ന്റെ ഹൃദയം സുരക്ഷിതമാണോ എന്ന് ഓരോ മലയാളിയും നിർബന്ധമായും ചിന്തിക്കണം എന്നതാണ് കണക്കുകൾ സൂചിപ്പിക്കു ന്നത്. ലോകമെമ്പാടും മരണകാരണങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങളാണ്. ഏകദേശം 31 ശതമാനം മരണങ്ങളും ഹൃദയസംബന്ധമായ രോഗങ്ങളാലാണ് എന്നാണ് ലോകാരോഗ്യ സംഘടന പ്രസ്താവിക്കുന്നത്.

കേരളത്തിലെ മരണസംഖ്യയുടെ 14 ശതമാനം ഈ രോഗങ്ങൾ കൈയടക്കിയിരിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ആദ്യ ഹൃദയസ്തംഭനം വരുന്ന പ്രായം കഴിഞ്ഞ 10 വർഷത്തിൽ 20 വർഷം കൂടി. എന്നാൽ കേരളത്തിൽ ഇത് 10 വർഷം കുറയുകയാണ് ഉണ്ടായത്. കൽപന തുടങ്ങിയ സിനിമാ പ്രവർത്തകരുടേയും കൊറോണ കാലത്ത് പ്രവാസികളുടെ തിരിച്ചുവരവിനായി പ്രയത്നിച്ച നിതിൻ ചന്ദ്രനെ പോലുള്ളവരുടേയും മരണം നമ്മെ നടുക്കിയതാണ്.

എന്നാൽ ഹൃദയത്തെ കുറിച്ചോ ഹൃദയാരോഗ്യത്തെ കുറിച്ചോ നാം ശ്രദ്ധാലുവാണോ? വീടിന് 10-15 കിലോമീറ്റർ ചുറ്റളവിൽ കാത്ത്ലാബ് സൗകര്യമുള്ള ആശുപത്രി ഉള്ളതുകൊണ്ടു മാത്രം നമ്മുടെ ഹൃദയം ആരോഗ്യ പൂർണമായി ഇരിക്കുമോ? ഒരിക്കലുമില്ല.

ആരോഗ്യപാലനത്തിന് എന്തെല്ലാം ശ്രദ്ധിക്കാം?

ഹൃദയാരോഗ്യത്തെ ബാധിക്കുന്ന വിധത്തിലുള്ള ഭക്ഷണ രീതികളേയും ജീവിതശൈലിയേയും കുറിച്ച് ഏവരും വളരെ പരിചിതരായിരിക്കും. പുകവലി ശീലം വളരെ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. കൂടെ തന്നെ ശരീരം തന്റെ സുസ്ഥിതി നിലനിർത്തുവാനായി പ്രകടമാക്കുന്ന ചില സൂചനകളായ വേഗങ്ങൾ പിടിച്ചു വെക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകാം. മലവിസർജനം, വിശപ്പ്, ചുമ തുടങ്ങിയ വേഗങ്ങൾ പിടിച്ചുവെക്കുന്നത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ഹൃദയം എന്ന അവയവത്തിന്റെ ഭാഗമായ മാംസപേശികളുടേയും രക്തക്കുഴലുകളുടേയും അനാരോഗ്യം മാത്രമല്ല പലപ്പോഴും ഈ മരണങ്ങൾക്ക് കാരണമാകുന്നത്. മനസ്സിന് ഏൽക്കുന്ന ആഘാതങ്ങളും ഹൃദയത്തെ സാരമായി ബാധിക്കാറുണ്ട്. അതിനാൽ തന്നെ ശാരീരികമായ കാര്യങ്ങളിലുള്ള ശ്രദ്ധ പോലെ തന്നെ മനസ്സിന്റെ കാര്യത്തിലും ശ്രദ്ധ വേണം. റിലാക്സേഷൻ വിദ്യകൾ ഇതിനു സഹായകരമാണ്

കുടുംബത്തിൽ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഹൃദ്രോഗം ഉള്ളവരിൽ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവർ വിധിപ്രകാരം ഋതു ശോധനം എന്ന Seasonal detoxification regimen പിൻതുടരുന്നത് നല്ലതായിരിക്കും.

പ്രതിരോധത്തിനപ്പുറം ആയുർവേദത്തിന് ഹൃദ്രോഗ ചികിത്സയിൽ പങ്കുണ്ടോ?
ശരീരത്തിലെ 107 മർമ്മസ്ഥാനങ്ങളിൽ മൂന്നെണ്ണത്തിന് ത്രിമർമ്മങ്ങൾ എന്ന് പ്രത്യേക പരാമർശം നൽകിയിട്ടുണ്ട്. ഇവയിൽ ഒന്നാണ് ഹൃദയം. കൂടാതെ പ്രാണന്റെ സ്ഥാനവുമാണ്. ശരീരത്തിൽ ഹൃദയത്തിന്റെ പ്രാധാന്യത്തെ ഇത് വെളിവാക്കുന്നു.

