ല വന്‍കരകളിലെ ഹൃദയങ്ങളെ കൈയിലെടുത്ത ഒരാള്‍. ഹൃദയശസ്ത്രക്രിയ എളുപ്പമാക്കുന്ന പതിനഞ്ചോളം കണ്ടുപിടിത്തങ്ങളുടെ ഉടമ. മൂന്ന് ഹൃദയംമാറ്റിവെക്കല്‍ ശസ്ത്രക്രിയകളുടെ മുന്നില്‍നിന്നയാള്‍. കോഴിക്കോട് മേയ്ത്രാ ഹോസ്പിറ്റല്‍ സി.വി.ടി.എസ്. വിഭാഗം ചെയര്‍മാന്‍ ഡോ. മുരളി വെട്ടത്തും ഹൃദയമെന്ന വിലയിടാനാവാത്ത അവയവവും തമ്മില്‍ രണ്ടരപ്പതിറ്റാണ്ടിന്റെ ബന്ധമുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനം മെഷീനിലേക്ക് മാറ്റാതെ, ഹൃദയം മിടിക്കുമ്പോള്‍ത്തന്നെ രക്തക്കുഴലിലെ തടസ്സത്തെ മറികടന്ന് 5000 ഓഫ് പമ്പ് കൊറോണറി ആര്‍ട്ടറി ബൈപ്പാസ് (OPCAB) ശസ്ത്രക്രിയകള്‍ചെയ്തുകഴിഞ്ഞു അദ്ദേഹം. ഹൃദയവുമായുള്ള സുദീര്‍ഘ ബന്ധത്തെക്കുറിച്ച് മാതൃഭൂമി പ്രതിനിധി രജി ആര്‍. നായര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍നിന്ന്..

പല നാട്ടിലെ ഹൃദയങ്ങള്‍ കണ്ടിട്ടുണ്ടല്ലോ. എന്തെങ്കിലും വ്യത്യാസം

ഓരോ ഹൃദയവും വ്യത്യാസമുണ്ട്. രൂപം, വലുപ്പം, മിടിപ്പ് പലതിലും. 200 അളവുകോലുണ്ട് ഓരോ ഹൃദയത്തിനും. നമ്മുടെ ഹൃദയങ്ങള്‍ പല രാജ്യക്കാരെക്കാളും ചെറുതാണ്. വലിയ ശരീരവും വലിയ രക്തക്കുഴലുകളുമാണ് അവര്‍ക്ക്. അവര്‍ക്ക് 50 ശതമാനമായിത്തോന്നുന്ന ഹൃദയധമനിയിലെ ബ്ലോക്ക് നമുക്ക് 75 ശതമാനമാണ്.

എന്താണ് കൊറോണറി ആര്‍ട്ടറി രോഗത്തിന്റെ പൊതുസ്വഭാവം

മുപ്പതുവയസ്സുതൊട്ട് പ്രായം കൂടുന്നതനുസരിച്ച് രക്തക്കുഴലിലെ തടസ്സം കൂടിക്കൊണ്ടിരിക്കും. ഇരുപതുശതമാനം ആളുകള്‍ക്ക് അവര്‍ എങ്ങനെ ജീവിച്ചാലും ഈ രോഗം വരില്ല. 20 ശതമാനം ആളുകള്‍ക്ക് അവര്‍ എത്രതന്നെ ശ്രദ്ധിച്ചാലും ഈ രോഗം വരാം. ബാക്കി 60 ശതമാനം പേര്‍ക്ക് രോഗസാധ്യതകളുണ്ട്. ജീവിതശൈലിയില്‍ വരുത്തുന്ന വ്യത്യാസംകൊണ്ട് അവര്‍ക്ക് രോഗസാധ്യത വൈകിപ്പിക്കാനാവും. പ്രായമേറുമ്പോള്‍ വരുന്ന ഒരു രോഗമാണിത്. ചിലര്‍ക്ക് ഹൃദയത്തിന്റെ പ്രായമാവല്‍ പ്രക്രിയ നേരത്തേ സംഭവിക്കാം. ഹൃദയധമനികളില്‍ ചെറുപ്രായത്തിലേ ബ്ലോക്ക് വരാം.

