ഹൃദ്രോഗ സംബന്ധമായ അസുഖങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോക്ടര്‍മാര്‍, ജനറല്‍ പ്രാക്ടീഷനേഴ്‌സ്, ഫിസിഷ്യന്‍ മാര്‍ എന്നിവര്‍ ദൈനംദിനം അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണ്- ''ഡോക്ടര്‍ എനിക്ക് നെഞ്ചുവേദനയുണ്ട്, അത് ഹൃദയാഘാതത്തിന്റെ ആണോ? അതോ ഗ്യാസിന്റേതാണോ?'' എന്നത്. വളരെ സാധാരണയായി നമ്മള്‍ അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണിത്. ഹൃദയാഘാതത്തിന്റെ അല്ലെങ്കില്‍ ഹാര്‍ട്ടിലെ ബ്ലോക്കിന്റെ വേദന സാധാരണയായി നെഞ്ചിന്റെ മധ്യഭാഗത്താണ് അനുഭവപ്പെടുന്നത്. യഥാര്‍ഥത്തില്‍ നെഞ്ചില്‍ ഒരു ഭാരം കയറ്റിവച്ചപോലെയാണ് രോഗികള്‍ ഇത് വിവരിക്കാറുള്ളത്. ഒരു പ്രത്യേക ഭാഗത്ത് വിരല്‍കൊണ്ട് തൊട്ട് സൂചിപ്പിക്കുവാന്‍ സാധിക്കാത്ത തരത്തിലുള്ള വേദനയായാണ് സാധാരണ അനുഭവപ്പെടാറ്.

ഇടനെഞ്ചില്‍ തുടങ്ങി അവിടെ നിന്നും വിട്ടുമാറി കഴുത്തിനുനടുവില്‍ ഇടതു തോളിലും ഇടതു കൈകളിലും അതല്ലെങ്കില്‍ താടി എല്ലുകളിലും മാത്രമായി വേദന അനുഭവപ്പെടാറുണ്ട്. സാധാരണയായി നെഞ്ചില്‍ മധ്യഭാഗത്ത് തുടങ്ങുന്ന ശക്തമായ ഭാരം കയറ്റിവെച്ചതു പോലുള്ള അല്ലെങ്കില്‍ വലിഞ്ഞുമുറുകുന്ന പോലെയുള്ള വേദന, അവിടെനിന്നും വ്യാപിച്ച് ഇടത് കൈകളിലേക്കും പുറകിലേക്കും ഈര്‍ന്നിറങ്ങുന്ന പോലെ അനുഭവപെടാറുണ്ട്. ഇതിന് അനുബന്ധമായി മറ്റു ലക്ഷണങ്ങളായ അതിശക്തമായ വിയര്‍പ്പ്, കഠിനമായ ക്ഷീണം, ശ്വാസ തടസ്സം, ഓക്കാനം എന്നിവയും ഹൃദയാഘാതത്തിന്റെ മറ്റു പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു. ചിലപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടാതെ ശക്തമായ ക്ഷീണവും ഗംഭീരമായ വിയര്‍പ്പും മാത്രമായും ലക്ഷണങ്ങള്‍ അനുഭവപ്പെടാറുണ്ട്. ഈ സാഹചര്യത്തില്‍ ഹൃദയാഘാതം സംശയിക്കേണ്ടിയിരിക്കുന്നു.

