2010, നവംബര്‍ 25. കാഞ്ഞങ്ങാട് നഗരം. രാത്രി ഏഴുമണി.  ജോലികഴിഞ്ഞുള്ള തീവണ്ടിയാത്രയ്ക്ക് ശേഷം റെയില്‍വേ സ്റ്റേഷനില്‍നിന്ന് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അശോകന്‍. സ്വന്തം ബൈക്ക് അറ്റകുറ്റപ്പണിക്ക് വെച്ചതിനാല്‍ ഗ്യാരേജുടമ പകരം നല്‍കിയ സ്‌കൂട്ടറിലായിരുന്നു യാത്ര. പഴയ കൈലാസ് തിയേറ്ററിന് സമീപമെത്തിയപ്പോള്‍ മുന്നില്‍ പോവുകയായിരുന്ന കാര്‍ പെട്ടെന്ന് നിര്‍ത്തി. അതില്‍ ഇടിക്കാതിരിക്കാന്‍ അശോകന്‍ സ്‌കൂട്ടറിന്റെ ബ്രേക്ക് ചവിട്ടി. നിയന്ത്രണംവിട്ട് സ്‌കൂട്ടറുമായി അശോകന്‍ റോഡരികിലേക്ക് വീണു. ചാടിയെഴുന്നേറ്റപ്പോഴേക്കും കാലിലെയും കൈയിലെയും തൊലിപൊട്ടി ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു. 

ബാഗ് മണ്ണില്‍നിന്നെടുത്ത് സ്‌കൂട്ടറില്‍ വെച്ചു. കുപ്പായത്തിന്റെ കീശ തപ്പിനോക്കിയപ്പോള്‍ മൊബൈല്‍ ഫോണും എഴുതാനുള്ള ചെറിയ പാഡും പേനയും കൈയില്‍ തടഞ്ഞില്ല. അപകടംകണ്ട് എത്തിയ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ മൊബൈലും പാഡും എടുത്തു കൊടുത്തു. എന്നാല്‍, ഒന്നിച്ച് കളിച്ച്, പഠിച്ച് വളര്‍ന്ന എം.കെ.കുഞ്ഞിരാമന്‍ ഗള്‍ഫില്‍നിന്ന് അവധിക്കെത്തിയപ്പോള്‍ പ്രിയസുഹൃത്തിന് സമ്മാനിച്ച പേന മാത്രം കിട്ടിയില്ല. 

അപകടത്തിന്റെ ഞെട്ടല്‍ മാറാതെ കാലിലും കൈയിലും പടരുന്ന നീറ്റല്‍ കടിച്ചമര്‍ത്തി റോഡരികിലെ തറയില്‍ ഇരിക്കുമ്പോഴും അശോകന്‍ ആ പേനയ്ക്കായി കണ്ണുകള്‍കൊണ്ട് പരിസരത്തെല്ലാം പരതി. അപ്പോഴേക്കും ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നതായി അശോകന് മനസ്സിലായി. 
ആരുടെയോ കൈപിടിച്ച് തൊട്ടരികിലുള്ള കാഞ്ഞങ്ങാട് നഴ്സിങ് ഹോമിലേക്ക് നടന്നെത്തി. വണ്ടിയില്‍നിന്ന് വീണെന്നും ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഡോക്ടറോട് പറഞ്ഞു. കുപ്പായം ഊരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. അതിന് മുന്നോടിയായി കീശയില്‍നിന്ന് മൊബൈലും പാഡും എടുത്തുമാറ്റി. 

പഴ്സൊക്കെ കിട്ടിയല്ലോ എന്ന് ഡോക്ടറുടെ ചോദ്യം. പാന്റിന്റെ കീശയില്‍ പഴ്സ് ഭദ്രമാണെന്നും എന്നാല്‍ തന്റെ ഉറ്റ സ്‌നേഹിതന്‍ സമ്മാനിച്ച പേന കാണാനില്ലെന്നും കുപ്പായമൂരുന്നതിനിടയില്‍ അശോകന്‍ പറഞ്ഞു. അപ്പോഴാണ് ഇടതുനെഞ്ചിനരികിലെ ചുവന്ന വൃത്തത്തിനുള്ളില്‍ തറച്ചുനില്‍ക്കുന്ന പേനയുടെ ഭാഗം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒന്ന് ഞെട്ടിയെങ്കിലും അദ്ദേഹം പറഞ്ഞു, വിഷമിക്കേണ്ട അത് താങ്കളുടെ നെഞ്ചിനുള്ളില്‍ത്തന്നെ ഇപ്പോഴുമുണ്ട്. 

