വൃക്കരോഗം അതീവ ഗൗരവതരമായി മാറ്റപ്പെടുകയും സ്ഥായിയായി വൃക്കസ്തംഭനം എന്ന അവസ്ഥയിലെത്തിച്ചേരുകയും ചെയ്താല്‍ പിന്നീട് മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്ക് വലിയ പ്രാധാന്യമുണ്ടാവില്ല. ഈ സാഹചര്യത്തിലാണ് വൃക്ക മാറ്റിവെക്കലിനെക്കുറിച്ച് ചിന്തിക്കേണ്ടതായി വരുന്നത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ചികിത്സാ രംഗത്തും ശസ്ത്രക്രിയാ രംഗത്തും സംഭവിച്ച നൂതനമായ പരിവര്‍ത്തനങ്ങള്‍ വൃക്കമാറ്റിവെക്കലിനെ സങ്കീര്‍ണ്ണതകള്‍ കുറഞ്ഞ രീതി എന്ന അവസ്ഥയിലേക്ക് മാറ്റിയെടുക്കുന്നതിന് സഹായകമായിട്ടുണ്ട്. വൃക്കമാറ്റിവെക്കലിന് തയ്യാറെടുക്കുന്നവരാണെങ്കില്‍ അനുബന്ധമായ നിരവധി കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

വൃക്കമാറ്റിവക്കലിന് മുന്‍പ് അറിയേണ്ട കാര്യങ്ങള്‍

രണ്ട് വൃക്കയ്ക്കും 90 ശതമാനത്തിലധികം തകരാറുകള്‍ സംഭവിച്ച് സ്ഥായിയായ വൃക്കസ്തംഭനം എന്ന അവസ്ഥ വന്നുചേര്‍ന്നവര്‍ക്ക് മാത്രമേ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ സ്വീകരിക്കുവാന്‍ അനുവാദമുള്ളൂ. വൃക്ക ദാനം ചെയ്യുന്ന വ്യക്തി പൂര്‍ണ്ണ ആരോഗ്യവാനായ ബന്ധുവോ അല്ലെങ്കില്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയോ ആയിരിക്കണം. വൃക്ക ദാനം സംബന്ധിച്ചുള്ള തട്ടിപ്പുകളും മറ്റും ഇല്ലാതാക്കാനാണ് ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നത്. രോഗിയുടെ പ്രായം, ആരോഗ്യനില എന്നിവയും വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങളാണ്.

നേട്ടങ്ങള്‍

രോഗാവസ്ഥയില്‍ നിന്നുള്ള പൂര്‍ണ്ണ മോചനവും, മെച്ചപ്പെട്ട ജീവിതാവസ്ഥ തിരികെ ലഭിക്കലുമാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങള്‍. ഡയാലിസിസ്സ് ഒഴിവാകുന്നതിനാല്‍ അനുബന്ധമായ സമയനഷ്ടം, ശാരീരിക ബുദ്ധിമുട്ടുകള്‍ മുതലായവയില്‍ നിന്നെല്ലാം വിമുക്തി നേടാം. രോഗാവസ്ഥയിലുണ്ടായിരുന്ന ഭക്ഷണ നിയന്ത്രണങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കുന്നു. ആയുര്‍ദൈര്‍ഘ്യം കൂടുതലായി ലഭിക്കുന്നു എന്നതും സവിശേഷതയാണ്. 

ആരില്‍ നിന്നൊക്കെ വൃക്ക സ്വീകരിക്കാം

പിതാവ്, മാതാവ്, സന്താനങ്ങള്‍, കൂടപ്പിറപ്പ് എന്നിവര്‍ ഉള്‍പ്പെടെയുള്ള രക്തബന്ധത്തിലുള്ളവരില്‍ നിന്നും ഭാര്യ, ഭര്‍ത്താവ് എന്നിവരില്‍ നിന്നും വൈകാരികമായി അടുപ്പമുള്ള സുഹൃത്തുക്കളില്‍ നിന്നും വൃക്ക സ്വീകരിക്കാവുന്നതാണ്. ഇതിന് പുറമെ മസ്തിഷ്‌ക മരണം സംഭവിച്ച ഒരു വ്യക്തിയില്‍ നിന്നും ആ വ്യക്തിയുടെ ബന്ധുക്കളുടെ അനുവാദത്തോടെ വൃക്ക സ്വീകരിക്കാവുന്നതാണ്. 21 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ് വൃക്ക ദാനം ചെയ്യാന്‍ ഏറ്റവും അനുയോജ്യരായിട്ടുള്ളത്. 

ആര്‍ക്കെല്ലാം ദാനം ചെയ്യാം

രണ്ട് വൃക്കകളുള്ള, പൂര്‍ണ്ണ ആരോഗ്യവാനായ, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ഇല്ലാത്ത ഒരാള്‍ക്ക് വൃക്ക സ്വീകരിക്കുന്ന ആളിന്റെ രക്തഗ്രൂപ്പ്, ടിഷ്യൂ ടൈപ്പ് എന്നിവയുമായി യോജിക്കുന്നുണ്ടെങ്കില്‍ വൃക്കദാനം നിര്‍വ്വഹിക്കാം. വൃക്ക ദാനം ചെയ്തു എന്നതിന്റെ പേരില്‍ ശാരീരികമായ മറ്റ് ബുദ്ധിമുട്ടുകളൊന്നും തന്നെ ദാതാക്കളിലുണ്ടാകുന്നില്ല. ലൈംഗിക ജീവിതത്തെയോ, കായിക ജീവിതത്തെയോ, കുട്ടികള്‍ ഉണ്ടാകുന്നതിനെയോ ഒന്നും വൃക്കദാനം ദോഷകരമായി ബാധിക്കുന്നില്ല. 

