'കോയമ്പത്തൂരിലെ നല്ല സർജൻ ആരാണ്?'
തിരുനെൽവേലിയിലെ സുഹൃത്ത് ഡോ. വെങ്കിടേഷിന്റെ പോസ്റ്റ് ഞങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ കണ്ടത് യാദൃശ്ചികമായാണ്.

'എന്താണ് കാര്യം വെങ്കിടേഷ്?' ഒരു കൗതുകത്തിനാണ് ചോദിച്ചത്

'എന്റെ സഹോദരിയുടെ അയൽവാസിയാണ്, പേര് രാമസ്വാമി. വലതുകാൽ നീലനിറമാണ്, തീരെ അനക്കാൻ വയ്യ, അക്യൂട്ട് സലമ്പ് ഇസ്കീമിയ ആണെന്ന് തോന്നുന്നു. പെട്ടെന്ന് സംഭവിച്ചതാണ്, കാൽമുട്ടിന്റെ മുകളിൽ വെച്ച് മുറിച്ച് കളയണമെന്നാണ് കാണിച്ച ഡോക്ടർമാരെല്ലാവരും പറഞ്ഞത്. ഒരു എക്സ്പേർട്ട് ഒപ്പീനിയൻ കൂടി എടുക്കാനാണ്, വേദന സഹിക്കാൻ സാധിക്കുന്നില്ല എന്നാണ് പറയുന്നത്'

വേദന സഹിക്കാൻ സാധിക്കുന്നില്ല ആ വാക്ക് എനിക്ക് പെട്ടെന്ന് ഒരു പ്രതീക്ഷ നൽകി. അതായത് തിരിച്ചുകൊണ്ടുവരാനുള്ള സാധ്യത നിലനിർക്കുന്നു എന്നർത്ഥം. പ്രതീക്ഷയ്ക്കുള്ള സാധ്യത ബാക്കി നിൽക്കുന്നുണ്ട്. വെങ്കിടേഷിന് വളരെ പ്രിയപ്പെട്ടവരാണ് എന്ന് അവന്റെ വാക്കുകൽ നിന്ന് വ്യക്തമാണ്. 'അവരോട് കോഴിക്കോട്ടേക്ക് വരാൻ പറയൂ, കോയമ്പത്തൂരിൽ നിന്നല്ലേ ആംബുലൻസിലാണെങ്കിൽ നാല് മണിക്കൂർ, നമുക്ക് ഒന്ന് ശ്രമിച്ച് നോക്കാമല്ലോ...' ഞാൻ വെങ്കിടേഷിനോട് പറഞ്ഞു.

അവൻ അവന്റെ സഹദരിയെ വിളിച്ച് പറഞ്ഞു. എന്തുകൊണ്ടോ അധികം ആശങ്കയൊന്നും കാണിക്കാതെ അവർ പെട്ടെന്ന് തന്നെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. രാത്രി 12 മണിയോടടുത്താണ് അവർ ഹോസ്പിറ്റലിലെത്തിയത്. സീനിയർ സർജന്മാരോട് വിഷയം സൂചിപ്പിച്ചിരുന്നു. ഏതാവശ്യത്തിനും ബന്ധ്പപെടാമെന്ന് അവർ ഉറപ്പ് നൽകുകയും ചെയ്തു. രാമസ്വാമിയെ വിശദമായി പരിശോധിച്ചു. പ്രഷർ, ഷുഗർ, നേരത്തെ സംഭവിച്ച ഹാർട്ട് അറ്റാക്ക്, പമ്പിങ്ങ് കുറവ്...നിലവിലുള്ള ഇത്രയും ഗുരുതരമായ അവസ്ഥകൾക്ക് പുറമെയാണ് രക്തക്കുഴലുകളിൽ കട്ടകൾ വന്നടിയുന്ന ഗുരുതരമായ അക്യൂട്ട് ലിമ്പ് ഇസ്കീമിയ കൂടി സംഭവിച്ചിരിക്കുന്നത്. വലത് കാലിലേക്കുള്ള രക്തപ്രവാഹം വളരെ കുറഞ്ഞ അവസ്ഥയിലെത്തിയിരിക്കുന്നു. ഈ അവസ്ഥ അധികനേരം തുടർന്ന് പോയാൽ എന്തായിരിക്കും സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കാൽമുട്ടിന് മുകളിലുള്ള ഭാഗം മുറിച്ച് കളയേണ്ടി തന്നെ വരും. അല്ലെങ്കിൽ അവസ്ഥ സങ്കീർണ്ണമാവുകയും ജീവൻ തന്നെ അപകടത്തിലാവുകയും ചേയ്തേക്കാം.

