നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം. എന്നാല്‍ നെഞ്ചുവേദനയുള്ള എല്ലാവര്‍ക്കും ഹൃദയാഘാതം ഉണ്ടാകണമെന്നില്ല. നെഞ്ചുവേദന ഉണ്ടാകാന്‍ പല കാരണങ്ങളുണ്ട്. ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും നീര്‍ക്കെട്ട്, അന്നനാളത്തിലെയൊ ആമാശയത്തിലെയൊ രോഗങ്ങള്‍, അമിതമായ ഉത്കണ്ഠ, നെഞ്ചിലെ മാംസപേശികളുടെയും സന്ധികളുടെയും നീര്‍ക്കെട്ട് എന്നിവ കൊണ്ട് നെഞ്ചുവേദന ഉണ്ടാകാം. നെഞ്ചുവേദനയുടെ സ്വഭാവം, വേദനയുണ്ടായ സാഹചര്യങ്ങള്‍, വേദനയുമായി അനുബന്ധപ്പെട്ട മറ്റു പ്രശ്‌നങ്ങള്‍, എന്നിവയെല്ലാം ഓരോ രോഗികളിലും വ്യത്യസ്തമായിരിക്കും. ഹൃദ്രോഗവുമായി ബന്ധപ്പെട്ട നെഞ്ചുവേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗത്തു നിന്നും തുടങ്ങി ഇരുവശങ്ങളിലേക്കും പ്രത്യേകിച്ച് ഇടതുഭാഗത്തേക്ക് വ്യാപിക്കുന്നതായാണ് അനുഭവപ്പെടുന്നത്. നെഞ്ചില്‍ കത്തികൊണ്ട് കുത്തുന്ന പോലെയുള്ള വേദനയും കടച്ചിലും, എരിച്ചിലും, നെഞ്ചിനുള്ളില്‍ ഭാരം കയറ്റിവെച്ച പോലെയുള്ളപ്രതീതി, നെഞ്ച് വലിഞ്ഞു മുറുകുന്ന വേദന, ഈ വേദന താടി അല്ലെങ്കില്‍ തൊണ്ട, മേല്‍വയര്‍, ചുമല്‍, കൈകള്‍, പ്രത്യേകിച്ചും ഇടംകൈ മുതലായ ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നതും ഹൃദയാഘാതത്തിന്റെ വ്യക്തമായ ലക്ഷണങ്ങളാണ്. 

സാധാരണയായി ഹൃദയാഘാതവേദന അരമണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കാം. ഹൃദ്രോഗികളില്‍ 50 ശതമാനം പേരിലും നെഞ്ചുവേദനയോടൊപ്പം ഓക്കാനം, ചര്‍ദ്ദി, നെഞ്ചിടിപ്പ്, വയറിളക്കം ശാസംമുട്ടല്‍, തളര്‍ച്ച, തലകറക്കം എന്നിവയും കാണാറുണ്ട്. വേദന അനുഭവപ്പെട്ടാല്‍ ആദ്യം വിശ്രമിക്കുക. അതിനു ശേഷം ഉടന്‍ തന്നെ ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാം. നെഞ്ചുവേദന ഇല്ലാതെയും ഹാര്‍ട്ടറ്റാക്ക് ഉണ്ടാക്കാം. ഇതിനെയാണ് ആണ് നിശബ്ദ ഹൃദയാഘാതം അഥവ സൈലന്റ് അറ്റാക്ക് ഏന്നു പറയുന്നത്. ഹൃദയത്തിന്റെ ഉപരിതലത്തിലുള്ള നാഡിപടലം തലച്ചോറിലേക്ക് നടത്തുന്ന സംവേദനങ്ങളാലാണ് നെഞ്ചുവേദന അറിയുന്നത്. പ്രമേഹരോഗികളില്‍ ഓട്ടോണോമിക് ന്യൂറോപ്പതി കാരണം ഈ സംവേദനക്ഷമത കുറവായിരിക്കും. അപൂര്‍വമായി അമിതരക്തസമ്മര്‍ദം ഉള്ളവരിലും, പ്രായം കൂടിയവരിലും നെഞ്ചുവേദന ഉണ്ടായി എന്നു വരില്ല. നെഞ്ചുവേദനയുടെ ക്ലാസിക്കല്‍ ലക്ഷണങ്ങള്‍ ഇല്ലാത്തതുമൂലം പ്രമേഹരോഗികള്‍ക്ക് വേണ്ട സമയത്ത് വൈദ്യസഹായം ലഭിക്കണം എന്നില്ല. ആയതിനാല്‍ അവരുടെ ഹൃദയപേശികളുടെ നാശം ഗുരുതരമായി തീര്‍ന്ന്, ഹൃദയത്തിന്റെ പമ്പിങ്ങ് കപ്പാസിറ്റി കുറഞ്ഞ് അവസാനഷട്ടത്തിലാണ് അവര്‍ അറിയുന്നത്.

