറിയാന്‍ കഴിയാത്ത അസുഖമാണ് വൃക്കരോഗം. കാലിലെയും കണങ്കാലിലേയും നീര്, ശ്വാസതടസം, ത്വക്കിലെ ചൊറിച്ചില്‍, ഉറക്കത്തിന്റെ രീതികളിലെ മാറ്റം, മനംപുരട്ടല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത് പലപ്പോഴും അസുഖം കൂടിയതിനുശേഷം മാത്രമായിരിക്കും. മൂത്രം പതഞ്ഞു പോകുക, ദീര്‍ഘനേരം യാത്ര ചെയ്യുമ്പോള്‍ കാലിലുണ്ടാകുന്ന നീര് തുടങ്ങിയവയായിരിക്കാം രോഗത്തിന്റെ തുടക്കത്തില്‍ കാണുന്ന രോഗലക്ഷണങ്ങള്‍. നിയന്ത്രണമില്ലാത്ത പ്രമേഹത്തിന്റെ ഫലമായി ഉണ്ടാകുന്ന വൃക്കയുടെ തകരാറുകള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതിനാല്‍ രോഗം തടയുന്നതിനും രോഗം അധികരിക്കുന്നത് നിയന്ത്രിക്കുന്നതിനുമായി പൊതുജനങ്ങള്‍ക്കിടയില്‍ മാധ്യമങ്ങള്‍ വഴി അവബോധമുണ്ടാക്കേണ്ടതുണ്ട്.

കുട്ടികളിലും മുതിര്‍ന്നവരിലും വൃക്കരോഗങ്ങള്‍ തടയുന്നതിന് പ്രതിദിനം രണ്ടു മുതല്‍ രണ്ടര ലിറ്റര്‍ വരെ പാനീയങ്ങള്‍ കുടിക്കുന്നതിനും കുറഞ്ഞ തോതില്‍ മാത്രം ഉപ്പ് ഉള്ളില്‍ ചെല്ലുന്ന രീതിയിലുള്ള ആരോഗ്യകരമായ ആഹാരരീതി ശീലിക്കുന്നതിനും പതിവായി വ്യായാമം ചെയ്യുന്നതിനും തൂക്കം ക്രമീകരിക്കുന്നതിനും ശ്രദ്ധിക്കണം. 

ദീര്‍ഘകാലത്തേയ്ക്ക് വേദനാസംഹാരികള്‍ കഴിക്കുന്നതും ആധുനിക വൈദ്യരീതിയിലല്ലാത്ത മരുന്നുകള്‍ കഴിക്കുന്നതും ഒഴിവാക്കണം. പ്രമേഹം, അമിതരക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ തടയുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് വൃക്കരോഗങ്ങളെ തടയുന്നതിന് സഹായിക്കും. ഈ മുന്‍കരുതലുകളെല്ലാം എടുത്താലും കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ട് ആരോഗ്യപരിശോധന നടത്തുകയും എല്ലാ വര്‍ഷവും മൂത്രത്തിലെ പ്രോട്ടീന്‍, സീറം ക്രിയാറ്റിനിന്‍ പരിശോധനകള്‍ നടത്തി വൃക്കരോഗം ഇല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

മൂത്രത്തില്‍ അധികമായി പ്രോട്ടീന്‍ കാണപ്പെടുന്ന നെഫ്രോട്ടിക് സിന്‍ഡ്രോം, യൂറിനെറി ഇന്‍ഫെക്ഷന്‍, വൃക്കയുടെയും മൂത്രസഞ്ചിയുടെയും ജന്മനാലുള്ള തകരാറുകള്‍, ഗ്ലോമെറുലോനെഫ്രൈറ്റിസ് (വൃക്കയില്‍ രക്തം ശുദ്ധീകരിക്കുന്ന ഭാഗത്തെ തകരാറുകള്‍ മൂലമുണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങള്‍) എന്നിവ കുട്ടികളില്‍ കണ്ടുവരുന്ന വൃക്കതകരാറുകളാണ്. ഇവയെല്ലാം നേരത്തെതന്നെ കണ്ടെത്തിയാല്‍ ഭേദമാക്കാന്‍ സാധിക്കും. 

വൃക്കയില്‍ മുഴകള്‍, വൃക്കയിലെ ക്ഷയം, കിഡ്‌നി സ്റ്റോണ്‍ മൂലം വൃക്കയുടെ പ്രവര്‍ത്തനം തടസപ്പെടുക തുടങ്ങിയവയുള്ള രോഗികളുടെ വൃക്ക ഭാഗീകമായോ പൂര്‍ണമായോ നീക്കം ചെയ്യുന്നതിന് നിര്‍ദേശിക്കാറുണ്ട്. തുറന്ന ശസ്ത്രക്രിയ, ലാപ്പറോസ്‌കോപിക് ശസ്ത്രക്രിയ, റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയ (ആര്‍.എ.എസ്.) എന്നിവയാണ് ഭാഗീകമായോ പൂര്‍ണമായോ വൃക്കം നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സാധാരണ രീതികള്‍. 

ഇന്റ്യൂറ്റീവ് സര്‍ജിക്കല്‍ രൂപപ്പെടുത്തിയ ഡാവിഞ്ചി ആര്‍.എ.എസ്. ശസ്ത്രക്രിയാ രീതി സാധാരണ ലാപ്പറോസ്‌കോപ്പിയുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട കൈക്കുഴ ചലനങ്ങള്‍ സാധ്യമാക്കുന്നതും ത്രിമാന ഒപ്റ്റിക്‌സ് സൗകര്യമുള്ളതും ട്രീമര്‍ ഫില്‍ട്രേഷന്‍ സൗകര്യമുള്ളതുമാണെന്നാണ് എന്റെ വ്യക്തിഗത അനുഭവം. അതുകൊണ്ടുതന്നെ റോബോട്ടിക് അസിസ്റ്റഡ് ശസ്ത്രക്രിയ വഴി താക്കോല്‍ദ്വാര ശസ്ത്രക്രിയാരീതി ഉപയോഗിച്ച് വലിയ മുഴകള്‍ നീക്കം ചെയ്യുന്നതിനും ചെറിയ മുഴകള്‍ നീക്കം ചെയ്യുമ്പോള്‍ വൃക്ക പൂര്‍ണമായും നീക്കം ചെയ്യാതെ സംരക്ഷിക്കുന്നതിനും കഴിയും. വൃക്ക മാറ്റിവയ്ക്കല്‍ പോലെയുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ നടത്തുന്നതിനും ഡാവിഞ്ചി ശസ്ത്രക്രിയാ രീതി സഹായകമാണ്.

(കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി ഹോസ്പിറ്റലിലെ  നെഫ്രോളജി ആന്‍ഡ് യൂറോളജി വകുപ്പിലെ ഡോക്ടറാണ് ലേഖകൻ)

Content Highlights: World Kidney Day 2021, Kidney diseases and surgical advancements, Health