പാലക്കാട്: കുരുന്നുഹൃദയങ്ങളുടെ കരുതലിനായുള്ള സർക്കാരിന്റെ 'ഹൃദ്യം' പദ്ധതിയിലൂടെ സംസ്ഥാനത്ത് സൗജന്യചികിത്സ ലഭിച്ചത് 2,631 കുട്ടികൾക്ക്. പദ്ധതി നടപ്പാക്കിത്തുടങ്ങിയതോടെ സംസ്ഥാനത്ത് നവജാതശിശുക്കളിലെ ഹൃദ്രോഗംമൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ കഴിഞ്ഞെന്നും വിദഗ്ധർ പറയുന്നു. ആയിരം കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഒരുവയസ്സാകുന്നതിന് മുമ്പ് 12 കുഞ്ഞുങ്ങളോളം മരിച്ചിരുന്നു. ഇതിൽ 24 ശതമാനം മരണം ഹൃദ്രോഗത്തത്തെത്തുടർന്നായിരുന്നു. പദ്ധതിവഴി ചികിത്സ ലഭിച്ചുതുടങ്ങിയതോടെ നവജാതശിശുക്കളുടെ ഹൃദ്രോഗമരണം കുറഞ്ഞു.

2017 ഓഗസ്റ്റിലാണ് സംസ്ഥാനത്ത് 'ഹൃദ്യം' പദ്ധതി ആരംഭിച്ചത്. ജനിച്ചസമയം മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് ഹൃദയസംബന്ധമായി ഉണ്ടാകുന്ന ഏതൊരു അസുഖത്തിനും ശസ്ത്രക്രിയയ്ക്കും എത്രവലിയ തുകയായാലും അത് മുഴുവൻ സംസ്ഥാനസർക്കാർ വഹിക്കുന്ന പദ്ധതിയാണിത്.

പദ്ധതിയിൽ 25 കോടിയിലധികം രൂപയാണ് ഇതുവരെ ചെലവഴിച്ചത്. ഈവർഷംമാത്രം 1,641 കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ 512 കുട്ടികളുടെ ചികിത്സയാണ് പൂർത്തിയായത്.

സങ്കീർണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യചികിത്സ ലഭ്യമാക്കുന്ന ആരോഗ്യവകുപ്പിന്റെ ഹൃദ്യം പദ്ധതിയിൽ ചികിത്സ എവിടെയായാലും സർക്കാർ പണമടയ്ക്കും. വെബ് രജിസ്ട്രേഷനുപയോഗിച്ച് സൗജന്യ ഹൃദയശസ്ത്രക്രിയാ സംവിധാനം നടത്തുന്നതെന്ന പ്രത്യേകതയും ഹൃദ്യം പദ്ധതിക്കുണ്ട്.

വർഷം നാലായിരത്തോളം കുട്ടികളാണ് ഹൃദയസംബന്ധമായ അസുഖവുമായി ജനിക്കുന്നത്. ഇവരുടെ ചികിത്സാച്ചെലവ് മിക്ക കുടുംബത്തിനും താങ്ങാനാവുന്നതല്ല. ചികിത്സാസഹായ പദ്ധതികളിൽനിന്ന് പലപ്പോഴും നാമമാത്ര തുക മാത്രമാണ് ലഭ്യമാകുന്നത്. ഇത് പലപ്പോഴും ചികിത്സയ്ക്ക് തികയില്ല. ഇതേത്തുടർന്നാണ് ഹൃദ്യം നടപ്പാക്കിയത്. സ്വകാര്യ ആശുപത്രികളിലടക്കം കേരളത്തിൽ എട്ടിടത്താണ് ഹൃദയശസ്ത്രക്രിയാ സംവിധാനമുള്ളത്. അതിനാലാണ് കുട്ടികൾക്ക് രജിസ്ട്രേഷൻ നടത്തുകയും അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് അത് എത്രയുംവേഗം ലഭ്യമാക്കാൻ അധികൃതർ ജാഗ്രതപുലർത്തുകയും ചെയ്തത്.

Content Highlights:World Heart Day 2020, Hridyam project for kids, Health