എന്തൊക്കെയാണ് അവഗണിക്കപ്പെടുന്ന ഹൃദയാഘാത ലക്ഷണങ്ങള്‍?

യഥാര്‍ഥത്തില്‍ കഠിനമായ നെഞ്ചുവേദനയോ താളം തെറ്റിയുള്ള ഹൃദയമിടിപ്പ് പോലെ അസഹനീയമായ ലക്ഷണങ്ങളോ അനുഭവിച്ചു തുടങ്ങുമ്പോള്‍ മാത്രമാണ് നമ്മള്‍ ഹൃദയാഘാതസാധ്യത കണക്കിലെടുത്ത് വൈദ്യസഹായം തേടുന്നത്. യഥാര്‍ഥത്തില്‍ ഹൃദയാഘാതം സംഭവിക്കുന്നതിന് മാസങ്ങള്‍ക്കു മുമ്പുതന്നെ ശരീരം കുറ്റമറ്റ മുന്നറിയിപ്പ് നല്‍കാറുണ്ടെന്ന് ഹൃദ്രോഗ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നമ്മള്‍ അവ ശ്രദ്ധിക്കാറില്ല എന്നു മാത്രം.

അകാരണമായ ക്ഷീണവും ശരീരവേദനയും

ഭക്ഷണത്തിനുശേഷമോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് ശേഷമോ ഒക്കെ പലപ്പോഴും തോന്നുന്ന തളര്‍ച്ചയെ ഒരിക്കലും അവഗണിക്കരുത്. ഹൃദയത്തിന്റെ രക്തചംക്രമണ വ്യവസ്ഥയില്‍ തടസ്സങ്ങള്‍ നേരിടുകയും അവ ശരീരത്തിന്റെ രക്തചംക്രമണ സംവിധാനത്തെ ബാധിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ശരീരത്തില്‍ വലതുഭാഗത്തു വേദന, നെഞ്ചിന്റെ അടിഭാഗത്തും വയറിന്റെ തൊട്ടു മുകളിലുമായി അസ്വസ്ഥത തോന്നുന്നത് നമുക്ക് പൂര്‍ണമായും ഹൃദയാഘാതവുമായി ബന്ധപ്പെട്ട വേദന അല്ല എന്നു പറയുവാന്‍ സാധിക്കില്ല.പലപ്പോഴും വയറുവേദന എന്നും, അസിഡിറ്റി എന്നും, ഗ്യാസിന്റെ ബുദ്ധിമുട്ടാണെന്നും പറഞ്ഞ് നാം തള്ളിക്കളയുന്ന നിസ്സാരമായ ലക്ഷണങ്ങള്‍ ഹൃദയാഘാതത്തിലേക്കുള്ള ആദ്യ ചുവടുവെപ്പായേക്കാം എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ താടിയെല്ലുകള്‍, കഴുത്ത് എന്നീ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന വേദന, കടച്ചില്‍, മരവിപ്പ് എന്നിവ ഗാരരവമായിത്തന്നെ കണക്കിലെടുക്കണം. നേരിയ സമ്മര്‍ദ്ദത്തിനു വഴങ്ങുമ്പോള്‍ പോലും താടിയെല്ലുകളില്‍ തോന്നിയേക്കാവുന്ന വേദന ഹൃദയാഘാതത്തിന്റെ അവഗണിക്കപ്പെടുന്ന ഒരു ലക്ഷണമാണ്. കൂടാതെ, നടക്കുന്നതിനിടയിലും ശാരീരികമായ മറ്റ് അധ്വാനങ്ങള്‍ക്കിടയിലും കാഴ്ച മങ്ങുന്നതോ ബോധം പോകുന്നതോ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാകാം. 

