വര്‍ഷത്തെ ലോക ഹൃദയദിനത്തിലെ പ്രമേയം എന്ന് പറയുന്നത് കണക്ട് ഹാര്‍ട്ട് വിത്ത് എവെരി ഹാര്‍ട്ട് എന്നതാണ് (Connect Heart With Every Heart ). ഹൃദയം കൊണ്ട് ഹൃദയത്തെ തൊടൂ. കോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തില്‍ ഇത് വളരെ പ്രധാനമാണ്. ഡോക്ടര്‍മാരെ  സംബന്ധിച്ചിടത്തോളം നമ്മളുടെ ഹൃദയം ഉപയോഗിച്ച് ഹൃദയ രോഗങ്ങള്‍ ഉള്ളവരെ ചികിത്സിക്കുകയും ഡിജിറ്റല്‍ മീഡിയയുടെ മൂല്യം ഉപയോചച്ചു  ഹൃദയാരോഗ്യ സംരക്ഷണം സാധ്യമാക്കാന്‍ സാധിക്കുകയും വേണം

കോവിഡ് മഹാമാരി ജനങ്ങളെ കാര്‍ന്ന് തിന്നുന്ന ഈ സാഹചര്യത്തില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കെതിരെ നമ്മള്‍ എല്ലാവരും ജാഗരൂകരാവേണ്ടതാണ്. ലോകത്തില്‍ എല്ലാ വര്‍ഷവും ഹൃദ്രോഗവും അതിന്റെ സമാനമായ രോഗങ്ങളും മൂലമാണ് ഭൂരിപക്ഷം ജനങ്ങളും മരിക്കുന്നത്. 2005-ല്‍ ഉണ്ടായ മരണങ്ങളില്‍ 30 ശതമാനം ജനങ്ങളാണ് ഹൃദ്രോഗം മൂലം മരിച്ചത്. ആയതിനാല്‍ ഹൃദ്രോഗവും സമാനമായ രോഗങ്ങളും മൂലമുള്ള ലോകത്തിലെ മരണങ്ങള്‍ 2025 ആകുമ്പോഴേക്കും 25 ശതമാനത്തില്‍ താഴെ കൊണ്ടുവരാനാണ്  ലക്ഷ്യമിട്ടുവരുന്നത്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇന്ന് പ്രതിപാദിക്കാന്‍ പോകുന്ന കാര്യങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. കോവിഡ് മഹാമാരി മൂലം ചെറുപ്പക്കാരില്‍ വളരെയധികം മരണനിരക്ക് കണ്ടുവരുന്നുണ്ട്. മാത്രമല്ല, അത് കൂടുതലും ബാധിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി, പുകവലിക്കുന്നവര്‍, ശ്വാസകോശസംബന്ധമായ രോഗികള്‍ എന്നിവരെയാണ്. വ്യായാമക്കുറവും ഒരു പ്രധാന കാരണമായി കണ്ടുവരുന്നുണ്ട്. 

പണ്ടുകാലങ്ങളില്‍ ഹൃദയാഘാതം ചെറുപ്പക്കാരില്‍ നന്നേ വിരളമായിരുന്നു. കാരണം, അക്കാലത്ത് ഭൂരിഭാഗം പേരും വിയര്‍പ്പൊഴുക്കി എല്ലുമുറിയെ പണിയെടുക്കുമായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിതിയല്ല. കേരളത്തിലെ ജനങ്ങള്‍ സാക്ഷരതയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒന്നാമതാണെങ്കിലും ഏറ്റവും തിരക്കുള്ള ജനവിഭാഗം കൂടിയാണ്. അതുകൊണ്ടുതന്നെ വ്യായാമക്കുറവും ശരീര സംരക്ഷണക്കുറവും കൂടുതലായി കാണുന്നു. ശരീര സംരക്ഷണം കുറവായതുകൊണ്ട്  മാനസിക പിരിമുറുക്കം, ഡിപ്രഷന്‍ മുതലായ പ്രശ്‌നങ്ങള്‍ കൂടുതലാണ്. ഇത്തരക്കാരില്‍ ഹൃദയ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. കൃത്യമായ ജീവിത ശൈലികള്‍ കൊണ്ട് ഇതിനെ നമുക്ക് മറികടക്കാവുന്നതാണ്.  

