ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൃക്കരോഗത്തെ നിയന്ത്രിക്കാനാവും. 

ഉപ്പ് കുറച്ചുമതി

ഉപ്പിന്റെ അമിതോപയോഗം മൂലമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദമാണ് മലയാളികളെ വൃക്കരോഗികളാക്കുന്നതിന് പ്രധാന കാരണമെന്ന് പറഞ്ഞാല്‍ അതിശേയാക്തിയാകില്ല. അത്രയധികം ഉപ്പാണ് ആഹാരത്തിന്റെയും മറ്റും ഭാഗമായി ശരീരത്തിലെത്തുന്നത്. 

 • ഒരാള്‍ക്ക് ഒരുദിവസം അഞ്ചുഗ്രാം ഉപ്പ് മതി. എന്നാൽ പലപ്പോഴും പത്തും പന്ത്രണ്ടും ഗ്രാം ഉപ്പ് അറിയാതെ നാം കഴിക്കുന്നു. 
 • ഉപ്പ് എന്നാൽ കറികളിൽ ചേർക്കുന്നത് മാത്രമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ അങ്ങനെയല്ല.
 • ഉപ്പേരികളിലൂടെയും അച്ചാറുകളിലൂടെയും വറുത്ത മുളകിലൂടെയുമെല്ലാം കൂടിയ അളവിൽ ഉപ്പ് ശരീരത്തിലെത്തുന്നുണ്ട്. 
 • ഉപ്പ് അധികമുള്ള ബിസ്‌ക്കറ്റുകള്‍, മിക്സ്ച്ചറുകള്‍, ഫാസ്റ്റ്ഫുഡ് വിഭവങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, ഉണക്കമീന്‍, ചമ്മന്തിപ്പൊടികൾ, പപ്പടം, ചട്നിപ്പൊടികൾ എന്നിവ നിയന്ത്രിക്കണം. 
 • റെഡി ടു കുക്ക് ഭക്ഷണങ്ങളിലും (ഇഡ്ഡലി, ദോശ മിക്സ്, റവ മിക്സ് തുടങ്ങിയവ) ഉയര്‍ന്ന അളവില്‍ ഉപ്പ് ചേർന്നിരിക്കും. ഇവയുടെ ഉപയോഗവും കുറയ്ക്കണം. 

 കൊഴുപ്പ് അധികമാവല്ലേ

പുരുഷന്‍മാര്‍ക്ക് ആകെ ശരീരഭാരത്തിന്റെ 15 ശതമാനം വരെയും സ്ത്രീകൾക്ക് 25 ശതമാനം വരെയും കൊഴുപ്പ് ആവാം എന്നാണ് കണക്ക്. എന്നാൽ ഇതിൽ കൂടുതൽ കൊഴുപ്പ് ശരീരത്തിലെത്തുന്നത് വൃക്കയുടെ പ്രവർത്തനത്തെ താളം തെറ്റിക്കും. 

 • അമിത കൊഴുപ്പ് ശരീരത്തിെലത്തിക്കുന്നതില്‍ ഫാസ്റ്റ്ഫുഡും ചിപ്സുെമല്ലാം വലിയ പങ്കുവഹിക്കുന്നുണ്ട്.
 • കൊഴുപ്പ് എന്നത് ഇറച്ചിയിൽ മാത്രം കാണുന്നതല്ല. ബിരിയാണിയിലും നെയ്ച്ചോറിലും രുചി കൂട്ടാനായി ചേർക്കുന്ന വനസ്പതിയും നെയ്യും വെണ്ണയും സസ്യ എണ്ണയുമെല്ലാം കൊഴുപ്പു തന്നെയാണ്. 
 • തേങ്ങയും വെളിച്ചെണ്ണയും കുറഞ്ഞ അളവിൽ ഉപയോഗിക്കുക. 
 • കാറ്റുനിറച്ച പായ്ക്കറ്റുകളിൽ ലഭിക്കുന്ന ഉരുളക്കിഴങ്ങ് ചിപ്സ് ആണ് മറ്റൊരു പ്രശ്നം. ഇവയിലടങ്ങിയ ട്രാൻസ്ഫാറ്റും അമിത ഉപ്പും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കും. 
 • ബര്‍ഗര്‍, പപ്സ്, കട്ലറ്റ് എന്നിവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് ആരോഗ്യകരം. 