കൂര്‍ക്കംവലിയും ഉറക്കതടസ്സവും

നിദ്രാഭംഗവും കൂര്‍ക്കംവലിയും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ ആണെന്നാണ് അറ്റ്‌ലാന്റിക് സര്‍വകലാശാല അധികൃതരുടെ വെളിപ്പെടുത്തല്‍. ഉറക്കത്തിനിടയില്‍ താളംതെറ്റിയ ശ്വസന ക്രമം, ഹൃദയാഘാതം എന്നിവ സംഭവിക്കുന്നു. അതിനു മുമ്പ് ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഹൃദ്രോഗ പരിശോധന ചെയ്യുന്നതാണ് നല്ലത്.
തലവേദനയും തലകറക്കവും ചിലപ്പോള്‍ നേരിയ തലവേദന പോലും ഹൃദ്രോഗ ലക്ഷണമാകാം. ഒരു മാസത്തില്‍ ഒന്നിലേറെ തവണ തലവേദന സംബന്ധമായ കാഴ്ചത്തകരാറുകള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുക. അതുപോലെ അകാരണവും പൊടുന്നനെയുള്ളതുമായ തലചുറ്റല്‍, കണ്ണില്‍ ഇരുട്ട് കയറിയത് പോലെയുള്ള തോന്നല്‍ എന്നിവ ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ആയേക്കാം. അപൂര്‍വമെങ്കിലും മസ്തിഷ്‌കത്തിലെ കരോട്ടിഡ് രക്തധമനികളിലെ ക്രമക്കേടുകള്‍ ഹൃദയാഘാതത്തിന്റെ പ്രഥമ സൂചനയായി മാറാനുള്ള സാധ്യത കുറവല്ല.

കൈകാലുകളുടെ ചലനക്ഷമത നഷ്ടപ്പെടല്‍

കൈകാലുകളുടെ ബലം നഷ്ടപ്പടുകയും അവയെ നിയന്ത്രിക്കാനാകാതെ വരികയും ചെയ്യുന്നത് ഹൃദയാഘാതത്തിന്റെ വളരെ വിചിത്രമായ ലക്ഷണമാണ്. പ്രത്യേകിച്ചും, കാലുകളിലെ ബലക്ഷയം കണ്ടാല്‍ വിദഗ്ധ പരിശോധന അത്യാവശ്യമാണ്. ഹൃദയാഘാതം സംഭവിക്കുമ്പോള്‍ ഹൃദയത്തിന്റെ ഒരു വലിയ ഭാഗം പേശികള്‍ അനക്കം കുറയുകയും തന്മൂലം ഹൃദയത്തിന്റെ പ്രധാന അറയായ ലെഫ്റ്റ് വെന്‍ട്രിക്കിളില്‍ രക്തത്തിന്റെ ചലനം മന്ദീഭവിക്കുകയും ആയതിനാല്‍ രക്തം ഈ ഹൃദയ അറയില്‍ കട്ട പിടിക്കുകയും ചെയ്യുന്നു. ഇത്തരം രക്തക്കട്ടകള്‍ മഹാധമനി വഴി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് തെറിച്ചു പോയേക്കാം. എംബോളെസേഷന്‍ എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഇവ മസ്തിഷ്‌കത്തിലെ പ്രധാന രക്തക്കുഴലുകളില്‍ എത്തി മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുമ്പോള്‍ മസ്തിഷ്‌കാഘാതം സംഭവിക്കും. മേജര്‍ ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുമ്പോള്‍ പക്ഷാഘാതം സംഭവിക്കാനുള്ള കാരണം ഇതാണ്. വളരെ ദുര്‍ലഭം സാഹചര്യങ്ങളില്‍ ഹൃദയാഘാതം ഇത്തരത്തില്‍ പക്ഷാഘാതത്തിന്റെ രൂപത്തില്‍ അനുഭവപ്പെട്ടേക്കാം. 

ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുന്നത് എങ്ങനെ?

ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളായ നെഞ്ചുവേദന, ശ്വാസംമുട്ട്, ഹൃദയമിടിപ്പിലെ വ്യതിയാനങ്ങള്‍ എന്നിവ എല്ലായ്‌പ്പോഴും രോഗിക്ക് ഉണ്ടായിരിക്കണം എന്നില്ല. മറ്റ് ഏന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ നെഞ്ചരിച്ചില്‍ അല്ലെങ്കില്‍ നെഞ്ചിലെ നീര്‍ക്കെട്ട് സംബന്ധമായ പ്രശ്‌നങ്ങളാണെന്ന് കരുതി അവഗണിക്കുകയും ചെയ്‌തേക്കാം. തിരിച്ചറിയപ്പെടാതെ പോകുന്ന ഇത്തരത്തിലുള്ള ഹൃദയാഘാതങ്ങള്‍ രണ്ടു തരത്തിലുണ്ട്. ഒന്ന്, പൂര്‍ണ്ണമായും ലക്ഷണങ്ങളൊന്നും പ്രകടമാകാത്ത നിശബ്ദ ഹൃദയാഘാതം അഥവാ സൈലന്റ് അറ്റാക്ക്. നെഞ്ചുവേദനയോ മറ്റു ലക്ഷണങ്ങളോ ഒന്നും ഇവയില്‍ അനുഭവപ്പെടില്ല. രണ്ടാമത്തേത്, വേദന ഉണ്ടാക്കാത്ത ഹൃദയാഘാതം. ഇവയില്‍ നെഞ്ചുവേദന ഉണ്ടായില്ലെങ്കിലും അത്ര സാധാരണമല്ലാത്ത ഹൃദയാഘാത ലക്ഷണങ്ങളായി പലപ്പോഴും കാണപ്പെടാത്ത മറ്റു ലക്ഷണങ്ങള്‍ ആയിരിക്കും അനുഭവപ്പെടുക. ഇവയെ അട്ടിപ്പിക്കല്‍ സിംറ്റംസ് (Atypical Symptoms) എന്നു പറയും. ദഹനപ്രശ്‌നങ്ങള്‍, അമിതമായ വിയര്‍ക്കല്‍ എന്നിവ ഇതിനു ഉദാഹരണങ്ങളാണ്. അതുകൊണ്ടുതന്നെ പലപ്പോഴും അവ ഹൃദയാഘാതമായി തിരിച്ചറിയപ്പെടുന്നില്ല. കണ്ടെത്തുന്നത് പലപ്പോഴും പിന്നീട് നടത്തുന്ന പരിശോധനയില്‍ ആയിരിക്കും. ഉദാഹരണത്തിന് മറ്റെന്തെങ്കിലും അസുഖങ്ങളുമായി ബന്ധപ്പെട്ട് പരിശോധന നടത്തുമ്പോഴൊ, സ്വയം സന്നദ്ധരായി നടത്തുന്ന വാര്‍ഷിക വൈദ്യപരിശോധനയിലൊ ആണ് പലപ്പോഴും ഇത്തരത്തിലുള്ള നിശബ്ദ ഹൃദയാഘാതങ്ങള്‍ കണ്ടെത്തുന്നത്.

അറ്റാക്കിനെ തുടര്‍ന്ന് ഹൃദയത്തിന്റെ പമ്പിങ് ശേഷി കുറഞ്ഞ് കിതപ്പും മറ്റു പ്രശ്‌നങ്ങളുമായി പരിശോധനയ്ക്ക് എത്തുമ്പോള്‍ തിരിച്ചറിയപ്പെടുന്ന കേസുകളും ധാരാളമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍, മുമ്പ് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടല്ലോ എന്ന് ഡോക്ടര്‍ പറയുമ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാന്‍ പോലും പ്രയാസമായിരിക്കും.'ഇതുവരെ നെഞ്ചുവേദന ഉണ്ടായിട്ടില്ലല്ലോ, എനിക്ക് ഒരു കുഴപ്പവുമില്ല ഡോക്ടര്‍, ഞാന്‍ എല്ലാ ജോലിയും ചെയ്യാറുണ്ടല്ലോ'' എന്ന മട്ടിലായിരിക്കും പലരുടെയും പ്രതികരണം. തിരിച്ചറിയപ്പെടുന്ന ഹൃദയാഘാതങ്ങളുടെ അത്ര തന്നെ അപകടസാധ്യതയും ഹൃദയ പരാജയം, സ്‌ട്രോക്ക് തുടങ്ങിയപോലുള്ള സങ്കിര്‍ണതകള്‍ക്കുള്ള സാധ്യതയും തിരിച്ചറിയപ്പെടാത്ത ഇത്തരം ഹൃദയാഘാതങ്ങള്‍ക്കും ഉണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ട ഗുരുതരമായ വസ്തുത. തിരിച്ചറിയപ്പെടുന്ന ഹൃദയാഘാതങ്ങള്‍ സംഭവിക്കുന്ന സമയത്ത് തന്നെ പരിശോധനകളും ചികിത്സകളും തുടര്‍ന്ന് വിശ്രമവും ലഭിക്കുന്നു എന്ന ഗുണം ഉണ്ട്. എന്നാല്‍ തിരിച്ചറിയപ്പെടാത്ത ഹൃദയാഘാതങ്ങള്‍ രോഗി അറിയുകയോ രോഗം കണ്ടു പിടിക്കുകയോ ചെയ്യാത്തതിനാല്‍ യഥാസമയം ചികിത്സ ലഭിക്കുകയില്ല. മറ്റേതോരു അസുഖത്തെയും അപേക്ഷിച്ച് ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ എത്രയും പെട്ടെന്ന് ചികിത്സ ലഭിക്കേണ്ടതാണ്. എന്തെന്നാല്‍ ഹൃദയാഘാതത്തിന് ഇടയാക്കിയ തടസ്സം എത്രയും പെട്ടെന്ന് നീക്കി രക്തപ്രവാഹം പൂര്‍വ്വസ്ഥിതിയില്‍ എത്തിച്ചാലേ ഹൃദയപേശികളുടെ നാശം പരമാവധി കുറയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുമ്പോള്‍ ചികിത്സയും തുടര്‍ന്നുള്ള വിശ്രമവുമൊക്കെ രോഗിക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു. ഇത് ഹൃദയപ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാകാനും തീവ്രമായ ഹൃദയാഘാതമോ ഹൃദയസ്തംഭനമോ പിന്നീട് സംഭവിക്കാനും കാരണമാകും.

ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?

ലോകത്താകെ നടക്കുന്ന ഹൃദയാഘാതങ്ങളില്‍ 20 മുതല്‍ 30 ശതമാനവും പ്രകടമാകാത്ത ലക്ഷണങ്ങള്‍ കാരണം തിരിച്ചറിയപ്പെടാതെ പോകുന്നു. പ്രഖ്യാതമായ ഫ്രാമിംഗ്ഹാം സ്റ്റഡി 5127 വ്യക്തികളെ 30 വര്‍ഷം നിരീക്ഷിച്ച് വെച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്, ആകെ സംഭവിച്ച 708 ഹൃദയാഘാതങ്ങളില്‍ 25 ശതമാനം തിരിച്ചറിയപ്പെടാത്തതായിരുന്നു എന്നാണ്. തിരിച്ചറിയപ്പെടാത്ത ഹൃദയാഘാതം വന്നവരില്‍ 45 ശതമാനവും പത്തുവര്‍ഷത്തിനുള്ളില്‍ മരണപ്പെട്ടപ്പോള്‍ തിരിച്ചറിയപ്പെടുകയും ചികിത്സ എടുക്കുകയും ചെയ്തവരില്‍ ഇത് 39 ശതമാനമായിരുന്നു. തിരിച്ചറിയപ്പെടാതെയിരുന്ന ഈ ഹൃദയാഘാതങ്ങളില്‍ പകുതി എണ്ണത്തിലും യാതൊരുവിധ ലക്ഷണങ്ങളും അനുഭവപ്പെട്ടിരുന്നില്ല. ബാക്കിയുള്ളവയില്‍ നെഞ്ചുവേദന പോലുള്ള ക്ലാസിക് ലക്ഷണങ്ങള്‍ അല്ലാത്ത മറ്റു ലക്ഷണങ്ങളാണ് അനുഭവപ്പെട്ടിരുന്നത്. ലോകത്താകെ സംഭവിക്കുന്ന ഹൃദയാഘാതങ്ങളില്‍ നാലിലൊന്ന് ഇത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്നതാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. 

ആര്‍ക്കൊക്കെയാണ് സൈലന്റ് അറ്റാക്കിന് സാധ്യത കൂടുതലുള്ളത്?

സ്ത്രീകള്‍, പ്രായം കൂടിയവര്‍, നേരത്തെതന്നെ ഹൃദയ പ്രശ്‌നമുള്ളവര്‍, പ്രമേഹരോഗികള്‍, അമിത രക്തസമ്മര്‍ദമുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് വേദനരഹിത നിശബ്ദമായ ഹൃദയാഘാതസാധ്യത കൂടുതല്‍ ഉള്ളത്. പ്രായമേറിയവരില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ് നിശബ്ദ ഹൃദയാഘാതസാധ്യത കൂടുതല്‍.

