ഹൃദ്രോഗങ്ങള്‍ പ്രധാനമായും രണ്ടു തരത്തിലാണ് ഉള്ളത്. ജന്മനായുള്ള ഹൃദ്രോഗങ്ങളും ആര്‍ജ്ജിത ഹൃദ്രോഗങ്ങളും. ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ക്ക് ഉദാഹരണമാണ് ഹൃദയ വാള്‍വുകള്‍ക്കോ മഹാധമനിക്കോ ഉണ്ടാകുന്ന തകരാറുകള്‍. ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ പ്രധാനമായും ശിശുക്കളില്‍ ആണ് കാണുന്നത്. 

ആര്‍ജ്ജിത ഹൃദ്രോഗങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ രക്തധമനികളില്‍ ഉണ്ടാകുന്ന അസുഖങ്ങളാണ്. ഹൃദയത്തിന്റെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ് ആണ് ഏറ്റവും പ്രധാനപ്പെട്ടതും അപകടകരമായതുമായ ഹൃദ്രോഗം. ആര്‍ജ്ജിത ഹൃദ്രോഗങ്ങള്‍ പ്രധാനമായും മധ്യവയസ്‌കരെയാണ് ബാധിക്കുന്നത്. ഇതില്‍ 75 മുതല്‍ മുതല്‍ 80 ശതമാനം വരെ ഹൃദയധമനികളില്‍ ബാധിക്കുന്ന കൊറോണറി ആര്‍ട്ടറി ഡിസീസ് ആണ്.

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന, മാംസപേശികളാല്‍ പ്രവര്‍ത്തിക്കുന്ന ഒരു അവയവം ആണ് ഹൃദയം. ശരീരകോശങ്ങളുടെ നിലനില്‍പ്പിനും പ്രവര്‍ത്തനത്തിനും ആവശ്യമായ ഓക്‌സിജന്‍, ജലം, പോഷകാംശങ്ങള്‍ എന്നിവ എത്തിക്കുകയാണ് രക്തത്തിന്റെ കടമ. ഈ പ്രവര്‍ത്തനം പൂര്‍ണമായും നടക്കുന്നത് രക്തക്കുഴലുകള്‍ വഴിയാണ്. അശുദ്ധ രക്തത്തെ ശുദ്ധീകരിക്കുന്നതിനായി ഹൃദയത്തില്‍ അശുദ്ധ രക്തം എത്തിക്കുന്ന രക്തക്കുഴലുകളെ സിരകള്‍ എന്നും ശുദ്ധ രക്തത്തെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളെ ധമനികള്‍ എന്നും പറയുന്നു. ഹൃദയധമനികളില്‍ ചിലയിടങ്ങളില്‍ രക്തം കട്ട പിടിച്ച് രക്തപ്രവാഹം തടസപ്പെടുകയും തന്മൂലം ഹൃദയപേശികള്‍ നശിക്കാന്‍ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് സാധാരണ ഹൃദ്രോഗം അഥവ കൊറോണറി ആര്‍ട്ടറി ഡിസീസ്. ഹൃദയപേശികള്‍ നശിക്കുന്നത് ഹൃദയത്തിന്റെ സ്വാഭാവികമായ പമ്പിങ്ങ് കഴിവിനെയാണ് ബാധിക്കുക. ഇത് ശരീരത്തിലെ മൊത്തം അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുകയും ക്രമേണ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുവാന്‍ ഹൃദയത്തിന് കഴിയാതെ വരികയും ചെയ്യുന്നു.

ഇതിന്റെ ഫലമായി ശ്വാസകോശം, കരള്‍, മസ്തിഷ്‌കം, വൃക്കകള്‍ തുടങ്ങിയ പ്രധാനപ്പെട്ട അവയവങ്ങളിലേക്ക് രക്തം എത്തിക്കുവാനുള്ള ഹൃദയത്തിന്റെ പമ്പിംഗ് ശേഷി ഘട്ടം ഘട്ടമായി കുറഞ്ഞുവരികയും ഒടുവില്‍ ഹൃദയത്തിന്റെ തന്നെ പ്രവര്‍ത്തനംപൂര്‍ണമായും നിലയ്ക്കുകയും ചെയ്തു രോഗി മരണപ്പെടുന്നു. ഹൃദയധമനികളിലെ തടസ്സം ഉണ്ടാകുമ്പോള്‍ ഹൃദയത്തിന്റെ മാംസപേശികളില്‍ ലഭിക്കുന്ന രക്തത്തിന്റെ അളവ് കുറഞ്ഞു വരുന്നു. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കുകയും രക്തം ലഭിക്കാതെ ഹൃദയപേശികള്‍ ക്രമേണെ നിര്‍ജീവം ആകുകയും ചെയ്യുന്നു. ഹൃദയത്തിലെ ധമനികളുടെ വ്യാസം ക്രമേണ കുറഞ്ഞ് ഭാഗികമായി രക്തപ്രവാഹത്തിനു തടസ്സം ഉണ്ടാകുന്നതിന് കാരണം രക്തക്കുഴലിന്റെ ഉള്‍വശത്ത് കൊളസ്ട്രോള്‍ പോലുള്ള കൊഴുപ്പ് പദാര്‍ത്ഥങ്ങളും മൃതകോശങ്ങളും അടിഞ്ഞു ചേരുന്നതാണ്. തടസ്സം കാരണം ആവശ്യത്തിന് രക്തം ഹൃദയപേശികള്‍ക്ക് ലഭിക്കാതെ വരികയും ഹൃദയം വല്ലാതെ ആയാസപ്പെടുകയും ചെയ്യുന്നു. ഇത് നെഞ്ചുവേദനയായോ, അമിതമായ കിതപ്പ് ആയൊ ശ്വാസം കിട്ടാത്ത സ്ഥിതി പോലെയൊ അനുഭവപ്പെടാം. ഇത്തരത്തിലുള്ള വേദന കുറച്ച് വിശ്രമം കൊണ്ടോ, പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന സോര്‍ബിട്രേറ്റ് ഗുളികകള്‍ കൊണ്ടൊ കുറയുകയും ചെയ്യും. ഈ അവസ്ഥയെയാണ് ആഞ്ചൈന എന്ന് പറയുന്നത്. ഇത് ഒരു തരത്തിലുള്ള മുന്നറിയിപ്പാണ് തരുന്നത്. ഇത്തരത്തിലുള്ള മുന്നറിയിപ്പ് വേണ്ടപോലെ പരിശോധിച്ച് ധമനികളിലെ തടസ്സങ്ങള്‍ നീക്കിയില്ലെങ്കില്‍, ഇത്തരം ഭാഗത്ത് രക്തം കട്ടപിടിച്ച് ധമനി പൂര്‍ണ്ണമായും അടയുകയും രക്തപ്രവാഹം നിലക്കുകയും ചെയ്യും. അപ്പോഴാണ് ഹൃദയാഘാതം അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകള്‍ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങള്‍ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തില്‍ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളില്‍ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാന്‍ പത്തോ ഇരുപതോ ചിലപ്പോള്‍ അതിലധികമോ വര്‍ഷങ്ങള്‍ തന്നെ എടുത്തേക്കാം. ചിലപ്പോള്‍ 20 അല്ലെങ്കില്‍ 25 വയസ്സില്‍ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികള്‍ ശരീരത്തില്‍ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. പ്രാഥമിക പരിശോധനയില്‍ നിന്ന് ഹൃദ്രോഗ സാധ്യതകള്‍ തിരിച്ചറിയാന്‍ പോലും യഥാര്‍ത്ഥത്തില്‍ കഴിയുകയില്ല. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോള്‍ നമുക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കല്‍ ആയ ഹൃദ്രോഗ ലക്ഷണങ്ങള്‍ (Typical Symptoms) ആരംഭിക്കുമ്പോള്‍ മാത്രമാണ് അതൊരു ഹൃദ്രോഗ 
സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോള്‍ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴൊ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു. 

