• എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം.
  • ബീഫ്, പോര്‍ക്ക്, മട്ടണ്‍ തുടങ്ങി, കൊഴുപ്പു കൂടിയ മാംസങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇറച്ചി കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ കോഴി, താറാവ് തുടങ്ങിയ പക്ഷികളുടെ മാംസമാണ് നല്ലത്.
  • ഇറച്ചി വറുത്തു കഴിക്കരുത്, വേവിച്ച് കഴിച്ചാല്‍ മതിയാകും.
  • മത്തി തുടങ്ങിയ ചെറിയ മത്സ്യങ്ങളാണ് ആരോഗ്യത്തിനു നല്ലത്. കഴിവതും കറിവച്ചു മാത്രം കഴിക്കുക. വറുത്തും പൊരിച്ചും കഴിക്കാതിരിക്കുക.
  • ഊണിനോടൊപ്പം വേവിക്കാത്ത പച്ചക്കറി നിത്യവും കഴിക്കുക. വെള്ളരി, കക്കിരി, കാരറ്റ്, തക്കാളി, സവാള തുടങ്ങിയവ സാലഡായി ഉപയോഗിക്കാം.
  • ചോറിന്റെ അളവ് കുറച്ച്, വേവിക്കാത്ത പച്ചക്കറികളുടെ അളവ് കൂട്ടുക. മൊത്തത്തില്‍ അമിതഭക്ഷണം പാടില്ല.
  • ഉപ്പ് പരമാവധി കുറയ്ക്കുക. ഉപ്പിന് പ്രത്യേക ഔഷധഗുണങ്ങളൊന്നുമില്ല.
  • നാര് കൂടുതലുള്ള പയറുവര്‍ഗങ്ങള്‍, ക ടലവര്‍ഗങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവ ശീലമാക്കുക. ഇവ വറുത്തോ തോരന്‍ വച്ചോ കഴിക്കുന്നതിനേക്കാള്‍ കറിവച്ചു കഴിക്കുന്നതാണ് നല്ലത്.
  • പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക. കീടനാശിനികളും രാസവളങ്ങളും ചേരാത്തവയായാല്‍ നന്ന്. ജ്യോൂസാക്കി കഴിക്കാതെ, നേരിട്ടു തിന്നുന്നതാണ് നല്ലത്.
  • മുട്ടയുടെ മഞ്ഞക്കരു പരമാവധി ഒഴിവാക്കുക.
  • ടെലിവിഷന്‍ കാണുമ്പോഴും വായിക്കുമ്പോഴും ചിപ്സ്, കോണ്‍ തുടങ്ങിയ വറുത്തതും ഉപ്പുകൂടിയതുമായ വസ്തുക്കള്‍ കഴിക്കുന്ന ശീലം നിര്‍ത്തണം.
  • ഐസ്‌ക്രീം, ചോക്ലേറ്റ്, കേക്ക്, പേസ്റ്ററി തുടങ്ങിയവ വളരെയധികം കൊഴുപ്പു ചേര്‍ന്നവയാണ്. വയറ്റിനും ഇവ ദോഷം ചെയ്യും. ഇവ പാടേ ഒഴിവാക്കുകയാണ് ബുദ്ധി.
  • ഊണിനോടൊപ്പം എപ്പോഴും പപ്പടം വേണമെന്ന നിര്‍ബന്ധം ഒഴിവാക്കുക. കൂടിയേ കഴിയൂ എങ്കില്‍ പപ്പടം ചുട്ടുതിന്നാം. അപ്പോഴും ഉപ്പുകുറയില്ലെന്നോര്‍ക്കുക.
  • പാലും പാലുല്‍പ്പന്നങ്ങളും പരമാവധി കുറയ്ക്കുക. മോര് കൂട്ടാം.
  • രാവിലെ ഭക്ഷണം കഴിച്ച് ഉച്ചയ്ക്കുമുമ്പ് വിശപ്പു തോന്നിയാല്‍ മറ്റെന്തെങ്കിലും കഴിക്കാതെ ഒരു ഗ്ലാസ് വെള്ളം മാത്രം കുടിക്കുക. ഇടനേരങ്ങളില്‍ ചെറുഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലം നന്നല്ല.
  • സദ്യക്കും പാര്‍ട്ടിക്കും പോകുംമുമ്പ് എന്തു കഴിക്കണം തുടങ്ങിയ കാര്യങ്ങളെപ്പറ്റി നേരത്തേ ആലോചിച്ചുറപ്പിക്കുകയും സ്വയം തയ്യാറെടുക്കുകയും വേണം. സദ്യ, ഒരവസരമായിക്കണ്ട് വലിച്ചുവാരി കഴിക്കരുത്.

Content Highlights: World Heart Day 2021, Healthy food for heart, Health