ഭര്‍ത്താവിന്റെ പുകവലി ഭാര്യയ്ക്ക് ഹൃദയാരോഗ്യപ്രശ്നമുണ്ടാക്കുമോ? ഹൃദയാഘാതം വന്നവര്‍ ലൈംഗിക ജീവിതത്തില്‍ എന്തൊക്കെ ശ്രദ്ധിക്കണം? തുടങ്ങി ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി. വിജയരാഘവന്‍ നല്‍കിയ മറുപടി.

ഏതു പ്രായം തൊട്ടാണ് ഹൃദയാരോഗ്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്?

ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കാന്‍ ഒരു പ്രത്യേക പ്രായമൊന്നുമില്ല. ഗര്‍ഭാവസ്ഥയില്‍ തൊട്ട് സ്?പന്ദിച്ച് തുടങ്ങുന്ന ഹൃദയത്തിന് പിന്നീടുള്ള ആയുഷ്‌കാലത്തില്‍ വിശ്രമമൊന്നുമില്ല. ചെറുപ്രായം തൊട്ടേ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പുവരുത്തണം. നന്നായി ഓടിച്ചാടിക്കളിച്ച് വളരുന്ന ഒരു കുട്ടിയുടെ ഹൃദയം എത്ര പഴക്കമേറുമ്പോഴഉം നല്ല ആരോഗ്യസ്ഥിതിയില്‍ തുടരും.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍?

വ്യായാമം ആണ് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ സുപ്രധാനം. അമിതവണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. മറ്റൊന്ന് പുകവലി ശീലം ഒഴിവാക്കണമെന്നതാണ്. ആഹാരത്തില്‍ കൊഴുപ്പിന്റെ അളവ് കുറയ്ക്കണം. മലക്കറികളും പഴവര്‍ഗ്ഗങ്ങളും കുട്ടിക്കാലം തൊട്ടേ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കണം.

സ്ത്രീകളില്‍ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് വ്യത്യാസങ്ങളുണ്ടോ?

നല്ല വ്യത്യാസമുണ്ട്. പണ്ട് 60 വയസ്സിനപ്പുറം സ്ത്രീകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം കൂടി. അതോടെ ഹൃദയാഘാതനിരക്കും വര്‍ദ്ധിച്ചു. ആര്‍ത്തവവിരാമം വരെ പലതരം ഹോര്‍മോണുകള്‍ ഹൃദ്രോഗം വരാതെ സ്ത്രീകളെ സംരക്ഷിക്കുന്നു. ആര്‍ത്തവവിരാമമായാല്‍, അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കൊളസ്ട്രോള്‍ നില 10-20 ശതമാനം വരെ വര്‍ദ്ധിക്കുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനം കുറയുന്നതാണിതിന് കാരണം.

നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ എന്താണ് വഴി?

നല്ല കൊളസ്ട്രോള്‍ കൂട്ടാന്‍ ഏറ്റവും നല്ലത് വ്യായാമമാണ്. നടക്കുന്നവരില്‍ നല്ല കൊളസ്ട്രോളിന്റെ ഉത്പാദനം ത്വരിതപ്പെടും. വ്യായാമം ചെയ്തുകഴിഞ്ഞാല്‍ ക്ഷീണം തോന്നാന്‍ പാടില്ല. അങ്ങിനെയെങ്കില്‍ അതിനര്‍ത്ഥം ശരീരത്തിന് താങ്ങാവുന്നതിലധികം വ്യായാമം ചെയ്തുവെന്നാണ്. മറിച്ച് വ്യായാമം ചെയ്തശേഷം നല്ല ഉന്മേഷമാണ് തോന്നേണ്ടത്. തുടര്‍ച്ചയായി നിര്‍ത്താതെ നടക്കുന്നതാണ് ശരിയായ വ്യായാമം. ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും 45 മിനുട്ട് വീതം നടന്നാലേ ഹൃദയത്തിന് ഉദ്ദേശിച്ച ഗുണം കിട്ടൂ.

കൊളസ്ട്രോളിന്റെ ആരോഗ്യപരമായ തോത് എങ്ങനെയാണ്? പ്രായം കൂടുമ്പോള്‍ ഇതു വ്യത്യാസപ്പെടുമോ?

