പ്രമേഹമുള്ളവരുടെ ഹൃദ്രോഗത്തിനുള്ള സാധ്യത ഒരു തവണ ഹാർട്ട് അറ്റാക്ക് വന്നതിന് തത്തുല്ല്യമായാണ് കണക്കാക്കുന്നത്. അതായത് ആദ്യത്തെ തവണ അറ്റാക്ക് വന്ന് മരുന്ന് കഴിക്കുന്നവരും ഹൃദ്രോഗമില്ലാതെ പ്രമേഹം മാത്രമുള്ളവരുടെയും ഇനിയുമൊരു അറ്റാക്ക് വരാനുള്ള സാധ്യത ഒരുപോലെയാണ്.

അതിനാൽ, പ്രമേഹമുള്ളവർ ഹൃദയാരോഗ്യത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. അഞ്ച് കാര്യങ്ങളിൽ ശ്രദ്ധ കൊടുത്താൽ നിങ്ങൾക്ക് ഒരു പക്ഷേ ഹൃദയസംബന്ധമായ രോഗങ്ങളിൽ നിന്ന് രക്ഷനേടാം.

1. പ്രമേഹനിയന്ത്രണം

വളരെ കൃത്യമായി പ്രമേഹം നിയന്ത്രിച്ചില്ലെങ്കിൽ നിങ്ങളുടെ ഹൃദയത്തിലെ കോശങ്ങളെ പോലും പ്രമേഹം കേടുവരുത്താം. അനിയന്ത്രിതമായ പ്രമേഹമുള്ളവരുടെ ഹൃദയം പലതരത്തിൽ ബാധിക്കപ്പെടും. ഹൃദയത്തിലെ മാംസപേശികളിലെ രക്തയോട്ടം തടസ്സപ്പെടാം. അല്ലെങ്കിൽ മാംസപേശികൾ ദുർബലമായേക്കാം. ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പൂർണമായും സാധാരണ നിലയിലാണെന്ന് ഉറപ്പ് വരുത്തുക.

2. രക്തസമ്മർദ നിയന്ത്രണം

പ്രമേഹരോഗികളിൽ മിക്കവരിലും കാണുന്ന അസുഖമാണ് അമിത രക്തസമ്മർദം. നമ്മുടെ രക്തക്കുഴലുകളിലൂടെ ഒഴുകുന്ന രക്തം രക്തക്കുഴലുകളുടെ ഭിത്തിയിൽ ചെലുത്തുന്ന മർദമാണ് രക്തസമ്മർദം. ഇത് കൂടുതലാണെങ്കിൽ നിങ്ങളുടെ ഹൃദയം ഈ സമ്മർദത്തെ മറികടക്കാൻ അമിതജോലി ചെയ്യേണ്ടി വരികയും പതുക്കെ ദുർബലമാവുകയോ പ്രവർത്തനശേഷി നശിക്കുകയോ ചെയ്യാം. പ്രമേഹമുള്ളവർ രക്തസമ്മർദവും നിയന്ത്രണത്തിലാക്കേണ്ടതാണ്.

3. കൊളസ്ട്രോൾ നിയന്ത്രണം

ഹൃദയപേശികളിലെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുകയും ഹാർട്ട് അറ്റാക്കിന് കാരണമാവുകയും ചെയ്യുന്നവയാണ് ചീത്ത കൊളസ്ട്രോൾ അഥവ എൽ.ഡി.എൽ. കൊളസ്ട്രോൾ. പ്രമേഹമുള്ളവർക്ക് ആവശ്യമെന്ന് കണ്ടാൽ എൽ.ഡി.എൽ. കൊളസ്ട്രോളിന്റെ നില 100 mg/dl ന് താഴെ നിർത്തുന്നതാണ് അഭികാമ്യം. അധിക റിസ്ക് ഉള്ളവരിൽ ഇത് 70 mg/dl ൽ താഴെ എത്തിക്കാൻ ശ്രമിക്കാറുണ്ട്.

4. പുകവലി ശീലവും വ്യായാമമില്ലായ്മയും

ഹൃദയത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന് ഉറപ്പുള്ള രണ്ട് ഘടകങ്ങളാണിവ. പുകവലി ശീലം ഉള്ളവരാണെങ്കിൽ ഇന്ന് തന്നെ നിർത്തുക. പ്രമേഹമുള്ളവരാണ് നിങ്ങളെങ്കിൽ പുകവലിക്കുന്നത് വിഷം കഴിക്കുന്നതിന് തുല്യമാണ്. ഇതുപോലെ, വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് അറിയാമെങ്കിലും വ്യായാമമില്ലായ്മ ഹൃദയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പലർക്കും അറിയില്ല. അമിതവണ്ണമുള്ള, വ്യായാമം ചെയ്യാത്ത ശരീരമുള്ളവരുടെ ഹൃദയത്തിന്റെ വയസ്സ് നിങ്ങളുടെ യഥാർഥ വയസ്സിനേക്കാൾ ഒരുപാട് അധികമാണ്.

5. മൂത്രത്തിലെ പ്രോട്ടീൻ അല്ലെങ്കിൽ വൃക്കരോഗം ബാധിച്ചവർ

പ്രമേഹമുള്ളവർ സ്വയം ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നത് വരെ കാത്തുനിൽക്കരുത്. പല കാര്യങ്ങളും നേരത്തെ ടെസ്റ്റ് ചെയ്ത് കണ്ടുപിടിച്ച് ചികിത്സിക്കാനാവും. പ്രമേഹത്തിനുള്ള മരുന്ന് കൂടാതെ ചില മരുന്നുകൾ ഡോക്ടർ കുറിച്ചത് എന്തിനാണെന്ന് ചോദിച്ച് മനസ്സിലാക്കുക. മരുന്നുകൾ ഒരിക്കലും സ്വയം നിർത്താൻ പാടില്ല. അത്തരത്തിലുള്ള പലരും മനസ്സിലാക്കാത്ത ഒരു അപകടാവസ്ഥയാണ് മൂത്രത്തിലൂടെ പ്രോട്ടീൻ പുറത്തുപോകുന്നത്. ഇത് ടെസ്റ്റ് ചെയ്ത് വളരെ നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കാവുന്നതാണ്. കാരണം ഇത്തരം പ്രശ്നങ്ങൾ ഉള്ളവർക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത പതിൻമടങ്ങാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

Content Highlights:World Heart Day 2021, Heart disease Five things diabetic patients should know, Health