കോവിഡ്-19 മഹാമാരി ലോകമെമ്പാടും 2.8 കോടിയിലേറെ ആളുകളെ ബാധിക്കുകയും 9.21 ലക്ഷം മരണങ്ങൾക്ക് കാരണമാകുകയും ചെയ്തു കഴിഞ്ഞു. റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ 7.2 ശതമാനം കുട്ടികളിലാണ്. കോവിഡ് 19 കുട്ടികളെ ബാധിക്കില്ലെന്നായിരുന്നു പ്രാരംഭഘട്ടത്തിൽ ഉണ്ടായിരുന്ന ധാരണ. എന്നാൽ അത് ശരിയല്ല.

അണുബാധയുടെ ആദ്യഘട്ടങ്ങളിൽ മിക്ക കുട്ടികളിലും ലക്ഷണമൊന്നും കാണിക്കാതിരിക്കുകയോ അല്ലെങ്കിൽ ചെറിയ ലക്ഷണങ്ങൾ മാത്രം പ്രകടമാകുകയോ ആണ് ചെയ്യുന്നതെങ്കിലും കോവിഡ് അണുബാധയുണ്ടായി മൂന്നോ നാലോ ആഴ്ചകൾക്ക് ശേഷം പീഡിയാട്രിക് മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം (പി.എം.ഐ.എസ്.) എന്ന ആരോഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങുന്നു. ലോകാരോഗ്യ സംഘടനയും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും ഇതിനെ കുട്ടികളിലെ മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം (എം.ഐ.എസ്-സി.) എന്നാണ് വിളിക്കുന്നത്.

ശരീരത്തിൽ കടുത്ത നീർവീക്കമുണ്ടാക്കുന്നതാണ് ഈ രോഗം. പനി, തലവേദന, ക്ഷീണം, ഛർദി, വയറിളക്കം, ചൊറിച്ചിൽ, ചെങ്കണ്ണ് എന്നിങ്ങനെയുള്ള ലക്ഷണങ്ങളും പ്രകടമാകാറുണ്ട്. അസാധാരണമായ വേദന കാരണം ഹൃദയം, ശ്വാസകോശം, വൃക്ക എന്നീ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കാനും രക്തസമ്മർദ്ദം കുറയാനും (ഹൈപ്പോടെൻഷൻ) ഹൃദയമിടിപ്പ് ക്രമാതീതമായി വർധിക്കാനും (ടാക്കകാർഡിയ) ഷോക്കിനും കാരണമാകും.

ജേണൽ ഇ ക്ലിനിക്കൽ മെഡിസിൻ എന്ന മെഡിക്കൽ പ്രസിദ്ധീകരണത്തിലെ ഒരു റിപ്പോർട്ട് പ്രകാരം എം.ഐ.എസ്-സി. ബാധിച്ച 662 കുട്ടികളുടെ ആരോഗ്യനില വിലയിരുത്തിയപ്പോൾ അതിൽ 71 ശതമാനം കുട്ടികൾ ഐ.സി.യു. പരിപാലനം ആവശ്യമുള്ളവരും 60 ശതമാനം കുട്ടികൾ ഷോക്കിലും 52 ശതമാനം ഹൃദയമിടിപ്പിന്റെ വേഗത നിയന്ത്രിക്കുന്ന ചികിത്സ ആവശ്യമുള്ളവരും 39 ശതമാനം ശ്വസനസഹായം ആവശ്യമുള്ളവരും ആയിരുന്നു. അതിൽ മരണനിരക്ക് 1.7 ശതമാനവുമായിരുന്നു.

ഈ രോഗികളിൽ 54 ശതമാനത്തിലും അസാധാരണമായ ഇ.സി.ജി. (ഇക്കോകാർഡിയോഗ്രാം) ആണ് കാണപ്പെടുന്നത്. ഇത് വളരെ കൂടുതലാണ്. ഹൃദയപേശികളെ ബാധിക്കുന്നത് കൊണ്ടാണ് ഇ.സി.ജി. അസാധാരണമാകാൻ കാരണം.