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പൊതുവെ ഹൃദ്രോഗ സാധ്യത കുറവായതിനാല്‍ സ്ത്രീകളും അവരെ പരിശോധിക്കുന്ന ഡോക്ടര്‍മാരും അട്ടിപ്പിക്കല്‍ സിംറ്റംസ് (Atypical Symptoms) അവഗണിക്കുന്നത് ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുന്നതിന് ഇടയാക്കാറുണ്ട്. പ്രമേഹരോഗികളില്‍ പ്രമേഹംമൂലം ഹൃദയത്തിന്റെ നാഡീവ്യൂഹത്തിന് സംഭവിക്കുന്ന തകരാറ് അഥവാ ഡയബറ്റിക് ഓട്ടോണൊമിക് ന്യൂറോപ്പതി ഹൃദയാഘാതം തിരിച്ചറിയപ്പെടാതെ പോകുവാന്‍ കാരണമാകുന്നുണ്ട്. നാഡികളുടെ പ്രവര്‍ത്തനമാന്ദ്യം മൂലം ഹൃദയാഘാതം മൂലമുള്ള നെഞ്ചുവേദന ഇവര്‍ക്ക് അനുഭവപ്പെട്ടു എന്നുവരില്ല. പ്രമേഹരോഗികളുടെ ആധിക്യം കൊണ്ട് പ്രമേഹ തലസ്ഥാനം തന്നെയായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ അതുകൊണ്ട് തന്നെ തിരിച്ചറിയപ്പെടാത്ത ഹൃദയാഘാതത്തെക്കുറിച്ച് കൂടുതല്‍ ജാഗരൂകരാവേണ്ടതുണ്ട്. വേദനയില്ലാത്ത ഹൃദ്രോഗ ലക്ഷണങ്ങളെക്കുറിച്ചും ഹൃദ്രോഗ സാധ്യതയെകുറിച്ചും പ്രമേഹരോഗികളും അവരുടെ ബന്ധുക്കളും കരുതലോടെ ഇരിക്കണം.

എത്രയും പെട്ടെന്ന് ചികിത്സ തേടുക പ്രധാനം 

ആദ്യം തന്നെ ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ ആദ്യ മണിക്കൂറുകള്‍ നിര്‍ണായകമാണെന്ന് മനസ്സിലാക്കണം. ഹൃദയാഘാതം മരണങ്ങളില്‍ ഒട്ടുമിക്കതും സംഭവിക്കുന്നത് ആദ്യമണിക്കൂറുകളിലാണ്. അതിനാല്‍ ഹൃദയാഘാതം സംഭവിച്ചാല്‍ ഒരു നിമിഷം പോലും പാഴാക്കാതെ വിദഗ്ധ ചികിത്സ തേടണം. രാത്രിയോ അസമയത്തോ ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍, പിന്നീട് ഡോക്ടറെ കാണാമെന്ന് വിചാരിച്ചു മാറ്റിവയ്ക്കുന്നവരുണ്ട്. ഹൃദയാഘാത ലക്ഷണം ആണെന്ന് മനസ്സിലായിട്ടും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് വിചാരിച്ച് അവഗണിക്കുന്ന സ്ത്രീകളും പ്രായമായവരും ഉണ്ട്. ഇത് ഹൃദയപേശികള്‍ക്ക് കൂടുതല്‍ നാശം ഉണ്ടാകാനും മരണം പോലും സംഭവിക്കാനും ഇടയാക്കും. ഹൃദയധമനികളിലെ രക്തക്കട്ട അലിയിക്കുന്ന ഓഷധങ്ങള്‍, തടസ്സം നീക്കുന്ന ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി തുടങ്ങിയ ജീവന്‍രക്ഷാ ചികിത്സകളൊക്കെ ഏറ്റവും ഫലപ്രദമാവുക ആദ്യമണിക്കൂറുകളിലാണ്. ഇത് ഹൃദയാഘാതത്തില്‍ സുവര്‍ണ്ണ മണിക്കൂറുകള്‍ എന്നാണ് വൈദ്യശാസ്ത്രത്തില്‍ അറിയപ്പെടുന്നത്. ഹൃദയാഘാതം സംഭവിച്ചശേഷം അടിയന്തിര ചികിത്സ ലഭിക്കാതിരുന്നാല്‍ അത് ഭാവിയില്‍ പല സങ്കിര്‍ണതകള്‍ക്കും ഗുരുതരമായ ഹൃദയതകരാറുകള്‍ക്കും ഇടയാക്കും. ഇത്തരക്കാരില്‍ രണ്ടാമതൊരു ഹൃദയാഘാതം ഉണ്ടായാല്‍ അത് ഹൃദയത്തിന് കൂടുതല്‍ തകരാറുകള്‍ ഉണ്ടാക്കുകയും പ്രകടമായ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയും ചെയ്യും. ഹൃദയാഘാതം മൂലമുള്ള മരണസാധ്യതയും കൂടുതലായിരിക്കും.

(കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: World Heart Day 2021, What is the symptoms of Heart Attack, Heart Health, Health