കേരളജനതയുടെ ഹൃദയ ആരോഗ്യത്തിനായി നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഹൃദയത്തെ കാത്തുസൂക്ഷിക്കാനായി ചെയ്യാന്‍ ചില കാര്യങ്ങളിതാ..
ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കണം. സൂഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടല്‍ ഭക്ഷണത്തിന് പകരം രസകരമായി ഭക്ഷണം പാകം ചെയ്യുക, ചെറിയ യാത്രകള്‍, നടത്തം, മീന്‍പിടിത്തം, സൈക്കിളിങ് ഇതെല്ലാം സുഹൃദ്ബന്ധങ്ങള്‍ കൂട്ടുകയും കൂടുതല്‍ ആനന്ദദായകവും ആയിരിക്കും.
ഇന്ന് യുവാക്കളില്‍ കാണുന്ന തെറ്റായ പ്രവണതകള്‍ ഒരുതരത്തില്‍ ശാരീരിക വ്യായാമത്തിലൂടെയും, കളികളിലൂടെയും ഒരു പരിധിവരെ മാറ്റി എടുക്കാന്‍ സാധിക്കും. സ്‌കൂളുകളില്‍ കുട്ടികളുടെ ശാരീരിക ശിക്ഷണം, ആഹാരക്രമം മുതലായവ ഒരു പാഠ്യപദ്ധതിയാക്കി അതിന് തീര്‍ച്ചയായും പോയിന്റ് കൊടുക്കണം. ഉയര്‍ന്ന ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് തീര്‍ച്ചയായും ശാരീരികക്ഷമതയ്ക്കുള്ള പോയിന്റുകളും കൂടി പരിഗണിക്കണം.
ചൊട്ടയിലെ ശീലം ചുടല വരെ എന്നാണ് ചൊല്ല്. ഇത് ഒരുതരത്തില്‍ ശരിയാണ്. വീടുകളില്‍ കളി കഴിഞ്ഞാല്‍ തന്റെ കളിസ്ഥലങ്ങളും കളിപ്പാട്ടങ്ങളും വൃത്തിയാക്കാനും അവ എടുത്തുവെയ്ക്കാനും കുട്ടികളെ നിര്‍ബന്ധിക്കണം. ശിക്ഷണം ഇവിടെ തുടങ്ങുന്നു. ആഹാരം നിശ്ചിത സമയംകൊണ്ട് മാത്രമേ കഴിക്കുവാന്‍ പാടുള്ളൂ എന്ന് സമ്മതിപ്പിക്കണം. ഇതുകൊണ്ട് ഒരു പരിധിവരെ ഭക്ഷണം ചവച്ചരച്ച് കഴിക്കുവാനും കുട്ടി തയ്യാറാകുന്നു. ഇത് അമിതാഹാരത്തെ നിയന്ത്രിക്കുന്നു. ആഹാരത്തിനൊപ്പം വായിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക എന്നിവ കഴിവതും ഒഴിവാക്കണം. ഈ സമയം കുടുംബത്തിലെ അംഗങ്ങള്‍ പരസ്പരം സംസാരിക്കുവാന്‍ സമയം കണ്ടെത്തെണം.
സോഷ്യല്‍ മീഡിയ ഇന്ന് ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ഇത് നമുക്ക് തീര്‍ച്ചയായും രോഗപ്രതിരോധത്തിന് സഹായകമാക്കാം, പല കൂട്ടായ്മകളില്‍ കൂടി. ഒരുപാട് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഇന്ന് നിലവിലുണ്ട്. എന്നാല്‍, വ്യായാമവും ആവശ്യമുണ്ടൈങ്കില്‍ മരുന്നുകഴിക്കുവാനുള്ള ആര്‍ജവവുമാണ് നാം കണ്ടെത്തേണ്ടത്. ശരിയായ ചികിത്സയും ആഹാരനിയന്ത്രണങ്ങളും വ്യായാമങ്ങളും ഉള്ള പ്രമേഹരോഗി കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ആളുമായി താരതമ്യം ചെയ്താല്‍ കൂടുതല്‍ കാലം ആരോഗ്യവാനായി ജീവിച്ചിരിക്കും.
