ഹൃദയവാല്‍വുകളെ ബാധിക്കുന്ന അസുഖം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെട്ടിരുന്നവരായിരുന്നു നമ്മള്‍. പ്രായമായവരിലും മറ്റുമാണ് ഇത്തരം അസുഖങ്ങള്‍ കൂടുതലായി കാണപ്പെട്ടിരുന്നത്. അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രികള്‍ മാത്രം പരിഹാരമായിരുന്ന കാലത്തില്‍ നിന്ന് ശസ്ത്രക്രിയ ഇല്ലാതെ ഹൃദയവാല്‍വ് മാറ്റിവെക്കാന്‍ സാധിക്കുന്ന കാലത്തിലേക്കുള്ള മാറ്റം അവിശ്വസനീയതകളുടേത് കൂടിയാണ്. 

എന്താണ് ടാവി?

ഇത്തരത്തില്‍ ശസ്ത്രക്രിയയില്ലാതെ ഹൃദയ വാല്‍വ് മാറ്റിവെക്കുന്ന ഏറ്റവും നൂതനമായ ചികിത്സാരീതിയാണ് ടാവി. ഹൃദ്രോഗ ചികിത്സയില്‍ അവിശ്വസനീയമായ മാറ്റങ്ങളുടെ ദിശാസൂചിക എന്ന് വേണമെങ്കില്‍ ടാവിയെ വിശേഷിപ്പിക്കാന്‍ സാധിക്കും. ഹൃദയവാല്‍വിന്റെ തകരാറുകള്‍ പൂര്‍ണ്ണമായി ഭേദമാക്കുവാന്‍ സാധിക്കുമെന്നതാണ് ഈ ചികിത്സാരീതിയുടെ പ്രധാന സവിശേഷത. 

ഹൃദയവാല്‍വുകള്‍

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ഏറ്റവും നിര്‍ണ്ണായകമായി സ്വാധീനിക്കുന്നവയാണ് ഹൃദയവാല്‍വുകള്‍. പ്രധാനമായും നാല് വാല്‍വുകളാണ് ഹൃദയത്തിനുള്ളത്. വലത് വശത്ത് രണ്ടും ഇടത് വശത്ത് രണ്ടുമായാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഹൃദയത്തില്‍ നിന്ന് പുറത്തേക്കും തിരിച്ചുമുള്ള രക്തപ്രവാഹത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്തുക എന്നതാണ് ഹൃദയ വാല്‍വുകളുടെ പ്രധാന ധര്‍മ്മം. സ്വാഭാവികമായും ഹൃദയവാല്‍വുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഹൃദയത്തിന്റെ രക്തചംക്രമണ വ്യവസ്ഥയുടെ നിയന്ത്രണം പൂര്‍ണ്ണമായി താളം തെറ്റുകയും ഗൗരവതരമായ പ്രത്യാഘാതത്തിന്‍ കാരണമാവുകയും ചെയ്യുന്നു.

ചെറിയ രീതിയിലുള്ള തടസ്സങ്ങളാണ് വാല്‍വിനുള്ളതെങ്കില്‍ മരുന്നുകളുടെ ഉപയോഗത്തിലൂടെ ഇത് നിയന്ത്രിച്ച് നിര്‍ത്താനും സങ്കീര്‍ണ്ണമാകാതെ തടയുവാനും സാധിക്കും. എന്നാല്‍ വാല്‍വിലെ തടസ്സമോ ലീക്കേജോ അനിയന്ത്രിതമായി അധികരിച്ചാല്‍ വാല്‍വ് മാറ്റിവെക്കല്‍ അനിവാര്യമായി മാറും

ടാവിയുടെ പ്രാധാന്യം

ഇത്തരത്തില്‍ വാല്‍വ് മാറ്റിവെക്കേണ്ട അവസ്ഥ നിര്‍ദേശിക്കപ്പെട്ട് കഴിഞ്ഞാല്‍ ഏതാനും നാളുകള്‍ക്ക് മുന്‍പ് വരെ ചെയ്തിരുന്നത് നെഞ്ചിന്റെ മാധ്യഭാഗം നെടുനീളെ കീറിമുറിച്ച് അതിലൂടെ ഹൃദയം തുറന്ന് നിലവിലെ വാല്‍വ് എടുത്ത് മാറ്റി ആ സ്ഥാനത്ത് മറ്റൊരുവാല്‍വ് സ്ഥാപിച്ച് തുന്നിച്ചേര്‍ത്ത് പിടിപ്പിച്ച ശേഷം ഈ മുറിവുകള്‍ അടച്ച് പുറത്തേക്ക് വരിക എന്ന രീതിയായിരുന്നു. അതി സങ്കീര്‍ണ്ണമായ ശസ്ത്രക്രിയാ രീതിയായിരുന്നു ഇത്. 

