കോഴിക്കോട്: ഹൃദയസംരക്ഷണത്തിനായി ഡിജിറ്റല്‍ ആരോഗ്യസംവിധാനങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തുകയെന്നതാണ് ഇക്കൊല്ലത്തെ ഹൃദയദിനത്തിന്റെ പ്രമേയം.

ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം, ശരീരഭാരം ഉള്‍പ്പെടെയുള്ളവയിലെ വ്യത്യാസം രോഗികള്‍ക്കോ സഹായികള്‍ക്കോ കണ്ടെത്താനും ഡോക്ടര്‍മാര്‍ക്ക് ഇതു തത്സമയം നിരീക്ഷിക്കാനും മരുന്ന് നിര്‍ദേശിക്കാനും കഴിയുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. പരിചരണം ഏറ്റവും ആവശ്യമായ രോഗികള്‍ക്കാകും ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ പ്രയോജനപ്പെടുക. ഒറ്റക്ലിക്കില്‍ രോഗികളുടെ ചികിത്സരേഖകളും ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളും ലഭിക്കുന്ന സംവിധാനം ആവശ്യമാണെന്ന് ഹൃദ്രോഗ വിദഗ്ധനായ ഡോ. ആശിഷ് കുമാര്‍ പറഞ്ഞു.

ഹൃദ്രോഗകാരണങ്ങള്‍

  • ശാരീരികാധ്വാനം കുറയുന്നത്
  • ലഘുപാനീയങ്ങള്‍, ഫാസ്റ്റ്ഫുഡ് എന്നിവയുടെ അമിത ഉപയോഗം
  • പുകവലി പ്രമേഹം
  • കൊളസ്ട്രോള്‍ 
  • രക്താതിസമ്മര്‍ദം

തുടര്‍വ്യായാമം പ്രധാനം

ഹൃദയാരോഗ്യത്തില്‍ വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സമൂഹത്തില്‍ വര്‍ധിച്ചിട്ടുണ്ട്. രാവിെലത്തെ മാത്രം വ്യായാമം മതിയെന്നുകരുതരുത്. ദിവസം മുഴുവന്‍ ചെറിയ രീതിയില്‍ ആയാസമുള്ള പ്രവൃത്തികള്‍ തുടരണം.

-ഡോ. ആശിഷ് കുമാര്‍, ഹൃദ്രോഗവിഭാഗം ചെയര്‍മാന്‍, മേയ്ത്ര ആശുപത്രി, കോഴിക്കോട്

മരണനിരക്ക് കൂടുന്നു

രാജ്യത്തെ ആകെ മരണങ്ങളുടെ 24.8 ശതമാനവും ഹൃദ്രോഗത്തെ തുടര്‍ന്ന്. 1990-ല്‍ ഇത് 11 ശതമാനം മാത്രം.

ഹൃദയം ലഭിക്കാനും കൊടുക്കാനും

മസ്തിഷ്‌കമരണത്തിനുശേഷം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് https://www.knos.org.in/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. അവയവം വേണ്ടവര്‍ ലൈസന്‍സുള്ള ആശുപത്രികള്‍വഴി രജിസ്റ്റര്‍ചെയ്യണം.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ് അവയവദാനം നടപ്പാക്കുന്നത്. മസ്തിഷ്‌കമരണം ഉറപ്പിച്ച രോഗിയുടെ ബന്ധുക്കള്‍ അവയവദാനത്തിനു തയ്യാറാണെങ്കില്‍ ആദ്യം ഡോക്ടറെ അറിയിക്കണം. രജിസ്റ്റര്‍ചെയ്ത രോഗികളില്‍നിന്ന് മുന്‍ഗണനാക്രമത്തിലാണ് സ്വീകര്‍ത്താവിനെ തിരഞ്ഞെടുക്കുക.

ഹൃദയമാറ്റ ശസ്ത്രക്രിയകള്‍ കുറയുന്നു

2013 മുതല്‍ 2021 വരെയുള്ള കാലത്ത് ആകെ 63 ഹൃദയ ശസ്ത്രക്രിയകളാണ് നടന്നത്. 
2013- 6 ശസ്ത്രക്രിയകള്‍
2014- 6
2015- 14
2016- 18
2017- 5
2018- 4
2019- 3
2020- 5
2021- 2

  • കേരളത്തില്‍ വ്യോമമാര്‍ഗം ഹൃദയമെത്തിച്ചത് 7തവണ
  • നിലവില്‍ ഹൃദയത്തിനായി കാത്തിരിക്കുന്നവര്‍ 50 പേര്‍

അവലംബം: https://www.knos.org.in/

തയ്യാറാക്കിയത്: വിഷ്ണു വിജയകുമാര്‍

Content Highlights: World Heart Day 2021, Maintaining Heart Health in the digital era, Health