കുഞ്ഞുങ്ങളായാലും പ്രായമായവരായാലും ശരീരത്തിലെ കൊളസ്ട്രോളിന്റെ ആവശ്യമായ തോത് വ്യത്യാസപ്പെടുന്നില്ല. ഏത് പ്രായത്തിലുള്ളവരായാലും, കുടുംബത്തില്‍ പ്രത്യേക ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍, മൊത്തം കൊളസ്ട്രോള്‍ അളവ് 200ല്‍ കുറവായിരിക്കണം. ശരീരത്തിന് ആവശ്യമായ ഒഉഘ കൊളസ്ട്രോള്‍ (നല്ല കൊളസ്ട്രോള്‍) 50ല്‍ കൂടുതലാകാം. ചീത്ത കൊളസ്ട്രോള്‍ (ഘഉഘ) 110ല്‍ കുറവായിരിക്കണം. അതേ സമയം ഹൃദ്രോഗമുള്ളവര്‍ മൊത്തം കൊളസ്ട്രോള്‍ അളവ് 160ല്‍ കുറക്കാന്‍ ശ്രദ്ധിക്കണം. ഘഉഘ കൊളസ്ട്രോള്‍ 70ല്‍ കുറച്ച് വെക്കണം. കുടുംബത്തില്‍ ഹൃദയത്തിന് പ്രശ്നമുള്ളവരുണ്ടെങ്കില്‍ ഘഉഘ കൊളസ്ട്രോള്‍ 100ല്‍ കുറയ്ക്കാനും നോക്കണം.

ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുമെന്നത് ശരിയോ? (എത്ര അളവാണ് അഭികാമ്യം?)

ചെറിയ അളവില്‍, അതായത് 12 ഔണ്‍സ്വരെ, റെഡ് വൈന്‍ കഴിച്ചാല്‍ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കപ്പെടും. രക്തക്കുഴലുകളില്‍ കൊഴുപ്പടിയാതിരിക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങള്‍ റെഡ് വൈനിലുണ്ട്. അതുപോലെ ഒഉഘന്റെ അളവ് കൂട്ടാനും റെഡ് വൈന്‍ സഹായിക്കുന്നു. പരമാവധി രണ്ട് ഗ്ലാസ് റെഡ് വൈന്‍, അല്ലെങ്കില്‍ അര ലിറ്റര്‍ ബിയര്‍, അറുപത് തൊട്ട് തൊണ്ണൂറു മില്ലിവരെ മദ്യം. ഇത്രയുമാണ് ഹൃദയത്തെ സംരക്ഷിക്കുക. ഇതില്‍ കൂടുതല്‍ കഴിച്ച് തുടങ്ങിയാല്‍ രക്തസമ്മര്‍ദ്ദം കൂടും; ഹൃദയസ്?പന്ദനം കൂടും; കലോറി അളവ് കൂടും. മേല്‍പ്പറഞ്ഞ അളവിലുള്ളവ തന്നെ ആഹാരത്തിനോട് ചേര്‍ത്ത് കഴിക്കുമ്പോഴേ പ്രയോജനമുള്ളൂ. എന്തായാലും ഹൃദ്രോഗം വരാതിരിക്കാനായിട്ടുള്ള ഒരു മരുന്നല്ല മദ്യം.

അമിതവണ്ണമുള്ളവരില്‍ ഹൃദ്രോഗസാധ്യത കൂടുതലാണോ?