ഇങ്ങനെയാണെങ്കിലും ഹൃദയാഘാതം സംഭവിക്കുമ്പോൾ ആൻജിയോഗ്രാം ചെയ്ത് ബ്ലോക്ക് ഉണ്ടെങ്കിൽ കണ്ടു പിടിച്ച് ആ്ൻജിയോപ്ലാസ്റ്റിയോ ശസ്ത്രക്രിയയോ ചെയ്ത് ശരിയാക്കുകയല്ലേ വേണ്ടത്? ഇവിടെ ആയുർവേദത്തിന് എന്ത് പ്രസക്തി?

ആൻജിയോഗ്രാം/ആൻജിയോപ്ലാസ്റ്റി ഇവയ്ക്കുശേഷവും ആ വ്യക്തി ഹൃദ്രോഗിയായി തന്നെ തുടരുന്നു. എന്നും മരുന്നുകളുടെ കൂട്ടും ഒപ്പം ശാരീരിക അസ്വസ്ഥതകളും. വീണ്ടും ഹൃദയാഘാതം സംഭവിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നു താനും. ഈ സാഹചര്യങ്ങളിൽ ആയുർവേദത്തിന് ഇത്തരക്കാരെ സഹായിക്കാനാകും. ശാരീരിക വിഷമതകൾ കുറയ്ക്കാനും വീണ്ടും രോഗം വരാനുള്ള സാധ്യതകൾ കുറക്കാനും ആയുർവേദ ചികിത്സകൾ ഉപകരിക്കും

എന്തെല്ലാമാണ് ചികിത്സകൾ? കിഴിയും പിഴിച്ചിലും ഒക്കെ ആണോ?

ഒരിക്കലുമല്ല. കിഴി പിഴിച്ചിൽ എന്നിവ മാത്രമല്ല യഥാർഥത്തിൽ ആയുർവേദ ചികിത്സ. ഒരു വ്യക്തിയിൽ രോഗം ഉണ്ടാകാനിടയായ കാരണത്തെ അഥവാ ഹേതുവിനെ കണ്ടെത്തി ഒഴിവാക്കുക എന്നതാണ് ആദ്യപടി. അത് മാനസിക സംഘർഷമോ ഭക്ഷണ രീതിയിലുള്ള വൈഷമ്യങ്ങളോ ജീവിത രീതിയിലുള്ള വ്യതിയാനങ്ങളോ ആയിരിക്കാം.

അടുത്തതായി രോഗം ഉത്‌പന്നമായ രീതിയും അതിലുൾപ്പെട്ട ഘടകങ്ങളേയും മനസ്സിലാക്കി അവക്ക് അനുയോജ്യമായ മരുന്നുകൾ സേവിക്കാൻ നിർദേശിക്കുക എന്നതാണ്.ഇതിലൂടെ ഹൃദ്രോഗത്തെ നിയന്ത്രിക്കാനും വീണ്ടും ഉണ്ടാകുന്നത് തടയാനും സാധിക്കുന്നു.

ഹൃദയതാളത്തിലെ പാകപ്പിഴകൾ ഔഷധസേവയിലൂടെ ക്രമീകരിക്കപ്പെടുന്നതും, കുഞ്ഞിലുണ്ടായ ഹൃദയത്തിലെ ദ്വാരം അടഞ്ഞു വരുന്നതും, ആൻജിയോപ്ലാസ്റ്റിക്കു ശേഷം ക്ഷീണവും ഓജക്ഷയവും ഉണ്ടായിരുന്നവർക്ക് ഔഷധസേവനത്താൽ മറ്റു മരുന്നുകൾ ഒഴിവാക്കാനും സ്വാസ്ഥ്യത്തോടെ ജീവിക്കാൻ സാധിക്കുന്നതും കണ്ട വിശ്വാസത്താലാണ് ഇത് എഴുതുന്നത്.

ഒരു സെക്കന്റ് പോലും വിശ്രമിക്കാതെ നമ്മുടെ ശരീരത്തെ പോഷിപ്പിക്കാനും നിലനിർത്തുവാനുമായി 24x7 പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തെ നമുക്കും ആരോഗ്യത്തോടെ കാത്തു സൂക്ഷിക്കാം.

(കൂറ്റനാട് അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിലെ പഞ്ചകർമ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)

Content Highlights: World Heart Day 2021, The role of Ayurveda in the treatment of heart disease, Heart Health