ഹൃദയാഘാത സാധ്യത കൂടുതലുള്ളവരില്‍ കാണുന്ന നെഞ്ചുവേദന ഹൃദയാഘാതത്തിന്റെതല്ല എന്ന് വളരെ പെട്ടെന്ന്തന്നെ ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രമേഹരോഗികള്‍, അമിത രക്തസമ്മര്‍ദമുള്ളവര്‍, തുടര്‍ച്ചയായ പുകവലിക്കാര്‍, പാരമ്പര്യമായി ഹൃദയാഘാത സാധ്യത കൂടുതലുള്ളവര്‍, അമിത കൊളസ്‌ട്രോള്‍ ഉള്ളവര്‍ എന്നിവരില്‍ ഹൃദയാഘാതത്തിനു സാധ്യത കൂടുതല്‍ ഉള്ളതിനാല്‍ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ എത്രയും പെട്ടെന്ന് തന്നെ വൈദ്യസഹായം തേടേണ്ടതാണ്. നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ആദ്യം തന്നെ ചെയ്യേണ്ടത് എത്രയും അടുത്തുള്ള ഒരു ആശുപത്രിയിലോ ക്ലിനിക്കിലോ പോയി ഒരു ഇ.സി.ജി. എടുക്കുക എന്നതാണ്. ഇ.സി.ജി. ഒരു ഡോക്ടറെ കാണിച്ച് അതില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ല എന്ന് ഉറപ്പുവരുത്തുക. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള ആധുനിക സരകര്യങ്ങളുള്ള ഒരു ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്. ചിലപ്പോള്‍ ആദ്യമെടുത്ത ഇ.സി.ജി.യില്‍ യാതൊരു ഹൃദയാഘാത ലക്ഷണങ്ങളും ഉണ്ടായിരിക്കണമെന്നില്ല. ഇത്തരം സാഹചര്യത്തില്‍ രണ്ടോ മൂന്നോ ഈ.സി.ജി.കള്‍ ഒന്നോ രണ്ടോ മണിക്കൂറുകള്‍ ഇടവിട്ട് ഏടുത്ത് ഹൃദയാഘാത ലക്ഷണങ്ങളില്ല എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. കാരണം അതീവഗുരുതരം ആയിട്ടുള്ള ഹൃദയാഘാതങ്ങളില്‍ പോലും ചിലപ്പോള്‍ ആദ്യത്തെ രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്കുള്ളില്‍ എടുക്കുന്ന ഇ.സി.ജിയില്‍ കാര്യമായ വ്യത്യാസങ്ങള്‍ കാണണം എന്നില്ല. അതുകൊണ്ടുതന്നെ സംശയമുള്ള ലക്ഷണങ്ങള്‍ ഉള്ളവരില്‍ രണ്ടോമൂന്നോ ഇസിജി എടുത്തു ഹൃദയാഘാതമില്ല എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. 

സാധാരണയായി നമ്മള്‍ നെഞ്ചുവേദനയുമായി ചെന്നാല്‍ ആദ്യത്തെ ഇ.സി.ജി നോര്‍മല്‍ ആണെങ്കില്‍ അവിടെ നിന്നും പോകുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശത്തിനു വിരുദ്ധമായി, ഇ.സി.ജി നോര്‍മല്‍ ആണല്ലോ എന്ന് സ്വയം ആശ്വസിച്ചു വീട്ടില്‍ പോകുന്നവരില്‍ നിര്‍ഭാഗ്യവശാല്‍ പിന്നീട് വീട്ടില്‍ വെച്ച് ഹൃദയാഘാതം ഉണ്ടായി അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അതുകൊണ്ടുതന്നെ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ രണ്ടോമൂന്നോ ഈ.സി.ജി. എടുത്ത് ഹൃദയാഘാതമില്ല എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ചില സാഹചര്യങ്ങളില്‍ ഹൃദയാഘാതത്തിന്റെ നെഞ്ചുവേദന ആണെങ്കില്‍ പോലും ഇ.സി.ജി യില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കാണണമെന്നില്ല. ഇത്തരം സാഹചര്യത്തില്‍ ഹൃദയാഘാതമില്ല എന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടി കാര്‍ഡിയാക് ബയോ മാര്‍ക്കേര്‍സ് രക്തപരിശോധന ചെയ്യാറുണ്ട്. കാര്‍ഡിയാക് ട്രോപോണിന്‍ ടീ അല്ലെങ്കില്‍ ട്രോപോണിന്‍ ഐ എന്നീ ടെസ്റ്റുകളാണ് സര്‍വ്വസാധാരണമായി ഇന്ന് ചെയ്യാറുള്ളത്. സാധാരണയായി ചെയ്യുന്ന ട്രോപോണിന്‍ ടെസ്റ്റുകള്‍ നെഞ്ചുവേദന അനുഭവപ്പെട്ട ആറു മണിക്കൂറിനു ശേഷമേ രക്തത്തില്‍ ഉയര്‍ന്ന നിലയില്‍ കാണുകയുള്ളൂ, ഹൃദയാഘാതം ഉണ്ടെന്ന് ഉറപ്പു വരുത്തുവാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നെഞ്ചുവേദന ഹൃദയാഘാതത്തിന്റെതാണ് എന്ന് ഈ ടെസ്റ്റുകള്‍ വഴി ഉറപ്പു വരുത്തണമെങ്കില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് ആറു മണിക്കൂറിനു ശേഷം രക്തപരിശോധന ചെയ്യേണ്ടതാണ്. ഇങ്ങനെ രണ്ടോ മൂന്നോ ഈ.സി.ജിയും 6 മണിക്കൂറിനുശേഷം ട്രോപോണിന്‍ ടെസ്റ്റും ചെയ്തു നെഞ്ചുവേദന ഹൃദയാഘാതത്തിന്റെതല്ല എന്ന് ഉറപ്പുവരുത്തിയാല്‍ മിക്കവാറും രോഗികള്‍ക്ക് സമാധാനത്തോടെ വീട്ടിലേക്ക് പോകാവുന്നതാണ്. എന്നാല്‍ ഇതുകൊണ്ടുമാത്രം ഹൃദ്രോഗം ഇല്ല എന്ന് ഉറപ്പു വരുത്താന്‍ സാധിക്കുകയില്ല. ഇത്തരം സാഹചര്യത്തില്‍ ഹൃദ്രോഗത്തിനുള്ള ഗുളികകള്‍ നിര്‍ദ്ദേശിച്ചു രണ്ടോ മൂന്നോ ദിവസത്തിനുശേഷം ചെയ്തു ഹൃദ്രോഗം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രിയില്‍ ചികിത്സ തേടുന്നതാണ് നല്ലത്. ഹൃദയാഘാതം പ്രധാനമായും രണ്ട് തരത്തിലാണുള്ളത്. മേജര്‍ ഹാര്‍ട്ടറ്റാക്ക് അഥവ എസ്.ടി.എലിവേഷന്‍ എം.ഐ., മൈനര്‍ ഹാര്‍ട്ട് അറ്റാക്ക് അഥവാ നോണ്‍ എസ്.ടി. എലിവേഷന്‍ എം.ഐ.