ഹൃദയത്തോടുചേര്‍ന്ന് ലോഹത്തിന്റെ പേന തുളച്ചുകയറിയതിന്റെ ഗൗരവം ഡോക്ടര്‍ക്ക് മനസ്സിലായി. നിമിഷങ്ങള്‍ക്കുള്ളില്‍ അത് സംഭവിക്കുമെന്നും അദ്ദേഹം ഭയന്നു.  

അപ്പോഴേക്കും അശോകന്റെ ജ്യേഷ്ഠന്‍ ഗംഗാധരനും അദ്ദേഹത്തിന്റെ മകന്‍ നിഷാന്തും കാഞ്ഞങ്ങാട്ടെ സുഹൃത്തുക്കളായ ഗണേശനും രവിയും ആസ്പത്രിയില്‍ കുതിച്ചെത്തിയിരുന്നു. എത്രയുംവേഗം വിദഗ്ധചികിത്സ ലഭ്യമാക്കണമെന്നും പേന വലിച്ചെടുക്കാന്‍ ശ്രമിക്കരുതെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു.  പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാരുമായുള്ള മുന്‍പരിചയം വെച്ച് അങ്ങോട്ടേക്ക് പോകാനാണ് അശോകന്റെ ബന്ധുക്കള്‍ തീരുമാനിച്ചത്. 

penman ashokan
അശോകന്റെ നെഞ്ച് തുളച്ച് കയറിയ പേനയും, എക്‌സ്‌റേയും 

നെഞ്ചിടിപ്പോടെ തീവണ്ടിക്കുമുന്നില്‍

ഇന്നത്തേതുപോലുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ആംബുലന്‍സ് അശോകനുമായി പരിയാരത്തേക്ക് കുലുങ്ങിക്കുതിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ പടന്നക്കാട്ടെത്തിയെങ്കിലും റെയില്‍വേഗേറ്റ് അടഞ്ഞുകിടക്കുകയായിരുന്നു.  വെടിയേറ്റയാളെപ്പോലെ നെഞ്ചില്‍നിന്ന് ചോരയൊലിപ്പിച്ച് ആംബുലന്‍സില്‍ കിടന്ന അശോകനുമുന്നിലൂടെ രണ്ട് തീവണ്ടികള്‍ ചൂളംവിളിച്ച് തെക്കോട്ടും വടക്കോട്ടും പാഞ്ഞു. ആ കടമ്പകടന്ന് കുതിച്ച് ആംബുലന്‍സ് നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിലെത്തി. അതും അശോകനുമുന്നില്‍ അടഞ്ഞുകിടന്നു. തെക്കോട്ടും വടക്കോട്ടും രണ്ട് തീവണ്ടികള്‍ ചീറിപ്പാഞ്ഞതിനുശേഷം മാത്രമാണ് ആ ഗേറ്റും തുറന്നത്. ദേശീയപാതയിലെ കുഴികള്‍ തുഴഞ്ഞ് ആംബുലന്‍സ് ഒടുവില്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തി. അവിടെയും പരീക്ഷണം അവസാനിച്ചിരുന്നില്ല. സര്‍ജനില്ലാത്തതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുപറഞ്ഞ് അവര്‍ അശോകനെ കൈയൊഴിഞ്ഞു. അപ്പോഴേക്കും താന്‍ ശ്വാസംകിട്ടാതെ വേദനകൊണ്ട് പുളയാന്‍ തുടങ്ങിയിരുന്നുവെന്ന് അശോകന്‍. 