ഇതുപൊതുവേ പുരുഷന്മാരുടെ രോഗമാണ്. എന്നാല്‍, സ്ത്രീകള്‍ക്കും വരാം. ഞാന്‍ ജോലി തുടങ്ങുന്ന കാലത്ത് ഈ രോഗംവന്ന് ഐ.സി.യു.വിലെത്തുന്ന സ്ത്രീകള്‍ ആകെ അഞ്ചുശതമാനമായിരുന്നു. ഇന്നത് പത്തുശതമാനമാണ്.

രോഗം വരാനുള്ള സാധ്യതകള്‍ എങ്ങനെയാണ്

സത്യത്തില്‍ രക്തധമനികളിലെ ബ്ലോക്കുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്ന പല കാര്യങ്ങളും തിരുത്തപ്പെടേണ്ടതാണ്. ഭക്ഷണശീലങ്ങളോ വ്യായാമമോകൊണ്ടുമാത്രം തടയാനാവുന്ന ഒരു രോഗമല്ലിത്. പ്രായമാവുമ്പോള്‍ ഒരു വിഭാഗം ആളുകള്‍ക്കിത് താനേ വരും. എന്നാല്‍, ഭക്ഷണം അധികമാവാതെ, തീരെ കുറവാവാതെയുള്ള രീതി സൂക്ഷിക്കാം. അല്ലാതെ മുട്ടയുടെ മഞ്ഞകഴിച്ചാല്‍, കൊഴുപ്പുള്ളത് കഴിച്ചാല്‍ രോഗം വരുമെന്ന മട്ടിലുള്ള പ്രചാരണം ശരിയല്ല. കോഴി, മഞ്ഞ ഒഴിവാക്കിയല്ലല്ലോ മുട്ടയിടുന്നത്! അമ്പതുവയസ്സുകഴിഞ്ഞാല്‍ ദിവസവും ഒരു മുട്ട കഴിക്കണമെന്നാണ് ഞാന്‍ പറയാറുള്ളത്. കാല്‍സ്യം ശരീരത്തിന് അത്യാവശ്യമാണ്.

വ്യായാമം ഹൃദയപേശികള്‍ക്കും നമ്മുടെ പൊതുവായ ശാരീരികക്ഷമതയ്ക്കും നല്ലതാണ്. അല്ലാതെ ബ്ലോക്കും അതുമായി ബന്ധമില്ല. പത്തുകിലോമീറ്റര്‍ ഓടുന്നയാള്‍ക്കും പ്രശ്‌നംവരാം. ഒരു പ്രധാന രോഗസാധ്യതാഘടകം പാരമ്പര്യമാണ്. ഈ രോഗംവരുന്ന 80 ശതമാനം പേര്‍ക്കും ഹൃദയാഘാതത്തിന്റെ കുടുംബചരിത്രമുണ്ടാവും.

മുന്‍കരുതലുകളില്‍ കാര്യമില്ലെന്നാണോ

അങ്ങനെയല്ല. ബ്ലോക്കിനുള്ള സാധ്യതയുണ്ടോ എന്നുകണ്ടെത്തിയാല്‍ മരുന്നുചികിത്സയുള്‍പ്പെടെയുള്ള വഴികളുണ്ട്. ഒപ്പം പ്രമേഹം നിയന്ത്രിക്കണം. അത് ശരീരത്തിലെ എല്ലാ അവയവങ്ങളെയും മോശമാക്കുന്ന വില്ലനാണ്. പൊതുവായ ശാരീരികാരോഗ്യം കാത്തുസൂക്ഷിക്കുകയും വേണം. പുകവലി നിര്‍ബന്ധമായും ഒഴിവാക്കണം.