എസ്.ടി. എലിവേഷന്‍ എം.ഐ. അഥവാ മേജര്‍ ഹാര്‍ട്ട് അറ്റാക്ക്: ഹൃദയത്തിലെ ഏതെങ്കിലുമൊരു പ്രധാന രക്തധമനിയില്‍ രക്തം കട്ടപിടിച്ച് 100 ശതമാനം രക്തപ്രവാഹം നിന്നു പോകുന്ന അവസ്ഥയാണിത്. ഈ സാഹചര്യത്തില്‍ ഹൃദയത്തിലെ ഒരു പ്രത്യേക ഭാഗത്തുള്ള പേശികള്‍ക്ക് രക്തം ലഭിക്കാതവരികയും, അവക്ക് നാശം സംഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. 

അതിനാല്‍ മേജര്‍ ഹാര്‍ട്ട് അറ്റാക്കിന് ചികിത്സ എന്നുപറയുന്നത് എത്രയും പെട്ടെന്ന് രക്തധമനികളിലെ ബ്ലോക്ക് ഒഴിവാക്കുക എന്നുള്ളതാണ്. തന്മൂലം രക്തപ്രവാഹം പൂര്‍വ്വസ്ഥിതിയില്‍ ആകുകയും ഹൃദയപേശികളുടെ പ്രവര്‍ത്തനം വീണ്ടെടുക്കുകയും ചെയ്യുന്നു. ആയതിനാല്‍ മേജര്‍ ഹാര്‍ട്ടറ്റാക്ക് ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത്
രക്തധമനികളിലെ ബ്ലോക്ക് നീക്കം ചെയ്യുവാന്‍ സരകര്യമുള്ള ഒരു ഒരു ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്. എന്നാല്‍ ഇത്തരം സാകര്യമുള്ള ആശുപത്രി വളരെ ദൂരെയാണെങ്കില്‍, രക്തക്കട്ട അലിയിച്ചു കളയുന്നതിനുവേണ്ടി ത്രോം ബോളിറ്റിക് മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. Streptokinase, Alteplase, Tenecteplase തുടങ്ങിയ മരുന്നുകള്‍ ഹൃദയധമനികളില്‍ രക്തക്കട്ട അലിയിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നു. എന്നാല്‍ ഗുരുതരമായ രക്തസ്രാവം, മാരകമായ അലര്‍ജി എന്നിവ വളരെ ദുര്‍ലഭം ചിലര്‍ക്കെങ്കിലും ഈ മരുന്നുകള്‍ ഉപയോഗിക്കുന്നതുകൊണ്ട് കാണാറുണ്ട്. 