നാരുള്ള ഭക്ഷണം നിറമുള്ള ഭക്ഷണം

നാരുകളടങ്ങിയ പഴവും പച്ചക്കറികളും കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. 

 • തവിട് കളയാത്ത അരി, മുഴുധാന്യങ്ങള്‍ എന്നിവ ശീലമാക്കാം. 
 • ചീര, വെണ്ട, കാരറ്റ്, ബീറ്റ്റൂട്ട്, വഴുതിന എന്നിങ്ങനെ വിവിധ നിറത്തിലുള്ള പച്ചക്കറികള്‍ കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. 
 • പൊറോട്ട, പഫ്സ് എന്നിവ സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കണം. 
 • സ്‌ക്വാഷുകള്‍, ടിന്നിലടച്ച ഭക്ഷണങ്ങള്‍, സോസുകള്‍, കെച്ചപ്പുകള്‍ എന്നിവയും നിയന്ത്രിക്കണം. 
 • രുചി വര്‍ധിപ്പിക്കാന്‍ ചേർക്കുന്ന മസാലകള്‍, പുളി, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ കരുതലോടെ ഉപേയാഗിക്കുക. 

മൂത്രം പിടിച്ചുനിര്‍ത്തേല്ല

 • കൂടുതല്‍ സമയത്തേക്ക് മൂത്രം പിടിച്ചുനിര്‍ത്തുന്നത് മൂത്രാശയത്തില്‍ അണുബാധയ്ക്കും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാനും കാരണമാകും. പ്രത്യേകിച്ച് പെൺകുട്ടികള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. 
 • മൂന്ന്-നാല് മണിക്കൂര്‍ കൂടുമ്പോൾ മൂത്രമൊഴിക്കണം. കൂടാതെ രാത്രി ഉറങ്ങുന്നതിന് മുന്‍പ് നിര്‍ബന്ധമായും മൂത്രമൊഴിക്കുകയും വേണം. 
 • മൂത്രാശയ അണുബാധ ഒരിക്കല്‍ വന്നാല്‍ പിന്നീട് ആവര്‍ത്തിക്കാന്‍ സാധ്യതേയെറയാണ്. 

വെള്ളം എത്ര കുടിക്കണം
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. 

 • മൂത്രം വെള്ള നിറത്തിലാണെങ്കില്‍ ആവശ്യത്തിനു വെള്ളം കുടിക്കുന്നുെണ്ടന്നു മനസ്സിലാക്കാം. 
 • ഒരാള്‍ക്ക് ദിവസം 1500 മില്ലിലിറ്റര്‍ വെള്ളം (8 മുതല്‍10 ഗ്ലാസ് വരെ) മതിയാകും. 
 • നന്നായി അധ്വാനിക്കുന്നവര്‍ക്ക് ഈ അളവിലും കുടുതല്‍ വെള്ളം കുടിക്കാം. 
 • ചായ, കാപ്പി എന്നിവ ദിവസത്തില്‍ രണ്ടു ഗ്ലാസിലധികം കുടിക്കേണ്ടതില്ല.  

പ്രസവശേഷവും പരിശോധന വേണം

ഗർഭിണികളിൽ വലിയ ശാരീരിക മാറ്റങ്ങൾ വരുന്ന സമയമാണ് ഗര്‍ഭകാലം. 

 • ഗര്‍ഭകാലത്ത് രക്തസമ്മര്‍ദം ഉയര്‍ന്നിരിക്കുന്നതായി കാണാറുണ്ട്. പ്രസവത്തോടെ ഇത് സാധാരണനില കൈവരിക്കുകയാണ് പതിവ്. 
 • എന്നാല്‍ ചിലരില്‍ പ്രസവശേഷവും ബി.പി. ഉയര്‍ന്നുനില്‍ക്കുകയും അത് വൃക്കരോഗത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. 
 • അതുകൊണ്ടു തന്നെ പ്രസവശേഷവും പരിശോധന നടത്തുകയും മരുന്ന് കഴിച്ച് ബി.പി. നിയന്ത്രണത്തിലാക്കുകയും ചെയ്യണം. 

