ഹൃദയപേശികള്‍ക്ക് പ്രാണവായു കുറയുമ്പോഴാണ് ഹൃദയാഘാത ലക്ഷണങ്ങളുണ്ടാകുന്നത്. സാധാരണഗതിയില്‍ കൊറോണറി ധമനികളിലൂടെ ഒഴുകിയെത്തുന്ന രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഓക്സിജന്‍ ലഭ്യതയും ഹൃദയപേശികളുടെ ഓക്സിജന്റെ ആവശ്യവും തുലനാവസ്ഥയിലായിരിക്കും. എന്നാല്‍ ഹൃദയസ്പന്ദനനിരക്ക് വര്‍ധിക്കുക, ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിക്കുക, ഹൃദയഭിത്തിക്ക് കട്ടികൂടുക തുടങ്ങിയ സാഹചര്യങ്ങളില്‍ ഇതിന്റെ താളം തെറ്റും. ഓക്സിജന്റെ ആവശ്യം കൂടുകയും എന്നാല്‍ കൊറോണറി ധമനിയിലെ തടസ്സങ്ങള്‍മൂലം ഓക്സിജന്‍ കലര്‍ന്ന രക്തം ആവശ്യത്തിന് എത്താതെ വരുകയും ചെയ്യുമ്പോഴാണ് നെഞ്ചുവേദന (അന്‍ജൈന) ഉണ്ടാകുന്നത്. ഈ അവസ്ഥ കൂടുതല്‍നേരം നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഓക്സിജന്‍ ലഭിക്കാതെ ഹൃദയപേശികള്‍ നശിക്കാന്‍ തുടങ്ങും. ഇതാണ് ഹൃദയാഘാതം അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍.

അതിറോസ്‌ക്ലിറോസിന് കാരണമാകുന്ന ഘടകങ്ങളാണ് ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നത്. ചിലപ്പോള്‍ ഒരു വ്യക്തിയില്‍ത്തന്നെ പല അപകടഘടകങ്ങള്‍ ഒത്തുചേരുന്ന സങ്കീര്‍ണാവസ്ഥ (മെറ്റബോളിക് സിന്‍ഡ്രോം) ഉണ്ടായെന്നുവരാം.

പ്രമേഹം:  പ്രമേഹ സങ്കീര്‍ണതകള്‍ക്ക് കാരണമായ അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ്‌പ്രോഡക്ട്‌സ് രക്തക്കുഴലുകളുടെ ഉള്‍സ്തരമായ എന്‍ഡോത്തീലിയത്തിന്റെ ഘടനാവ്യതിയാനങ്ങള്‍ക്കും പ്രവര്‍ത്തന തകരാറുകള്‍ക്കും രക്തക്കട്ടകള്‍ രൂപപ്പെടുന്നതിനും കാരണമാകുന്നു. പ്രമേഹരോഗികളില്‍ കൂടുതലായി കണ്ടുവരുന്ന ഓക്സീകരിക്കപ്പെട്ട ലിപ്പോ പ്രോട്ടീനിന്റെ സാന്നിധ്യം, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് നില, നീര്‍വീക്കം, രക്തം കട്ടപിടിക്കാനുള്ള ഉയര്‍ന്ന സാധ്യത എന്നിവയൊക്കെ ഹൃദയധമനി രോഗങ്ങള്‍ക്കുള്ള മറ്റു കാരണങ്ങളാണ്.

രക്താതിമര്‍ദം: രക്തധമനികളുടെ നീര്‍വീക്കത്തിനും തുടര്‍ന്ന് ജരാവസ്ഥയ്ക്കും രക്തം കട്ടപിടിക്കുന്നതിനും രക്താതിമര്‍ദം കാരണമാകുന്നു. രക്തക്കുഴലുകള്‍ ചുരുങ്ങാന്‍ കാരണമാകുന്ന ആന്‍ജിയോടെന്‍സിന്‍ കക എന്ന ഘടകമാണ് ഹൈപ്പര്‍ ടെന്‍ഷനെ തുടര്‍ന്ന് രക്തധമനികള്‍ക്കുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങള്‍ക്കു കാരണം. 

അമിത കൊഴുപ്പ്: രക്തത്തിലെ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്‍. ഓക്സീകരിക്കപ്പെടുമ്പോള്‍ രക്തധമനികള്‍ക്ക് നീര്‍വീക്കമുണ്ടാക്കുവാനും രക്തക്കട്ടകള്‍ രൂപമെടുക്കാനും ഇടയാക്കുന്നു.