എന്നാല്‍ ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകള്‍ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴൊ ഇടതുകൈയില്‍ ഉണ്ടാകുന്ന കടച്ചില്‍, അമിതമായ വിയര്‍പ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കണ്ണില്‍ ഇരുട്ട് അടയ്ക്കല്‍ അല്ലെങ്കില്‍ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികള്‍ ചെയ്യുമ്പോള്‍ നെഞ്ചില്‍ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോള്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചില്‍ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്

ഹൃദയാഘാതം അറിയപ്പെടാതെ പോകുന്നതു മൂലമുള്ള അപകടം ഒഴിവാക്കുവാന്‍ സാധാരണമല്ലാത്ത ഹൃദയാഘാത ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മിക്കവാറും സൈലന്റ് അഥവാ നിശബ്ദ ഹൃദയാഘാതങ്ങള്‍ പേര് സൂചിപ്പിക്കുന്നത് പോലെ പലപ്പോഴും പൂര്‍ണ്ണാര്‍ഥത്തില്‍ നിശബ്ദം ആയിരിക്കണമെന്നില്ല. ഡോക്ടറോ രോഗിയോ ഹൃദയാഘാതം ഉണ്ട് എന്ന് തിരിച്ചറിയാതെയൊ ശ്രദ്ധിക്കാതെയോ പോകുന്നത് കൊണ്ടാണിത്.

പിന്നീട് പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ രോഗികളുടെ കഴിഞ്ഞകാലത്തെ ലക്ഷണങ്ങളും പരിശോധന ഫലങ്ങളും സൂക്ഷ്മമായി വിലയിരുത്തുമ്പോള്‍ പലര്‍ക്കും അത്ര വ്യക്തമല്ലാത്ത ചില ലക്ഷണങ്ങള്‍, ഉദാഹരണത്തിന് ദഹനപ്രശ്നങ്ങളും പുറംവേദനയും അമിതമായ വിയര്‍പ്പും പോലുള്ളവ ഓര്‍ത്തെടുക്കുവാന്‍ കഴിയാറുണ്ട്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ അനുഭവപ്പെട്ട സമയത്ത് രോഗികള്‍ ഇവ പലപ്പോഴും മറ്റു പലതുമായി ബന്ധപ്പെടുത്തുമായിരിക്കും. ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്ന അപകട ഘടകങ്ങള്‍ ഉള്ളവര്‍ ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഹൃദയാഘാതമോ ഹൃദ്രോഗങ്ങളൊ വന്നിട്ടുള്ളവരുടെ കുടുംബത്തിലെ അംഗങ്ങള്‍, അമിതവണ്ണമുള്ളവര്‍, ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍, പുകവലിക്കാര്‍, പ്രമേഹരോഗികള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍, കൊളസ്‌ട്രോള്‍ കൂടുതല്‍ ഉള്ളവര്‍ തുടങ്ങിയവരൊക്കെ ഹൃദയാഘാത സാധ്യത കൂടുതല്‍ ഉള്ള വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇത്തരക്കാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇ.സി.ജി പരിശോധന നടത്തുന്നത് നല്ലതാണ്. മുമ്പൊരിക്കല്‍ ഹൃദയാഘാതമുണ്ടായത് പിന്നീട് കണ്ടെത്തിയാല്‍ ട്രെഡ്മില്‍ ടെസ്റ്റ് മുതലായ മറ്റു പരിശോധനകള്‍ നടത്തുന്നതും നല്ലതാണ്.

(കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: World Heart Day 2021, What is Heart Attack Types of Heart Attack, Health