'ഹലോ ഡോക്ടർ, അമ്മയ്ക്ക് പെട്ടെന്നൊരു നെഞ്ചുവേദന, 78 വയസ്സുണ്ട്, ഹോസ്പിറ്റലിൽ കൊണ്ടുവരുന്നത് സെയ് ഫ് ആണോ?'

സുഹൃത്തിന്റെ ഫോൺ വിളിയാണ്.

നിർബന്ധമായും കൊണ്ടുവരണം. ഒട്ടും സമയം പാഴാക്കാനില്ല'. ഒരുപാട് നിർബന്ധിച്ച ശേഷമാണ് അവൻ അമ്മയെയും കൊണ്ട് എമർജൻസി ഡിപ്പാർട്ട്മെന്റിലെത്തിയത്. ആശുപത്രിയിലെത്തുമ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലേക്ക് മാറിക്കഴിഞ്ഞിരുന്നു അവരുടെ അവസ്ഥ. മേജർ ഹാർട്ട് അറ്റാക്കാണ്. എമർജൻസി ആൻജിയോപ്ലാസ്റ്റി വേണ്ടി വന്നു. ആ സമയത്തെങ്കിലും ആശുപത്രിയിലെത്തിയതുകൊണ്ടും എമർജൻസി ആൻജിയോപ്ലാസ്റ്റി ചെയ്തതുകൊണ്ടും അവർ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു.

പറഞ്ഞ് വരുന്നത് ഈ കൊറോണ കാലത്തെ ഏറ്റവും അപകടം പിടിച്ച സ്ഥിതിവിശേഷത്തെക്കുറിച്ചാണ്. കഴിഞ്ഞ കുറേ മാസങ്ങളായി അപകടകരമായ ഈ സ്ഥിതിവിശേഷത്തിന് ഞങ്ങൾ നിസ്സഹായതയോടെ സാക്ഷ്യം വഹിക്കുകയാണ്. അനിവാര്യമായ സാഹചര്യമായിരുന്നിട്ട് പോലും കൊറോണ ഭീതിമൂലം ആളുകൾ ആശുപത്രിയിലെത്താൻ മടികാണിക്കുന്നത് മൂലം മാത്രം രക്ഷിക്കാൻ സാധിക്കുമായിരുന്ന എത്രയോ ജീവനുകൾ അകാലത്തിൽ നഷ്ടപ്പെട്ട് പോയിരിക്കുന്നു.

സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന ചില അടിസ്ഥാന രഹിതമായ വാർത്തകളെയും ഈ സാഹചര്യത്തോട് ചേർത്ത് വായിക്കേണ്ടതായിട്ടുണ്ട്. കൊറോണ ഭയം മൂലം കോവിഡിന്റെ പ്രാരംഭ കാലത്ത് ഹൃദ്രോഗികൾ ഉൾപ്പെടെ ആശുപത്രി സന്ദർശിക്കുന്നതിന്റെ തോത് ലോകമെങ്ങും കുറഞ്ഞിരുന്നു. ഈ കണക്ക് പെരുപ്പിച്ച് കാണിക്കുകയും ഹൃദ്രോഗ ചികിത്സ തട്ടിപ്പാണെന്ന രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വഴിയുണ്ടാകുന്ന തെറ്റിദ്ധാരണമൂലം അനേകം പേർ സമയത്ത് ചികിത്സ ലഭ്യമാക്കുവാൻ മടിക്കുന്നുമുണ്ട്. എന്നാൽ ഇതിന്റെ യാഥാർഥ്യം നേരെ മറിച്ചാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാകാത്തതിനാൽ നിലവിൽ ഏറ്റവും കൂടുതൽ പേർ മരണപ്പെടുന്നത് ഹൃദയാഘാതം (heart attack), പക്ഷാഘാതം (Stroke) എന്നിവ മൂലമാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാകാത്തത് മൂലമുള്ള മരണനിരക്കിന്റെ വർദ്ധനവിന് പുറമെ രോഗതീവ്രതയുടെ വർദ്ധനവും ഈ കാലത്ത് കൂടിയതായി കാണാം.

