രോഗ്യവും ആയുര്‍ദൈര്‍ഘ്യവും വര്‍ധിപ്പിക്കാന്‍ പ്രാണനെ താങ്ങിനിര്‍ത്തുന്ന ഹൃദയത്തെ രോഗാതുരതയില്‍നിന്ന് സംരക്ഷിക്കാം. സെപ്റ്റംബര്‍ 29 നിങ്ങളുടെ ഹൃദയത്തിനുമാത്രമായ ദിനമാണ്. 

ഹൃദയധമനീരോഗങ്ങള്‍മൂലം ഭൂമുഖത്തും 18.6 ദശലക്ഷംപേര്‍ വര്‍ഷംപ്രതി മരണമടയുകയാണ്. ലോകത്താകമാനമുള്ള 520 ദശലക്ഷം ഹൃദ്രോഗികള്‍ക്ക് കോവിഡ്19 മഹാമാരി ഏറെ വിനാശം വിതച്ചു. കോവിഡ് ബാധിച്ച് മരിച്ചവരില്‍ സിംഹഭാഗവും ഹൃദ്രോഗികള്‍തന്നെ. 

ഹൃദ്രോഗതീവ്രതയിലും മിക്കവരും കോവിഡ് പകര്‍ച്ചവ്യാധിയെ പേടിച്ച് വീടുകളില്‍ ഒതുങ്ങിക്കൂടി. ആശുപത്രികളില്‍ പോകാനോ മരുന്നുകള്‍ കൃത്യമായി കഴിക്കാനോ പലരും ഭയന്നു. അനന്തരഫലമായി ഹൃദ്രോഗികളുടെ എണ്ണം കൂടി. ലോകഹൃദയദിനം ആരംഭിച്ചിട്ട് രണ്ട് ദശകങ്ങള്‍ കഴിഞ്ഞു. 2000ത്തില്‍ തുടങ്ങിയ 'വേള്‍ഡ് ഹാര്‍ട്ട് ഡേ' ഓരോ വര്‍ഷവും വിവിധ പ്രതിരോധ വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. ഹൃദയത്തിന് കരുത്തേകാനും അതുവഴി ഹൃദ്രോഗത്തെ പടിപ്പുറത്ത് നിര്‍ത്താനും നിങ്ങള്‍ അനുവര്‍ത്തിക്കേണ്ട പ്രതിരോധ നടപടികള്‍ മറ്റുള്ളവര്‍ക്കും പ്രയോജനകരമാംവിധം പങ്കുവയ്ക്കണമെന്ന് ഹൃദയദിനം ആഹ്വാനം ചെയ്യുന്നു.

2021ലെ ഹൃദയദിന സന്ദേശം 'ഹൃദയപൂര്‍വം ഏവരെയും ഒന്നിപ്പിക്കുക' (Use Heart to Connect) എന്നാണ്. ഇപ്പോള്‍ പ്രബലമായിരിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയും അറിവും അനുകമ്പയും ഉപയോഗിച്ച് നിങ്ങളും നിങ്ങളുടെ ചുറ്റുമുള്ളവരും ഹൃദയാരോഗ്യസുരക്ഷ ഉറപ്പുവരുത്തക്കവണ്ണം ജീവിക്കുക. ഹൃദയപൂര്‍വം ഓരോ ഹൃദയങ്ങളും പരസ്പരം ബന്ധിപ്പിക്കുക (Use Heart to connect every Heart). അതിനായി മൂന്ന് സ്തൂപങ്ങളാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഇക്കുറി മുന്നോട്ടുവയ്ക്കുന്നത്.

1. നീതിയും സമത്വവും (Equtiy)

ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സമൂഹത്തിലെ എല്ലാവരെയും ഒന്നിപ്പിക്കുക. ഏവരെയും ശാക്തീകരിക്കാന്‍ ഉതകുന്നവിധം സാങ്കേതികവിദ്യ സുലഭമാക്കുക. ചെറുപ്പക്കാരും വയോധികരും സ്ത്രീകളും കുട്ടികളും രോഗികളും ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യ സുരക്ഷ ഉറപ്പുവരുത്തുക.

2. പ്രതിരോധം (Prevention)

പഥ്യമായ ഭക്ഷണംകഴിച്ചും, പുകവലി നിര്‍ത്തിയും, വ്യായാമം ചെയ്തും ആരോഗ്യം കാത്തുസൂക്ഷിക്കുക. നിങ്ങള്‍ക്ക് ഹൃദ്രോഗമോ ഹൃദയപരാജയമോ പ്രമേഹമോ അമിത രക്തസമ്മര്‍ദമോ വര്‍ധിച്ച ദുര്‍മേദസ്സോ ഉണ്ടെങ്കില്‍ കോവിഡ് വ്യാപനകാലത്തുപോലും യാതൊരു വൈമനസ്യവും കാണിക്കാതെ ചെക്കപ്പുകളും ചികിത്സയും കൃത്യമായി  ചെയ്യുക.

3. സമൂഹം (Communtiy)

ലോകത്തുള്ള 520 ദശലക്ഷം ഹൃദ്രോഗികള്‍ കോവിഡ് മഹാമാരിയുടെ മൂര്‍ധന്യാവസ്ഥയില്‍ പലതരം കഷ്ടപ്പാടുകള്‍ക്ക് ഇരയായി. സമൂഹത്തിലെ ഒറ്റപ്പെടലും മരുന്നുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ടും വൈദ്യസഹായം ലഭിക്കാനുള്ള സാമ്പത്തിക പ്രയാസങ്ങളുമെല്ലാം അവരെ രോഗാതുരരാക്കി. അതുകൊണ്ട് മഹാമാരികാലത്തും ഏക ആശ്രയമായ ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഏവര്‍ക്കും പ്രാപ്തമാകുംവിധം പ്രചരിപ്പിക്കാം.

Content Highlights: