നാൽപ്പത് വയസ്സിന് മുൻപ് സ്ട്രോക്കും ഹൃദ്രോഗവും ബാധിക്കുന്ന വാർത്ത സമീപകാലം വരെ അത്ര പരിചിതമായ ഒന്നായിരുന്നില്ല. എന്നാൽ സമീപകാലത്ത് ഈ വാർത്ത നമുക്ക് അത്രത്തോളം അപരിചിതമല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. ബാഡ്മിന്റൺ കളിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച സീരിയൽ താരം ശബരീനാഥിന്റെ വാർത്തയാണ് ഇതിൽ ഏറ്റവും അവസാനത്തേത്. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത നിധിൻ എന്ന ചെറുപ്പക്കാരന്റെ മരണവാർത്തയും, പ്രശസ്ത സിനിമാതാരമായിരുന്ന ചിരഞ്ജീവി സർജയുടെ മരണവുമെല്ലാം ഇതേ ശ്രേണിയുമായി കൂട്ടിയോജിപ്പിക്കാവുന്നതാണ്. അനവധിയായ കാരണങ്ങളിലേതുമാകും ഈ അകാല മരണങ്ങളിലേക്ക് നയിക്കുന്നത്. ഈ അവസ്ഥയെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക അത്രത്തോളം ബുദ്ധിമുട്ടുള്ള കാര്യമല്ല, പക്ഷെ നേരത്തെ തിരിച്ചറിയാനുള്ള സാധ്യതകളെ ഉപയോഗപ്പെടുത്തണമെന്ന് മാത്രം.

കഴിഞ്ഞ ദിവസം ഒരാൾ ഒ.പിയിൽ കാണാനെത്തി. 25 വയസ്സ് മാത്രമാണ് പ്രായം. നല്ല ആരോഗ്യമുള്ള ശരീരം. ബാംഗ്ലൂരിൽ ഐ.ടി മേഖലയിൽ വർക്ക് ചെയ്യുന്നു. കുറച്ച് നാളുകൾക്ക് മുൻപ് അദ്ദേഹത്തെ ബാധിച്ച സ്ട്രോക്കിന്റെ കാരണമറിയലായിരുന്നു ലക്ഷ്യം. ഊർജ്ജസ്വലനാണ്, കൃത്യമായി വ്യായാമം ചെയ്യും സ്ട്രോക്ക് ബാധിക്കാനുള്ള കാരണങ്ങളൊന്നുമില്ല എന്നിട്ടും ഈ ചെറിയ പ്രായത്തിൽ സ്ട്രോക്ക് ബാധിച്ചതെങ്ങിനെ എന്ന ആശങ്കയാണ് അദ്ദേഹത്തെ അലട്ടിയതും പങ്കുവെച്ചതും.

ശരീരത്തിന്റെ ഇടത് ഭാഗത്താണ് പക്ഷാഘാതത്തെ തുടർന്ന് അന്ന് തളർച്ച അനുഭവപ്പെട്ടത്. സംസാരിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു പ്രധാന ലക്ഷണം. പെട്ടെന്ന് തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മണിക്കൂറിനുള്ളിൽ തന്നെ കട്ട പിടിച്ച രക്തം അലിയിച്ച് കളയാനുള്ള ഏറ്റവും നിർണ്ണായക ചികിത്സയായ ബ്ലഡ് കോട്ട് ലൈസിംഗ് തെറാപ്പി ലഭിച്ചു. കുറച്ച് നാളത്തെ ചികിത്സയ്ക്കും വ്യായാമത്തിനും ശേഷം അദ്ദേഹം ജീവിതത്തിലേക്ക് തിരികെയെത്തി.

പക്ഷാഘാതം സംഭവിച്ചു എന്നത് യാഥാർത്ഥ്യമാണ് എന്നാൽ അതിലേക്ക് നയിച്ച കാരണത്തെ കൃത്യമായി കണ്ടെത്താൻ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. കാരണം അദൃശ്യമായി തുടരുന്ന സ്ട്രോക്കിനെ മെഡിക്കൽ ഭാഷയിൽ ക്രിപ്റ്റോജെനിക് സ്ട്രോക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്. ഒളിഞ്ഞിരിക്കുന്ന കാരണത്തെ കണ്ടെത്തി കഴിഞ്ഞാൽ മാത്രമേ അസുഖത്തെ പൂർണ്ണമായി ഇല്ലാതാക്കി ഭാവിയിൽ വരാതിരിക്കാനുള്ള സാധ്യത തടയുവാൻ സാധിക്കുകയുള്ളൂ. ദൗർഭാഗ്യവശാൽ ഇദ്ദേഹത്തിന്റെ കാര്യത്തിൽ അതിന് സാധിച്ചിരുന്നില്ല.

ന്യൂറോളജി വിഭാഗത്തിലാണ് ആദ്യമെത്തിയത്. തുടർന്ന് കാർഡിയോളജിയും ന്യൂറോളജിയും സംയുക്തമായി പരിശോധന ഏറ്റെടുത്തു. തുടർന്ന് അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ അറകൾക്കിടയിലെ ഭിത്തിയിൽ ജന്മനാ ഉള്ള ചെറിയ ദ്വാരമായ PFO (Persisent Foramen Ovale) ഉണ്ടെന്ന് മനസ്സിലായി. ഇത്തരം തകരാറുകളുള്ളവരിൽ ഹൃദയത്തിന്റെ വലത് അറയിൽ നിന്ന് ഇടതു അറയിലേക്ക് രക്തക്കട്ട നീങ്ങുകയും ഒടുവിൽ അയോർട്ടയിലൂടെ തലച്ചോറിലോ കൊറോണറി ആർട്ടറിയിലോ എത്തുകയും ചെയ്യും. ഇത്തരം സാഹചര്യത്തിൽ സ്ട്രോക്കിൽ പരിണമിക്കുന്നത് സാധാരണയാണ്. അസുഖം കണ്ടുപിടിച്ച ശേഷം ഒരു കീ ഹോൾ പ്രൊസീജ്യറിലൂടെ (ഡിവൈസ് ക്ലോഷർ) ഈ ദ്വാരം അടച്ച് ആ ചെറുപ്പക്കാരന്റെ ജീവിതം സുരക്ഷിതമാക്കി. സമാനമായ അനുഭവവുമായി ഒരു പതിമൂന്ന് വയസ്സുകാരനും ഈ അടുത്ത ദിവസം ചികിത്സ തേടിയെത്തി. ഇതേ രീതിയിലൂടെ തന്നെ അദ്ദേഹത്തിന്റെ ജീവനും രക്ഷിക്കുവാൻ സാധിച്ചു.

ഭൂരിഭാഗം ചെറുപ്പക്കാരിലും പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നത് ഹൃദയാഘാതവും (ഹാർട്ട് അറ്റാക്ക് ) ഹൃദയസ്തംഭനവുമാണ് (കാർഡിയാക് അറസ്റ്റ് ). ഹൃദയത്തിന്റെ രക്തക്കുഴലിൽ (കൊറോണറി ആർട്ടറി) ബ്ലോക്ക് വരുമ്പോൾ ഹൃദയ പേശിയുടെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെടുന്നതാണ് ഹാർട്ട് അറ്റാക്ക്. പെട്ടെന്ന് തന്നെ ബ്ലോക്ക് നീക്കുന്ന പ്രൈമറി ആൻജിയോപ്ലാസ്റ്റി ചെയ്തില്ലെങ്കിൽ ജീവൻ അപകടത്തിലാകാം. ബ്ലോക്ക് വരാൻ പ്രധാനമായും പുകവലി, രക്താതിസമ്മർദ്ദം, കൂടിയ അളവിൽ ചീത്ത കൊളസ്ട്രോൾ, പ്രമേഹം, അമിത ഭാരം, അമിതമായ ടെൻഷൻ എന്നിവ കാരണമാകാം.

എന്നാൽ ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലച്ച് പോകുന്ന അവസ്ഥയാണ് കാർഡിയാക് അറസ്റ്റ്. ജന്മനാ ഉള്ള ഹൃദയഭിത്തി തടിക്കുന്ന ഹൈപെർട്രോഫിക് കാർഡിയോമയോപ്പതി, മിടിപ്പ് രോഗങ്ങൾ, വാൽവിന്റെ ചില അസുഖങ്ങൾ എന്നിവ ഉള്ളവർ പെട്ടന്ന് പുതുതായി സ്പോട്സിലോ വ്യായാമത്തിലോ ഏർപ്പെടുമ്പോൾ കാർഡിയാക് അറസ്റ്റ് ഉണ്ടാകാം. ഹൃദയസ്തംഭനത്തിന്റെ പാരമ്പര്യം ഉള്ളവർ വളരെ ചെറുപ്പത്തിലേ ഇസിജി , എക്കോകാർഡിയോഗ്രാം എന്നിവ ചെയ്തു മരണ സാധ്യത ഇല്ല എന്ന് ഉറപ്പു വരുത്തണം.

മുകളിൽ പറഞ്ഞ രണ്ടു വിഭാഗം അപകടങ്ങളെയും നേരത്തെ കണ്ടുപിടിച്ചു തടയാൻ സാധിക്കും. 40 വയസ്സിനു മുകളിൽ പുതുതായി സ്പോട്സിലോ വ്യായാമത്തിലോ ഏർപ്പെടുന്നതിന് മുമ്പ് തീർച്ചയായും എക്കോകാർഡിയോഗ്രാം, ട്രെഡ്മിൽ ടെസ്റ്റ് മുതലായവ ചെയ്ത് റിസ്ക് അറിയേണ്ടതാണ്.

ചിട്ടയായ ജീവിത ശൈലി, കൃത്യമായ ഹാർട്ട് ചെക്കപ്പുകൾ, സമയനുസ്രതവും ശാസ്ത്രീയവുമായ ചികിത്സ എന്നിവയിലൂടെ യുവാക്കളിലെ ഹാർട്ട് അറ്റാക്കിനെ നിയന്ത്രിക്കാനും അത് വഴി ആയുസ്സു വർധിപ്പിക്കാനും ഇപ്പോൾ സാധ്യമാണ്.

(കോഴിക്കോട് ആസ്റ്റർ മിംസ് കാർഡിയോളജി വിഭാഗം മേധാവിയാണ് ലേഖകൻ)

Content Highlights:world heart day 2020 heart disease in youth