രണമെത്തുന്ന നേരത്ത് ഒരാളുടെ ഹൃദയമെടുത്തു മറ്റൊരാളില്‍ തുന്നിപ്പിടിക്കുന്നു. പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി അയാളില്‍ ആ ഹൃദയം സ്പന്ദിച്ചുതുടങ്ങുന്നു. അപ്പോള്‍ ആ ഹൃദയം കൈക്കുടന്നയിലെന്ന പോലെ സൂക്ഷിച്ച് അതിവേഗം കുതിച്ചെത്തിയ മനുഷ്യന് എത്രമാത്രം സന്തോഷമുണ്ടാകും? എല്ലാവരും ബാലേട്ടനെന്നു വിളിക്കുന്ന എറണാകുളം ലിസി ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ ബാലചന്ദ്രന്‍ ജീവിതത്തില്‍ ആ സന്തോഷം അനുഭവിച്ചത് ഒന്നല്ല, 25 തവണയാണ്.

കേരളത്തില്‍ ഏറ്റവുമധികം ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട യാത്രകളില്‍ സാരഥിയായ ആളാണ് ആലപ്പുഴ പുന്നമട സ്വദേശി ജി.ആര്‍. ബാലചന്ദ്രന്‍. ആശുപത്രിയില്‍ ഇതുവരെ നടന്ന 26 ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകളില്‍ 25-ലും ഹൃദയവുമായി ആംബുലന്‍സ് ഓടിച്ചത് ബാലചന്ദ്രനാണ്. ''സഹപ്രവര്‍ത്തകന്‍ സിന്റോ എന്നയാള്‍ക്കു ജീവന്‍ നല്‍കാന്‍ 2013-ലാണ് ആദ്യമായി ഹൃദയംവഹിച്ച ആംബുലന്‍സ് ഓടിച്ചത്. ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍നിന്നു ലിസി ആശുപത്രിയിലേക്കായിരുന്നു അത്. അന്നു വണ്ടി ഓടിക്കുമ്പോള്‍ സിന്റോയെ ഓര്‍ത്തു ഞാന്‍ ശരിക്കും കരഞ്ഞിരുന്നു''- ബാലചന്ദ്രന്‍ പറഞ്ഞു.

ദൂരെനിന്നു വ്യോമമാര്‍ഗം എത്തിച്ച ഹൃദയങ്ങള്‍ ഹെലിപാഡില്‍നിന്ന് ആശുപത്രിയിലേക്കെത്തിച്ച മിന്നല്‍ യാത്രകളിലും സാരഥി ബാലചന്ദ്രന്‍ തന്നെയായിരുന്നു. കോട്ടയത്തുനിന്ന് എറണാകുളത്ത് ഹൃദയമെത്തിക്കാനുള്ള ഒരു യാത്രയുണ്ടായിരുന്നു. അന്നു ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞത് ഇന്നും മറന്നിട്ടില്ല- ''45 മിനിറ്റ് തരും. കോട്ടയം മെഡിക്കല്‍ കോളേജില്‍നിന്നു ഹൃദയം ഇവിടെയെത്തിക്കണം. കൂടുതല്‍ തരാന്‍ ഒരു മിനിറ്റുപോലും എന്റെ കൈയിലില്ല.'' തകര്‍ന്നുകിടന്ന പുതിയകാവ്-എറണാകുളം റോഡിലൂടെ അന്ന് ആംബുലന്‍സ് ഓടിച്ച് പറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചത് എങ്ങനെയാണെന്നറിയില്ല-ബാലചന്ദ്രന്‍ പറഞ്ഞു.

പത്താംക്‌ളാസ് കഴിഞ്ഞു വര്‍ക്ഷോപ്പില്‍ ജോലിചെയ്യുന്നതിനിടെ ഡ്രൈവിങ് പഠിച്ച ബാലചന്ദ്രന്‍ ആംബുലന്‍സ് ഡ്രൈവറായെത്തുന്നത് അവിചാരിതമായാണ്. അപകടസാധ്യത ഏറെയുണ്ടെങ്കിലും ബാലചന്ദ്രന്റെ ജോലിയെ ഭാര്യ ഐബിയും മക്കളായ അനന്തുവും അമലുവും ഏറെ ഇഷ്ടപ്പെടുന്നു.

Content highlights: ambulance driver balan run the vehicle carry heart for transplant 25 times world heart day