പ്രതീക്ഷ കൈവിട്ട് മരണത്തിനുമുന്നില്‍

പരിയാരത്തുനിന്ന് മടക്കുകയാണെന്ന് തിരിച്ചറിഞ്ഞതോടെ താന്‍ മരിക്കാന്‍പോവുകയാണെന്ന ചിന്തയാണ് മനസ്സില്‍ നിറഞ്ഞതെന്ന് അശോകന്‍ പറയുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ അശോകന്റെ ബോധംപോയി. ചോരയൊലിക്കുന്ന നെഞ്ചുമായി ബോധമില്ലാതെകിടക്കുന്ന ആ ജീവനെയുംകൊണ്ട് ആംബുലന്‍സ് മംഗളൂരുവിലേക്ക് പറന്നു. ബന്ധുക്കളും സുഹൃത്തുക്കളും ആംബുലന്‍സിനുള്ളില്‍ ശ്വാസമടക്കിപ്പിടിച്ചിരുന്നു. റെയില്‍വേ ഗേറ്റുകള്‍ വീണ്ടും ചതിക്കരുതേ എന്ന പ്രാര്‍ഥനമാത്രമായിരുന്നു അവരുടെ ഉള്ളില്‍ നിറഞ്ഞത്. രാത്രി 11മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് മംഗളൂരു യൂണിറ്റി ആസ്പത്രിയില്‍ എത്തിയത്. തകര്‍ന്ന റോഡിലൂടെയുള്ള മംഗളൂരു യാത്രയ്ക്ക് കൂട്ടായി ആ രാത്രിയില്‍ കാസര്‍കോട് മുതല്‍ മംഗളൂരുവരെ കനത്ത മഴയും പെയ്തു...

 പരിയാരത്തെ അത്യാഹിതവിഭാഗത്തില്‍നിന്ന് എന്തോ കുത്തിവെക്കുന്നതുമാത്രമാണ് അന്ന് അവസാനമായി അശോകന്‍ അറിഞ്ഞത്. പിന്നീട് ബോധം വന്ന് കണ്ണുതുറക്കുമ്പോള്‍ മുന്നില്‍ ഒരു പ്ലാസ്റ്റിക് കവറില്‍ താന്‍ ജീവനുതുല്യം സ്‌നേഹിച്ച പേനയുമായി ഡോ. അശോക് ഷെട്ടി ചിരിച്ചുകൊണ്ട് നില്‍ക്കുന്നു. ശരീരത്തില്‍ തുളച്ചുകയറിയ കമ്പി, ആണി, മരം  തുടങ്ങിയവയെല്ലാം പുറത്തെടുത്തിട്ടുണ്ടെങ്കിലും താന്‍ ആദ്യമായാണ് നെഞ്ചിന്‍കൂടിനുള്ളില്‍ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പേന പുറത്തെടുക്കുന്നതെന്ന് ചിരിച്ചുകൊണ്ട് ഡോ. ഷെട്ടി പറഞ്ഞു. ഇത് തന്റെ പുനര്‍ജന്മമാണെന്നും താന്‍ ഇന്നു മുതല്‍ അശോകനല്ല 'പെന്‍മാന്‍' ആണെന്നും പറഞ്ഞ് അശോകന്റെ തോളത്തുതട്ടി സമാധാനിപ്പിച്ചാണ് ഡോ. ഷെട്ടി പോയത്. 

എട്ടുദിവസം ആസ്പത്രിയില്‍ കിടന്നാണ് അശോകന്‍ വീട്ടില്‍ തിരിച്ചെത്തിയത്. ഒരുമാസത്തെ വിശ്രമം കഴിഞ്ഞ് വീണ്ടും ജോലിചെയ്തുതുടങ്ങി. ഇപ്പോള്‍ ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പവന്‍ നല്ലെണ്ണ കമ്പനിയില്‍ സെയില്‍സ് ഓഫീസറാണ് അശോകന്‍. ജില്ലാ ആസ്പത്രി ജീവനക്കാരിയായ ഭാര്യ വിജയമ്മയും മക്കളായ അനഘയും മേഘയും അദ്ദേഹത്തിനൊപ്പമുണ്ട്. അമ്പത്തിരണ്ടാം വയസ്സില്‍ കര്‍മനിരതനാണ് അശോകന്‍.

 പഴയ അനുഭവത്തെക്കുറിച്ച് ചോദിച്ചാല്‍ നെഞ്ചിലെ വെളുത്ത മുറിപ്പാടിലൂടെ വിരലോടിച്ച് ചിരിച്ചുകൊണ്ട് അശോകന്‍ പറയും: കൂട്ടുകാരന്റെ തോളത്ത് കൈയിട്ടുനടക്കുന്നതുപോലുള്ള സുഖമായിരുന്നു, എന്നും കീശയില്‍ ആ പേന കുത്തിവെക്കുമ്പോള്‍. വീട്ടിലെ അലമാരയ്ക്കുള്ളില്‍ ഇന്നും അശോകന്‍ ആ പേന സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഒപ്പം മറ്റൊന്നുകൂടിയുണ്ട്... വെളുത്ത വാരിയെല്ലുകള്‍ക്കിടയില്‍ വെളുത്ത ഹൃദയത്തോടും ശ്വാസകോശത്തോടും ചേര്‍ന്നുനില്‍ക്കുന്ന വെളുത്ത പേനയുടെ എക്‌സ്റേ ചിത്രം.

