കോവിഡ് വന്ന് 4 ആഴ്ചകള്‍ക്ക് ശേഷം ഉണ്ടാകുന്ന ശാരീരികമായ അസ്വസ്ഥതകളെയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം അഥവാ ലോങ്ങ് കോവിഡ് എന്ന് പറയുന്നത്. ഇതിന്റെ പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് നെഞ്ചുവേദന. ഏകദേശം 20 ശതമാനം ആളുകളില്‍ കോവിഡിന് ശേഷം ഇത്തരം നെഞ്ചുവേദന ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് അതിസങ്കീര്‍ണമായ കോവിഡ് വന്നവരിലും അതല്ല വളരെ ലളിതമായി കോവിഡ് വന്നവരിലും ഉണ്ടാകാം.

കോവിഡിന് ശേഷം ഉണ്ടാകുന്ന നെഞ്ചുവേദനയില്‍ സര്‍വ്വസാധാരണം മസ്‌കുലാര്‍ പെയിന്‍ ആണ്. ഏതൊരു വയറല്‍ ഫീവറിനുശേഷവും മസിലുകള്‍ക്ക് ചെറിയ തോതിലുള്ള നീര്‍ക്കെട്ട് (Inflammation) കാരണം വേദന ഉണ്ടാകാം. മസിലും എല്ലും ചേരുന്ന സ്ഥലങ്ങളില്‍ കാണുന്ന നീര്‍ക്കെട്ടും (Costochondritis) നെഞ്ചുവേദന ഉണ്ടാക്കാം. ചുമക്കുമ്പോഴോ തിരിയുമ്പോഴോ ഉണ്ടാകുന്ന വേദനയാണ് സാധാരണയായി കാണാറ്. നെഞ്ചിന്റെ വശങ്ങളില്‍ കാണുന്ന, ശ്വാസം നീട്ടിവലിക്കുമ്പോള്‍ ഉണ്ടാകുന്ന Pleuritic pain ശ്വാസകോശത്തിന്റെ പുറത്തുള്ള ആവരണത്തിനു ഉണ്ടാക്കുന്ന നീര്‍ക്കെട്ടുകള്‍ ആണ് മറ്റു കാരണം. വളരെ ചുരുക്കം ആളുകളില്‍ കോവിഡിന് ശേഷം ഹൃദ്രോഗം/ഹൃദയാഘാതം വരുന്നതായി കണ്ടിട്ടുണ്ട്.

ഹൃദയാഘാതത്തിന്റെ വേദനയാണെങ്കില്‍ നെഞ്ചിന്റെ മധ്യഭാഗത്തോ നെഞ്ച് മുഴുവനായോ ഭാരം കയറ്റിവെച്ചപോലെയോ വലിഞ്ഞു മുറുകുന്ന പോലെയോ ആണ് അനുഭവപ്പെടാറ്. ഈ വേദന സാധാരണയായി നെഞ്ചു മുഴുവന്‍ പടരും. കൈയിലേക്കോ കഴുത്തിലേക്കോ വയറിലേക്കോ പുറകില്‍ നട്ടെല്ലിന്റെ ഭാഗത്തേക്കോ വ്യാപിക്കുന്നതായി കാണാറുണ്ട്. ഇതിനൊപ്പം ചിലപ്പോള്‍ നെഞ്ചിടിപ്പ് അനുഭവപ്പെടാം. ശ്വാസംമുട്ടല്‍ അനുഭവപ്പെടാം. തലകറങ്ങുന്നതായി തോന്നാം.

നന്നായി വിയര്‍ക്കാം. സാധാരണയായി ഇങ്ങനെ വരുന്ന ഹൃദയാഘാത സംബന്ധമായ വേദന പെട്ടെന്ന് മാറില്ല. ഇത് സാധാരണയായി കുറെ സമയം, മിനിട്ടുകള്‍ക്കപ്പുറം നീണ്ടുനില്‍ക്കും. ചിലര്‍ക്ക് ഛര്‍ദ്ദി, ഓക്കാനം എന്നിവയും അനുഭവപ്പെടാം. ഇത്തരം നെഞ്ചുവേദന വന്നാല്‍ ഹൃദയാഘാതമാകാന്‍ സാധ്യതയുണ്ട്. പെട്ടെന്നു തന്നെ അടിയന്തിര ചികിത്സ സ്വീകരിക്കണം. വളരെ ചുരുക്കം ശതമാനം നെഞ്ചുവേദന  മാത്രമേ ഹൃദ്രോഗം അല്ലെങ്കില്‍ ഹൃദയാഘാതത്തിന്റെ നെഞ്ചുവേദന ആകാറുള്ളൂ.
   
