രീരത്തിൽ നിന്ന് വിഷപദാർഥങ്ങളെ പുറംതള്ളുന്ന അവയവമാണ് വൃക്ക. ശരീരത്തെ ശുചിയായും ആരോ​ഗ്യകരമായും നിലനിർത്തുന്നതിൽ വൃക്കകൾക്ക് വലിയ പങ്കുണ്ട്. വൃക്കയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാൽ അത് ശരീരത്തിന്റെ മുഴുവൻ ആരോ​ഗ്യത്തെയും ബാധിക്കും. 

വൃക്കയുടെ ആരോ​ഗ്യത്തെ ബാധിക്കുന്ന നിരവധി ആരോ​ഗ്യപ്രശ്നങ്ങളുണ്ട്. വൃക്കയെ ബാധിക്കുന്ന കാൻസർ ഇത്തരത്തിൽ പ്രത്യേക ശ്രദ്ധ വേണ്ട ഒന്നാണ്. കാൻസർ ചികിത്സ മൂലം രോ​ഗികളിൽ ഛർദി, ദ​ഹനേന്ദ്രിയ വ്യവസ്ഥയിലെ പ്രശ്നങ്ങൾ എന്നിവയുണ്ടാകാം.  പല രോ​ഗികളിലും വിശപ്പില്ലായ്മ, വായ്പ്പുണ്ണ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം. ഇതുമൂലം രോ​ഗിയ്ക്ക് ഭക്ഷണം കഴിക്കാനും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ സാഹചര്യത്തിൽ കഴിക്കുന്ന ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിരോധശേഷി കൂട്ടുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. 

ചെയ്യേണ്ട കാര്യങ്ങൾ

ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുക: ആരോ​ഗ്യകരമായി ഭക്ഷണം കഴിക്കുന്നത് ശരീരകോശങ്ങളെ ആരോ​ഗ്യമുള്ളതായി നിലനിർത്തുകയും അണുബാധയെ തടയുകയും ശക്തിയും ഊർജവും നിലനിർത്താൻ സഹായിക്കുകയും ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, കൊഴുപ്പില്ലാത്ത ചിക്കൻ/മീൻ/സോയ തുടങ്ങിയവ ഉൾപ്പെടുന്ന സമീകൃതമായ ഡയറ്റ് പാലിക്കണം. 
 
നിയന്ത്രിത അളവിൽ പ്രോട്ടീൻ : ഒരു ദിവസം എത്ര പ്രോട്ടീൻ കഴിക്കണമെന്ന് കിഡ്നി കാൻസർ രോ​ഗികൾ അറിഞ്ഞിരിക്കണം. സാധാരണയായി ശരീരത്തിലെ മാലിന്യങ്ങൾ വൃക്കകൾ അരിച്ചുമാറ്റുകയാണ് പതിവ്. എന്നാൽ വൃക്കകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ആ മാലിന്യങ്ങൾ രക്തത്തിൽ അടിഞ്ഞ് ബിൽ‍ഡ് അപ്പുകൾ ഉണ്ടാകാം. ‍‍ഡയാലിസിസ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതിന് അനുസരിച്ച് പ്രോട്ടീൻ സ്വീകരിക്കുന്നതിന്റെ അളവ് കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കാം. 

ഫോസ്ഫറസിന്റെ അളവ് നിരീക്ഷിക്കണം: നട്സുകൾ, വിത്തുകൾ, ബീൻസ് എന്നിവയിൽ ഉയർന്ന അളവിൽ ഫോസ്ഫറസ് അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ അതിന്റെ അളവ് ശ്രദ്ധിക്കണം. വൃക്കകൾ പൂർണതോതിൽ പ്രവർത്തിച്ചില്ലെങ്കിൽ ഫോസ്ഫറസ് എന്ന രാസപദാർഥം രക്തത്തിൽ ബിൽഡ്അപ്പ് ഉണ്ടാകാൻ ഇടയാക്കും. അതുകൊണ്ട് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഫോസ്ഫറസ് അളവ് നിരീക്ഷിക്കണം. 

ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണം: കിഡ്നി കാൻസർ രോ​ഗികൾക്ക് ഒാക്കാനം, ഛർദി, മലബന്ധം തുടങ്ങിയവ ചികിത്സയ്ക്കിടെ ഉണ്ടാകാറുണ്ട് അതിനാൽ ഭക്ഷണം ക്രമീകരിക്കണം. പകൽ വലിയ തോതിൽ ഭക്ഷണം കഴിക്കാതെ ചെറിയ തോതിൽ കുറച്ചു കുറച്ചായി മണിക്കൂറുകൾ ഇടവിട്ട് കഴിക്കുകയാണ് വേണ്ടത്. 

ചെയ്യാൻ പാടില്ലാത്തത്

വലിയ തോതിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം: വൃക്കകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരീരത്തിൽ മൂത്രം ഉത്പാദിപ്പിക്കാനാവില്ല. ശരീരത്തിൽ അമിതമായി ഫ്ളൂയിഡ് ഉണ്ടാകുന്ന ശരീരത്തിൽ നീര് ഉണ്ടാകാനും ഉയർന്ന രക്തസമ്മർദം ഉണ്ടാകാനും ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാനും ഇടയാക്കും. 

ഉപ്പ് അമിതമായി കഴിക്കുന്നത് ഒഴിവാക്കാം: സോഡിയം ഉയർന്ന രക്തസമ്മർദം ഉണ്ടാകാൻ  ഇടയാക്കും. ഇത് കുറയ്ക്കണം. സംസ്ക്കരിച്ച സ്നാക്ക്സ്, മാംസം, കാനിലടച്ച ഭക്ഷണം, ഫാസ്റ്റ് ഫുഡ്, സോഡിയം കൂടുതൽ അടങ്ങിയ ഭക്ഷണം എന്നിവ ഒഴിവാക്കണം. 

വ്യായാമം നിർത്തരുത്: വ്യായാമം ഏതൊരു വ്യക്തിയ്ക്കും അത്യാവശ്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുമായി സംസാരിച്ച് ഏത് വർക്ക്ഒൗട്ടാണ് നിങ്ങൾക്ക് യോജിക്കുന്നതെന്ന് മനസ്സിലാക്കി പരിശീലിക്കണം. 

Content Highlights: World Kidney Day 2021, kidney care some dietary dos and donts that cancer patients, Health