അതുകൊണ്ടുതന്നെ ഇന്ന് ലോകത്ത് നിലവിലുള്ള ചികിത്സകളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ഹൃദയാഘാതം സംഭവിച്ചവര്‍ക്ക് മരണസാധ്യത ഏറ്റവും കുറയ്ക്കുന്നതും ആയിട്ടുള്ള ചികിത്സ എന്നത് എമര്‍ജന്‍സി പ്രൈമറി ആന്‍ജിയോപ്പാസ്റ്റിയാണ്. ഇത് ഹൃദയാഘാതം സംഭവിച്ചുതുടങ്ങി 22 മണിക്കൂറിനുള്ളില്‍ ചെയ്യുകയാണെങ്കില്‍ ഹൃദയാഘാതം സംഭവിച്ചതുകൊണ്ടുണ്ടാകുന്ന മരണസാധ്യത പരമാവധി കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍ 12 മണിക്കൂര്‍ എന്നത് വളരെ നീണ്ട ഒരു സമയമാണ്. എത്രയും പെട്ടെന്ന് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യാന്‍ കഴിയുന്നുവോ അത്രയും ഗുണം രോഗികള്‍ക്ക് ലഭിക്കും. നെഞ്ചുവേദന തുടങ്ങി ആറു മണിക്കൂറിനു ശേഷമാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതെങ്കില്‍ ഹൃദയപേശികളുടെ നാശം കുറെയൊക്കെ സംഭവിച്ചിട്ടുണ്ടാകും. ആദ്യത്തെ മൂന്ന് മണിക്കൂറിനുള്ളിലാണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതെങ്കില്‍ ഹൃദയപേശികളുടെ നാശം വളരെ കുറവായിരിക്കും. ആന്‍ജിയോപ്ലാസ്റ്റി സൗകര്യമുള്ള ആശുപത്രി വളരെ ദൂരെയാണെങ്കില്‍ രക്തക്കുഴലുകളിലെ രക്തക്കട്ട അലിയിക്കുന്നതിനുള്ള ത്രോംബോളിറ്റിക് മരുന്നുകള്‍ കൊടുക്കാറുണ്ട്. ഏന്നാല്‍ ഈ മരുന്ന് കൊടുത്തതിനുശേഷം എത്രയും പെട്ടെന്ന് തന്നെ ആന്‍ജിയോപ്ലാസ്റ്റി സരകര്യമുള്ള ഒരു ആധുനിക ആശുപത്രിയിലേക്ക് രോഗിയെ മാറ്റേണ്ടതാണ്.

ഹൃദയാഘാതത്തിനുള്ള ചികിത്സാരീതികള്‍ എന്തൊക്കെയാണ്?

ഹൃദയാഘാതത്തോട് അനുബന്ധിച്ചുള്ള 50 ശതമാനം മരണവും സംഭവിക്കുന്നത് ആദ്യത്തെ ഒരുമണിക്കൂറില്‍ ആണ്. അതിനാല്‍ നെഞ്ചുവേദന അനുഭവപ്പെട്ടു കഴിഞ്ഞാല്‍ ഉടനെ തന്നെ എത്രയും പെട്ടെന്ന് വിദഗ്ധ വൈദ്യസഹായം തേടണം. ഹൃദയകോശങ്ങളുടെ ജീവന്‍ ഓരോ നിമിഷവും അപഹരിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിനാല്‍ ഹൃദയാഘാതം ഉണ്ടായതായി രോഗനിര്‍ണയം ചെയ്തുകഴിഞ്ഞാല്‍ ഉടനെതന്നെ ചികിത്സ ആരംഭിക്കണം.