എന്നാല്‍, ഹൃദയാരോഗ്യത്തിന് ഏറ്റവും ആവശ്യം സമ്മര്‍ദങ്ങള്‍ ഒഴിവാക്കുകയാണ്. മാനസികപിരിമുറുക്കം കുറയ്ക്കുക. ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുന്നത് അഡ്രിനാലിന്റെ സാന്നിധ്യം കൂട്ടും. പെട്ടെന്നുള്ള പിരിമുറുക്കത്തിലാണ് രക്തക്കുഴലിലെ കൊഴുപ്പടിഞ്ഞുണ്ടാകുന്ന സോഫ്റ്റ് പ്ലാക്കുകള്‍ പൊട്ടുന്നത്. അത് പൊട്ടി, രക്തം കട്ടപിടിച്ച്, രക്തം പമ്പുചെയ്യാനാവാതെ ഹൃദയം നിലയ്ക്കുന്നതാണ് ഹൃദയസ്തംഭനം. ഇത് ഒഴിവാക്കാന്‍ സമ്മര്‍ദവും മാനസിക പിരിമുറുക്കവും ഒഴിവാക്കാന്‍ ശ്രമിക്കണം. സങ്കടങ്ങള്‍ നമുക്ക് ഒഴിവാക്കാനാവില്ലായിരിക്കാം. പക്ഷേ, മോശം വര്‍ത്തമാനം പറയുന്നിടത്ത് നില്‍ക്കാതിരിക്കാം, സമാധാനംതരുന്ന കാര്യങ്ങള്‍ കൂടുതലായി ചെയ്യാം.

പല വിദേശരാജ്യത്തും ആരോഗ്യകരമായ മദ്യപാനം ജീവിതത്തിന്റെ ഭാഗമാണ്. അത് അവരെ ശാന്തരാക്കുന്നു. ഹൃദയാരോഗ്യം കൂട്ടുന്നു. ഇവിടെ നേരെ തിരിച്ചാണ്. കണക്കില്ലാത്ത മദ്യപാനവും അതുണ്ടാക്കുന്ന സാമൂഹിക- ആരോഗ്യപ്രശ്‌നങ്ങളുമാണ് കൂടുതലും.

ഏതു ലക്ഷണങ്ങളിലാണ് മുന്‍കരുതല്‍ വേണ്ടത്

പടികള്‍കയറി പോവുമ്പോള്‍ കൈയിലോ നെഞ്ചിലോ ഒക്കെ ഒരു പിടിത്തംപോലെ തോന്നിയാല്‍ ശ്രദ്ധിക്കണം. കനത്തില്‍ ഭക്ഷണം കഴിച്ച് സ്റ്റെപ്പ് കയറി പോവുമ്പോള്‍ ഒരു ബുദ്ധിമുട്ടുണ്ടെങ്കിലും ശ്രദ്ധിക്കണം. ദിനവും വ്യായാമംചെയ്യുന്ന ഒരാള്‍ക്ക് സാധാരണഗതിയില്‍ കൂടുതലുള്ള ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ ശ്രദ്ധ വേണം. പരിശോധനകള്‍ നടത്തണം.

രോഗ സാധ്യത അറിയാന്‍ ട്രെഡ് മില്‍ ടെസ്റ്റാണ് ചെയ്യേണ്ടത്. നമ്മുടെ പ്രവൃത്തികളെ തടസ്സപ്പെടുത്തുംവിധം ലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ ആശുപത്രിയിലെത്തണം. അസിഡിറ്റിയാണ് എന്നുകരുതി സമയം കളയരുത്.

ഹൃദയാഘാതം മരണത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രോഗാവസ്ഥയാണെന്നാണ് സാധാരണക്കാരുടെ തോന്നല്‍. അതുശരിയാണോ?

ഒരിക്കലുമല്ല. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചാല്‍ സുഖപ്പെടുത്താനാവും. ഹൃദയാഘാതം വന്നാല്‍ ഉടന്‍ ചെയ്യേണ്ടത്‌ ൈപ്രമറി ആന്‍ജിയോപ്ലാസ്റ്റി (പൊട്ടിയ ബ്ലോക്കിനെ സ്റ്റെബിലൈസ് ചെയ്ത്  സ്റ്റെന്റ്‌ചെയ്യുന്ന പ്രക്രിയ) ആണ്. അത് കാര്‍ഡിയോളജിസ്റ്റ് കാത്ത്ലാബില്‍വെച്ച് ചെയ്യും.