ഇതിനായി പ്രധാനമായും അഞ്ച് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. 

1. ക്രമമായ വ്യായാമം

വ്യായാമം ക്രമമായ രീതിയിലാണ് ചെയ്യേണ്ടത്. പ്രായമനുസരിച്ചും, ഒരാളുടെ ശാരീരികശേഷിയനുസരിച്ചുമാണ് ക്രമം ശരിയാക്കേണ്ടത്. ഇത്തരം  ശീലങ്ങള്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തണം. ഇന്ന് കുട്ടികള്‍ കമ്പ്യൂട്ടര്‍, ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ മുഴുകി വ്യായാമത്തെപ്പറ്റി മറന്നു കൊണ്ടിരിക്കുന്ന കാലമാണ്. ആഴ്ചയില്‍ 150 മിനിറ്റ് ശരാശരി വ്യായാമം ഒരു മനുഷ്യന് അത്യാവശ്യമാണ്. വ്യായാമം മനസ്സിന് ഉണര്‍വ്വും ശരീരത്തിന് ഉന്മേഷവും തരുന്നു. പൊണ്ണത്തടി കുറയ്ക്കുവാനും ഭാവിയില്‍ പ്രമേഹം, ഹൃദയാഘാതം മുതലായ സമാന രോഗങ്ങള്‍ തടയുവാനും ഇത് സഹായിക്കുന്നു.

2. മിതവും ആരോഗ്യ പൂര്‍ണ്ണവുമായ ഭക്ഷണരീതികള്‍

വ്യായാമം പോലെ തന്നെ മിതവും ആരോഗ്യകരവുമായ ഭക്ഷണരീതിയും അത്യന്താപേക്ഷിതമാണ്. ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം കൂടിവരുന്ന ഈ കാലത്ത്, വീട്ടിലെ ഭക്ഷണത്തിന്റെ രുചി മലയാളി മറന്നു തുടങ്ങിയിരിക്കുന്നു. എന്നാല്‍ വീട്ടിലെ രുചിയുള്ള ഭക്ഷണം എപ്പോഴും ആരോഗ്യ പൂര്‍ണ്ണമാണെന്നതില്‍ യാതൊരു സംശയവുമില്ല. പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉപയോഗിക്കുകയും വേണം. ഇത് നേരത്തെ പറഞ്ഞതുപോലെ ചെറുപ്പം മുതലേ ശീലിക്കേണ്ട ഒരു കാര്യമാണ്. മുലപ്പാല്‍ തൊട്ടുതന്നെ ചിട്ടയോടെ   ക്രമീകരിക്കേണ്ട ഒരു കാര്യമാണ് ഭക്ഷണവും. 

3. ലഹരിവസ്തുക്കളുടെ വര്‍ജ്ജനം

പുകവലി മുതലായ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടി വരുന്ന ഈ സാഹചര്യത്തില്‍ കോവിഡ് മഹാമാരി ഇത്തരം ആളുകളെ പ്രതികൂലമായി ബാധിക്കുന്നു. ഇത് വര്‍ജ്ജിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 

4. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, വൃക്കസംബന്ധമായ രോഗങ്ങള്‍ മറ്റു ഹൃദ്രോഗ സമാന രോഗങ്ങളുടെ കൃത്യമായ ചികിത്സ

ഹൃദ്രോഗവും, ഹൃദ്രോഗസമാന രോഗങ്ങള്‍ (പ്രമേഹം, പക്ഷാഘാതം, വൃക്കസംബന്ധമായ രോഗങ്ങള്‍, രക്തസമ്മര്‍ദ്ദം) ഉള്ളവരും അതീവ ശ്രദ്ധാലുക്കളാകേണ്ടതാണ്. പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ ശരിയായ ചികിത്സയിലൂടെ നിയന്ത്രിച്ച് ഒരു പരിധി വരെ നമുക്ക് തടയാന്‍ സാധിക്കും. 