മരുന്നുകളും വേദന സംഹാരികളും 

 • മരുന്നുകളും വേദന സംഹാരികളും വീണ്ടുവിചാരമില്ലാതെ വാങ്ങിക്കഴിക്കുന്നത് 
 • വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാന്‍ ഇടയുണ്ട്. 
 • ഒരു രോഗത്തിനും സ്വയംചികിത്സ പാടില്ല. നിർദേശിച്ച അളവില്‍ മാത്രം മരുന്നുകഴിക്കുക. 
 • വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേദനസംഹാരിയായി ഡോക്ടർ നിർദേശിച്ച മരുന്നുകൾ വീണ്ടും വീണ്ടും വാങ്ങിക്കഴിക്കരുത്.
 • വൃക്കരോഗമുള്ളവർക്ക് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാത്ത ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരം വാങ്ങി ഉപയോഗിക്കാവുന്നതാണ്. 
 • വേദനസംഹാരികൾ കഴിക്കുമ്പോൾ കൂടുതൽ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. 

അരമണിക്കൂര്‍ നടക്കാം

അമിതവണ്ണമുള്ളവര്‍ ആഹാര നിയന്ത്രണത്തിനൊപ്പം ആവശ്യമായ വ്യായാമങ്ങളും ശീലിക്കണം.

 • രാവിലെ അരമണിക്കൂര്‍ നടക്കുന്നത് ശീലമാക്കുക. 
 • ആഴ്ചയില്‍ അഞ്ചു ദിവസം നടന്നാല്‍ മതിയാകും. അതുവഴി 5-10 mmHg വരെ ബി.പി. കുറയ്ക്കാന്‍ കഴിയും.
 • നീന്തല്‍, ഓട്ടം എന്നിവയും നല്ല വ്യായാമങ്ങളാണ്. 
 • അമിത ടെന്‍ഷന്‍ ഒഴിവാക്കാന്‍ യോഗയോ ധ്യാനമോ ആവശ്യമെങ്കില്‍ ചെയ്യാവുന്നതാണ്.

പാരമ്പര്യമായി വൃക്കരോഗമുണ്ടെങ്കിൽ

കുടുംബത്തിൽ ആർക്കെങ്കിലും പാരമ്പര്യമായി വൃക്കരോഗമുണ്ടെങ്കിൽ രോഗം വരാതിരിക്കാൻ കൂടുതൽ ശ്രദ്ധ വേണം. പോളിസിസ്റ്റിക് കിഡ്നി ഡിസീസ്, ചിലതരം നെഫ്രെെറ്റിസ്, ഐ.ജി.ഐ. നെഫ്രോപ്പതി തുടങ്ങിയവ പാരമ്പര്യമായി വരാന്‍ സാധ്യതയുള്ള വൃക്കരോഗങ്ങളാണ്. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തിൽ. സ്‌കൂള്‍ഘട്ടം മുതല്‍ അവര്‍ പരിശോധന നടത്തണം. 

പരിശോധന എപ്പോൾ

25 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവരും വൃക്കയുടെ പ്രവർത്തനം പരിശോധിക്കണം. എളുപ്പത്തിൽ ചെയ്യാവുന്ന മൂത്ര പരിശോധനയിലൂടെ 90 ശതമാനം വൃക്കരോഗങ്ങളും കണ്ടുപിടിക്കാം. ഇതു കൂടാതെ രക്തത്തിലെ ഷുഗർ പ്രാട്ടീനിന്റെ അളവ്, യൂറിയ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ്, മൂത്രത്തിലെ പ്രോട്ടീൻ- ക്രിയാറ്റിനിൻ അനുപാതം, കൊളസ്ട്രോളിന്റെ അളവ് എന്നിവയും പരിശോധിക്കണം. പരിശോധനയിൽ വൃക്കയുടെ പ്രവർത്തനത്തിൽ അപാകത കണ്ടെത്തിയാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം. 

വിവരങ്ങള്‍ക്ക് കടപ്പാട്: 
ഡോ. തോമസ് മാത്യു
സീനിയര്‍ കണ്‍സള്‍ട്ടന്റ് നെഫ്രോളി വിഭാഗം
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്

Content Highlights: World Kidney Day 2021, How to prevent Kidney Disease, Health, Kidney Health

ആരോഗ്യമാസിക വാങ്ങാം