ലോകമെങ്ങും ജനങ്ങളെ രോഗദുരിതത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന രോഗങ്ങളിൽ പ്രധാന സ്ഥാനമാണ് ഹൃദ്രോഗത്തിനുള്ളത്. പൊതുജനങ്ങളിൽ ഹൃദ്രോഗത്തെക്കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും സെപ്റ്റംബർ 29 ന് ലോകഹൃദയദിനമായി ആചരിക്കുന്നു. ഇന്ന് ലോകജനത കോവിഡ്19 എന്ന മഹാമാരിയുടെ പിടിയിലമർന്നിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ ഹൃദ്രോഗികൾ നിരവധി ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത്. കോവിഡ് വ്യാപന ഭയത്താൽ ഹൃദ്രോഗികളിൽ പലരും രോഗത്തിന്റെ ആരംഭഘട്ടത്തിൽ പോലും ആശുപത്രികളിൽ പോവാൻ മടികാണിക്കുന്നു. അമിതമായ മാനസിക സമ്മർദവും ഉത്‌കണ്ഠയും ഇത്തരം രോഗികളെ സങ്കീർണതയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. ഈ ഘട്ടത്തിൽ ഹൃദയാരോഗ്യ സംരക്ഷണത്തിന് പ്രാധാന്യമേറുന്നു. ഹൃദയദിനത്തിൽ ഹൃദ്രോഗങ്ങളിൽ തന്നെ പ്രധാന സ്ഥാനമുള്ള ഹാർട്ട് ഫെയ്ലിയറിനെക്കുറിച്ച് കൂടുതലറിയാം.

ലോകമെമ്പാടും ഭയാനകമായ അനുപാതത്തിലാണ് ഹാർട്ട് ഫെയ്ലിയർ രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ലക്ഷക്കണക്കിന് ആളുകൾ ഈ രോഗാവസ്ഥയുടെ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അനേകായിരം പേർ ഇതുകാരണം മരണപ്പെടുന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ ഹാർട്ട് ഫെയ്ലിയർ രോഗികളുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. മുൻകാലങ്ങളിൽ റുമാറ്റിക് ഹൃദ്രോഗവും അണുബാധയുമായിരുന്നു കേരളത്തിൽ ഹാർട്ട് ഫെയ്ലിയറിന്റെ പ്രധാന കാരണമായിരുന്നത്. എന്നാൽ ഇപ്പോൾ കൊറോണറി ആർട്ടറി അസുഖം, ഉയർന്ന രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങൾ.

ഹൃദയത്തിന്റെ ഏത് രോഗാവസ്ഥയും കൃത്യമായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അത് ഹാർട്ട് ഫെയ്ലിയർ രോഗാവസ്ഥയിലേക്ക് പോകാനുള്ള സാധ്യതകൾ ഏറെയാണ്.

ജീവിതം നിലനിർത്താൻ ഹൃദയത്തിന്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം അത്യന്താപേക്ഷിതമാണ്. ഹൃദയം രക്തം പമ്പ് ചെയ്യുന്നതിലൂടെയാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പോഷകഘടങ്ങളും ഓക്സിജനും എത്തുന്നത്. മാത്രമല്ല, ഇത് ശരീരത്തിലെ അവയവങ്ങളിൽ കുമിഞ്ഞ് കൂടിയിരിക്കുന്ന വിഷാംശം നീക്കം ചെയ്യുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ശരിയായ പമ്പിംഗ് പ്രവർത്തനത്തിന് ഹൃദയ പേശികൾക്ക് മതിയായ ശക്തി ഉണ്ടായിരിക്കണം. കൂടാതെ ഹൃദയ വാൽവുകളുടെ ഏകോപനപരമായ പ്രവർത്തനം കൃത്യമായിരിക്കുകയും വേണം. ഹൃദയത്തിന്റെ താഴത്തെ അറകളായ വലത്, ഇടത് വെൻട്രിക്കിളുകളാണ് ഹൃദയത്തിൽനിന്നും രക്തം പമ്പ് ചെയ്യുന്നത്.

വലത് വെൻട്രിക്കിൾ ഓക്സിജൻ കുറഞ്ഞ രക്തത്തെ ശ്വാസകോശത്തിലേക്ക് പമ്പു ചെയ്ത് ഓക്സിൻ കൂട്ടാൻ സഹായിക്കുന്നു. ഈ രക്തം ഇടത് വെൻട്രിക്കിളിൽ എത്തുകയും അവിടുന്ന് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പമ്പു ചെയ്യപ്പെടുകയും ചെയ്യുന്നു. ഹൃദയത്തിന്റെ ഓരോ പമ്പിംഗ് ചക്രത്തിനും രണ്ട് ഘട്ടങ്ങളുണ്ട്. ഡയസ്റ്റോളും സിസ്റ്റോളും. ഡയസ്റ്റോൾ സമയത്ത് ഹൃദയത്തിന്റെ പേശികൾ വികസിക്കുകയും തന്മൂലം അറകളിൽ രക്തം നിറയുകയും ചെയ്യുന്നു. സിസ്റ്റോൾ സമയത്ത് ഹൃദയപേശികൾ ചുരുങ്ങുകയും ഹൃദയത്തിന്റെ അറകളിൽ നിന്ന് രക്തം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഈ പ്രവർത്തനങ്ങളിൽ വ്യതിയാനം വരുന്ന അവസ്ഥ, അതായത് ഹൃദയ അറകളിലേക്ക് രക്തം സ്വീകരിക്കുന്നതിലോ അല്ലെങ്കിൽ രക്തം പമ്പു ചെയ്യുന്നതിലോ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹാർട്ട് ഫെയ്ലിയർ എന്നുപറയുന്നത്.

