'ഡോക്ടർ, ഇത് ചികിത്സിക്കേണ്ടതുണ്ടോ, കുഞ്ഞ് വളരുന്നതിനനുസരിച്ച് ക്രമേണ മാറില്ലേ??'

കുഞ്ഞുങ്ങളുടെ ഹൃദ്രോഗം ചികിത്സിക്കുന്ന ഏതാണ്ടെല്ലാ ഡോക്ടർമാരും നേരിടുന്ന പതിവ് ചോദ്യങ്ങളിലൊന്നാണിത്. ചികിത്സയിലൂടെയല്ലാതെ കുഞ്ഞുങ്ങളിലെ ഹൃദ്രോഗം വളർച്ചയുടെ ഭാഗമായി മാറുന്നത് വളരെ ചുരുങ്ങിയ കേസുകളിൽ മാത്രമാണ് സംഭവിക്കാറുള്ളത്. കുട്ടിയുടെ പ്രായം, ഹൃദയത്തിലെ അസുഖത്തിന്റെ സ്വഭാവം, ദ്വാരമാണെങ്കിൽ അതിന്റെ വലുപ്പം, സംഭവിച്ചിരിക്കുന്ന സ്ഥാനം എന്നിവയെയെല്ലാം ആശ്രയിച്ച് മാത്രമേ ഇത് പറയാൻ സാധിക്കുകയുള്ളൂ.

ഹൃദയത്തിന്റെ മുകൾ അറയാണ് ഏട്രിയൽ. ചില കുഞ്ഞുങ്ങളിൽ ഈ അറയുടെ ഭിത്തിയിൽ ചിലപ്പോൾ ദ്വാരം കാണപ്പെടാറുണ്ട്. ഈ അവസ്ഥയെ ഏട്രിയൽ സെപ്റ്റൽ ഡിഫക്ട് (എ എസ് ഡി ) എന്ന് പറയുന്നു. ചിലരിൽ എ എസ് ഡി തീരെ ചെറുതായി കാണപ്പെടും. 8 മില്ലിമീറ്ററിൽ താഴെയാണ് ദ്വാരത്തിന്റെ വലുപ്പമെങ്കിൽ 90 ശതമാനവും ഇത് സ്വാഭാവികമായി അടഞ്ഞ് പോകാറാണ് പതിവ്. എങ്കിലും കൃത്യമായ പരിശോധന തുടർന്നുകൊണ്ടേ ഇരിക്കണം. നാല് വയസ്സിനടുത്ത് പ്രായമായിട്ടും ഈ ദ്വാരം അടഞ്ഞിട്ടില്ലെങ്കിൽ ശസ്ത്രക്രിയ തന്നെയാണ് പ്രതിവിധി. എ എസ് ഡി ചെറുതാണെങ്കിലും അത് കുഞ്ഞിന് ഏതെങ്കിലും തരത്തിലുള് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിലോ, ഭാവിയിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ഡോക്ടർക്ക് മനസ്സിലാവുകയോ ചെയ്താലും ഇത് അടയ്ക്കേണ്ടതാണ്. കുഞ്ഞ് സ്കൂളിൽ പോയി തുടങ്ങുന്ന സമയമാകുമ്പോഴേക്കും ശസ്ത്രക്രിയ ചെയ്ത് അസുഖത്തെ നിയന്ത്രണവിധേയമാക്കുന്നത് തന്നെയാണ് നല്ലത്.

ഹൃദയത്തിന്റെ കീഴ് ഭാഗത്തെ അറയാണ് വെൻട്രികുലർ. ഇതിന്റെ ഭിത്തിയിലൽ ദ്വാരമുണ്ടാകുന്ന അവസ്ഥയെ വെൻട്രികുലർ സെപ്റ്റൽ ഡിഫക്ട (വി എസ് ഡി) എന്ന് പറയുന്നു. ദ്വാരം ചെറുതാണെങ്കിൽ സ്വാഭാവികമായി അടയാനുള്ള സാധ്യതയുണ്ട് എന്നാൽ ഈ ദ്വാരം ന്യൂമോണിയ പോലുള്ള അസുഖങ്ങൾക്കോ, അടുത്തുള്ള വാൽവിന്റെ ലീക്കിനോ, നെഞ്ചിലേക്ക് പോകുന്ന രക്തക്കുഴലിൽ തടസ്സം സൃഷ്ടിക്കുവാനോ കാരണമാവുകയാണെങ്കിൽ ചെറുതാണെങ്കിൽ പോലും അടയ്ക്കേണ്ടതാണ്. വലിയ ദ്വാരമാണെങ്കിൽ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനകം തന്നെ ശസ്ത്രക്രിയ ചെയ്ത് ഈ അവസ്ഥ ഇല്ലാതാക്കണം.

പേറ്റന്റ് ഡക്ടസ് ആർടെറീയോസസ് എന്ന രക്തക്കുഴൽ അടയാതിരിക്കുന്ന അസുഖം ചില നവജാത ശിശുക്കളിൽ കാണാറുണ്ട്. ശരീരത്തിന് മുഴുവൻ രക്തം എത്തിക്കുന്ന പ്രധാന ഹൃദയ ധമനിയായ അയോർട്ടയെയും ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന പൾമണറി ആർട്ടറിയെയും ബന്ധിപ്പിക്കുന്ന രക്തക്കുഴലാണ് ഡക്ടസ് ആർടെറീയോസസ്. ജനനത്തിന് ശേഷം അടയേണ്ടതാണെങ്കിലും ചിലരിൽ ഇത് അടയാതിരിക്കും. ഈ അവസ്ഥയെ പേറ്റന്റ് ഡക്ടസ് ആർടെറിയോസസ് (പി ഡി എ) എന്ന് വിളിക്കുന്നു. ചെറിയതാണെങ്കിലും മാസം തികയാതെ പ്രസവിക്കുന്നവരിലും സ്വന്തമായടയുവാൻ സാധ്യത കൂടുതലാണ്. എന്നാൽ ഇത് അടയാതിരിക്കുകയോ, വലുപ്പം അധികമുള്ളതോ ആണെങ്കിൽ ജനനശേഷം ആദ്യ മാസങ്ങളിൽ തന്നെ ചികിത്സ നടത്തേണ്ടി വരും. ശസ്ത്രക്രിയയിലൂടെയോ കാലിലെ രക്തക്കുഴലിലൂടെയോ ഈ അവസ്ഥ പരിഹരിക്കാൻ സാധിക്കും. മാസം തികയാതെ പ്രസവിച്ചവരിൽ ചിലപ്പോൾ മരുന്നുകൊണ്ട് അടയ്ക്കുവാനും സാധിക്കാറുണ്ട്.

(കോഴിക്കോട് ആസ്റ്റർ മിംസ് സീനിയർ കൺസൽട്ടന്റ് പീഡിയാട്രിക് സർജനാണ് ലേഖിക)

Content Highlights:world heart day 2020 heart disease in children