സാധാരണമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയി കൊണ്ടിരിക്കുന്നത്. ലോകജനത കോവിഡ് മഹാമാരിയുടെ മുന്നിൽ പകച്ചു നിൽക്കുന്ന ദുഃഖകരമായ സമയത്താണ് ഈ വർഷം ലോക ഹൃദയദിനം ആചരിക്കുന്നത്. ഈ മഹാമാരിയുടെ പരിണതഫലം ഏത് രീതിയിൽ ആയിരിക്കും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ലാത്തത് കൊണ്ട് ഈ സമയത്ത് ഹൃദയത്തിന്റെ സംരക്ഷണം നാം സ്വയം ഏറ്റെടുക്കുക അല്ലാതെ നിർവാഹമില്ല.

സ്വന്തം ആരോഗ്യത്തിന് ഉപരി സമൂഹത്തിലെ രോഗികളുടെയും രോഗസാധ്യതയുള്ളവരുടെയും സംരക്ഷണ ഉത്തരവാദിത്വവും നിക്ഷിപ്തമായിരിക്കുന്നത് നമ്മുടെ ആരോഗ്യപ്രവർത്തകരിലും രാജ്യത്തെ ആരോഗ്യമേഖല കൈകാര്യം ചെയ്യുന്നവരിലുമാണ്. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും അതിനു മാറ്റമില്ല.

ഹൃദയദിനത്തിന്റെ സന്ദേശം എല്ലാവർഷവും ജനങ്ങളിൽ എത്തിക്കാൻ വേൾഡ് ഹാർട്ട് ഫെഡറേഷൻ നിർദേശിക്കാറുള്ള പരിപാടികളായ കൂട്ടയോട്ടം, സൈക്കിൾ റെയ്സ്, തെരുവ് നാടകം, സെമിനാർ, സമ്മേളനങ്ങൾ എന്നിവ ഒന്നും കോവിഡ് നിയന്ത്രണം മൂലം ഈ വർഷം നടത്താൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.

അതിനാൽ ഈ വർഷത്തെ ഹൃദയദിനത്തിന്റെ സന്ദേശം 'ഹൃദ്രോഗത്തെ തോൽപ്പിക്കാൻ നമ്മൾ ഹൃദയപൂർവം പ്രവർത്തിക്കുക' എന്നതാക്കി മാറ്റണം.

ലോകത്തെ ഏറ്റവും പ്രധാന മരണ കാരണം ഹൃദ്രോഗവും രക്തധമനി രോഗവുമാണ് (കാർഡിയോ വാസ്ക്കുലാർഡിസീസ്- CVD) ഏതാണ്ട് 17.4 മില്യൻ മനുഷ്യർ ലോകത്ത് ഒരുവർഷം ഹൃദയ രക്തധമനി രോഗം മൂലം മരിക്കുന്നുണ്ട്. ഹൃദയരക്ത ധമനി രോഗത്തിന്റെ പ്രധാന കാരണങ്ങളായ പ്രമേഹം, രക്താതി മർദം, പുകവലി, പൊണ്ണത്തടി, വായുമലിനീകരണം എന്നിവയ്ക്ക് എതിരായുള്ള ബോധവത്‌ക്കരണമാണ് ഹൃദയ ദിനത്തിൽ ചെയ്യണ്ടത്. അത് ഡോക്ടർമാരോ ആശുപത്രികളോ മാത്രം നടത്തേണ്ട പരിപാടി അല്ല. സന്നദ്ധ സംഘടനകളും വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളും രാഷ്ട്രീയ പ്രവർത്തകരും പൊതുജനവും എല്ലാം ഹൃദയദിന സന്ദേശം പ്രചരിപ്പിച്ചും ബോധവത്‌ക്കരണ പരിപാടികൾ നടത്തിയും ഹൃദ്രോഗത്തെ തോൽപ്പിക്കാൻ രംഗത്ത് വരണം. അത് ഇപ്പോഴത്തെ സാഹചര്യത്തിൽ നവമാധ്യമങ്ങളായ ഫെയ്സ്ബുക്ക്, വാട്സ്അപ്പ്, യൂട്യൂബ് തുടങ്ങിയ ഉപയോഗിച്ചു വളരെ ഭംഗിയായി നടത്താൻ കഴിയും.