വണ്ണം കൂടുന്നത് കൊണ്ട് മാത്രം ഹൃദ്രോഗം വരണമെന്നില്ല. പക്ഷേ വണ്ണം കൂടിയവര്‍ക്ക് കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും പ്രമേഹവും വരാന്‍ സാധ്യത കൂടുതലാണ്. തിരുവനന്തപുരത്ത് അമിതവണ്ണം സംബന്ധിച്ച് നടത്തിയ ഒരു സര്‍വ്വെയില്‍ 12% ആളുകള്‍ക്കാണ് അമിതവണ്ണമു ള്ളതായി കണ്ടത്. പക്ഷേ 30% ആളുകള്‍ക്കും കുടവയര്‍ കണ്ടു. വയറില്‍ കൊഴുപ്പടിയുന്നത് ഹൃദ്രോഗസാധ്യത കൂട്ടുന്നുണ്ട്. അമിതമായി ആഹാരം കഴിക്കുകയും ആവശ്യമായ വ്യായാമം ഇല്ലാതെ വരികയും ചെയ്യുമ്പോള്‍ ശരീരത്തില്‍ അമിതമായി ഇന്‍സുലിന്‍ ഉത്പാദനമുണ്ടാകുന്നു. ആവശ്യമില്ലാത്ത ഇന്‍സുലിനാണ് കുടവയര്‍ സൃഷ്ടിക്കുന്നത്. ഇതേ ഇന്‍സുലിന്‍ രക്തക്കുഴലുകളേയും ദോഷമായി ബാധിക്കുന്നു. അമിതവണ്ണത്തേക്കാള്‍ കുടവയറാണ് ഹൃദ്രോഗസാധ്യത കൂട്ടുന്നത്.

ബേക്കറി പലഹാരങ്ങള്‍ എത്രമാത്രം കഴിക്കാം?

എന്നും കഴിക്കാനുള്ളവയല്ല ബേക്കറി/ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ . ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി. ഒരുപാട് റിസ്‌കുകളുണ്ട് ഇത്തരം ഭക്ഷണങ്ങളില്‍. പലതവണ ഒരേ എണ്ണയില്‍തന്നെയാണോ ഇവ പാകം ചെയ്തത്; എത്ര ദിവസം മുന്‍പ് ഉണ്ടാക്കിയവയാണ് ഇതൊന്നും നമുക്ക് ഉറപ്പിക്കാന്‍ പറ്റില്ല. സാന്‍ഡ്വിച്ച് വളരെ നല്ല ഒരു ഭക്ഷണമാണ്. കാരണം ഏത് മീറ്റ് സാന്‍ഡ്വിച്ചായാലും അതിനുള്ളില്‍ കുറച്ച് തക്കാളി, കക്കിരി, സവാള, മല്ലിയില തുടങ്ങിയ പച്ചക്കറികള്‍ എന്തായാലും കാണും.

മെലിഞ്ഞവര്‍ക്ക് കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ വരാറില്ലേ?

മെലിഞ്ഞ ശരീരപ്രകൃതമുള്ള, വ്യായാമമൊക്കെ ചെയ്യുന്നവര്‍ക്കും ഹൃദയാഘാതം വരാറുണ്ട്. ജനിതകമായ കാരണങ്ങളാണ് ഇതിന് പിന്നില്‍. കുടുംബാംഗങ്ങളില്‍ ഹൃദ്രോഗമുണ്ടായവര്‍ ആരോഗ്യകാര്യത്തില്‍ സ്വല്പം ശ്രദ്ധ കൂടുതലെടുത്താല്‍ രോഗസാധ്യത നിയന്ത്രിക്കാന്‍ സാധിക്കും.

അതിരാവിലെയാണ് പലര്‍ക്കും ഹൃദയാഘാതം വരുന്നതെന്ന് പറയുന്നതില്‍ ശരിയുണ്ടോ?

തണുപ്പ്കാലത്ത് രക്തസമ്മര്‍ദ്ദം സ്വഭാവികമായും കൂടും. ആ സമയത്ത് കഠിനാദ്ധ്വാനം ചെയ്യുമ്പോള്‍ രക്തസമ്മര്‍ദ്ദം പിന്നെയും വര്‍ധിച്ച് ഹൃദയാഘാതം സംഭവിക്കാം. സാധാരണ ദിവസങ്ങളില്‍ രാത്രി ഉറങ്ങുമ്പോള്‍ രക്തസമ്മര്‍ദ്ദവും ഹൃദയസ്?പന്ദനനിരക്കും കുറയുന്നു. രാവിലെ ഉണരുമ്പോള്‍ അതുവരെ വളരെ താഴ്ന്ന നിരക്കിലുള്ള രക്തസമ്മര്‍ദ്ദവും ഹൃദയസ്?പന്ദനനിരക്കും പെട്ടെന്ന് ഉയരുകയാണ്. പലപ്പോഴും 50ഉം 55ഉം ആയിനില്‍ക്കുന്ന ഹൃദയസ്?പന്ദനനിരക്ക് പെട്ടെന്നാണ് 70-80ലേക്ക് കുതിച്ചുയരുന്നു. 100 ലവലിലുള്ള രക്തസമ്മര്‍ദ്ദം 130 ആവുന്നു. ഈ വ്യതിയാനം കൊണ്ട് ചിലപ്പോള്‍ ഹൃദയാഘാതം സംഭവിക്കുന്നു. അതുകൊണ്ടാണ് അതിരാവിലെ ഹൃദയസ്തംഭന സാധ്യത കൂടുതലാണെന്ന് പറയുന്നത്.

