രോഗിയുടെ ലക്ഷണങ്ങള്‍ വിശദമായി മനസ്സിലാക്കുക. രോഗത്തിന്റെ മുന്‍കാല ചരിത്രം, കടുംബത്തിലെയോ രക്തബന്ധത്തിലുള്ളവരുടെയൊ ഹൃദ്രോഗവിവരങ്ങള്‍, രോഗിയുടെ ശരീരപരിശോധന, അനുബന്ധമായി ചില പ്രധാന പരിശോധനകള്‍ എന്നിവ ഹൃദ്രോഗം കണ്ടുപിടിക്കുന്നതിനു വേണ്ടി ചെയ്യാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇ.സി.ജി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഇലക്ട്രോ കാര്‍ഡിയോഗ്രാം എന്ന പരിശോധനയാണ്. ഹൃദയ പരിശോധനകളില്‍ ഏറ്റവും ചെലവ് കുറഞ്ഞതും എന്നാല്‍ ഹൃദയാഘാതം, മിടിപ്പ് വ്യതിയാനം എന്നിവ കണ്ടുപിടിക്കാന്‍ ഏറ്റവും സഹായകമായതുമായ പരിശോധനയാണിത്.

കാര്‍ഡിയാക് ബയോമാര്‍മേക്കര്‍സ്

ഹൃദയാഘാതം ഉണ്ടാകുമ്പോള്‍ ഹൃദയപേശികള്‍ നിര്‍ജീവമാകുകയും തന്മൂലം ഇവയില്‍നിന്ന് എന്‍സൈമുകളും മറ്റു സ്രവങ്ങളും രക്തത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. ഇവ ഹൃദയാഘാതത്തിന്റെ ബയോ മാര്‍ക്കറുകള്‍ എന്നാണ് അറിയപ്പെടുന്നത്. തക്കസമയത്ത് പരിശോധിക്കുകയാണെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക് നിര്‍ണയിക്കാനും അതിന്റെ തീവ്രത മനസ്സിലാക്കാനും ഇതുകൊണ്ട് സാധിക്കും. ക്രിയാറ്റിന്‍ ഫോസ്്ഫോ കൈനൈസ്, ട്രോപോണിന്‍ എന്നീ പ്രധാനമായ എന്‍സൈമുകളാണ് സാധാരണയായി ടെസ്റ്റ് ചെയ്ത് നിര്‍ണയിക്കുന്നത്. ഹൃദയാഘാതം ഉണ്ടായി മണിക്കൂറുകള്‍ കഴിഞ്ഞാലെ രക്തത്തില്‍ ഇവയുടെ നിലവാരം ഉയരുകയുള്ളൂ. ഇത് ഹൃദയാഘാതം സംഭവിച്ചു എന്ന് ഉറപ്പുവരുത്താന്‍ മാത്രമല്ല, ഹൃദയാഘാതം മൂലം ഹൃദയപേശികള്‍ എത്രത്തോളം നിര്‍ജീവമായി എന്നു കണ്ടുപിടിക്കുവാനും സഹായിക്കുന്നു.