കോവിഡ് 19 പടർന്നുപിടിക്കുന്ന ഈ സമയത്ത് ഹൃദ്രോഗികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആളുകൾക്ക് തുടർചികിത്സ ലഭിക്കാൻ നേരിടുന്ന പ്രയാസങ്ങളും അതോടൊപ്പം പുതുതായി രോഗത്തിനു അടിമയാകുന്നവർക്ക് ചികിത്സ ലഭിക്കാൻ നേരിടുന്ന തടസ്സങ്ങളുമാണ്
പല ആശുപത്രികളും ഇപ്പോൾ സാധാരണ രോഗികൾക്ക് ചികിത്സ നൽകുന്നതിനോടൊപ്പം കോവിഡ് രോഗികളെ ചികിത്സ്ക്കുന്ന കേന്ദ്രങ്ങൾ കൂടി ആക്കി മാറ്റിയിട്ടുണ്ട്. ഈ മാറ്റം പല രോഗികളിലും അവിടെ പോയാൽ കോവിഡ് വരുമോ എന്ന അകാരണമായ ഭയം ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം കോവിഡ് നിയന്ത്രണത്തി ന്റെ ഭാഗമായി ഉണ്ടാകുന്ന യാത്രാ തടസ്സങ്ങൾ, റിവേഴ്സ് ക്വാറെന്റ്യ്ൻ, ഡോക്ടർമാരുടെ അഭാവം, ബന്ധുക്കളുടെ അലംഭാവം എല്ലാം യഥാസമയം ചികിത്സ ലഭിക്കുന്നതിന് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കോവിഡ് വന്നവർക്ക് പോലും ഹൃദ്രോഗ മുണ്ടായാൽ ചികിത്സ നൽകാനുള്ള സംവിധാനംവും അതിനുള്ള ഐ. സി.എം. ആർ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്) പ്രോട്ടോകോളും എല്ലാ പ്രധാന ആശുപത്രിയിലും ഉണ്ട്. ഹൃദ്രോഗവുമായി എത്തിയാൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം എങ്ങും ഇല്ല. അതുകൊണ്ട് ചികിത്സയിൽ ഒരിക്കലും അമാന്തം പാടില്ല.

ഹൃദ്രോഗമുള്ളവർക്ക് കോവിഡ് വരുകയാണെങ്കിൽ കൂടുതൽ അപകടമുണ്ട് എന്നത് ഇതിനോടകം ഉറപ്പായിക്കഴിഞ്ഞു. ഹൃദയ ധമനി രോഗം 10.5 ശതമാനം, പ്രമേഹം 7.3 ശതമാനം, രക്താതിമർദം ആറു ശതമാനം എന്ന മുറയ്ക്കാണ് കോവിഡ് മൂലം ജീവഹാനി ഉണ്ടാവുന്നത്. ഹൃദയത്തിൽ ഉണ്ടാകുന്ന ക്ഷതം(20-30 ശതമാനം), കാർഡിയോ മയോപ്പതി (7.2 ശതമാനം) ഹൃദയസ്പന്ദന വ്യതിയാനം (16.7 ശതമാനം) മയോകാർഡൈറ്റിസ് (2 ശതമാനം) രക്തധമനിയിൽ ഉണ്ടാകുന്ന മാറ്റം, ധമനിയിൽ ഉണ്ടാകുന്ന രക്തക്കട്ട ബ്ലോക്ക്, ശ്വാസകോശ രക്തധമനിക്കുണ്ടാകുന്ന തടസ്സം എന്നിവയാണ് കോവിഡ് രോഗികളിൽ ഉണ്ടാകുന്ന ഹൃദയ രക്ത ധമനി രോഗങ്ങൾ. 'സൈറ്റോകൈൻ സ്റ്റോം' മൂലം ഹൃദയത്തിന്റെ പ്രവർത്തന ത്തിന് വ്യത്യാസം ഉണ്ടാവുകയും ഹൃദയ പരാജയത്തിനും കാർഡിയോജനിക്ക് ഷോക്കിനും കാരണമാവുകയും ചെയ്യും.