കൊറോണറി ത്രോംബോളിസിസ്

ഹൃദയഭിത്തികളിലേക്കുള്ള രക്ത സഞ്ചാരത്തെ സുഗമമാക്കുന്ന ആധുനിക ചികിത്സകളില്‍ ഒന്നാണ് കൊറോണറി ത്രോംബോളിസിസ് എന്ന മരുന്നു ചികിത്സ. ഹൃദയത്തിലെ ഏതെങ്കിലും പ്രധാന രക്തധമനിയില്‍ രക്തം കട്ടപിടിച്ചാലാണ് മേജര്‍ ഹാര്‍ട്ടറ്റാക്ക് ഉണ്ടാകുന്നത്. ഇത്തരത്തില്‍ ഹൃദയാഘാതത്തിനു കാരണമാകുന്ന രക്തക്കട്ട അലിയിച്ചു കളയുന്നതിനുള്ള മരുന്നുകളാണ് ത്രോംബോളിറ്റിക് ഏജന്റ്‌സ് എന്ന പേരില്‍ വിപണിയില്‍ ലഭ്യമായിരിക്കുന്നത്. ഈ ചികിത്സ നെഞ്ചുവേദന തുടങ്ങി ഏകദേശം ആറു മണിക്കൂറിനുള്ളില്‍ ചെയ്യേണ്ടതാണ്. എന്നാല്‍ ആറ് മണിക്കൂറിനുശേഷം രക്തകട്ട കൂടുതല്‍ ദൃഢമാകുകയും മരുന്നുകൊണ്ട് അലിയിക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു. ഇങ്ങനെ വരികയാണെങ്കില്‍ ഇത് കൊണ്ട് കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയും ഇല്ല. എങ്കിലും നെഞ്ചുവേദന തുടങ്ങി 22 മണിക്കൂര്‍ വരെ ഈ മരുന്ന് കൊടുക്കാറുണ്ട്. ഹാര്‍ട്ട് അറ്റാക്കിന് കാരണമായ ഇത്തരം രക്തക്കട്ടകള്‍ അലിയിച്ചു കളയുന്ന ആധുനിക മരുന്നു ചികിത്സാരീതിയാണ് കൊറോണറി ത്രോംബോളിസിസ്. ഈ ചികിത്സമൂലം ഏകദേശം 50 ശതമാനം മുതല്‍ 80 ശതമാനം വരെ രക്തക്കുഴലുകളും വീണ്ടും പ്രവര്‍ത്തനനിരതമാക്കാനും ഹൃദ്രോഗത്തിന്റെ കാഠിന്യവും തുടര്‍ന്നുള്ള പ്രത്യാഘാതങ്ങളും കുറച്ചു കൊണ്ടുവരുവാനും ഒരു പരിധിവരെ സാധിക്കും.

ആന്‍ജിയോപ്ലാസ്റ്റി

രക്തക്കുഴലുകളിലെ ബ്ലോക്ക് മൂലമുള്ള പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള ചികിത്സാമാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആന്‍ജിയോപ്ലാസ്റ്റി. മേജര്‍ ഹാര്‍ട്ടറ്റാക്ക് സംഭവിച്ച രോഗികള്‍ക്ക് ഹൃദയധമനികളില്‍ രക്തക്കട്ട നീക്കംചെയ്തു ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം പുന:സ്ഥാപിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായതും ശാസ്ത്രീയമായതുമായ ചികിത്സാരീതി യാണ് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി. കയ്യിലെയോ കാലിലെയോ പ്രധാന രക്തക്കുഴലുകള്‍ വഴിയാണ് സാധാരണയായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്. ധമനികളില്‍ ബ്ലോക്കുള്ള ഭാഗത്ത് ഒരു നേര്‍ത്ത ബലൂണ്‍ എത്തിച്ച് അവിടെവച്ച് വികസിപ്പിക്കുന്നു. ബ്ലോക്കുള്ള ഭാഗത്ത് വെച്ച് ബലൂണ്‍ സാവധാനം വികസിപ്പിക്കുമ്പോള്‍ തടസ്സം നീങ്ങുകയും രക്തപ്രവാഹം 
സുഗമമാക്കുകയും ചെയ്യും. വീണ്ടും രക്തക്കുഴല്‍ ചുരുങ്ങാതിരിക്കാന്‍ സ്റ്റെന്‍ഡിങ് ഉള്‍പ്പെടെയുള്ള ചികിത്സാ രീതികള്‍ ചെയ്യാറുണ്ട്. മേജര്‍ ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ച രോഗിക്ക് രക്തം കട്ടപിടിക്കുന്നതിനുള്ള ഗുളികകള്‍ അടിയന്തിരമായി നല്‍കുന്നു. ഏത്രയും പെട്ടെന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കുക എന്നതാണ് ഏറ്റവും അനുയോജ്യമായ ചികിത്സ. ഇത് പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി എന്ന് അറിയപ്പെടുന്നു. എന്നാല്‍ മറ്റു തരത്തിലുള്ള ഹൃദയാഘാതങ്ങളായ മൈനര്‍ ഹാര്‍ട്ട് അറ്റാക്ക് എന്നറിയപ്പെടുന്ന നോണ്‍ എസ്.ടി.ഏലിവേഷന്‍ എം.ഐ. അല്ലെങ്കില്‍ അണ്‍സ്റ്റേബിള്‍ ആന്‍ജൈന എന്നീ അസുഖങ്ങളില്‍ സാധാരണയായി എമര്‍ജന്‍സി പ്രൈമറി ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വരാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഹൃദയാഘാതത്തിന് ആദ്യപടിയായി മരുന്നു ചികിത്സയും പിന്നീട് അധികം വൈകാതെ ആന്‍ജിയോഗ്രാമും ചെയ്യുന്നു. ആന്‍ജിയോഗ്രാം ചെയ്തതിനുശേഷം രക്തധമനികളില്‍ എത്രമാത്രം ബ്ലോക്ക് ഉണ്ട് എന്ന് തിട്ടപ്പെടുത്തി തുടര്‍ന്നുള്ള ചികിത്സ നിര്‍ദ്ദേശിക്കുന്നു. ബ്ലോക് തരണം ചെയ്യുന്നതിനുള്ള ചികിത്സാമാര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ആന്‍ജിയോപ്ലാസ്റ്റി. പ്രധാനപ്പെട്ട ബ്ലോക്ക് ഉണ്ടെങ്കില്‍ അതിന് ശേഷം ആന്‍ജിയോപ്ലാസ്റ്റി നിര്‍ദേശിക്കാറുണ്ട്.