കൂടുതല്‍ ബ്ലോക്കുകളുണ്ടെങ്കില്‍ ബൈപ്പാസ് ചെയ്യാം. ഒരു ശതമാനത്തില്‍ത്താഴെ മാത്രമാണ് രോഗി രക്ഷപ്പെടാതിരിക്കാനുള്ള സാധ്യത. ഞാന്‍ 20 വര്‍ഷമായിചെയ്ത 5000 ബൈപ്പാസ് ശസ്ത്രക്രിയകളില്‍ ഒരുശതമാനം പേരൊഴികെ എല്ലാവരും ജീവിതത്തിലേക്ക് തിരിച്ചുവന്നു. രക്ഷപ്പെട്ടവരില്‍ മിക്കവരും പതിവുജീവിതരീതികളിലേക്കും ജോലികളിലേക്കും തിരിച്ചുപോയിട്ടുണ്ട്.

പക്ഷേ, ഓര്‍ത്താല്‍ ഇതൊരു അദ്ഭുതമാണ്. നമ്മള്‍ ഒരു വഴിയുണ്ടാക്കി ജീവിതം നീട്ടിക്കൊടുക്കുന്നു, അത്രമാത്രം.

ഹാര്‍ട്ട് ലങ് മെഷീന്‍ ഉപയോഗിക്കാതെ ഹൃദയശസ്ത്രക്രിയ ചെയ്യുന്നതിന്റെ (ഓഫ് പമ്പ് കൊറോണറി ആര്‍ട്ടറി ബൈപ്പാസ്) നേട്ടം എന്താണ്

ഹാര്‍ട്ട് ലങ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ രക്തം അലിയിച്ച് അതിലൂടെ കടത്തിവിട്ട് തിരികെ ശരീരത്തിലെത്തിക്കും. ഹൃദയം അപ്പോള്‍ നിര്‍ത്തിവെച്ചിരിക്കും. രക്തത്തെ മെഷീനിലൂടെ കടത്തിവിടുന്നത് ഒരുപാട് മാറ്റങ്ങളുണ്ടാക്കും (ഇന്‍ഫ്‌ലമേറ്ററി റിയാക്ഷന്‍). അന്തര്‍ദേശീയ തലത്തില്‍ത്തന്നെ രണ്ടുശതമാനം അപകടസാധ്യത അതിലുണ്ട്.

പമ്പില്ലാതെ ചെയ്യുമ്പോള്‍ തുടിക്കുന്ന ഹൃദയത്തെ പ്രത്യേകം സ്ഥാനം മാറ്റിയാണ് ശസ്ത്രക്രിയചെയ്യുന്നത്. അത് എളുപ്പമല്ല. രണ്ടുമില്ലിമീറ്റര്‍ രക്തക്കുഴലിലാണ് തുന്നുന്നത്. ഒട്ടും കീറാന്‍ പാടില്ല. ബ്ലീഡിങ് ഉണ്ടാവാനും പാടില്ല. രക്തം കട്ടപിടിക്കുകയും അരുത്. ഒരേസമയം നൂറുകാര്യങ്ങള്‍ മനസ്സിലൂടെ പോവണം. അതൊരു ടീംവര്‍ക്കാണ്. കഠിനമായ സമ്മര്‍ദമുണ്ട് അതില്‍. ഇപ്പോഴും ഹാര്‍ട്ട് ലങ് മെഷീന്‍ കരുതലായിവെക്കാതെ ഞാന്‍ ശസ്ത്രക്രിയ ചെയ്യാറില്ല; അത് ഉപയോഗിക്കേണ്ടിവരാറില്ലെങ്കിലും.

monitors in heart surgery
Representative Image| Photo: GettyImages

കോവിഡനന്തരപ്രശ്‌നമായി ചിലര്‍ കുഴഞ്ഞുവീണ് മരിക്കുന്നതായി പറയുന്നുണ്ട്. ശരിയാണോ?

കോവിഡ് വന്നതുകൊണ്ട് കൊറോണറി ആര്‍ട്ടറി രോഗം കൂടിയിട്ടുണ്ടെന്ന് പറയാനാവില്ല. ഹൃദയപേശികളെ ബാധിക്കുന്ന രോഗമായ കാര്‍ഡിയോ മയോപതി കൂടിയതായി അറിയുന്നു. എന്നാല്‍, കോവിഡ്കാലത്ത് ഹൃദയചികിത്സ നടത്താതെയും ആശുപത്രികളില്‍ പോവാന്‍ മടിച്ചും പലരും മരണത്തിനിരയായിട്ടുണ്ട്.