എങ്ങിനെയാണ് വൃക്ക മാറ്റിവെക്കുന്നത്?

ദാതാവിന്റെ വൃക്ക സ്വീകര്‍ത്താവിന് അനുയോജ്യമാണ് എന്ന് പരിശോധനകളിലൂടെ വ്യക്തമായി കഴിഞ്ഞാല്‍ ഇരുവരുടേയും മാനസിക നില, സാമ്പത്തികാവസ്ഥ, സാമൂഹിക ചുറ്റുപാടുകള്‍ എന്നിവയെല്ലാം വിലയിരുത്തപ്പെടുകയും ആവശ്യമായ കൗണ്‍സലിങ്ങും, ശസ്ത്രക്രിയയെ സംബന്ധിച്ച വിശദമായ കാര്യങ്ങളും പറഞ്ഞുകൊടുക്കും. ദാതാവ് ജീവിച്ചിരിക്കുന്ന വ്യക്തിയാണെങ്കില്‍ ഇരുവരുടേയും ശസ്ത്രക്രിയ ഒരേ സമയമാണ് നടക്കുക. വൃക്കരോഗ വിദഗ്ധരും, മൂത്രാശയ രോഗവിദഗ്ധരും, പാത്തോളജിസ്റ്റും അനസ്തറ്റിസ്റ്റും നഴ്‌സുമാരമെല്ലാം ഉള്‍പ്പെടുന്ന വലിയ ഒരു കൂട്ടായ്മയിലൂടെയാണ് ശസ്ത്രക്രിയ പുരോഗമിക്കുന്നത്. ഏകദേശം 3 മുതല്‍ 5 മണിക്കൂര്‍ വരെ സമയമാണ് പൊതുവെ ആവശ്യമായി വരുന്നത് ചിലപ്പോള്‍ സമയദൈര്‍ഘ്യം ഇതിലും കൂടാനും മതി. 

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ വൃക്കയാണ് സ്വീകരിക്കുന്നതെങ്കില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഉടനെ വൃക്ക പ്രവര്‍ത്തനം ആരംഭിക്കും. എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തികളില്‍ ചിലപ്പോള്‍ കുറച്ച് ദിവസം കഴിഞ്ഞ ശേഷമേ പ്രവര്‍ത്തനം ആരംഭിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ ചിലപ്പോള്‍ വൃക്കയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ ഡയാലിസിസ് ചെയ്യേണ്ടി വരും. 

വൃക്ക മാറ്റിവെക്കലിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മരുന്നിന്റെ ഉപയോഗം ഒരുകാരണവശാലും നിര്‍ത്താന്‍ പാടില്ല, വൃക്ക തിരസ്‌കരണം, അണുബാധ മുതലായവയെയെല്ലാം പ്രതിരോധിക്കണമെങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ നിര്‍ബന്ധമായും നിര്‍ദിഷ്ട അളവില്‍ നിര്‍ദിഷ്ട കാലം കഴിക്കുക തന്നെ വേണം. മരുന്നിന്റെ സ്‌റ്റോക്ക് തീരുന്നത് വരെ കാത്തുനില്‍ക്കാതെ ആവശ്യത്തിന് മരുന്ന് എപ്പോഴും സൂക്ഷിച്ച് വെക്കണം. 

രക്തസമ്മര്‍ദ്ദം, മൂത്രത്തിന്റെ അളവ്, ശരീരഭാരം, രക്തത്തിലെ പഞ്ചസാര ഇവയെല്ലാം കൃത്യമായി പരിശോധിച്ച് രേഖപ്പെടുത്തി വെക്കണം. ഏതെങ്കിലും സാഹചര്യത്തില്‍ മറ്റൊരു ഡോക്ടറെ സന്ദര്‍ശിക്കേണ്ടി വന്നാല്‍ വൃക്കമാറ്റിവെക്കലിന് വിധേയനായ വിവരം തുടക്കത്തിലെ പറയുക. 

ധാരാളം വെള്ളം കുടിക്കാനും ഭക്ഷണം സമീകൃതമാക്കാനും ശ്രദ്ധിക്കുക. ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം പരമാവധി കുറയ്ക്കുക. വ്യായാമം നിര്‍ബന്ധ ശീലമാക്കി മാറ്റുക. പുകവലി, മദ്യപാന ശീലങ്ങള്‍ ഒഴിവാക്കുക.

അണുബാധ ഒഴിവാക്കാന്‍ സിനിമാ തിയ്യറ്റര്‍ പോലുള്ള തിരക്ക് കൂടിയ സ്ഥലങ്ങള്‍ ഒഴിവാക്കുകയും, ഭക്ഷണത്തിനും മരുന്നിനും മുന്‍പ് കൈ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുകയും ചെയ്യുക. ശസ്ത്രക്രിയാനന്തരമുള്ള ആദ്യ മൂന്ന് മാസം മാസ്‌ക് ഉപയോഗിക്കുക.

Content Highlights: World Kidney Day 2021, How to do  kidney transplantation, Health, Kidney Transplant