കൊറോണയും ഹൃദയ ചികിത്സയും

നിലവിൽ നമ്മുടെ നാട്ടിൽ ഭൂരിഭാഗം കൊറോണ ബാധിക്കാത്തവരാണ്. പക്ഷേ ഇന്ത്യയുടെ 'ഹൃദയ ചികിത്സയെ' കൊറോണ വളരെയധികം ബാധിച്ചിട്ടുണ്ട്. ഹൃദയാഘാതത്തിന്റെ ആദ്യ മണിക്കൂറുകൾ രോഗിയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. ഈ ആദ്യ മണിക്കൂറുകളിൽ ആശുപത്രിയിൽ എത്താത്തത് കാരണം പലർക്കും ജീവൻ നഷ്ടമാവുന്നു. ആശുപത്രിയിൽ എത്തിയാലും കൊറോണ മൂലം ചികിത്സ വൈകുന്നതും രോഗിയെ പ്രതികൂലമായി ബാധിക്കുന്നു. ഹൃദയാഘാതത്തിന്റെ എമർജൻസി ചികിത്സയായ ആൻജിയോപ്ലാസ്റ്റി മുമ്പത്തെ പോലെ എളുപ്പത്തിൽ ലഭ്യമാവാത്തതും മരണനിരക്ക് കൂട്ടുകയും രോഗത്തിന്റെ സങ്കീർണത വർധിപ്പിക്കുകയും ചെയ്യുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് കോവിഡ് ബാധിക്കുമ്പോൾ

ആരോഗ്യവാന്മാർക്ക് കോവിഡ് ബാധിക്കുമ്പോൾ കോവിഡ് മൂലമുള്ള മരണസാധ്യത വളരെ കുറവാണ് ഏകദേശം 12.3 ശതമാനം മാത്രമാണിത്. എന്നാൽ ഹൃദയ സംബന്ധമായ അസുഖമുള്ളവരിൽ ഇത് വളരെ കൂടുതലാണ്. ഏകദേശം 10 ശതമാനം വരെ. ഹൃദയ സംബന്ധമായ അസുഖമുള്ളവരിൽ കോവിഡ് രോഗത്തിന്റെ സങ്കീർണതകൾ കൂടുതലായി കാണപ്പെടുന്നു.

കോവിഡ് ബാധിതർക്കുണ്ടാകുന്ന ഹൃദയസംബന്ധമായ തകരാറുകൾ

കൊറോണ വൈറസ് ഹൃദയത്തെ നേരിട്ടും അല്ലാതെയും ബാധിക്കാം. കോവിഡ് രോഗികളിൽ ഹൃദയാഘാത സാധ്യത കൂടുതലാണ്. കോവിഡ് സങ്കീർണമാവുന്ന അവസ്ഥയിൽ വൈറസ് ഹൃദയ പേശികളെ ബാധിക്കുന്നത് കാരണം ഹൃദയത്തിന്റെ പ്രവർത്തന ക്ഷമത കുറയൽ (Heart Failure), ഹൃദയം തെറ്റിയടിക്കൽ, രക്തസമ്മർദ്ദം കുറയൽ എന്നിവ സംഭവിക്കാം. കോവിഡ് ഹൃദയത്തെ ബാധിക്കുന്നത് മരണ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു.

കോവിഡ് കാലത്തെഹൃദയ പരിചരണം

എക്കാലത്തും അസുഖം വരാതിരിക്കാനുള്ള മുൻകരുതലുകൾ, അസുഖം വന്നിട്ടുള്ള ചികിത്സയെപ്പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ്.