പുകവലി: പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ഉള്‍പ്പെടെയുള്ള വിഷവസ്തുക്കള്‍ രക്തധമനിയുടെ ഉള്‍സ്തരമായ എന്‍ഡോത്തീലിയത്തില്‍ ക്ഷതമുണ്ടാക്കുന്നു. പ്ലേറ്റ്‌ലറ്റുകള്‍ കൂടിച്ചേര്‍ന്ന് രക്തക്കട്ടകള്‍ രൂപമെടുക്കുന്നതിനും രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ സഹായിക്കുന്ന ഫൈബ്രിനോജന്‍ എന്ന പ്രോട്ടീനിന്റെ അളവ് വര്‍ധിക്കുന്നതിനും രക്തത്തിന്റെ സാന്ദ്രത വര്‍ധിപ്പിക്കുന്നതിനും പുകവലി ഇടയാക്കുന്നു. 

മാനസിക സമ്മര്‍ദം: മാനസിക പിരിമുറുക്കവും പെട്ടെന്നുള്ള വികാരക്ഷോഭവുമൊക്കെ ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. 

അമിതവണ്ണം: വയറിന് ചുറ്റുമായി കൊഴുപ്പടിഞ്ഞുകൂടി ആപ്പിള്‍ പോലെ വീര്‍ത്തിരിക്കുന്ന അവസ്ഥയാണ് ആപ്പിള്‍ ഒബിസിറ്റി. ഇക്കൂട്ടര്‍ക്ക് ഹൃദ്രോഗത്തിന് പുറമേ പ്രമേഹസാധ്യതയും അമിത കൊളസ്‌ട്രോളിനുള്ള സാധ്യതയും കൂടുതലാണ്. 

സി. റിയാക്ടീവ് പ്രോട്ടീന്‍

ഹൃദയാഘാതത്തിന് ഇടയാക്കുന്ന നൂതന അപകടഘടകങ്ങളില്‍ പ്രധാനമാണ് സി.റിയാക്ടീവ് പ്രോട്ടീന്‍ അഥവാ സി.ആര്‍.പി. രക്തത്തില്‍ സി.ആര്‍.പിയുടെ അളവ് കൂടുന്നത് ഹൃദയാഘാതസാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ എവിടെയെങ്കിലും നീര്‍ക്കെട്ട് ഉണ്ടാകുന്നതിന്റെ സൂചനയാണ് ഉയര്‍ന്ന സി.ആര്‍.പി. അണുബാധ, സന്ധിവാതരോഗങ്ങള്‍, അര്‍ബുദം എന്നിവ ഉണ്ടാകുമ്പോള്‍ സി.ആര്‍.പി.യുടെ അളവ് കൂടാറുണ്ട്.

സാധാരണമായി കരളിലാണ് സി. റിയാക്ടീവ് പ്രോട്ടീന്‍ ഉത്പാദിപ്പിക്കപ്പെടാറുള്ളത്. എന്നാല്‍ ഹൃദയാഘാത സാധ്യത കൂടിയവരില്‍ ഹൃദയധമനിയുടെ ഉള്‍സ്തരങ്ങളിലെ കോശങ്ങളില്‍ ഇവ ഉത്പാദിപ്പിക്കപ്പെടുകയും ഇവയുടെ പ്രവര്‍ത്തനംമൂലം ഈ കോശത്തിന് ക്ഷതമുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ കോശങ്ങളുടെ ക്ഷതംമൂലം ഘടനാപരമായി വ്യതിയാനം സംഭവിച്ച രക്തക്കുഴലുകളിലാണ് കൊഴുപ്പടിഞ്ഞുകൂടി രക്തക്കട്ടകള്‍ രൂപപ്പെടുന്നത്.