ഉച്ചമയക്കം ശീലമാക്കിയവരില്‍ ഹൃദ്രോഗസാധ്യത കുറവാണെന്ന് പറയുന്നതില്‍ കാര്യമുണ്ടോ?

ഒരു ഇടവേളയില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുമ്പോള്‍ ശരീരം വളരെയധികം ക്ഷീണിക്കും. പ്രായമേറുന്തോറും ആഹാരം കഴിച്ചശേഷം കുറച്ച് സമയം വിശ്രമിക്കുന്നത് നല്ലതാണ്. നീണ്ട ജോലി സമയത്തിനിടയിലെ നല്ലൊരു ഇടവേള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല വ്യക്തികളുടെ മാനസികമായ സ്വസ്ഥതയ്ക്കും ഇത് ഗുണം ചെയ്യും.

വേദനയില്ലാതെയും ഹൃദയാഘാതം വരാറുണ്ടോ?

പ്രമേഹമുള്ളവരില്‍ ചിലപ്പോള്‍ ഞരമ്പുകളുടെ സംവേദനശേഷി നശിച്ചു പോവാറുണ്ട്. ഹൃദയത്തിലേക്കുള്ള ഞരമ്പുകളുടെ സംവേദനശേഷി നശിച്ചവരില്‍ ഹൃദയാഘാതത്തിന്റെ വേദന അനുഭവപ്പെടാതെ പോകാറുണ്ട്. ഇവരില്‍ മറ്റു ചില ലക്ഷണങ്ങളിലൂടെയാണ് ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍ തിരിച്ചറിയുന്നത്.

ഇപ്പോള്‍ കേരളത്തില്‍ വര്‍ധിച്ചു കാണുന്ന ഹൃദ്രോഗങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍?

കേരളത്തില്‍ ഹൃദ്രോഗബാധയെക്കുറിച്ച് നടന്ന ആദ്യത്തെ പഠനം 1962ല്‍ ഡോ. പത്മാവതിയുടെ റിപ്പോര്‍ട്ടാണ്. അതില്‍ത്തന്നെ പറയുന്നത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഹൃദ്രോഗസാധ്യത കൂടുതലാണെന്നാണ്. പുകവലി ഇനിയും നിയന്ത്രണാധീനമാവാത്തതാണ് ഇതിന് പ്രധാന കാരണം. പിന്നെ വ്യായാമശീലത്തിന്റെ കുറവ്. മറ്റൊന്ന് ആഹാരരീതി. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം പരിമിതമാക്കണം.

ഭര്‍ത്താവിന്റെ പുകവലി ഭാര്യക്കും കുട്ടികള്‍ക്കും ഹൃദയാരോഗ്യപ്രശ്നം ഉണ്ടാക്കുമോ?

'പാസീവ് സ്മോക്കിങ്' നമ്മുടെ നാട്ടില്‍ സാധാരണമാണ്. ഗര്‍ഭസ്ഥശിശുവിനെപ്പോലും പുകവലി മൂലമുള്ള ദോഷങ്ങള്‍ ബാധിക്കും. വീട്ടില്‍ ഒരു ഗര്‍ഭിണി ഉണ്ടെങ്കില്‍ വീടിനുള്ളില്‍വെച്ച് പുകവലിക്കാതിരിക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക. കുട്ടികളേയും ഇത് ബാധിക്കും. അമേരിക്കയില്‍ ഹൃദയാഘാത നിരക്ക് പകുതിയായി കുറയാന്‍ കാരണം അവിടെ പുകവലി നിയന്ത്രിക്കാന്‍ കഴിഞ്ഞതാണ്.