ഹാർട്ട് ഫെയ്ലിയറിന്റെ ലക്ഷണങ്ങൾ

ലക്ഷണങ്ങൾ അതിന്റെ തീവ്രതയേയും ദൈർഘ്യത്തേയും മൂലകാരണത്തേയും ഹൃദയത്തിന്റെ ഏത് ഭാഗത്തേയാണ് ഇത് ബാധിച്ചിരിക്കുന്നത് എന്നതിനേയും ആശ്രയിച്ചിരിക്കുന്നു. നടക്കുമ്പോഴുണ്ടാകുന്ന കിതപ്പ്, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരത്തിൽ നീരുവെക്കൽ, അതിയായ ക്ഷീണം, നെഞ്ചിടിപ്പ്, നെഞ്ചുവേദന എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഹാർട്ട് ഫെയ്ലിയർ വരാതിരിക്കുന്നതിനുള്ള ഫലപ്രദമായ പ്രതിരോധരീതി എന്നു പറയുന്നത് ഇത് വരാൻ സാധ്യതയുള്ള രോഗാവസ്ഥയെ നേരത്തെ കണ്ടുപിടിച്ച് ഉചിതമായ ചികിത്സ നൽകുകയാണ്.

ഉദാഹരണമായി രക്തസമ്മർദം, പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രിക്കുകയും വാൽവ്യൂലർ ഹൃദ്രോഗം, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, അരിത്മിയ തുടങ്ങിയ ഹൃദയസംബന്ധമായ അസുഖങ്ങൾ നേരത്തെ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുകയും ചെയ്യേണ്ടതാണ്. മിക്ക രോഗികൾക്കും മരുന്നുകളിലൂടെയാണ് ചികിത്സ നടത്തുന്നത്. ഇതിനോടൊപ്പം ഈ രോഗാവസ്ഥയുടെ മൂലകാരണം കണ്ടുപിടിച്ച് അതിന് ചികിത്സ നടത്തുകയും ചെയ്യണ്ടതാണ്. ഉദാഹരണത്തിന് കൊറോണറി ആർട്ടറി രോഗമാണ് കാരണമെങ്കിൽ, രോഗത്തിന്റെ തീവ്രതയെ അടിസ്ഥാനമാക്കി ചികിത്സിക്കണം. ആൻജിയോപ്ലാസ്റ്റി അല്ലെങ്കിൽ ബൈപാസ് സർജറി പോലുള്ള റിവാസ്കുലറൈസേഷൻ ചികിത്സകൾ ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമായിവന്നേക്കാം. ഹൃദയവാൽവിനുള്ള തകരാറാണ് കാരണമെങ്കിൽ വാൽവ് ചികിത്സകളായ ഓപ്പൺ അല്ലെങ്കിൽ പെരിക്യുട്ടേനിയസ് വാൽവ് മാറ്റിസ്ഥാപിക്കൽ അല്ലെങ്കിൽ റിപ്പയർ ആവശ്യമാണ്. ജന്മനാലുള്ള ഹൃദ്രോഗം മൂലം ഉണ്ടാകുന്ന ഹാർട്ട്ഫെയ്ലിയറിന് അതിനനുസൃതമായ ശസ്ത്രക്രിയകൾ നടത്തേണ്ടതാണ്. ഹൃദയതാളപ്പിഴവുകളാണ് ഇതിന് കാരണമാകുന്നതെങ്കിൽ റേഡിയോഫ്രീക്വൻസി അബ്ലേഷൻ പോലുളള ചികിത്സകൾ ആവശ്യമായി വന്നേക്കാം. അമിതരക്തസമർദം, പ്രമേഹം എന്നിവയ്ക്കും കൃത്യമായ ചികിത്സ ആവശ്യമാണ്.