ഹൃദയത്തിന് അര്‍ബുദം ബാധിക്കുമോ?

ഹൃദയത്തിന് കാന്‍സര്‍ വരാം. വളരെ അപൂര്‍വമാണത്. ഹൃദയപേശികള്‍ക്കാണ് വരുന്നത്.

അപൂര്‍വമായി സംഭവിക്കുന്നതാണെങ്കിലും ചിലരുടെ ജീവന്‍ രക്ഷിക്കാനാവാതെ വരുന്നതിനെ എങ്ങനെ കാണുന്നു?

ഒരാള്‍ മരിച്ചാല്‍ അതിനെക്കുറിച്ചുള്ള ചിന്ത വിട്ടുപോവില്ല. ഒരു കാരണം കണ്ടുപിടിക്കാന്‍ അപ്പോള്‍ പറ്റിക്കൊള്ളണമെന്നില്ല. പക്ഷേ, ഒരു മാസമൊക്കെ കഴിയുമ്പോള്‍ അതിന്റെ കാരണം മനസ്സിലാവും. അതുകണ്ടുപിടിക്കും. കണ്ടുപിടിച്ചില്ലെങ്കില്‍ ഒരു സ്വസ്ഥതയും ഉണ്ടാവില്ല.

രോഗചരിത്രം പറയുമ്പോള്‍ രോഗിയോ ബന്ധുക്കളോ ചില കാര്യങ്ങള്‍ വിട്ടുപോവും. അതാണ് കഷ്ടം. ഓ, അതത്ര പ്രധാനമാണെന്ന് ഞാന്‍ വിചാരിച്ചില്ല എന്ന് പിന്നീട് പറയും. രോഗചരിത്രം വളരെ പ്രധാനമാണ്.

മറ്റുരാജ്യങ്ങളും നമ്മളുമായി ചികിത്സാകാഴ്ചപ്പാടില്‍ വ്യത്യാസമുണ്ടോ?

ഞാനൊരിക്കല്‍ ജപ്പാനിലെ സെന്റായ് യിലുള്ള ഒരു ആശുപത്രിയില്‍ പോയി. അവിടെ ഒരു നിലയിലെ മുറികളുടെ പുറത്ത് 100 മുതലുള്ള സംഖ്യകള്‍ എഴുതിവെച്ചിരിക്കുന്നു. റൂം നമ്പറാണെന്നാണ് ആദ്യം കരുതിയത്. അല്ല, അത് ആ പ്രായത്തിലുള്ള രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന മുറികളാണ്.

രക്തക്കുഴല്‍ വീര്‍ത്തുപൊട്ടുന്ന അയോട്ടിക് അന്യുറിസത്തിനുള്ള ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്നവരാണ്. 70-80 വയസ്സിനുമുകളിലുള്ളവര്‍ക്കാണ് ഈ രോഗം വരുന്നത്. ഇവിടെ ആ ശസ്ത്രക്രിയ കുറവാണ്. ആ അവസ്ഥ വന്നാല്‍, 'പ്രായമായല്ലോ, ഇനിയെന്തിന്' എന്നാണ് ചിന്ത!

28 രാജ്യങ്ങളില്‍ പ്രഭാഷണത്തിനായി പോയിട്ടുണ്ട്. ആറുരാജ്യങ്ങളില്‍ പോയി ശസ്ത്രക്രിയചെയ്ത് അവിടെയുള്ളവര്‍ക്ക് പരിശീലനം നല്‍കിയിട്ടുമുണ്ട്. അവിടെയൊക്കെ കൃത്യമായ ചികിത്സാപ്രോട്ടോകോള്‍ ഉണ്ട്.

ഇവിടെ പലപ്പോഴും ഡോക്ടര്‍മാരും ആശുപത്രികളും ആക്രമിക്കപ്പെടുന്നു...