ഹൃദയപേശികളുടെ ഹിസ്റ്റോപാതോളജിക്കൽ സാമ്പിളുകൾ പരിശോധിക്കുമ്പോൾ ഹൃദയപേശികളിലെ കോശങ്ങൾക്ക് നാശം സംഭവിച്ചതായി കാണാം. ഹൃദയപേശികളിലെ നാശം സംഭവിച്ച കോശങ്ങളുടെ സാന്നിധ്യമോ ഒരു പരിധി വരെ വൈറസ് തന്നെയോ ഇതിന് കാരണമാകാം. ഹൃദയപേശികളിലെ തകരാറ് ഹൃദയത്തിന്റെ പമ്പിങ് കുറയ്ക്കാനും അതുവഴി രക്തസമ്മർദ്ദം കുറയാനും ശ്വാസകോശത്തിൽ നീർക്കെട്ട് ഉണ്ടാകാനും കാരണമാകും.

കൂടാതെ ഹൃദയപേശികളിലേക്ക് ഓക്സിജൻ കലർന്ന രക്തം എത്തിക്കുന്ന രക്തധമനികളെയും (കൊറോണറി ആർട്ടറി) ഇത് ബാധിക്കുകയും അവ വികസിക്കാനും അവയുടെ ആവരണം ക്ഷയിച്ച് പുറത്തേക്ക് തള്ളിനിൽക്കാനും അതുവഴി കൊറോണറി ആർട്ടറിയിൽ രക്തം കട്ടപിടിക്കാനും കാരണമാകും. കൊറോണറി ആർട്ടറിയിൽ ഇതുണ്ടാക്കുന്ന ദീർഘകാല പ്രത്യാഘാതം വരും വർഷങ്ങളിൽ അറിയാനാകും.

ഹൃദയാവരണത്തിൽ (പെരികാർഡിയം) വ്രണം ഉണ്ടാകുന്നതാണ് മറ്റൊരു പ്രശ്നം. ഇത് പെരികാർഡൈറ്റിസ് എന്ന രോഗത്തിനും ഹൃദയത്തിനും ആവരണത്തിനും ഇടയിൽ കൂടുതൽ ദ്രാവകം കെട്ടിനിൽക്കുന്ന പെരികാർഡിയൽ എഫ്യൂഷൻ എന്ന അവസ്ഥയ്ക്കും കാരണമാകുന്നു. എം.ഐ.എസ്- സിക്ക് കാവാസാക്കി രോഗത്തിനോടും ടോക്സിക് ഷോക്ക് സിൻഡ്രോമിനോടും ഏറെ സാദൃശ്യമുണ്ട്. അതുകൊണ്ട് തന്നെ ഇത് ഡോക്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

കോവിഡ്-19 വൈറസ് മൂലം കുട്ടികളിൽ ഉണ്ടാകുന്ന പുതിയ രോഗമാണ് എം.ഐ.എസ്-സി. ശ്വാസകോശം, ഹൃദയം, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ നാളം, വൃക്ക തുടങ്ങിയ അവയവങ്ങളെയാണ് ഇത് ബാധിക്കുന്നത്. ശൈശവ മരണങ്ങൾക്ക് ഏറെ കാരണമാകുന്നതാണ് ഈ രോഗം.

ഐ.വി. ഇമ്യൂണോഗ്ലോബുലിൻസ്, കോർട്ടിക്കോസ്റ്റിറോയ്‌ഡ്സ്, ഹൃദയമിടിപ്പും രക്തസമ്മർദവും നിയന്ത്രിച്ച് നിർത്തുന്നതിന് ഉപയോഗിക്കുന്ന വാസോആക്റ്റിവ് പ്രക്രിയ, ആന്റികൊയാഗുലന്റുകൾ തുടങ്ങിയ മരുന്നുകളാണ് എം.ഐ.എസ്-സി. ചികിത്സയ്ക്ക് ആവശ്യം. കാവസാക്കി രോഗത്തിന് സമാനമായ ചികിത്സ തന്നെയാണ് ഇതിന് സാധാരണയായി നൽകുന്നത്.

(കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റാണ് ലേഖകൻ)

Content Highlights:World Heart Day 2020, Effects of Covid-19 on the heart of Kids, Health, Kids Health, HeartHealth