മ്മുടെ ശരീരത്തിലെ ഏതൊരു അവയവത്തിന്റെയും തകരാറുകള്‍ ജീവനു തന്നെ ഭീഷണി ആയേക്കാം. അത് ഹൃദയമാണെങ്കിലും വൃക്കയാണെങ്കിലും കരളാണെങ്കിലും മസ്തിഷ്‌കമാണെങ്കിലും. എന്നാല്‍ ഹൃദയത്തിനു മാത്രം ഒരു അമിത പ്രാധാന്യം നല്‍കേണ്ടതുണ്ടോ? ഉണ്ട്! കാരണം ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ കൊന്നൊടുക്കുന്നത് ഹൃദ്രോഗവും ഹൃദയസംബന്ധവുമായഅസുഖങ്ങളാണ്.

ഈ കഴിഞ്ഞ വര്‍ഷത്തെ ലോകത്തെ ആകെ മരണങ്ങളുടെ കണക്കെടുത്ത് നോക്കിയാല്‍ പോലും  കോവിഡ് 19 മൂലം മരണപ്പെട്ട ആളുകളേക്കാള്‍ കൂടുതല്‍ ഹൃദ്രോഗമരണങ്ങളാണ്. ഈ ഹൃദ്രോഗമരണങ്ങളില്‍ ഏകദേശം 80 ശതമാനം മരണങ്ങള്‍ നമുക്ക് ഒഴിവാക്കാവുന്നതാണ് എന്നതാണ് മറ്റൊരു സത്യം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വര്‍ഷവും 17.9 ദശലക്ഷം ആളുകള്‍ ഹൃദയാഘാതം (ഹാര്‍ട്ട് അറ്റാക്ക്) കാരണം മരണമടയുന്നു. ഹൃദയാഘാത മരണങ്ങളില്‍ മൂന്നിലൊന്ന് മരണവും 70 വയസ്സിന് താഴെയുള്ളവരിലാണ് സംഭവിക്കുന്നതെന്ന് യു.എന്‍. ആരോഗ്യ ഏജന്‍സി വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി യുവാക്കളിലെ (40 വയസ്സിനു താഴെയുള്ള) ഹൃദയാഘാത സാധ്യത രണ്ട് ശതമാനം വര്‍ധിച്ചതായി ജേണല്‍ ഓഫ് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ പഠനങ്ങള്‍ വെളിവാക്കുന്നു.

ഈ ഒരു ലക്ഷ്യം മനസ്സില്‍ വെച്ചുകൊണ്ട് ആളുകളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഡബ്ല്യു.എച്ച്.ഒ., വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, യുനെസ്‌കോ എന്നിവ സംയുക്തമായി എല്ലാവര്‍ഷവും സെപ്റ്റംബര്‍ 29 വേള്‍ഡ് ഹാര്‍ട്ട് ഡേ ആയി ആചരിക്കുന്നത്. ഈ മഹാമാരിക്കാലത്ത് ഹൃദയാരോഗ്യത്തിനും ഹൃദയസംരക്ഷണ ചികിത്സയ്ക്കും പ്രാധാന്യം കുറഞ്ഞുപോകരുത് എന്ന ഒരു ഉദ്ദേശം ഉണ്ട്. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ വേള്‍ഡ് ഹാര്‍ട്ട് ഡേ തീം എന്നത് 'Use  Heart to Connect' എന്നതാണ്.

കോവിഡ് തുടങ്ങിയ കാലം മുതല്‍ നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയതാണ് ഹൃദ്രോഗമുള്ളവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ സങ്കീര്‍ണമാകാനുള്ള സാധ്യത കൂടുതലാണെന്ന്. അതുകൊണ്ട് തന്നെ ധാരാളം ഹൃദ്രോഗികള്‍ ആശുപത്രിയില്‍ വരാന്‍ ഭയന്നുകൊണ്ട് വേണ്ടസമയത്ത് യഥാര്‍ഥ ചികിത്സ ലഭിക്കാതെ ഗുരുതരമാകുന്നുണ്ട്. മറ്റു പലരും തുടര്‍ ചികിത്സ നഷ്ടപ്പെടുത്തുന്നു. ഉറ്റവരെയും സുഹൃത്തുക്കളെയും വേര്‍പ്പെട്ടുള്ള ജീവിതം പലരേയും അമിതമായ മാനസിക സംഘര്‍ഷത്തിലാക്കുന്നു.  അമിതമായ മാനസിക സമ്മര്‍ദം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. പുറത്തിറങ്ങാനുള്ള ഭയം കാരണം പലരും വ്യായാമം പോലും ചെയ്യുന്നില്ല. ദീര്‍ഘനാളത്തെ ലോക്ക്ഡൗണും വര്‍ക്ക് ഫ്രം ഹോം ശീലങ്ങളും നമ്മളെ, പ്രത്യേകിച്ച് യുവാക്കളെ സാരമായി ബാധിക്കുന്നുണ്ട്.