പോക്കറ്റിലെ പെന്‍..ശീലം...ദുശ്ശീലം?

വിലകൂടിയ പേന കുപ്പായത്തിന്റെ കീശയില്‍ സ്ഥിരമായി കുത്തുന്നത് പണ്ടുമുതലേ പലരുടെയും ശീലത്തിന്റെ ഭാഗമാണ്. ഇന്ത്യയില്‍ അത് ഇത്രയും പ്രചരിക്കാന്‍ കാരണം ബ്രിട്ടീഷുകാരുമായുള്ള ബന്ധമാണെന്ന ഒരു വാദമുഖം നിലവിലുണ്ട്. കീശയില്‍ കുത്താന്‍വേണ്ടി മാത്രമായി വിലകൂടിയ പേന സ്വന്തമാക്കുന്നവരും നമുക്കിടയിലുണ്ട്. കഞ്ഞിപ്പശമുക്കിയെടുത്ത് ഇസ്തിരിയിട്ട വെള്ളക്കുപ്പാശത്തിന്റെ കീശയ്ക്കുള്ളില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുവെച്ച് അതിരാവിലെ വീട്ടില്‍ നിന്നിറങ്ങുന്നത് ചിലരുടെ ശീലമല്ലേ.  മറ്റുചിലര്‍ നോട്ടിനുപകരം പേനകുത്തുന്നു, അത്രമാത്രം. എന്നാല്‍ ഓര്‍ക്കുക, ഒരുതുള്ളി മഷിക്ക് നിങ്ങളുടെ പ്രിയപ്പെട്ട കുപ്പായത്തെ ഉപയോഗശൂന്യമാക്കാന്‍ ശക്തിയുണ്ട്. ഒരു പേനയ്ക്ക് ജീവനെടുക്കാനും ശക്തിയുണ്ട്.

എഴുതാന്‍ എളുപ്പത്തില്‍ ലഭിക്കുമെന്നതിനാലാണ് കുപ്പായത്തിന്റെ കീശയില്‍ പേന താമസം തുടങ്ങിയെന്നും ചില അഭിപ്രായങ്ങളുണ്ട്. എന്നാല്‍, ഇപ്പോള്‍ പലര്‍ക്കും മൊബൈല്‍ഫോണ്‍ ഇടാനുള്ളതാണ് കീശയെന്നാണ് നാട്ടുനടപ്പ്. പാന്റിന്റെ കീശയില്‍ പേനയിട്ടാല്‍ തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ പലപ്പോഴും അത് കാണാതാകുന്നതായും പലരും അഭിപ്രായപ്പെടുന്നു.

അലക്കിത്തേച്ച കുപ്പായമിട്ട് വീട്ടില്‍നിന്നിറങ്ങാന്‍ തുടങ്ങുംമുമ്പ് കീശയില്‍ പേന 'ഛര്‍ദി'ച്ച് യാത്രവൈകിയ സന്ദര്‍ഭങ്ങള്‍ പലര്‍ക്കും ഓര്‍ത്തെടുക്കാനുണ്ടാകും. അടപ്പിടാതെയും നിബ് ഉള്ളിലേക്കാക്കാതെയും പേന കീശയിലിട്ട് പെട്ടുപോയവരും കുറവല്ല.

വിലകൂടിയ വാച്ചും മൊബൈല്‍ഫോണുംപോലെ വിലകൂടിയ പേന വാങ്ങി ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന കുപ്പായക്കീശയില്‍ കുത്തുന്നതിനുമുമ്പ് ഒന്നാലോചിക്കുന്നത് നന്നായിരിക്കും. യാത്രയിലും മറ്റും സ്ഥിരമായി ഉപയോഗിക്കുന്ന ബാഗില്‍ കൃത്യമായ സ്ഥലത്ത് പേന കരുതുന്നതാണ് ഇക്കാര്യത്തില്‍ സ്വീകാര്യം.