ഇതൊക്കെ ഒഴിവാക്കാൻ കോവിഡിനെ പ്രതിരോധിക്കാനുള്ള മാസ്ക്കും, സാനിറ്റൈസറും, സാമൂഹ്യ അകല പാലനത്തിനും ഉപരിയായി നമുക്ക് എതൊക്കെ രീതിയിൽ ഹൃദ്യമായി പ്രവർത്തിക്കാൻ കഴിയും എന്ന് നോക്കുകയും അതിനായി ലോക ഹൃദയദിനത്തിൽ പ്രതിജ്ഞ എടുക്കുകയും വേണം.

1. സ്വയം ചെയ്യേണ്ട കാര്യങ്ങൾ
ഹൃദയാരോഗ്യത്തോടെ എങ്ങനെ ജീവിക്കണമെന്ന് മനസ്സിലാക്കി ആ രീതിയിൽ ജീവിതം മുന്നോട്ട് നയിക്കാൻ ഒരുങ്ങുക. എന്തെങ്കിലും മാറ്റങ്ങൾ സ്വഭാവ, ആഹാര, ജീവിതരീതികളിൽ വരുത്തണമെങ്കിൽ അതിന് തുടക്കം കുറിക്കുകയും തുടർന്ന് അനുവർത്തിക്കുകയും ചെയ്യുക.

2. സമൂഹത്തിനു വേണ്ടി ചെയ്യേണ്ട കാര്യങ്ങൾ

 • സ്നേഹിക്കുന്നവർക്ക് നിങ്ങൾ ഒരു മാതൃക ആയിമാറുക. ആരോഗ്യപ്രവർത്തകർ തങ്ങളുടെ രോഗിയിൽ അവരുടെ ഹൃദയാരോഗ്യത്തിന് വേണ്ടിയുള്ള അനുകൂല സാഹചര്യം ഉണ്ടാക്കി എടുക്കണം.
 • വ്യവസായി തന്റെ ജീവനക്കാരുടെ ഹൃദയാരോഗ്യം കാത്തുസംരക്ഷിക്കണം.
 • സർക്കാർ സമൂഹത്തിന്റെ ഹൃദയാരോഗ്യത്തിന് അനുകൂലമായ നയപരിപാടികളും നിയമനിർമ്മാണങ്ങളും നടപ്പിൽ വരുത്തുകയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണം.
 • പൊതുസ്ഥലത്തു പുകവലിക്കുന്നത് നിയമം മൂലം കർശനമായി നിരോധിക്കണം. വായുമലിനീകരണം, പൊതുസ്ഥലത്തെ മാലിന്യം എന്നിവ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണം.
 • ഹൃദ്രോഗം മൂലം പെട്ടെന്ന് കുഴഞ്ഞു വീണ് ബോധം കെടുന്നവർക്ക് ചികിത്സ നൽകാനുള്ള സംവിധാനം പൊതുസ്ഥലങ്ങളിൽ ഒരുക്കണം. ഷോപ്പിങ് മാൾ, എയർപോർട്ട്, ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സമ്മേളന സ്ഥലം, ആശുപത്രി എന്നിവിടങ്ങളിൽ ഹൃദയം ഷോക്ക് ചെയ്തു വീണ്ടും പ്രവർത്തിപ്പിക്കാനുള്ള യന്ത്രം (ഡിഫിബ്രിലെറ്റർ) എല്ലാവരും ശ്രദ്ധിക്കുന്ന രീതിയിൽ വെക്കണം. ഇതിന്റെ പ്രവർത്തന നിർദേശം ആർക്കും വായിച്ചു മനസ്സിലാക്കാവുന്ന രീതിയിൽ എഴുതിവക്കണം.