ഒരിക്കല്‍, എന്റെ ഒരു സുഹൃത്തും രോഗിയുമായ ഒരാള്‍ ചോദിക്കുകയുണ്ടായി. ''എന്റെ ഹൃദയത്തിലെ ബ്ലോക്ക് മാറ്റിയില്ലേ? ഇനി പഴയതുപോലെ ഭക്ഷണം കഴിച്ചുകൂടെ?'' അതിന് ഒരു മറുപടിയേ ഉള്ളൂ- ചികിത്സ എന്നത് ശരിയല്ലാത്ത ജീവിതരീതികള്‍ക്കുള്ള ലൈസന്‍സ് അല്ല.
 
മരുന്നുകള്‍ കഴിച്ചാല്‍ മാത്രം പോരാ. ശരിയായ രീതിയിലുള്ള അതിന്റെ  തുടര്‍നടപടികളും,  കൃത്യമായ തോതിലുള്ള റീഡിങ്ങുകള്‍ നിലനിര്‍ത്തുകയും ചെയ്യണം. പൊതുവെ,  സ്ത്രീകളില്‍ ഇത്തരം രോഗങ്ങള്‍ ചെറുപ്പക്കാരില്‍ കണ്ടുവരുന്നത് വളരെ വിരളമാണ്. എന്നാല്‍, ഗര്‍ഭ നിരോധന ഗുളികകള്‍, ലഹരിവസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നവരില്‍ ഇത്തരം രോഗങ്ങള്‍ കണ്ടുവരുന്നുണ്ട്.

5. പാരമ്പര്യം

പാരമ്പര്യം എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. പാരമ്പര്യമായി ഹൃദയാഘാതവും ഹൃദയസ്തംഭനവും കണ്ടുവരുന്ന ഒരു പ്രവണതയുണ്ട്. അത്തരക്കാരില്‍ വളരെ ചെറുപ്പത്തില്‍, അതായത് സ്ത്രീയായാലും പുരുഷനായാലും 30-40 വയസ്സില്‍ ഹൃദയാഘാതവും ഹൃദയസ്തംഭനവും കാണാം. കുടുംബത്തില്‍ പലരും മരണപ്പെടുകയും ചെയ്യുന്നു. അതിന് ചികിത്സ എന്ന് പറയുന്നത് ചിട്ടയായ ജീവിത രീതി തന്നെയാണ്. ഒരു പരിധിവരെ ഇത് തടയാനും സാധിക്കും. അങ്ങനെയുള്ളവര്‍ കൃത്യമായി ഫോളോ അപ്പ് ചെയ്ത് ഡോക്ടറെ സമീപിച്ച് മുന്നോട്ടുപോവുകയും വേണം. പാരമ്പര്യമായുള്ള കൊളസ്‌ട്രോള്‍ സംബന്ധമായ രോഗങ്ങള്‍ അഥവാ Familial Hypercholesterolemia ഇതിനു പ്രധാനപ്പെട്ട ഒരു കാരണം കൂടിയാണ്. 

നമ്മളെല്ലാവരും നമ്മുടെ ഹൃദയത്തിന്റെ 'Hero' ആയി മാറണം.  നമുക്കും നമ്മുടെ കുടുംബത്തിനും സര്‍വ്വോപരി സമൂഹത്തിനും ശരിയായ രീതിയില്‍ ആരോഗ്യകരമായി മുന്നോട്ടു നീങ്ങുവാനും ആരോഗ്യപൂര്‍ണ്ണമായ ഒരു ഭാവി തലമുറയെ വാര്‍ത്തെടുക്കുവാനും ഇത് സഹായിക്കുന്നു.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഫോര്‍ ഹാര്‍ട്ട് ആന്റ് വാസ്‌കുലാര്‍ കെയറിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: World Heart Day 2021, How to prevent heart diseases among youngsters, Health, Heart Health