രോഗികളോട് കാര്യം കൃത്യമായി പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവും. നാലുമണിക്കൂര്‍കൊണ്ട് സര്‍ജറി കഴിയുമെന്ന് ബന്ധുക്കളോട് പറഞ്ഞാല്‍ അതിനിടയില്‍ തീര്‍ന്നില്ലെങ്കില്‍ വൈകുമെന്ന് അവരോട് പറയാന്‍ പറഞ്ഞേല്‍പ്പിക്കും. ജീവന്‍ രക്ഷിക്കാനാവില്ല എന്നു മനസ്സിലായാല്‍ അതിന്റെ കാരണങ്ങള്‍ കൃത്യമായി പറഞ്ഞുകൊടുക്കും. അവര്‍ മനസ്സിലാക്കും. പിന്നെ ആരും ഒന്നും ചെയ്യില്ല. കൃത്യമായ ആശയവിനിമയം പ്രധാനമാണ്.

കഴിഞ്ഞ ദിവസം ബൈപ്പാസ്‌ചെയ്ത് ഓക്കെയായ ഒരു രോഗിക്ക് രാത്രി രക്തസ്രാവം തുടങ്ങി. ഒന്നരമണിക്ക് വീണ്ടും വന്ന് തുന്നലുകള്‍ തുറന്ന് രക്തസ്രാവം നിര്‍ത്തി പുലര്‍ച്ചെയോടെയാണ് ഞാന്‍ വീട്ടിലെത്തിയത്. ഹോസ്പിറ്റലില്‍ അതുനോക്കാനുള്ള സംവിധാനങ്ങളുണ്ട്. പക്ഷേ, വീട്ടില്‍ കിടന്നാല്‍ എനിക്കുറക്കംവരില്ല. ഇത് പണമുണ്ടാക്കാനുള്ള ജോലിയല്ല. ഈ ജോലി ഒരു ഉള്‍വിളിയാണ്. അത്രയും താത്പര്യമുണ്ടെങ്കിലേ ഏറ്റെടുക്കാവൂ.

വെട്ടത്തിന്റെ നേട്ടങ്ങള്‍

സിംപിള്‍ ഇന്ത്യന്‍ മെയ്ഡ് സ്റ്റെബിലൈസര്‍

മിടിക്കുന്ന ഹൃദയത്തെ ശസ്ത്രക്രിയാസമയത്ത് ഉറപ്പിച്ചുനിര്‍ത്താനുള്ള 'സ്റ്റെബിലൈസര്‍' (SIMS-Simple Indian made stabilizer). വിദേശ സ്റ്റെബിലൈസറുകളുണ്ട്. പക്ഷേ, അവ പുനരുപയോഗിക്കാനാവില്ല. സിംസ് വീണ്ടും ഉപയോഗിക്കാം.

വി.എ.ഒ.

വെട്ടത്ത് അനസ്റ്റോമാറ്റിക് ഒബ്റ്റിയുറേറ്റര്‍ ( VETTATH'S ANASTOMOTIC OBTURATOR) കാല്‍സ്യംകൊണ്ട് കട്ടപിടിച്ച അയോട്ടയില്‍ സൈഡ് ക്ലാമ്പ് ചെയ്യാതെ ശസ്ത്രക്രിയചെയ്യാന്‍ ഉപയോഗിക്കുന്നു.

വെട്ടത്ത് ടെക്‌നിക് ഓഫ് മാമ്മറി പാച്ച് അനസ്റ്റമോസിസ് ഫോര്‍ ഡിഫ്യൂസ്ലി ഡിസീസ്ഡ് കൊറോണറി ആര്‍ട്ടറീസ്

വ്യാപകമായി രക്തക്കുഴലിലുണ്ടാവുന്ന ബ്ലോക്കിനെ മാമ്മറി ആര്‍ട്ടറി ഒരു പാച്ചായി ഉപയോഗിച്ച് അതിനെ ബൈപ്പാസ് ചെയ്യുന്ന ടെക്‌നിക്കാണിത്.

ഇതിനായി വികസിപ്പിച്ച ഇന്‍ട്രാ കൊറോണറി ഷണ്ടും അയോട്ടോ കൊറോണറി ഷണ്ടും ഹൃദയശസ്ത്രക്രിയയ്ക്ക് മുതല്‍ക്കൂട്ടായിട്ടുണ്ട്

Content Highlights: World Heart Day 2021, Dr. Murali P Vettath shares his heart surgery experience, Health, Heart Health