ഹാർട്ട്ഫെയ്ലിയർ രോഗികൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഇടയ്ക്കിടെയുണ്ടാകുന്ന രോഗലക്ഷണങ്ങളും അതുമൂലമുണ്ടാകുന്ന ആശുപത്രിവാസവും. ഇതിനുള്ള പ്രധാന കാരണം ശരിയായ രീതിയിൽ മരുന്നുകൾ ഉപയോഗിക്കാത്തതാണ്. കൂടാതെ ശ്വാസനാളത്തിലെ അണുബാധകൾ, രോഗാവസ്ഥയ്ക്കു ശേഷം ജീവിതശൈലിയിൽ വന്ന മാറ്റങ്ങൾ, അതുമൂലമുണ്ടാകുന്ന വിഷാദം തുടങ്ങിയവയെല്ലാം ആവർത്തിച്ചുള്ള രോഗലക്ഷണങ്ങളുടെ കരണങ്ങളാണ്. ഹാർട്ട്ഫെയ്ലിയർ വന്ന മിക്ക രോഗികളും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും ചിലർക്ക് മരുന്നുകളോടൊപ്പം നൂതന ചികിത്സാരീതികളായ കാർഡിയാക് റീസിൻക്രൊണൈസേഷൻ തെറാപ്പി, റേഡിയോ ഫ്രീക്വൻസി അബ്ളേഷനുകൾ, ഇൻട്രാ കാർഡിയാക് ഡിഫിബ്രില്ലേറ്റർ, മെക്കാനിക്കൽ സർക്കുലേറി സപ്പോർട്ട്, ഹാർട്ട് ട്രാൻസ്പ്ലാന്റേഷൻ തുടങ്ങിയ ചികിത്സാരീതികൾ ആവശ്യമായി വന്നേക്കാം.

കാർഡിയാക് റീസിൻക്രൊണൈസേഷൻ തെറാപ്പി എന്നു പറയുന്നത് ഹൃദയത്തിന്റെ ഇടത് വലത് വെൻട്രിക്കിളുകളുടെ സങ്കോചത്തെ ഏകീകരിപ്പിക്കുന്ന ഒരു ചികിത്സാ രീതിയാണ്. ഒരു ബാറ്ററി ഘടിപ്പിച്ച ഉപകരണം വഴിയാണ് ഇത് ചെയ്യുന്നത്. റേഡിയോ ഫ്രീക്വൻസി അബ്ലേഷൻ ചികിത്സ ഉപയോഗിക്കുന്നത് ഹൃദയത്തിന്റെ അമിതമായ താളപ്പിഴവുകൾ ചികിത്സിച്ച് ഭേദമാക്കാനാണ്. ചില ഘട്ടങ്ങളിൽ മരുന്നുകളോ ഇത്തരത്തിലുള്ള നൂതന ചികിത്സാരീതികളോ കൊണ്ട് ഹാർട്ട് ഫെയ്ലിയർ ഭേദമാകാതെ വരികയും രോഗലക്ഷണങ്ങൾ തുടർച്ചയായി പ്രകടിപ്പിക്കുകയും ചെയ്യുന്നവർക്ക് മെക്കാനിക്കൽ സർക്കുലറി സപ്പോർട്ട് അഥവാ ആർട്ടിഫിഷ്യൽ ഹാർട്ട് പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വരുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ ഉപകരണങ്ങൾ ഹൃദയത്തിന്റെ പമ്പിംഗ് പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നു. ഒരു ചികിത്സാരീതികളും ഫലപ്രദമാകാതെ വരുമ്പോൾ ചില രോഗികൾക്ക് ഹാർട്ട് ട്രാൻസ്പ്ലാന്റേഷനിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കും. ചില ഹാർട്ട്ഫെയ്ലിയർരോഗികൾക്ക് ഹൃദയതാളപ്പിഴവുകൾ മൂലം പെട്ടെന്നുണ്ടാകുന്ന മരണത്തിന് സാധ്യത കൂടുതലാണ്. ഈ അപകടാവസ്ഥയ്ക്ക് സാധ്യതയുള്ള രോഗികളിൽ ഇൻട്രാ കാർഡിയാക് ഡിഫിബ്രില്ലേറ്റർ എന്ന ഉപകരണം സുരക്ഷ നല്കുന്നു.

ഹാർട്ട്ഫെയ്ലിയറിന് ഏറ്റവും മികച്ച ചികിത്സാ ഫലം ലഭിക്കുന്നതിന്, രോഗിയുടെയും പരിചരിക്കുന്നവരുടെയും നല്ല സഹകരണം ആവശ്യമാണ്. കർശനമായ ഭക്ഷണക്രമവും ജീവിതശൈലി പരിഷ്കരണവും ആവശ്യമാണ്. അതുപോലെ ഡോക്ടറുടെ നിർദേശങ്ങൾ രോഗി കൃത്യമായി പാലിച്ചുകൊണ്ടാണ് ചികിത്സ തുടരേണ്ടത്. ചികിത്സയുടെ പ്രാരംഭഘട്ടം മുതൽ കാർഡിയോളജിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തുകയും കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേണ്ടതും അത്യാവശ്യമാണ്.

(കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സെന്റർ ഫോർ ഹാർട്ട് ആന്റ വാസ്കുലർ കെയറിൽകൺസൾട്ടന്റ് കാർഡിയോളജിസ്റ്റാണ് ലേഖകൻ)

Content Highlights:World Heart Day 2020, What is a heart failure Learn more about it, Health