കൂടുതല്‍ കൃത്യതയുള്ള സി. റിയാക്ടീവ് പ്രോട്ടീനാണ് ഹൈ സെന്‍സിറ്റിവിറ്റി സി. റിയാക്ടീവ് പ്രോട്ടീന്‍. (വെഇഞജ). രക്തത്തിലെ എച്ച്.എസ്.സി.ആര്‍.പി.യുടെ അളവ് രണ്ടു മില്ലി ഗ്രാമിനു മുകളിലായാല്‍ ഹൃദയാഘാതസാധ്യത രണ്ടുമടങ്ങുവരെ വര്‍ധിക്കുന്നു. കൃത്യമായ വ്യായാമം, ശരീരഭാരം കുറയ്ക്കല്‍, ഭക്ഷണക്രമീകരണം, പുകവലി നിര്‍ത്തല്‍ എന്നിവയിലൂടെ സി.ആര്‍.പി.യുടെ അളവ് കുറയ്ക്കാം. കൂടാതെ കൊളസ്ട്രോള്‍ നില കുറയ്ക്കുന്ന മരുന്നായ സ്റ്റാറ്റിനും ഈ പ്രോട്ടീന്റെ അളവു കുറയ്ക്കാന്‍ സഹായിക്കുന്നു.

ഹോമോസിസ്റ്റീന്‍

സള്‍ഫര്‍ അടങ്ങിയ അമിനോ ആസിഡാണ് ഹോമോസിസ്റ്റീന്‍. രക്തത്തിലെ ഹോമോസിസ്റ്റീനിന്റെ അളവ് ലിറ്ററില്‍ 15 മൈക്രോഗ്രാമില്‍ കൂടുതലായാല്‍ ഹൃദയാഘാതസാധ്യത രണ്ടുമടങ്ങുവരെ വര്‍ധിക്കുന്നു. ദീര്‍ഘകാല വൃക്കരോഗങ്ങള്‍, ഹൈപ്പോ തൈറോയ്ഡിസം, രക്തത്തിലെ ഫോളിക് ആസിഡിന്റെ കുറഞ്ഞ അളവ്, ജനിതകവൈകല്യങ്ങള്‍, അര്‍ബുദചികിത്സയ്ക്കും സന്ധിവാത ചികിത്സയ്ക്കും ഉപയോഗിക്കുന്ന മെത്തോട്രെക്സേറ്റ്, അപസ്മാരചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ കാര്‍ബമാസെപയ്ന്‍ തുടങ്ങിയവയൊക്കെ രക്തത്തിലെ ഹോമോസിസ്റ്റിന്റെ അളവ് കൂട്ടും. രക്തത്തിലെ ചീത്തകൊളസ്ട്രോളായ എല്‍.ഡി.എല്ലിനെ ഓക്‌സീകരിച്ച് രക്തക്കുഴലില്‍ പെട്ടെന്ന് പറ്റിപ്പിടിച്ച് ബ്ലോക്കുണ്ടാക്കുകയാണ് ഹോമോസിസ്റ്റിന്‍ ചെയ്യുന്നത്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചും ഫോളിക് ആസിഡ് ഗുളികകള്‍ കഴിച്ചും ഹോമോസിസ്റ്റിന്റെ അളവ് നിയന്ത്രിക്കാം.

ഫൈബ്രിനോജന്‍

മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീനാണ് ഫൈബ്രിനോജന്‍. കരളിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്. രക്തത്തിലെ ഫൈബ്രിനോജന്റെ അളവ് കൂടുന്നത് ഹൃദയധമനികളില്‍ രക്തം കട്ടപിടിച്ച് ബ്ലോക്കുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രമേഹം, അമിതവണ്ണം, രോഗാണുബാധ തുടങ്ങിയവ ഉള്ളവരിലും പുകവലിക്കുന്നവരിലും രക്തത്തിലെ ഫൈബ്രിനോജന്റെ അളവ് കൂടുതലായിരിക്കും. ജീവിതശൈലി ആരോഗ്യകരമാക്കുകയാണ് ഫൈബ്രിനോജന്റെ അളവ് നിയന്ത്രിക്കാനുള്ള മാര്‍ഗം.

ലിപ്പോപ്രോട്ടീന്‍-എ

ചീത്ത കൊളസ്ട്രോളായ എല്‍.ഡി.എല്ലും അപോ-എ (ApoA) എന്ന പ്രോട്ടീന്‍ തന്മാത്രയും സംയോജിച്ചുണ്ടാകുന്ന പ്രത്യേക കൊഴുപ്പുഘടകമാണ് ലിപ്പോപ്രോട്ടീന്‍ എ. ഇതിന്റെ അളവ് സാധാരണമായി 100 മില്ലിലിറ്റര്‍ രക്തത്തില്‍ 20 മില്ലിഗ്രാമിനു താഴെയാണ്. ലിപ്പോപ്രോട്ടീന്‍-എയുടെ അളവ് 30 മില്ലിഗ്രാമിനു മുകളിലാവുമ്പോള്‍ ഹൃദയാഘാതസാധ്യത മൂന്നിരട്ടിവരെ വര്‍ധിക്കുന്നു. 

