കോവിഡാനന്തര കാലത്തെ ഹൃദയ പരിചരണം സംബന്ധിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. കാരണം നേരത്തെ ഹൃദ്രോഗം ബാധിച്ചവര്‍ക്ക് കോവിഡ് രോഗം വന്നു മാറിയ ശേഷവും ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഈ ചര്‍ച്ചയ്ക്കു കാരണം. കോവിഡ് -19 രോഗം വന്നു ഭേദമായശേഷവും നെഞ്ചുവേദന, പെട്ടെന്നുള്ള കിതപ്പ്, ഹൃദയാഘാതം, ഹൃദയസ്തംഭനം, ഉയര്‍ന്ന വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ പ്രശ്നങ്ങള്‍ ആഗോള തലത്തില്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകളുള്ളത്.

കോവിഡ് വന്നു പോയവര്‍ക്ക് അവരുടെ ഹൃദയപേശികളില്‍ ക്ഷതം സംഭവിക്കുന്നതു മൂലമാണ് ഹൃദയസ്തംഭനത്തിലേക്കു വരെ എത്താവുന്ന അവസ്ഥകളുണ്ടാകുന്നത്. രോഗം വന്നു പോയി മാസങ്ങള്‍ കഴിഞ്ഞും ഈ ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ശരീരത്തില്‍ കടന്നു കൂടിയ വൈറസുമായി പ്രതിരോധ ശേഷി നടത്തിക്കൊണ്ടിരിക്കുന്ന യുദ്ധത്തിനിടെ ഹൃദയപേശികളിലും കോശങ്ങളിലുമുണ്ടാകുന്ന ക്ഷതങ്ങളാണ് ഇവിടെ വില്ലന്‍മാരാകുന്നത്. അതേസമയം ഹൃദയ സംബന്ധമായ രോഗങ്ങളൊന്നും ഇല്ലാതിരുന്ന നിരവധി പേര്‍ക്കും കോവിഡ് ബാധിച്ച ശേഷം ഹൃദയസംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. 
ശ്വാസതടസ്സം, നെഞ്ചുവേദന, കഠിനമായ കിതപ്പ് തുടങ്ങിയവയൊക്കെ ഹൃദയവുമായി ബന്ധപ്പെട്ടുള്ളതാണ്. എങ്കിലും രോഗം കൊണ്ട് തളര്‍ന്നു പോയവര്‍, ദീര്‍ഘകാലം കിടപ്പിലായവര്‍, പ്രവര്‍ത്തനങ്ങളൊന്നുമില്ലാതെ നിര്‍ജീവാവസ്ഥയില്‍ ആയിപ്പോയവര്‍ എന്നിവരിലും ഇതേ ലക്ഷണങ്ങളൊക്കെ കാണാം.

കോവിഡ് വന്നു പോയ ശേഷം ഹൃദ്രോഗം നേരത്തേതിനെക്കാള്‍ വഷളായവരും, പുതുതായി ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വന്നുതുടങ്ങിയവരും ഡോക്ടര്‍മാരെ കാണാനുള്ള തിരക്കിലാണിപ്പോള്‍.

ആറു മാസം കൂടുമ്പോഴെങ്കിലും ആവശ്യമായ പരിശോധനകള്‍ നടത്തണം. ഇ.സി.ജി., നെഞ്ചിന്റെ എക്സ്-റേ, എക്കോകാര്‍ഡിയോഗ്രാം തുടങ്ങിയവ പരിശോധിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ഏതെങ്കിലും വിധത്തിലുള്ള ക്ഷതമേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണ്.

എല്ലാ പോഷകങ്ങളും ലഭിക്കും വിധത്തില്‍ ഭക്ഷണ ക്രമീകരണം വരുത്തുക. പൊരിച്ചതും, എണ്ണ, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. രുചി തേടി കൃത്രിമഭക്ഷണങ്ങളുടെ പിന്നാലെ പായാതിരിക്കുക, രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും അപകടകരമാകാത്ത വിധത്തില്‍ കൈകാര്യം ചെയ്യുക, ദിനേന ആരോഗ്യം അനുവദിക്കും വിധത്തില്‍ വ്യായാമം ചെയ്യുക, മദ്യം, പുകവലി പൂര്‍ണ്ണമായി ഒഴിവാക്കുക. ശരീരത്തിന്റെ അസാധാരണമായ മാറ്റങ്ങള്‍ അവഗണിക്കാതിരിക്കുക, ആവശ്യമെങ്കില്‍ ഡോക്ടര്‍മാരുടെ സഹായം തേടുക. ശ്വാസതടസ്സം, തളര്‍ച്ച, കിടക്കുമ്പോള്‍ ശ്വാസം മുട്ട് അനുഭവപ്പെടുക, കണങ്കാലില്‍ മുഴയോ നീര്‍ക്കെട്ടോ വരിക, രാത്രി തുടര്‍ച്ചയായി മൂത്രമൊഴിക്കേണ്ടി വരിക തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ ഡോക്ടര്‍മാരുടെ അഭിപ്രായം തേടുക. 

ഹൃദ്രോഗികളല്ലാത്തവര്‍ കോവിഡിനു ശേഷം ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍ ആദ്യം കുടുംബ ഡോക്ടറെ കണ്ട് അവരുടെ നിര്‍ദേശപ്രകാരം ഹൃദ്രോഗ വിദഗ്ധനെ കണ്ടാലും മതിയാകും.

പ്രമേഹം ഇല്ലെങ്കില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഇതാണ് പ്രധാനം. സിലിനിയം, സിങ്ക്, സാച്വറേറ്റഡ് അല്ലാത്ത ഫാറ്റി ആസിഡ്സ് ഒക്കെ ലഭിക്കുന്ന അണ്ടിപ്പരിപ്പ്, ബദാം, പിസ്ത തുടങ്ങിയവ കഴിക്കാം. 