എങ്ങനെയാണ് ആണ് ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത്?

രക്തധമനിയില്‍ എവിടെയാണ് ബ്ലോക്ക് ഉള്ളതെന്ന് ആന്‍ജിയോഗ്രാഫിയിലൂടെ ആദ്യം തിട്ടപ്പെടുത്തിയിരിക്കും. ആദ്യം തന്നെ കൊറോണറി ധമനിയില്‍ നേരിയ ഒരു ട്യൂബ് അല്ലെങ്കില്‍ കത്തീറ്റര്‍ കടത്തിവിടും. ഒരു നേര്‍ത്ത വയറിന്റെ സഹായത്തോടെ വളരെ ചെറിയ ഒരു ബലൂണ്‍ ബ്ലോക്ക് ഉള്ള ഭാഗത്ത് സ്ഥാപിക്കുന്നു. എക്‌സ്-റേ മോണിറ്ററില്‍ കൃത്യമായി നോക്കിക്കൊണ്ടാണ് ബലൂണ്‍ സ്ഥാപിക്കുന്നത്. തുടര്‍ന്ന് ബലൂണ്‍ നിശ്ചിത മര്‍ദ്ദത്തില്‍ അയഡിന്‍ ഡൈ ഉപയോഗിച്ച് വികസിപ്പിക്കുന്ന. കട്ടിയുള്ള കൊഴുപ്പ് അമര്‍ത്തപ്പെട്ട് ധമനിയുടെ ഉള്‍വ്യാസം കൂടുന്നു. ഒന്നോ രണ്ടോ മിനിറ്റ് ബലൂണ്‍ അതേ അവസ്ഥയില്‍ നിര്‍ത്തിയശേഷമാണ് സാവധാനം അതു ചുരുക്കുക. ബ്ലോക്ക് ഉണ്ടായ ഭാഗം വേണ്ടത്ര വികസിച്ചെന്നു ബോധ്യപ്പെട്ടാല്‍ ബലൂണ്‍ കത്തീറ്റര്‍ ഹൃദയധമനികളില്‍ നിന്നും സാവധാനത്തില്‍ പിന്‍വലിക്കുന്നു. ബലൂണ്‍ ഉപയോഗിച്ച് ബ്ലോക്ക് ഉള്ള ഭാഗം വികസിപ്പിച്ച് അതിനുശേഷം പ്രസ്തുത ഭാഗത്ത് ആവശ്യത്തിന് വലിപ്പത്തിലുള്ള ഒരു സ്റ്റെന്‍ഡ് സ്ഥാപിക്കുന്നു. 

(കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: World Heart Day 2021, Heart attack treatments, what is angioplasty, Health