A) ആരോഗ്യകരമായ ഭക്ഷണം

  • മധുരം കുറയ്ക്കുക, പകരം പഴവർഗ്ഗങ്ങൾ ഉപയോഗിക്കുക.
  • കൂടുതൽ ഉപ്പ്, കൊഴുപ്പ്, മധുരം ഇവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • എണ്ണ/കൊഴുപ്പ് ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുക.
  • സ്വന്തം വീട്ടിലെ ഭക്ഷണം, പച്ചക്കറികളും പഴങ്ങളും കൂടുതലടങ്ങിയത് ശീലമാക്കാൻ ശ്രമിക്കുക
  • മദ്യം ഒഴിവാക്കുക/ഇല്ലെങ്കിൽ അളവ് പരിമിതപ്പെടുത്തുക.

B) പുകവലി ഒഴിവാക്കുക
ഹൃദയാരോഗ്യം നിലനിർത്താനുള്ള ഏറ്റവും മികച്ച ഒറ്റ തീരുമാനമാണ് പുകവലിയോട് വിടപറയുക എന്നത്. പുകവലി നിർത്തി രണ്ടുവർഷം കൊണ്ട് ഹൃദയാഘാത സാധ്യത പകുതി ആയി കുറയുന്നു. പരോക്ഷ പുകവലി ഇല്ലാതാവുന്നത് കാരണം കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ഹൃദയാരോഗ്യവും മെച്ചപ്പെടുന്നു.

C) വ്യായാമം
ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും മുപ്പത് മിനിറ്റ് വ്യായാമത്തിനായി ചെലവഴിക്കുക. നടത്തം, സൈക്ലിങ്, ശാരിരികാധ്വാനം തരുന്ന ജോലികൾ, നൃത്തം, നീന്തൽ അങ്ങനെ താൽപര്യമുള്ള എന്ത് വ്യായാമവും തെരഞ്ഞെടുക്കാം. ലോക്ഡൗൺ ആണെങ്കിൽ പോലും വീട്ടിനുള്ളിൽ ചെയ്യാവുന്ന വ്യായാമങ്ങൾ തുടരുക. ഇതിന് സഹായകരമാകുന്ന ആപ്പുകൾ, പോഡോമീറ്റർ മുതലായവ വ്യായാമ പുരോഗതി വിലയിരുത്താൻ സഹായകരമാകും.

D) മാനസിക സമ്മർദ്ദം കുറയ്ക്കുക
മാനസിക സമ്മർദ്ദം ഹൃദയത്തെ നേരിട്ടും, അല്ലാതെയും പ്രതികൂലമായി ബാധിക്കുന്നു. എല്ലാ വിഭാഗം ജനങ്ങളും അതിരൂക്ഷമായ മാനസിക സമ്മർദ്ദം നേരിടുന്ന സാഹചര്യമാണ് ഈ കൊറോണക്കാലം. മാനസിക സമ്മർദ്ദം, ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നു. മാനസിക സമ്മർദ്ദത്തിന്റെ ഫലമായി അമിത രക്തസമ്മർദ്ദം, ഹൃദയം തെറ്റിയടിക്കൽ, ഹൃദയ പേശികളുടെ ബലക്ഷയം എന്നിവ ഉണ്ടാവാം. മാനസിക സമ്മർദ്ദ ഫലമായുണ്ടാകുന്ന സ്വഭാവരീതികൾ, പുകവലി, അമിത മദ്യപാനം, ഉറക്കക്കുറവ്, അമിത ഭക്ഷണം എന്നിവയും ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു.

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഹൃദയ സംബന്ധമായ അസുഖങ്ങളെ പ്രതിരോധിക്കുന്നതിൽ പ്രധാനമാണ്. വ്യായാമം, യോഗ, മാനസിക സംഘർഷം ലഘൂകരിക്കുന്ന വിനോദങ്ങൾ, സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യകരമായ ഇടപെടലുകൾ എന്നിവയിലൂടെ മാനസിക സമ്മർദ്ദത്തെ ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്.

ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവർ ശ്രദ്ധിക്കേണ്ടത്

വ്യായാമത്തിനും ഭക്ഷണ ക്രമീകരണത്തിനും പ്രാധാന്യം കൊടുക്കുക. ഹൃദയ സംബന്ധമായി കഴിക്കുന്ന മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുക. ആൻജിയോപ്ലാസ്റ്റി, വാൽവ് മാറ്റിവെക്കൽ എന്നീ ചികിത്സയ്ക്ക് വിധേയരായവർ മരുന്ന് കഴിക്കാതിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

പരിശോധനകൾ മുടക്കാതിരിക്കുക.രക്തസമ്മർദ്ദം (ബി.പി.) വീട്ടിൽ തന്നെ ഡിജിറ്റൽ മെഷീൻ ഉപയോഗിച്ച് നോക്കാവുന്നതാണ്. വീട്ടിൽ വെച്ച് ഇത്തരം പരിശോധനകൾ ലഭ്യമാക്കുന്ന ആശുപത്രികളുടെ സേവനവും ഉപയോഗപ്പെടുത്താവുന്നതാണ്. അടിയന്തര ഘട്ടങ്ങളിലല്ലാതെ ആശുപത്രി സന്ദർശനത്തിന് പരമാവധി ടെലി കൺസൾട്ടേഷൻ സൗകര്യം ഉപയോഗപ്പെടുത്തുക.

എന്നാൽ ഗുരുതരമായ രോഗലക്ഷണങ്ങൾ നെഞ്ചുവേദന/ശ്വാസംമുട്ടൽ എന്നിവ ഉള്ളവർ നിർബന്ധമായും ആശുപത്രിയിൽ എത്തേണ്ടതാണ്. കാരണം ഹൃദയാഘാതത്തിന്റെ മരണസാധ്യത ആശുപത്രിയിൽ നിന്ന് കോവിഡ് ബാധിച്ച്, കോവിഡ് രോഗം മൂലം മരണപ്പെടാനുള്ള സാധ്യതയെക്കാൾ എത്രയോ കൂടുതലാണ്. മാത്രവുമല്ല, നമ്മുടെ മാർക്കറ്റുകളിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും രോഗം വരാനുള്ള സാധ്യതയെക്കാൾ ഒരു പക്ഷേ ആശുപത്രിയിൽ നിന്നും വരാനുള്ള സാധ്യത വളരെ കുറവാണ്.

ചുരുക്കത്തിൽ കൊറോണയ്ക്കൊപ്പം ജീവിച്ച്, പ്രതിരോധ മാർഗങ്ങളിലൂടെ അതിനെ കീഴടക്കണം എന്ന് അനുഭവങ്ങൾ നമുക്ക് കാണിച്ച് തന്നു. അതേ സമയം ഗുരുതര അസുഖങ്ങൾക്ക് ഉള്ള പരിചരണം/ചികിത്സ യഥാസമയം രോഗികൾക്ക് ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ഈ സാമൂഹിക ഉത്തരവാദിത്തം ഓരോ ആരോഗ്യപ്രവർത്തകനും ഹൃദയത്തിൽ ഏറ്റെടുക്കണം. ചികിത്സയ്ക്ക് പുറമെ സ്വന്തം ഹൃദയത്തിന്റെയും മറ്റുള്ളവരുടെ ഹൃദയത്തിന്റെയും ആരോഗ്യം ഉറപ്പാക്കാൻ ആരോഗ്യപരമായ ഭക്ഷണം, വ്യായാമം, ജീവിതശൈലി എന്നിവ നമുക്ക് ഹൃദയത്തിലേറ്റാം. ഈ കോവിഡ് കാലത്ത് ഈ വർഷത്തെ ലോക ഹൃദയ സംഘടനയുടെ മുദ്രാവാക്യം പ്രാവർത്തികമാക്കി ഹൃദയം കൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങളെ നേരിടാം.

(കോഴിക്കോട് ആസ്റ്റർ മിംസിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റാണ് ലേഖകൻ)

Content Highlights: World Heart Day 2020, Heart disease treatment during Covid19 Corona Virus outbreak, Health