വ്യായാമവും മറ്റും ശരീരത്തിന്റെ ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് മാത്രം പുനരാരംഭിക്കുക. പതുക്കെപ്പതുക്കെ മാത്രം വ്യായാമസമയം വര്‍ധിപ്പിച്ചുകൊണ്ടു വരിക.

വളരെ പ്രതീക്ഷാ നിര്‍ഭരമായൊരു മനസ്സു കാത്തുസൂക്ഷിക്കുക എന്നൊരു ജോലി കൂടി രോഗികള്‍ക്കും അവരുടെ വീട്ടുകാര്‍ക്കുമുണ്ട്. ശരീരത്തില്‍ അകാരണമായ ഭയം വന്നു നിറയുന്നത് രക്തസമ്മര്‍ദ്ദം കൂട്ടുകയും അതു മൂലം ശരീരത്തിന്റെ സംതുലിതാവസ്ഥ നഷ്ടമാകുകയും രോഗത്തിന് അടിമപ്പെട്ടു പോകുകയും ചെയ്യുന്ന അവസ്ഥയും വ്യാപകമാണ്. രോഗമില്ലാത്തവര്‍ക്ക് രോഗം വരാനും ഉള്ളവര്‍ക്ക് മൂര്‍ച്ഛിക്കാനുമൊക്കെ ഇത്തരം മാനസികസമ്മര്‍ദ്ദങ്ങള്‍ക്കു പങ്കുണ്ട്.

കോവിഡിനു ശേഷം ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കുമ്പോള്‍ ഡോക്ടറെ കാണേണ്ടത് എപ്പോഴാണെന്നു നോക്കാം.  
ശ്വാസ തടസ്സമുള്ളവര്‍ക്ക് ഓക്സിജന്റെ അളവ് ഗണ്യമായി കുറയുകയും, ചുണ്ടോ മുഖമോ നീലനിറമായി മാറുകയോ ചെയ്യുമ്പോള്‍ അടിയന്തര വൈദ്യ സഹായം തേടാം. അതേസമയം കിടക്കുമ്പോള്‍ ശ്വാസം മുട്ട് കൂടുതലാകുക, അസാധാരണമായ തളര്‍ച്ച അനുഭവപ്പെടുക പോലുള്ള സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാരെ ബന്ധപ്പെടുക. കടുത്ത നെഞ്ചുവേദനയും അതോടൊപ്പം ശ്വാസം മുട്ട്, തല കറക്കം, തളര്‍ച്ച, വിയര്‍പ്പ്, അഞ്ചു മിനിട്ടിലേറെ നീണ്ടു നില്‍ക്കുന്ന ശ്വാസംമുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ അടിയന്തര സേവനം തേടാം. അതേസമയം, തുടര്‍ച്ചയായി നില്‍ക്കുന്ന കുറഞ്ഞ വേദന, 15 മിനിറ്റിനുള്ളില്‍ അവസാനിക്കുന്ന വിധത്തിലുള്ള നെഞ്ചുവേദന തുടങ്ങിയവയുള്ള സാഹചര്യങ്ങളില്‍ ഡോക്ടറുടെ ഉപദേശം തേടുകയുമാണ് വേണ്ടത്.

വീട്ടില്‍ വിശ്രമത്തിലിരിക്കുന്നവര്‍, അത് ഹൃദ്രോഗം വന്നവരും, വന്ന് ചികിത്സ തേടിയവരും, വരാതെ നോക്കാന്‍ ശ്രദ്ധിക്കുന്നവരുമെല്ലാം ഒരു പോലെ പാലിക്കേണ്ട ചില ജീവിത ശൈലി രീതികളുണ്ട്. ആവശ്യമായ പോഷകങ്ങള്‍ ലഭിക്കും വിധത്തിലുള്ള ആഹാരം കഴിക്കുക, കൃത്യമായ വ്യായാമ മുറകള്‍ ശീലിക്കുക, മനസ്സിനെ പോസിറ്റീവ് ആയി പ്രതീക്ഷാ നിര്‍ഭരമായി നിലനിര്‍ത്തുക. സാമൂഹ്യമായ അകലം പാലിക്കല്‍ മൂലവും ഒറ്റപ്പെടല്‍ മൂലവും ആളുകള്‍ മാനസികമായി ശക്തമായ സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യവുമുണ്ട്. സുഹൃത്തുക്കളോട് സംസാരിക്കുക, കുടുംബത്തോടൊപ്പം സന്തോഷമായിരിക്കാന്‍ ശ്രമിക്കുക. 
കോവിഡ് രോഗ ബാധയ്ക്കു ശേഷം കടുത്ത തോതിലുള്ള ഹൃദ്രോഗങ്ങള്‍ സംബന്ധിച്ച പഠനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുന്നതേയുള്ളൂ. കോവിഡിനു ശേഷം ഹൃദയസ്തംഭനവും അതു മൂലം മരണവും സംഭവിക്കുന്ന സാഹചര്യങ്ങള്‍ കുറവാണെങ്കിലും ഹൃദയപേശിക്കുണ്ടാകുന്ന ക്ഷതം പിന്നീട് ശക്തിപ്പെടുത്തിയെടുക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളിലാണ് രോഗിക്ക് ജീവന്‍ നഷ്ടപ്പെടുന്നത്.

(തലശ്ശേരി മിഷന്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ആണ് ലേഖകന്‍)

Content Highlights: World Heart Day 2021, Will there be a heart attack heart failure after Covid19 infection, Health