കാസര്‍കോട്: ഹൃദയം മുറിയുന്ന വേദന കടന്ന് കുംബഡാജെയിലെ എം. ഉദൈഫ് സാധാരണ ജീവിതത്തിന്റെ ഹൃദയമിടിപ്പ് വീണ്ടും അറിഞ്ഞുതുടങ്ങുകയാണ്. ഗോള്‍പോസ്റ്റ് നെഞ്ചിലേക്ക് വീണുള്ള അപകടത്തില്‍ ഹൃദയത്തില്‍ മൂന്നുസെന്റിമീറ്ററോളം നീളത്തിലാണ് പോറലേറ്റത്. ഉടനെ മംഗളൂരുവിലെ ആസ്പത്രിയിലെത്തിക്കാനും ശസ്ത്രക്രിയ നടത്താനായതുമാണ് ഈ ഈ പതിന്നാലുകാരന്റെ വ്രണിതഹൃദയം വീണ്ടുമിടിച്ചുതുടങ്ങിയത്.

സെപ്റ്റംബര്‍ 21-നായിരുന്നു അപകടം. ഉദൈഫിന്റെ ക്ലബ്ബായ കാപിസ്‌കോസ കുംബഡാജെയുടെ സൗഹൃദമത്സരത്തിനായിരുന്നു കൂട്ടുകാര്‍ക്കൊപ്പം നെല്ലിക്കട്ടയിലെ ടര്‍ഫിലെത്തിയത്. കളി തുടങ്ങുന്നതിന് മുന്‍പ് ഉദൈഫ് ഗോള്‍പോസ്റ്റിന് അഭിമുഖമായി ബാറില്‍ പിടിച്ചുതൂങ്ങി വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നിലത്തുറപ്പിക്കാത്ത പോസ്റ്റ് മറിഞ്ഞ് ഉദൈഫിന്റെ നെഞ്ചിലേക്ക് വീഴുകയായിരുന്നു.

ടര്‍ഫ് മൈതാനത്ത് ഗോള്‍ പോസ്റ്റ് വീണുണ്ടായ അപകടത്തിന്റെ ദൃശ്യം (ഫയല്‍ച്ചിത്രം)
അപകടത്തിന്റെ ദൃശ്യം (ഫയല്‍ച്ചിത്രം)

പുറമേ കാണാന്‍ പരിക്കില്ലായിരുന്നെങ്കിലും ഉടനെ ചെങ്കള നാലംമൈലിലെ ആസ്പത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലുമെത്തിച്ചു.

ഹൃദയമിടിപ്പ് കൂടി, രക്തസമ്മര്‍ദം കുറഞ്ഞ് മസ്തിഷ്‌കത്തിലേക്ക് രക്തമെത്താത്ത അവസ്ഥയിലാണ് ഉദൈഫ് മംഗളൂരുവിലെ ആസ്പത്രിയിലെത്തുന്നത്. 'ആസ്പത്രിയില്‍ മറ്റൊരു രോഗിയുടെ ബൈപ്പാസ് ശസ്ത്രക്രിയയുടെ ഒരുക്കങ്ങള്‍ക്കിടെയാണ് ഉദൈഫിനെ എത്തിക്കുന്നത്. എല്ലാ സജ്ജീകരണങ്ങളും ഉണ്ടായതിനാല്‍ വേഗത്തില്‍ ശസ്ത്രക്രിയ നടത്താനായി'', ഉദൈഫിനെ ചികിത്സിച്ച ഡോ. എം.കെ. മൂസക്കുഞ്ഞി പറഞ്ഞു.

ഹൃദയത്തിന്റെ വലതുഭാഗത്ത് മൂന്നുസെന്റിമീറ്ററോളം മുറിവുണ്ടായിരുന്നു. ഹൃദയത്തിന് പുറത്ത് പെരിക്കാഡിയല്‍ കാവിറ്റി എന്ന ഭാഗം രക്തംനിറഞ്ഞ അവസ്ഥയിലായിരുന്നു. ഈ പ്രശ്‌നങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കി. കുട്ടിയെ വേഗത്തില്‍ ആസ്പത്രിയിലെത്തിക്കാനായതിനാല്‍ ഹൃദയസ്തംഭനം ഒഴിവാക്കാനായെന്നും ഡോ. എം.കെ. മൂസക്കുഞ്ഞി പറഞ്ഞു. ഇപ്പോള്‍ വീട്ടില്‍ കഴിയുന്ന ഉദൈഫിന് രണ്ടാഴ്ചത്തെ വിശ്രമത്തിനുശേഷം സാധാരണപോലെ കളിക്കാനിറങ്ങാം

Content Highlights: World Heart Day 2021, Kasarkode kumbadaje native Udaif heart injury news, Health, Heart Health