എല്ലാവരും സ്വന്തമായി ഒരു തീരുമാനം എടുക്കണം. ഞാന്‍ സ്വയം ആരോഗ്യകരമായ ജീവിതരീതി പിന്‍തുടരും. അതുപോലെ തന്നെ എന്റെ പ്രിയപ്പെട്ടവരെയും അതിന് പ്രചോദിപ്പിക്കും. പുകവലി ഉപേക്ഷിക്കുക.
ജങ്ക് ഫുഡ് ഉപേക്ഷിക്കും. ഉപ്പ്, മധുരം എന്നിവയെ ഇന്ന് വൈറ്റ് പോയിസണ്‍ എന്നാണ് വിളിക്കുന്നത്. ഇത് കഴിവതും കുറയ്ക്കും (6 ആഴ്ചകള്‍ മാത്രമേ നമ്മുടെ നാക്കിന്റെ രുചി മാറ്റുവാന്‍ എടുക്കുകയുള്ളൂ) അച്ചാറും പപ്പടവും വിശേഷ അവസരങ്ങളില്‍ മാത്രമേ ഉപയോഗിക്കൂ. ശരിയായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കും. സമീക്രതമായ ഭക്ഷണം. അതില്‍ ഇലക്കറികളും പഴവര്‍ഗ്ഗങ്ങളും.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മത്തി, അയല മുതലായ മത്സ്യങ്ങളും ഉള്‍പ്പെടുത്തും. അമിതമായ മദ്യപാനം നിര്‍ത്തുക, പാന്‍മസാല, പുകയില എന്നിവയുടെ ഉപയോഗം നിര്‍ത്തുക.
ചൂടാക്കിയ എണ്ണയുടെ ഉപയോഗം നിര്‍ത്തുക, എണ്ണ ആവശ്യത്തിന് മാത്രം. വറുത്ത ആഹാരങ്ങള്‍ വിശേഷ അവസരങ്ങളിലേക്ക് മാറ്റിവെയ്ക്കുക.
ചുവന്നമാംസം വിശേഷ അവസരങ്ങളില്‍ ഉപയോഗിക്കുകയുള്ളു അല്ലെങ്കില്‍ ആഴ്ചയിലോ മാസത്തിലോ മാത്രം.
ഫുള്‍ ക്രീം തൈരിന് പകരം കൊഴുപ്പുകുറഞ്ഞ തൈര്, മോര് ഉപയോഗിക്കുക.
എല്ലാ ദിവസവും പറ്റുമെങ്കില്‍ ആഴ്ചയില്‍ 45-60 മിനിറ്റ് വ്യായാമം ചെയ്യും.
20 മിനിറ്റില്‍ കൂടുതല്‍ ഒരു സ്ഥലത്ത് വെറുതെ ഇരിക്കില്ല. ചെറിയ നടത്തം, ചെറിയ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുക.
കുടുംബത്തോട് അല്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുറച്ചുസമയം പങ്കുവെയ്ക്കാന്‍ ശ്രമിക്കണം.
ആരോഗ്യകരമായ ദാമ്പത്യജീവിതം ജീവിതത്തിന്റെ പിരിമുറുക്കം കുറയ്ക്കും എന്നു മാത്രമല്ല ആയുസ്സ് പ്രദാനം ചെയ്യുകയും ചെയ്യും.
25-30 വയസ്സ് കഴിഞ്ഞ എല്ലാവരും ബി.പി., ഷുഗര്‍, കൊളസ്ട്രോള്‍ 5വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിക്കണം. വ്യതിയാനം കണ്ടാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടണം.
Content Highlight: Heart Health, Healthy Heart, World Health Day, Lifestyle and Heart Health