• വീട്ടിലും പറമ്പിലുമൊക്കെയുള്ള ചെറുജോലികളെങ്കിലും സ്വയം ചെയ്യുക. വീട്ടുജോലികളിലും മറ്റും കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിച്ച്, മെയ്യനങ്ങുന്ന ശീലം ഉണ്ടാക്കിയെടുക്കുക.
 • ഓഫീസുകളിലും മറ്റും കോണിപ്പടി കയറിപ്പോകുകയെന്നത് ശീലമാക്കുക. ലിഫ്റ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഇറങ്ങാന്‍ ലിഫ്റ്റ് വേണ്ട.
 • ഒരു കിലോമീറ്ററും മറ്റുമുള്ള ചെറിയ ദൂരങ്ങള്‍ക്ക് ബസ്, ഓട്ടോ തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കാതിരിക്കുക.
 • ഒന്നോ രണ്ടോ കിലോമീറ്റര്‍ മാത്രമേയുള്ളൂവെങ്കില്‍, കുട്ടികള്‍, സ്‌കൂളിലേക്ക് നടന്നുപോവുക ശീലമാക്കണം. 'അഞ്ചും പത്തും നാഴിക നടന്ന് പഠിച്ച' കാര്യം മുത്തച്ഛന്മാരും മറ്റും പറയുന്നത് കേള്‍ക്കാറില്ലേ. ചെറുപ്പത്തിലെ ഈ നടത്തം ജീവിതാന്ത്യം വരെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്.
 • വീട്ടിലും ജോലിസ്ഥലത്തും വലിയ ജോലികളില്ലാത്തവര്‍ വ്യായാമത്തിനായി രാവിലെ, നിത്യം, അരമണിക്കൂറെങ്കിലും നടക്കണം.
 • പ്രഭാത സായാഹ്ന സവാരികളില്‍ സാമാന്യം വേഗത്തില്‍ വേണം നടക്കാന്‍. നടന്നു വിയര്‍ക്കണമെന്നര്‍ഥം.
 • മറ്റു പ്രശ്നങ്ങളില്ലാത്തവര്‍, നിത്യവും അല്‍പദൂരം ഓടുന്നതും നീന്തുന്നതും നല്ലതാണ്. അടുത്ത് കുളമോ പുഴയോ ഉള്ളവര്‍ നീന്തിക്കുളിക്കുന്നതാണ് ഉത്തമം.
 • കുട്ടികള്‍ ദിവസവും കുറച്ചുനേരമെങ്കിലും ഓടിച്ചാടിക്കളിക്കണം.
 • പതിവുയാത്രകളില്‍ എപ്പോഴും ഒരു സ്റ്റോപ്പ് മുന്‍പേ ബസ്സിറങ്ങി നടക്കുക. തിരിച്ചുപോകുമ്പോള്‍ ഏറ്റവുമടുത്ത സ്റ്റോപ്പ് ഒഴിവാക്കി തൊട്ടടുത്ത സ്റ്റോപ്പിലേക്ക് നടന്ന് ബസ്സ് കയറുക. ചുറ്റുപാടുമായുള്ള ആരോഗ്യകരമായ ബന്ധത്തിനും ഇതുപകരിക്കും.
 • ബൈക്കും കാറുമൊക്കെയുപയോഗിക്കുന്നവര്‍ ചെറിയ ദൂരങ്ങള്‍ക്കും മറ്റും വാഹനമുപയോഗിക്കാതിരിക്കുക. ആരോഗ്യം നേടാം, പണവും ലാഭം.
 • ചെറുചെറുയാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുന്നത് നല്ലൊരു വ്യായാമമാണ്. വികസിത രാജ്യങ്ങളില്‍ മറ്റു വാഹനങ്ങളുള്ളവരും നിത്യവും സൈ ക്കിള്‍ സവാരി ചെയ്യാറുണ്ട്. പല രാജ്യങ്ങളിലും സൈക്കിള്‍സവാരി ഒരു സ്റ്റാ റ്റസ് സിംബലായി മാറിവരികയാണ്.
 • ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇടവേളകളില്‍ എഴുന്നേറ്റു നടക്കുന്നത് ശീലമാക്കണം.
 • അടുക്കളത്തോട്ടവും പൂന്തോട്ടവും സ്വയം നിര്‍മിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്നത് നല്ലതാണ്.
 • അത്താഴത്തിനു ശേഷം കുടുംബാംഗങ്ങളോടൊപ്പം ചെറിയൊരു നടത്തം പതിവാക്കുക. വീട്ടുമുറ്റത്തോ തൊടിയിലോ മതിയാകുമിത്.
 • നാല്‍പതു വയസ്സു കഴിഞ്ഞാല്‍ പെട്ടെന്നൊരു ദിവസം വലിയ വ്യായാമങ്ങള്‍ തുടങ്ങുന്നത് നന്നല്ല. ഡോക്ടറുടെ ഉപദേശം തേടുക.
 • നിത്യേന വായനശാല, ദേവാലയങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള നടത്തം ശീലമാക്കുക.

Content Highlights: World Heart Day 2021, daily exercise for healthy heart, Health