3. നമ്മുടെ പരിഗണനകൾ

 • നല്ല ഹൃദയ സൗഹൃദമായ ആഹാരം കഴിക്കുക, പുകവലി ഉപേക്ഷിക്കുക, ലഹരി ഉപയോഗം നിയന്ത്രണ വിധേയമാക്കുക, വ്യായാമത്തിന് സമയം മാറ്റിവക്കുക, എന്നീ കാര്യങ്ങൾക്ക് ജീവിതത്തിൽ മുന്തിയ പരിഗണന നൽകണം. അത്തരത്തിൽ വീട്ടിൽ ഉള്ള എല്ലാവർക്കും, ബന്ധുക്കൾക്കും, സ്നേഹിതർക്കും മാതൃകയായി മാറണം.
 • നമ്മുടെ ഹൃദയത്തിന്റെ ആവശ്യങ്ങൾക്ക് നാം എപ്പോഴും ചെവി കൊടുക്കണം.
 • പ്രമേഹം, ഹൃദ്രോഗം, രക്താതിമർദ്ദം, ഹൃദയ പരാജയം, തുടങ്ങിയവക്ക് ചികിത്സ നടത്തുന്നവർ കോവിഡ് മൂലം തങ്ങളുടെ പരിശോധനകൾ ഉപേക്ഷിക്കുന്ന സാഹചര്യം ഉണ്ടാവാൻ പാടില്ല.
 • അത്യാസന്നഘട്ടങ്ങളിൽ ആശുപത്രിയിൽ പോകുന്നതിന് ഒരിക്കലും ഉപേക്ഷ കാണിക്കരുത്. സൂചി കൊണ്ട് എടുക്കേണ്ടത് പിന്നീട് തൂമ്പാ കൊണ്ട് എടുക്കാൻ പോലും പറ്റാത്ത നിലയിൽ കാര്യങ്ങൾ കൈവിട്ടു പോകാൻ ഇടയാവരുത്.
 • ആശുപത്രിയിൽ നിങ്ങൾക്ക് എപ്പോഴും സുരക്ഷയാണ് ലഭിക്കുന്നത്. അവിടെ പരിചയസമ്പന്നരായ ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും നിങ്ങളെ സഹായിക്കാൻ ഉണ്ടാവും.
 • നിങ്ങളുടെ ഹൃദയം എപ്പോഴും നിങ്ങൾക്കു വേണ്ടിയും, നിങ്ങൾ സ്നേഹിക്കുന്നവർക്ക് വേണ്ടിയും സമൂഹത്തിനു വേണ്ടിയും സദാ സ്പന്ദിച്ചു കൊണ്ടുതന്നെ ഇരിക്കണം.
 • അതുപോലെ ഈ മഹാമാരിയുടെ ആക്രമണത്തിന് പ്രതിരോധം തീർത്ത് മുന്നണി പോരാളികളായി നിന്ന് പടപൊരുതുന്ന നഴ്സുമാർ, ആശുപത്രി ജീവനക്കാർ, മെഡിക്കൽ വിദ്യാർഥികൾ, ഡോക്ടർമാർ തുടങ്ങിയ എല്ലാ 'കോവിഡ് വാരിയേഴ്സിനും' പ്രോത്സാഹനവും ബഹുമാനവും ആദരവും നൽകുക എന്നതും ഹൃദയദിന ആഘോഷത്തിന്റ ഭാഗമാക്കണം. അതോടൊപ്പം ലോകത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അകാല മരണം ആശ്ലേഷിച്ച എല്ലാ ആരോഗ്യപ്രവർത്തകർക്കും ലോക ഹൃദയദിനത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Content Highlights:World Heart Day 2020 was celebrated during the Covid19 Corona Virus pandemic, Health