ധമനിയുടെ ഉള്‍സ്തരത്തില്‍ രക്തക്കട്ടകള്‍ രൂപപ്പെട്ട് സ്‌ട്രോക്കുണ്ടാകാന്‍ കാരണമാകുന്നതുകൊണ്ടാണ് ലിപോപ്രോട്ടീന്‍-എയെ ഹൃദയാഘാതസാധ്യത വര്‍ധിപ്പിക്കുന്ന അപകട ഘടകമായി കണ്ടെത്തിയിരിക്കുന്നത്. ബി കോംപ്ലക്‌സ് വിറ്റാമിനായ നിയാസിന്‍ ഉയര്‍ന്ന അളവില്‍ കഴിക്കുന്നത് ഈ പ്രോട്ടീന്റെ അളവ് കുറയ്ക്കും. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതും പുകവലി ഒഴിവാക്കുന്നതും കൃത്യമായി വ്യായാമത്തിലേര്‍പ്പെടുന്നതുമൊക്കെ ലിപ്പോപ്രോട്ടീന്‍ എയുടെ നില നിയന്ത്രിച്ചുനിര്‍ത്തും.

നെഞ്ചിലനുഭവപ്പെടുന്ന പലതരത്തിലുള്ള അസ്വസ്ഥതകളാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. നെഞ്ചില്‍ ഭാരം കയറ്റിവെച്ചതുപോലെ അല്ലെങ്കില്‍ വരിഞ്ഞുമുറുക്കുന്നതുപോലെ, നെഞ്ചിനകത്തെന്തോ സമ്മര്‍ദംപോലെയൊക്കെ ഹാര്‍ട്ട് അറ്റാക്കിനെത്തുടര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ടാകാം. നെഞ്ചുവേദനയും ഉണ്ടായെന്നുവരാം.

ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നുണ്ടാകുന്ന നെഞ്ചുവേദനയാണ് അന്‍ജൈന. അധ്വാനിക്കുമ്പോഴോ തിരക്കു കൂട്ടുമ്പോഴോ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴോ ഒക്കെ അന്‍ജൈന ഉണ്ടാകാം.  2-5 മിനിറ്റുവരെഈ അസ്വസ്ഥതകള്‍ നീണ്ടുനില്‍ക്കാം. മാനസികസമ്മര്‍ദങ്ങളും പിരിമുറുക്കവുമെല്ലാം അന്‍ജൈന ഉണ്ടാക്കിയേക്കാം. വിശ്രമിക്കുമ്പോള്‍ നെഞ്ചുവേദനയ്ക്ക് ആശ്വാസം ലഭിക്കുകയുംചെയ്യും.

നെഞ്ചിലെ വേദന തോളിലേക്കും കൈകളിലേക്കും ചുമല്‍ വഴി താടിയെല്ലിലേക്കുംവരെ വ്യാപിച്ചെന്നും വരാം. 

ലക്ഷണങ്ങള്‍

അധ്വാനിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്നു. വിശ്രമിക്കുമ്പോള്‍ ആശ്വാസം ലഭിക്കുന്നു.നാക്കിനടിയില്‍ സോര്‍ബിട്രേറ്റ് ഗുളികകള്‍ വെക്കുമ്പോള്‍ വേദന കുറയാം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൃദയപേശികള്‍ രക്തംകിട്ടാതെ നശിക്കാന്‍ തുടങ്ങുന്ന അവസ്ഥയാണ് മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍. ഇതിനെ തുടര്‍ന്ന് നെഞ്ചിനകത്തെ അസ്വസ്ഥതകള്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കാം.