രാമസ്വാമിയുടെ കാലുകളിൽ രക്തചംക്രമണം കുറഞ്ഞ് നീലനിറമായി കഴിഞ്ഞിരിക്കുന്നു. ജനറൽ സർജന്മാരോടും കാർഡിയോളജിയിലെ മറ്റ് സഹപ്രവർത്തകരോടും പെട്ടെന്ന് തന്നെ വിഷയം ചർച്ച ചെയ്തു. ചില നൂതന സംവിധാനങ്ങളിലൂടെ ഈ ദുരവസ്ഥ ചിലപ്പോൾ മറികടക്കാൻ സാധിക്കുമെന്ന് അഭിപ്രായമുയർന്നു. അത്ര പരിചിതമായ ചികിത്സാ രീതിയൊന്നുമല്ല, പക്ഷെ അൽപ്പം സങ്കീർണ്ണമാണ്. ചിലപ്പോൾ പരാജയപ്പെട്ടു എന്നും വരാം. അതിനാൽ പൊതുവെ അത്തരം റിസ്ക് എടുക്കാൻ പലരും തയ്യാറാകാറില്ല.

എല്ലാം വളരെ പെട്ടെന്ന്...

റിസ്ക് എടുക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. പക്ഷെ രോഗിയുടെയും ബന്ധുക്കളുടേയും കൂടി സമ്മതവും സഹകരണവും ആവശ്യമാണല്ലോ. ഞങ്ങൾ വിശദമായി തന്നെ കാര്യം അവതരിപ്പിച്ചു. ഇതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ല എന്നവരെ ധരിപ്പിച്ചു. കാൽ മുറിച്ച് മാറ്റി ജീവിക്കാൻ കഴിയില്ല എന്നതായിരുന്നു രാമസ്വാമിയുടെ നിലപാട്. ആ കുടുംബം ഞങ്ങളെ പൂർണ്ണമായി വിശ്വസിച്ചു. പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. കാത്ത് ലാബ് സജ്ജീകരിച്ചു. രാമസ്വാമിയുടെ തുടയുടെ ഭാഗത്ത് ഒരു ചെറിയ ദ്വാരം സൃഷ്ടിച്ച് കാലിന്റെ രക്തക്കുഴൽ വഴി ഒരു സ്പെഷ്യൽ കത്തീറ്റർ പ്രവേശിപ്പിച്ച രക്തക്കട്ടകൾ വലിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്. ബ്ലോക്കിന്റെ ഒരു ഭാഗം ഈ രീതിയലൂടെ വലിച്ചെടുക്കാൻ സാധിച്ചു. അതോടെ രക്തപ്രവാഹം കാൽമുട്ടിന്റെ താഴെ ഭാഗം വരെ എത്തി.

കാലിന്റെ ഭാഗത്ത് സാവധാനത്തിൽ ചെറിയ ചൂട് പടരുന്നത് ഞങ്ങൾ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞു. നിലച്ച ജീവൻ തിരിച്ചു വരുന്നതിന്റെ സൂചനയായിരുന്നു അത്. അത് നൽകിയ ആത്മവിശ്വാസം വലുതായിരുന്നു. പരമാവധി രക്തക്കട്ടകൾ ഈ രീതിയലൂടെ ഞങ്ങൾ വലിച്ചെടുത്തു. പക്ഷെ അതുകൊണ്ട് പ്രശ്നം അവസാനിച്ചിരുന്നില്ല. ബാക്കിയുള്ള ഭാഗത്ത് രക്തക്കട്ടകൾ ഉടയ്ക്കാനുള്ള മരുന്ന് കത്തീറ്റൽ വഴി സന്നിവേശിപ്പിച്ചു. ഇത് 24 മുതൽ 36 മണിക്കൂർ വരെ സമയം എടുക്കുന്ന ഒന്നായിരുന്നു. ഇതിലൂടെ കുറേയേറെ ബ്ലോക്കുകൾ നീക്കം ചെയ്തു. പക്ഷെ എന്നിട്ടും പൂർണ്ണമായില്ല ബാക്കിയുള്ള കുറച്ച് ബ്ലോക്കുകൾ കൂടി നീക്കം ചെയ്യണമായിരുന്നു. ഇതിനായി ബലൂൺ ആൻജിയോപ്ലാസ്റ്റി എന്ന രീതി അവലംബിച്ചു. ഇതുവഴി ബ്ലോക്കിന്റെ ഭാഗം വികസിപ്പിച്ച് ബാക്കിയുള്ള തടസ്സങ്ങളും നീക്കം ചെയ്തു. ഇങ്ങനെ മൂന്നുഘട്ടങ്ങളിലൂട രാമസ്വാമിയുടെ സങ്കീർണ്ണമായ അവസ്ഥ വിജയകരമായി തരണം ചെയ്തു.

മുറിച്ച് മാറ്റാൻ വിധിക്കപ്പെട്ട കാലുമായി വന്ന് മൂന്നാം ദിനം പരസഹായമോ, വടിയുടെ സഹായമോ ഇല്ലാതെ നടന്നാണ് രാമസ്വാമി വീട്ടിലേക്ക് പോയത്. സാധുവായ ആ മനുഷ്യന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആഹ്ലാദവും ആത്മവിശ്വാസവും സ്നേഹവും എന്നും മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന അനുഭവമാണ്.

(കോഴിക്കോട് ആസ്റ്റർ മിംസിലെ കാർഡിയോളജി വിഭാഗം സീനിയർ കൺസൽട്ടന്റാണ് ലേഖകൻ)

Content Highlights: World Heart Day 2020, Doctor Sudheep Kochi share an experience with heart patient