ഏകദേശം 10 മുതല്‍ 30 ശതമാനം വരെ തീവ്ര കോവിഡ് രോഗം പിടിപ്പെട്ട ആളുകളില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍ ഉണ്ട് എന്നാണ്. തീവ്രമായ കൊറോണ രോഗങ്ങള്‍ ഹൃദയപേശികളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി രക്തത്തില്‍ Troponin I/Troponin T എന്ന എന്‍സൈം ഉയര്‍ന്നിരിക്കാറുണ്ട്.
 
ഹൃദയപേശികളില്‍ ഉള്ള നീര്‍വീക്കമായ Myocarditis സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഹൃദയത്തിന്റെ പമ്പിംഗ് കുറയാം. ഹൃദയത്തിന്റെ താളത്തിലുള്ള വ്യതിയാനങ്ങള്‍ സംഭവിക്കാം. മരണം വരെ സംഭവിക്കാം. കൂടാതെ കോവിഡ് 19 വൈറസ് രക്തം കട്ടപിടിക്കാന്‍ സാധ്യത വര്‍ധിപ്പിക്കുന്ന വൈറസ് ആണ്. ഹൃദയത്തിലെ രക്തധമനികളില്‍ രക്തം കട്ടപിടിച്ച് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതല്‍ ആണ്. ഹൃദയത്തില്‍ നിന്നും ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ചുള്ള Pulmonary emoslone എന്ന ഗുരുതരമായ അസുഖം വരാന്‍ ഉള്ള സാധ്യതയും ഉണ്ട്. എന്നാല്‍ ഇതെല്ലാം വളരെ വളരെ ചുരുക്കം ആളുകളില്‍ അതും അതിതീവ്ര കോവിഡ് പിടിപ്പെട്ടവരില്‍ മാത്രമാണ്.

കോവിഡിന് ശേഷം എപ്പോള്‍ എക്‌സര്‍സൈസ് ചെയ്യാം?

മൈല്‍ഡ് കോവിഡ് ആണെങ്കില്‍ നെഗറ്റീവ് ആയതിനുശേഷം (അല്ലെങ്കില്‍ പോസിറ്റീവ് ആയതിനു 3 ആഴ്ചകള്‍ക്കുശേഷം) വളരെ ലഘുവായ വ്യായാമങ്ങള്‍ ചെയ്തു തുടങ്ങാവുന്നതാണ്. കോവിഡിന് മുമ്പ് നമ്മള്‍ എന്ത് വ്യായാമം ചെയ്തിരുന്നുവോ അതെ തരത്തിലുള്ള വ്യായാമങ്ങള്‍ തന്നെയാണ് ചെയ്തു തുടങ്ങേണ്ടത്. വ്യായാമം ചെയ്ത് തുടങ്ങിയാല്‍ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ പിന്നെ വ്യായാമം തുടരാതിരിക്കുന്നതാണ് നല്ലത്. ഡോക്ടറുടെ ഉപദേശം സ്വീകരിച്ചതിനുശേഷം മാത്രമേ പിന്നീട് വ്യായാമം തുടരാവൂ. യാതൊരു ധൃതിയും ഇല്ലാതെ വളരെ സാവധാനത്തില്‍ വ്യായാമം ചെയ്ത് തുടങ്ങി മെല്ലെ മെല്ലെ കൂട്ടി കൊണ്ടുവരുന്നതാണ് നല്ലത്. 
 
തീവ്ര കോവിഡ് മാറിയ 4 മുതല്‍ 6 ആഴ്ചകള്‍ക്ക് ശേഷം ബ്രീത്തിംഗ് എക്‌സര്‍സൈസ് ചെയ്ത് തുടങ്ങാവുന്നതാണ്. ബ്രീത്ത് എക്‌സര്‍സൈസ് ചെയ്ത് തുടങ്ങി ഒന്നോ രണ്ടോ ആഴ്ചകള്‍ക്കു ശേഷം ശാരീരിക വ്യായാമങ്ങള്‍ ചെയ്തു തുടങ്ങുക. ശാരീരിക വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ വളരെ ലഘുവായ വ്യായാമങ്ങള്‍ വളരെ സാവധാനത്തില്‍ മാത്രം ചെയ്ത് തുടങ്ങുക. കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ വ്യായാമം നിര്‍ത്തണം. ഒന്നോ രണ്ടോ ആഴ്ചകള്‍ക്കുശേഷം വീണ്ടും വ്യായാമം തുടങ്ങുക. കോവിഡ് ഹൃദയത്തെയോ ശ്വാസകോശത്തേയോ സാരമായി ബാധിച്ച അതി തീവ്ര കോവിഡ് രോഗികള്‍ തങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശത്തിനനുസരിച്ച് മാത്രമേ വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങാവൂ.

(കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

Content highlight: heart pain after covid 19 world heart day special, World Heart Day 2021