എന്നാല്‍ സങ്കീര്‍ണ്ണമായ ഈ രീതിക്ക് പകരമായി അയോട്ടിക് വാല്‍വ് എന്ന് പറയുന്ന ഹൃദയത്തിന്റെ പ്രധാന വാല്‍വിനെ ബാധിക്കുന്ന തടസ്സങ്ങളില്‍ കാലിന്റെ ഉള്ളിലൂടെ ഒരു നേര്‍ത്ത ട്യൂബ് കടത്തിയ ശേഷം വളരെ ചുരുക്കി വെച്ചിരിക്കുന്ന ഒരു കൃത്രിമ വാല്‍വ് ആ ട്യൂബിലൂടെ കൊണ്ടുപോയി യഥാര്‍ഥ വാല്‍വിന്റെ ഉള്ളിലെത്തിച്ച ശേഷം ആവശ്യമായ രീതിയില്‍ വികസിപ്പിച്ച് വാല്‍വിന്റെ തകരാര്‍ മാറ്റുവാന്‍ സാധിക്കുന്നു. ഈ രീതിയെയാണ് ടാവി എന്ന് പറയുന്നത്.

ശസ്ത്രക്രിയ ആവശ്യമില്ല എന്നത് തന്നെയാണ് ടാവിയുടെ ഏറ്റവും വലിയ സവിശേഷത. പ്രൊസീജ്യര്‍ കഴിഞ്ഞ ശേഷം ആരോഗ്യനില പരിഗണിച്ച് വളരെ പെട്ടെന്ന് തന്നെ രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാനും സാധിക്കുന്നു. ആദ്യകാലത്ത് ശസ്ത്രക്രിയ ചെയ്യാന്‍ സാധിക്കാതിരുന്ന രോഗികള്‍ക്ക് മാത്രമായി ചെയ്തിരുന്ന പ്രൊസീജ്യറായിരുന്നു ടാവി എന്നത്. അതായത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ട്, ഹാര്‍ട്ടിന്റെ പമ്പിങ്ങ് വളരെ കുറവാണ്, പ്രായം അധികമാണ്, തുടങ്ങിയ പലവിധ പ്രശ്നങ്ങളാല്‍ തുറന്നുള്ള ശസ്ത്രക്രിയ നിര്‍വ്വഹിക്കാന്‍ സാധിക്കാതെ വരുന്നവരായിരുന്നു ടാവിക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ കാലക്രമേണ സംഭവിച്ച നൂതനമായ ശൈലികളുടേയും രീതികളുടേയും മറ്റും ഭാഗമായി ശസ്ത്രക്രിയ നടത്തുവാന്‍ സാധിക്കുന്നവര്‍ക്ക് പോലും കൂടുതല്‍ മികച്ച രീതിയിലുള്ള ഫലപ്രാപ്തിക്ക് അനുയോജ്യമായത് ടാവി ആണ് എന്ന രീതിയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചിരിക്കുന്നു. 

പൂര്‍ണ്ണമായ അനസ്തേഷ്യ ആവശ്യമില്ല എന്നതും തുറന്നുള്ള ശസ്ത്രക്രിയയെ അപേക്ഷിച്ച് മുറിവുകളും മറ്റും ഇല്ലാത്തതിനാല്‍ വേഗത്തില്‍ തന്നെ രോഗവിമുക്തി നേടാമെന്നുള്ളതും സങ്കീര്‍ണ്ണതയ്ക്കുള്ള സാധ്യത ശസ്ത്രക്രിയയെ അപേക്ഷിച്ച് വളരെ കുറവാണ് എന്നതും ടാവിയുടെ മറ്റ് നേട്ടങ്ങളാണ്.

(കോട്ടക്കല്‍ ആസ്റ്റര്‍ മിംസിലെ ചീഫ് കണ്‍സല്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: World Heart Day 2021, Heart valve replacement without open heart surgery, Health, Heart Health