ഏതാണ് ഹൃദയാരോഗ്യത്തിന് ഏറ്റവും സഹായകമായ വ്യായാമം?

ഒറ്റയ്ക്ക് നടക്കുകയാണ് ഹൃദയാരോഗ്യത്തിന് ഉത്തമമായ വ്യായാമം.

ജോഗിങ്ങിനേക്കാള്‍ നല്ലതാണോ നടത്തം?

കുട്ടിക്കാലം തൊട്ടേ വ്യായാമം ശീലമാക്കിയവര്‍ക്ക് ഏത് കടുത്ത വ്യായാമവും ചെയ്യാം. പത്ത് വര്‍ഷമായിട്ട് ഒരുതരം വ്യായാമവും ചെയ്യാത്ത ഒരാള്‍ പെട്ടെന്ന് ജോഗിങ്ങോ, എയ്റോബിക്സോ തുടങ്ങുന്നത് അപകടം ചെയ്യും. സന്ധികള്‍ക്ക് തകരാറ് വരാം. പകരം അത്തരം ആളുകള്‍ക്ക് നല്ലത് നടത്തമോ ബാഡ്മിന്റനോ ടെന്നീസോ ഒക്കെയാണ്.

തീരെ ചെറുപ്രായത്തില്‍ കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ വരുമോ?

കുട്ടികളുടെ കൊളസ്ട്രോള്‍ ആരും നോക്കാറില്ലെന്നതാണ് സത്യം. കൊളസ്ട്രോള്‍ പ്രശ്നമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് കൊളസ്ട്രോള്‍ പരിശോധനകള്‍ ചെയ്യുന്നത് നല്ലതാണ്.

സാധാരണ ഒരാള്‍ ഹൃദയപരിശോധനകള്‍ ചെയ്യേണ്ടത് എന്നുതൊട്ടാണ്?

'കാര്‍ഡിയാക് എക്സിക്യൂട്ടീവ് ചെക്കപ്പ്' പോലുള്ള പാക്കേജുകളിലൂടെ അടിസ്ഥാനപരമായ ഹൃദയപരിശോധനകള്‍ നടത്താന്‍ കഴിയും. ഇ.സി.ജി., എക്കോ തുടങ്ങിയ പരിശോധനകളും ചെയ്യാം. രക്തത്തിലെ കൊളസ്ട്രോള്‍, ഷുഗര്‍ എന്നിവയും പരിശോധിക്കണം.

മരുന്ന് ഉപയോഗിക്കാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാനാവുമോ?

ആഹാരവും വ്യായാമവും ശ്രദ്ധിക്കുകയാണ് പരമപ്രധാനം. അതിന് ശേഷമേ മരുന്ന് കൊണ്ടുള്ള ചികിത്സയ്ക്ക് സ്ഥാനമുള്ളൂ. വ്യായാമവും ആഹാരനിയന്ത്രണവുമില്ലാതെ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ പറ്റില്ലെന്നത് ഒരു വസ്തുതയാണ്. 15-20 ശതമാനം പേര്‍ക്ക് മരുന്നില്ലാതെ, ആഹാരനിയന്ത്രണവും വ്യായാമവും വഴി കൊളസ്ട്രോള്‍ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയാറുണ്ട്. പ്രത്യേകിച്ചും ജനിതകപരമായ കുഴപ്പങ്ങളില്ലാത്ത കുടുംബത്തില്‍ പെട്ടവര്‍ക്ക്.

യോഗ പരിശീലനത്തിലൂടെ ഹൃദയാരോഗ്യം സൂക്ഷിക്കാമോ? ഏതുതരം പ്രശ്നങ്ങള്‍ക്കാണ് യോഗ നല്ലത്?