വിശ്രമിക്കുമ്പോള്‍ അനുഭവപ്പെടുന്ന നെഞ്ചിനകത്തെ അസ്വസ്ഥതകളും കൂടുതല്‍ തീവ്രമായ നെഞ്ചുവേദനയുമാണ് അന്‍ജൈനയില്‍ നിന്ന് ഇന്‍ഫാര്‍ക്ഷന്റെ വേദനയെ വേര്‍തിരിക്കുന്നത്. കൂടാതെ വിശ്രമിച്ചാലും നെഞ്ചുവേദന മാറുകയുമില്ല. മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷനെ തുടര്‍ന്ന് നെഞ്ചുവേദനയോടൊപ്പം അമിതക്ഷീണം, ശരീരമാസകലം വിയര്‍ക്കുക, ഓക്കാനം, ഛര്‍ദി, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായെന്നുവരാം.

അസാധാരണ ലക്ഷണങ്ങള്‍

ചിലപ്പോള്‍ നെഞ്ചുവേദനയില്ലാതെ മറ്റുചില അസാധാരണ ലക്ഷണങ്ങളുമായി ഹാര്‍ട്ട് അറ്റാക്കുണ്ടാകാം.  പ്രായമേറിയവര്‍, പ്രമേഹരോഗികള്‍, സ്ത്രീകള്‍ തുടങ്ങിയവരിലാണ് അസാധാരണ ലക്ഷണങ്ങള്‍ കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.

ശ്വാസം മുട്ടല്‍: ശ്വാസംമുട്ടലുംചുമയും ഉണ്ടായെന്നുവരാം. കിടക്കുമ്പോള്‍ ശ്വാസംമുട്ടലനുഭവപ്പെടുകയും എഴുന്നേറ്റിരിക്കുമ്പോള്‍ ആശ്വാസം ലഭിക്കുന്നതും ഹൃദയപരാജയത്തെ തുടര്‍ന്നുള്ള ശ്വാസംമുട്ടലിന്റെ സവിശേഷതയാണ്. രാത്രിയില്‍ മയക്കത്തിനിടയില്‍ പെട്ടെന്ന് ശ്വാസം ലഭിക്കാതെ എഴുന്നേല്‍ക്കേണ്ടിവന്നേക്കാം. 

ഓക്കാനവും ഛര്‍ദിയും: ഈ ലക്ഷണം ഉദരരോഗമായി തെറ്റിദ്ധരിക്കാറുണ്ട്. സ്ത്രീകളിലാണ് ഈ ലക്ഷണങ്ങള്‍ കൂടുതലായി പ്രകടമാകാറ്. ഛര്‍ദിക്കൊപ്പം അസാധാരണമായ ക്ഷീണം, ശ്വാസംമുട്ടല്‍, തലചുറ്റല്‍ തുടങ്ങിയവ ഉണ്ടാകുന്നതും ഹൃദയാഘാതസൂചനയാകാം.

അമിത വിയര്‍പ്പ്: ശരീരമാസകലം പെട്ടെന്ന് വിയര്‍ത്തുകുളിക്കുന്നതും ശരീരം തണുത്തിരിക്കുന്നതും ഹാര്‍ട്ട് അറ്റാക്കിന്റെ സൂചനകയാകാം. 

ബോധക്കേട്: പെട്ടെന്ന് ബോധക്ഷയം സംഭവിച്ചെന്നുവരാം. കുറച്ചുസമയം കഴിഞ്ഞ് ബോധം വീണ്ടെടുക്കുമെങ്കിലും ക്ഷീണം നീണ്ടുനിന്നേക്കാം. 

ഹൃദയാഘാതത്തെതുടര്‍ന്നുള്ള മരണങ്ങളില്‍ പകുതിയിലേറെയും ഹാര്‍ട്ട് അറ്റാക്കിനെ തുടര്‍ന്നുള്ള ആദ്യ ഒരു മണിക്കൂറിനുള്ളിലാണ് സംഭവിക്കുന്നത്. തന്നെയുമല്ല ചികിത്സ ലഭിക്കാന്‍ കൂടുതല്‍ വൈകുന്തോറും ഹൃദയപേശികള്‍ ഒന്നൊന്നായി നിര്‍ജീവമായിക്കൊണ്ടിരിക്കും. രോഗിയെ ഹൃദ്രോഗചികിത്സാസംവിധാനങ്ങളുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെ ശാസ്ത്രീയമായി നല്‍കുന്ന ചില പ്രഥമശുശ്രൂഷാ നടപടികളിലൂടെ ഹൃദയപേശികള്‍ക്കുണ്ടാകുന്ന നാശം പരിമിതപ്പെടുത്താന്‍ സാധിക്കും.

Content Highlights: World Heart Day 2021, Heart attack symptoms and causes, Heart Health