ട്രെഡ്മില്‍ ടെസ്റ്റിംഗ് 

ഇ.സി.ജി. എടുത്തത് കൊണ്ട് മാത്രം പല സന്ദര്‍ഭങ്ങളിലും ഹൃദ്രോഗത്തെ കുറിച്ച് ഭാഗികമായ അറിവു മാത്രമേ ലഭിക്കുന്നുള്ളൂ.  സന്ദര്‍ഭത്തിലാണ് ട്രെഡ്മില്‍ ടെസ്റ്റിംഗ് അഥവാ ടി. എം. ടി ടെസ്റ്റ് നിര്‍ദ്ദേശിക്കുന്നത്. ശരീരത്തെ ഇ.സി.ജി മെഷീനുമായി ബന്ധിപ്പിച്ചശേഷം ഒരു ബെല്‍റ്റിലൂടെ നടക്കുവാന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. തുടക്കത്തില്‍ വളരെ സാവധാനത്തില്‍ തുടങ്ങി, ഓരോ മൂന്നു മിനിറ്റിലും വേഗത കൂടിക്കൊണ്ടിരിക്കുന്നു. ഓരോ രോഗിക്കും അവരുടെ പ്രായത്തിനനുസരിച്ച് ഒരു നിശ്ചിത ഹൃദയമിടിപ്പ് വച്ചിട്ടുണ്ട്. ഈ അളവ് വരെ ഹൃദയമിടിപ്പ് എത്തുന്നതുവരെ യാണ് സാധാരണഗതിയില്‍ ടെസ്റ്റ് ചെയ്യുന്നത്. സാധാരണ ആരോഗ്യമുള്ള വ്യക്തികള്‍ക്ക് എട്ട് മുതല്‍ 10 മിനിറ്റ് വരെ ടി.എം.ടി. മെഷീനില്‍ നടക്കുവാന്‍ സാധിക്കും. ഇ.സി.ജി യില്‍ വ്യത്യാസങ്ങള്‍ കാണുകയോ, നെഞ്ചുവേദന അനുഭവപ്പെടുകയോ രക്തസമ്മര്‍ദ്ദം അമിതമായി കൂടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളിലാണ് ടെസ്റ്റ് അവസാനിപ്പിക്കുന്നത്. ടെസ്റ്റ് പൂര്‍ത്തിയാകുന്നതിനു മുന്‍പ് നെഞ്ചില്‍ ഭാരമോ വേദനയോ അനുഭവപ്പെട്ടാല്‍ ടെസ്റ്റ് ഉടനെ നിര്‍ത്തുന്നു. ഹൃദയാഘാതത്തിന് ശേഷം മൂന്ന് മുതല്‍ ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ടി.എം.ടി ടെസ്റ്റ് നിര്‍ദ്ദേശിക്കുന്നത്. ടെസ്റ്റിന് മുമ്പുള്ള രണ്ട് മണിക്കൂറിനുള്ളില്‍ ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുകയോ പുകവലിക്കുകയോ ചായ, കാപ്പി എന്നിവ ഉപയോഗിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന നെഞ്ചുവേദനയോ ശ്വാസംമുട്ടലോ ഹൃദ്രോഗം മൂലമാണോ എന്ന് മനസ്സിലാക്കുന്നതിനും ഹൃദ്രോഗത്തിന്റെ തീവ്രത മനസ്സിലാക്കുന്നതിനും ഹൃദയാഘാതത്തിന് ശേഷം ഹൃദയത്തിന്റെ അവസ്ഥ അറിയുന്നതിനും ടെസ്റ്റ് സഹായകമാണ്.

എക്കോ കാര്‍ഡിയോഗ്രാം

എക്കോ കാര്‍ഡിയോഗ്രാഫി അഥവാ ഹാര്‍ട്ട് സ്‌കാനിങ് ചെയ്യുന്നതുമൂലം ഹൃദയത്തിന്റെ പേശികളുടെ ചലന ക്ഷമത അറിയുന്നതിനും ഹൃദയത്തിന്റെ പമ്പിംഗ് അളക്കുന്നതിനും, വാല്‍വുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കണ്ടുപിടിക്കുന്നതിനും സഹായിക്കുന്നു.

കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍

ഹൃദയത്തിനകത്തേക്കുള്ള പ്രധാന രക്തക്കുഴലുകളില്‍ നേരിയ ട്യൂബുകള്‍ കടത്തി ഡൈ ഇന്‍ജെക്റ്റ് ചെയ്ത് നടത്തുന്ന പഠന രീതിയാണിത്. ഇതില്‍ എക്‌സറേ ആണ് ഉപയോഗിക്കുന്നത്. ഹൃദയത്തിന്റെ അകത്തെ മര്‍ദ്ദം, ഹൃദയാഘാതത്തിനു കാരണമാക്കിയ രക്തക്കുഴലുകളുടെ ചിത്രീകരണം (കൊറോണറി ആന്‍ജിയോഗ്രാം) തുടങ്ങിയ പരിശോധനകള്‍, ആന്‍ജിയോപ്ലാസ്റ്റി, ചുരുങ്ങിയ വാല്‍വുകള്‍ തുറക്കുന്ന ബലൂണ്‍ വാല്‍വുലോപ്ലാസ്റ്റി, ഹൃദയ ദ്വാരങ്ങള്‍ അടയ്ക്കുന്ന ചികിത്സാരീതികള്‍ എന്നിവയെല്ലാം ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യുന്നു. 

കൊറോണറി ആന്‍ജിയോഗ്രാഫി

ഹൃദയ ധമനി അഥവാ കൊറോണറി ആര്‍ട്ടറികളുടെചുരുക്കവും തടസ്സവും മനസ്സിലാക്കുവാന്‍ വേണ്ടി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പരിശോധന രീതിയാണിത്.

കയ്യിലെയോ കാലിലെയോ രക്തധമനി വഴി ഒരു കത്തീറ്റര്‍ അഥവാ നേരിയ ട്യൂബ് പ്രധാന ഹൃദയധമനിയുടെ തുടക്കം വരെ എത്തിക്കുന്നു. അതിനുശേഷം കത്തീറ്ററിന്റെ അഗ്രഭാഗം കൊറോണറി ആര്‍ട്ടറിയില്‍കടത്തി ഒരു കോണ്‍ട്രാസ്റ്റ് ഏജന്റ് (ഡൈ) ഇഞ്ചക്ട് ചെയ്യുകയും അത് എക്‌സ്-റേയുടെ സഹായത്തോടെ ചിത്രീകരിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ആന്‍ ജൈന, ഹാര്‍ട്ടറ്റാക്ക് തുടങ്ങിയ രോഗങ്ങള്‍ ഉള്ളവരിലും ട്രെഡ്മില്‍ ടെസ്റ്റില്‍ തകരാറുള്ളവരിലും കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുകവഴി ഹൃദയധമനികളില്‍ ഉണ്ടാകുന്ന ചുരുക്കത്തിന്റെ അളവും, ദൈര്‍ഘ്യവും, വൈവിധ്യവും മനസ്സിലാക്കാന്‍ സാധിക്കും. തുടയിലെ ധമനി (ഫീമറല്‍ ആര്‍ട്ടറി) അല്ലെങ്കില്‍ കൈകളിലെ ധമനി (റേഡിയല്‍ ആര്‍ട്ടറി) വഴിയാണ് ആന്‍ജിയോഗ്രാം ചെയ്യുന്നത്. തുടയിലെ രക്തക്കുഴല്‍ വഴിയാണ് ആന്‍ജിയോഗ്രാം ചെയ്യുന്നതെങ്കില്‍ രോഗി 6 മുതല്‍ 12 മണിക്കൂര്‍ വരെയെങ്കിലും കാല്‍ അനക്കാതെ കിടക്കണം. എന്നാല്‍ ഇന്ന് മിക്കവാറും ആശുപത്രികളില്‍ കൈകളിലെ രക്തക്കുഴലുകള്‍ വഴിയാണ് ആന്‍ജിയോഗ്രാം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് രോഗിക്ക് വിശ്രമത്തിന്റെ ആവശ്യമില്ല. രോഗിയെ 2 മണിക്കൂര്‍ കൊണ്ട് ഡിസ്ചാര്‍ജ് ചെയ്യുവാന്‍ സാധിക്കും. ബ്ലീഡിങ് സാധ്യതയും കുറവാണ്.

(കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: World Heart Day 2021, Heart attack Diagnosis, Health