യോഗ പതിവായി ചെയ്യുമ്പോള്‍ ഹൃദയസ്?പന്ദനം വളരെ സമനിലയിലാവും. രക്തസമ്മര്‍ദ്ദം കുറഞ്ഞ് വരും. മാനസികമായി ശാന്തത കൈവരും. ഹൃദയത്തിന് വളരെ നല്ലതാണ് യോഗ. പക്ഷേ എന്നും ഒരു മണിക്കൂറെങ്കിലും ചെയ്താലാണ് യോഗയുടെ ഫലം ലഭിക്കുക.

ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഭക്ഷ്യവസ്തു ഏതാണ്? ഏറ്റവും മോശമായതേത്?

കായികമായി കൂടുതല്‍ അദ്ധ്വാനിക്കുന്നവര്‍ക്ക് അരി, ഗോതമ്പ് തുടങ്ങിയ ധാന്യഭക്ഷണം പരിമിതമായേ വേണ്ടൂ. ലഞ്ചിന് രണ്ട് ചപ്പാത്തിയം കറിയും, അത്രയും ധാരാളം. പഴങ്ങള്‍ നന്നായി കഴിക്കണം. ജൂസാക്കി കഴിക്കുന്നതിനേക്കാള്‍ നല്ലത് പഴങ്ങള്‍ അതേപടി കഴിക്കുന്നതാണ്. രണ്ട് കപ്പില്‍ കൂടുതല്‍ കാപ്പിയോ ചായയോ ഒരു ദിവസം ആവശ്യമില്ല. കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടയ്ക്ക് ഓരോന്ന് കൊറിക്കുന്ന സ്വഭാവം നിര്‍ത്തണം.

ഏത് എണ്ണയാണ് ഹൃദയാരോഗ്യത്തിന് നല്ലത്?

എല്ലാ എണ്ണക്കും കലോറി കൂടുതലാണ്. അപൂരിത എണ്ണകളാണ് ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ നല്ലത്. വെളിച്ചണ്ണ ചെറിയ അളവില്‍ ഉപയോഗിച്ചാല്‍ ആരോഗ്യപ്രശ്നമുണ്ടാവില്ല.

ഹൃദ്രോഗികള്‍ സ്ഥിരമായി ചെയ്യേണ്ട പരിശോധനകള്‍ എന്തൊക്കെ?

ഹാര്‍ട്ട് അറ്റാക്ക് വന്നിട്ട് 90 ശതമാനവും രോഗമുക്തരായവര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഒരു ഫുള്‍ ചെക്കപ്പ് നടത്തണം. ഹൃദ്രോഗികളില്‍ 30-40 ശതമാനം പേരും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരില്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ളവരാണെങ്കില്‍ മൂന്ന് മാസം കൂടുമ്പോള്‍ ചെക്കപ്പ് ചെയ്യണം. ഹൃദയാഘാതം വന്നിട്ട് ചെറിയ തരത്തില്‍ കുഴപ്പങ്ങളുണ്ടായവര്‍ രണ്ട് മാസം കൂടുമ്പോള്‍ ചെക്കപ്പ് ചെയ്യണം. ഹൃദയാഘാതം വന്നിട്ട് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടായവര്‍ കൃത്യമായി പരിശോധനകള്‍ നടത്തിയിരിക്കണം.

ഹൃദയാഘാതം സംഭവിച്ചാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷ എന്തൊക്കെ?

15 മിനുട്ടില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന നെഞ്ചുവേദന ഒരിക്കലും അവഗണിക്കരുത്. രോഗിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയാണ് ചെയ്യേണ്ടത്.

ഹൃദയാഘാതം മൂലമുള്ള വേദനയും ഗ്യാസിന്റെ പ്രശ്നംമൂലമുള്ള വേദനയും എങ്ങനെ വേര്‍തിരിച്ചറിയാം?

നെഞ്ചില്‍ വിരല്‍കൊണ്ട് തൊട്ടുനോക്കിയാല്‍ ഒരു പോയിന്റില്‍ മാത്രം അനുഭവപ്പെടുന്ന വേദന. ശ്വാസം വലിച്ച് വിടുമ്പോള്‍ കൂടുകയും കുറയുകയും ചെയ്യുന്ന വേദന. തിരിയുമ്പോഴും മറിയുമ്പോഴും തോന്നുന്ന വേദന. ഇതൊന്നും ഹൃദയാഘാതവുമായി ബന്ധമുള്ള വേദനകളല്ല.

രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹബന്ധത്തില്‍ ജനിക്കുന്ന കുഞ്ഞിന് ഹൃദയസംബന്ധിയായ പ്രശ്നങ്ങള്‍ ഉണ്ടാവുമോ?

പാരമ്പര്യമായി കിട്ടുന്ന ഹൃദ്രോഗസാധ്യത കുഞ്ഞിലേക്കും പകരാനിടയുണ്ട്. അതല്ലാതെ രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചത് കൊണ്ട് കുഞ്ഞിന് പ്രത്യേകം പ്രശ്നമൊന്നുമില്ല.

ഒരിക്കല്‍ ഹൃദയാഘാതം വന്നവര്‍ പിന്നീടുള്ള ലൈംഗികജീവിതത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്താണ്?

ഒരു മണിക്കൂര്‍ നടക്കുക, ഒരു നില കയറി ഇറങ്ങുക തുടങ്ങിയ പ്രവര്‍ത്തികള്‍ ഹൃദയാഘാതം വന്ന് ഭേദമായവര്‍ക്ക് കുറച്ചാഴ്ചകള്‍ക്കുള്ളില്‍ സാധ്യമാവും. ഒരു നില കയറി ഇറങ്ങാനുള്ള അദ്ധ്വാനമേ ലൈംഗികബന്ധത്തിലും ആവശ്യമാവുന്നുള്ളൂ. 'ട്രെഡ്മില്‍ ടെസ്റ്റി'ലൂടെ രോഗമുക്തമായവര്‍ക്ക് സജീവമായി ജീവിക്കാനുള്ള ആത്മവിശ്വാസം നല്‍കുന്നതാണ് പുതിയ ചികിത്സാരീതി. ട്രെഡ്മില്ലില്‍ ഒരു മണിക്കൂര്‍ നടക്കുമ്പോള്‍ അവരുടെ ആരോഗ്യസ്ഥിതിയും ഒപ്പം മെഷീനില്‍ രേഖപ്പെടുത്തുന്ന ടെസ്റ്റാണിത്.

ഹൃദയാഘാതം ലക്ഷണങ്ങളിലൂടെ നേരത്തെ തിരിച്ചറിയാനാവുമോ? എന്തൊക്കെയാണ് അവ?

കുറച്ച് ആഴ്ചകളായുണ്ടാവുന്ന ചെറിയ നെഞ്ച് വേദനകള്‍. കയറ്റം കയറുമ്പോഴും വേഗത്തില്‍ നടക്കുമ്പോഴും ഉണ്ടാവുന്ന നെഞ്ചുവേദന. ഇതൊക്കെയാണ് പതിവായി കാണുന്ന ലക്ഷണങ്ങള്‍.

ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത എത്രത്തോളം?

കൃത്രിമമമായി ഹോര്‍മോണ്‍ ശരീരത്തിന് അകത്തെത്തുന്നത് ഹൃദയത്തെ ബാധിക്കുകതന്നെ ചെയ്യും. ഗര്‍ഭനിരോധന ഗുളിക ഒരു തരത്തിലുള്ള കൃത്രിമ ഹോര്‍മോണ്‍ തന്നെ. ഇവ സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗസാധ്യത ഉണ്ടാക്കും.

പ്രമേഹ രോഗികള്‍ക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണോ? മുന്‍കരുതലുകള്‍ എന്തൊക്കെയെടുക്കണം?

പ്രമേഹം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുടേയും പ്രായം കൂട്ടുകയാണ്. അപ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യവും ക്ഷയിക്കുന്നു. രക്തസമ്മര്‍ദ്ദം കുറച്ചുവെക്കാന്‍ ശ്രദ്ധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോള്‍ നിലയും ഇടയ്ക്ക് പരിശോധിച്ച് നിയന്ത്രണാധീനമാണെന്ന് ഉറപ്പാക്കണം.

Content Highlights: World Heart Day 2021, doubts and answers about heart attack, Heart Health