നമുക്കറിയാം, ഈ കോവിഡ് കാലത്ത് നമ്മള്‍ കൂടുതല്‍ ഡിജിറ്റല്‍ ആയി. ഓണ്‍ലൈന്‍/നെറ്റ്വര്‍ക്ക് സാധ്യതകള്‍ കൂടുതല്‍ ഉപയോഗിച്ച് കൂടുതല്‍ ഇന്നൊവേറ്റീവ് ആയ വഴികളിലൂടെ ആളുകള്‍ തമ്മില്‍ ശാരീരിക അകലം പുലര്‍ത്തി മാനസിക അകലം കുറക്കാന്‍ ശ്രമിക്കണം. 'Use  Heart to Connect'  എന്ന വേള്‍ഡ് ഹാര്‍ട്ട് ഡേ തീം കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. അതുപോലെ തന്നെ പ്രധാനമാണ് ടെലിഹെല്‍ത്ത്, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ. രോഗികള്‍ തങ്ങളുടെ ഡോക്ടര്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവ പ്രോത്സാഹിപ്പിക്കണം എന്നതാണ് മറ്റൊരു സന്ദേശം. ഇന്ന് ഒരു ഹൃദ്രോഗിക്ക് തന്റെ ഡോക്ടറുമായി ചികിത്സ തുടര്‍ന്നുകൊണ്ടുപോകുന്നതിനും അകാരണമായി മരുന്നുകള്‍ സ്വയം നിര്‍ത്തുന്നത് ഒഴിവാക്കുന്നതിനും സഹായിക്കും.

ഹൃദയസംരക്ഷണത്തില്‍ എപ്പോഴും പറയാറുള്ള കാര്യങ്ങളാണ് സമീകൃതാഹാരം കഴിക്കുക, പുകവലി ഒഴിവാക്കുക, വ്യായാമം ചെയ്യുക, നല്ല ജീവിതശൈലി സ്വീകരിക്കുക എന്നിവ. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ പ്രാവര്‍ത്തികമാക്കാന്‍ ധാരാളം ഫോണ്‍ ആപ്പുകളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ഇന്ന് ഉണ്ട്. വീട്ടില്‍ നിന്നു തന്നെ ചെയ്യാന്‍ പറ്റുന്ന വ്യായാമ മുറകള്‍ ശീലിക്കണം എന്നതാണ് പരമപ്രധാനം. ഇല്ലെങ്കില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് നമ്മുടെ ശരീരഭാരം അമിതമായി വര്‍ധിക്കും. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രണാതീതമായി ഉയരുക എന്നിവയിലേക്ക് വഴിവെക്കും. 'Use heart to connect' എന്നത് നല്ല ജീവിതശൈലിയും വ്യായാമവും ശീലിക്കുന്നതിന് ഉപകരിക്കണം. ചുരുങ്ങിയത് 20 മിനിറ്റെങ്കിലും സ്വന്തം താമസ സ്ഥലത്ത് സുരക്ഷിതമായി ദിവസവും ചെയ്യാവുന്ന വ്യായാമ മുറകള്‍ ശീലിക്കണം.

രണ്ടോ മൂന്നോ കിലോഗ്രാം ഭാരം വര്‍ധിക്കുന്നത് ഹൃദ്രോഗികളില്‍ പ്രകടമായ രോഗലക്ഷണങ്ങളായ കിതപ്പ്, ക്ഷീണം എന്നിവ വര്‍ധിക്കാന്‍ കാരണമായേക്കാം. മൊബൈല്‍ ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമായി മണിക്കൂറുകളോളം ഒരിടത്ത് ചടഞ്ഞിരിക്കുന്നതും അത്യന്തം അപകടകരമാണ്. ഐ.ടി. പ്രൊഫഷണലുകളും മറ്റും ദീര്‍ഘനേരം കമ്പ്യൂട്ടറിന്റെ മുന്നില്‍ തുടര്‍ച്ചയായി ഇരിക്കുന്നത് ഒഴിവാക്കി ഇടയ്ക്ക് ഇടവേളകള്‍ എടുത്ത് കണ്ണിനും മനസ്സിനും വിശ്രമം കൊടുത്ത് ശരീരപേശികള്‍ക്ക് വ്യായാമം നല്‍കുന്നതിനായി ലഘുനടത്തം മുതലായവ ശീലിക്കേണ്ടതാണ്.

കോവിഡ് കാലത്താണെങ്കില്‍ പോലും ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ സമയം വൈകാതെ ചികിത്സ എടുക്കേണ്ടതാണ്. പെട്ടെന്ന് വേണ്ട ചികിത്സ ഒരു കാരണവശാലും വേണ്ടെന്ന് വെക്കരുത്. ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ Time in muscle  എന്നാണ്. ചികിത്സ എടുക്കാന്‍ വൈകുന്തോറും ഹൃദയപേശികള്‍ക്ക് നാശം സംഭവിക്കുന്നു.

ഹൃദയപേശികള്‍ക്ക് സംഭവിക്കുന്ന നാശം കാലാകാലത്തേക്ക് ഹൃദയത്തിന്റെ പമ്പിംഗ് കുറയുന്നതിനും ഹാര്‍ട്ട് ഫെയിലിയര്‍ എന്ന ഗുരുതരമായ രോഗാവസ്ഥയിലേക്ക് എത്തുന്നതിനും കാരണമാകുന്നു. അതുകൊണ്ടു തന്നെ ഹൃദയാഘാതത്തിന് ചികിത്സ വൈകിക്കുന്നത് ഹൃദയപേശികള്‍ നശിക്കാന്‍ ഇടയാക്കും. കോവിഡ് പടരുമോ എന്ന ഭയം കൊണ്ട് ആരും തന്നെ ഹൃദയാഘാതത്തിന് അടിയന്തിര ചികിത്സ നേടാന്‍ മടിക്കരുത്. Time is muscle and muscle is life എന്നാണ്.

(കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

Content highlights: covid 19 and hearthealth world heart day special 2021