വീട്ടിലും പറമ്പിലുമൊക്കെയുള്ള ചെറുജോലികളെങ്കിലും സ്വയം ചെയ്യുക. വീട്ടുജോലികളിലും മറ്റും കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിച്ച്, മെയ്യനങ്ങുന്ന ശീലം ഉണ്ടാക്കിയെടുക്കുക.

ഓഫീസുകളിലും മറ്റും കോണിപ്പടി കയറിപ്പോകുകയെന്നത് ശീലമാക്കുക. ലിഫ്റ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഇറങ്ങാന്‍ ലിഫ്റ്റ് വേണ്ട.

ഒരു കിലോമീറ്ററും മറ്റുമുള്ള ചെറിയ ദൂരങ്ങള്‍ക്ക് ബസ്, ഓട്ടോ തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കാതിരിക്കുക.

ഒന്നോ രണ്ടോ കിലോമീറ്റര്‍ മാത്രമേയുള്ളൂവെങ്കില്‍, കുട്ടികള്‍, സ്‌കൂളിലേക്ക് നടന്നുപോവുക ശീലമാക്കണം. 'അഞ്ചും പത്തും നാഴിക നടന്ന് പഠിച്ച' കാര്യം മുത്തച്ഛന്മാരും മറ്റും പറയുന്നത് കേള്‍ക്കാറില്ലേ. ചെറുപ്പത്തിലെ ഈ നടത്തം ജീവിതാന്ത്യം വരെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്.

വീട്ടിലും ജോലിസ്ഥലത്തും വലിയ ജോലികളില്ലാത്തവര്‍ വ്യായാമത്തിനായി രാവിലെ, നിത്യം, അരമണിക്കൂറെങ്കിലും നടക്കണം.

പ്രഭാത സായാഹ്ന സവാരികളില്‍ സാമാന്യം വേഗത്തില്‍ വേണം നടക്കാന്‍. നടന്നു വിയര്‍ക്കണമെന്നര്‍ഥം.
മറ്റു പ്രശ്നങ്ങളില്ലാത്തവര്‍, നിത്യവും അല്‍പദൂരം ഓടുന്നതും നീന്തുന്നതും നല്ലതാണ്. അടുത്ത് കുളമോ പുഴയോ ഉള്ളവര്‍ നീന്തിക്കുളിക്കുന്നതാണ് ഉത്തമം.

കുട്ടികള്‍ ദിവസവും കുറച്ചുനേരമെങ്കിലും ഓടിച്ചാടിക്കളിക്കണം.

പതിവുയാത്രകളില്‍ എപ്പോഴും ഒരു സ്റ്റോപ്പ് മുന്‍പേ ബസ്സിറങ്ങി നടക്കുക. തിരിച്ചുപോകുമ്പോള്‍ ഏറ്റവുമടുത്ത സ്റ്റോപ്പ് ഒഴിവാക്കി തൊട്ടടുത്ത സ്റ്റോപ്പിലേക്ക് നടന്ന് ബസ്സ് കയറുക. ചുറ്റുപാടുമായുള്ള ആരോഗ്യകരമായ ബന്ധത്തിനും ഇതുപകരിക്കും.

ബൈക്കും കാറുമൊക്കെയുപയോഗിക്കുന്നവര്‍ ചെറിയ ദൂരങ്ങള്‍ക്കും മറ്റും വാഹനമുപയോഗിക്കാതിരിക്കുക. ആരോഗ്യം നേടാം, പണവും ലാഭം.

ചെറുചെറുയാത്രകള്‍ക്ക് സൈക്കിള്‍ ഉപയോഗിക്കുന്നത് നല്ലൊരു വ്യായാമമാണ്. വികസിത രാജ്യങ്ങളില്‍ മറ്റു വാഹനങ്ങളുള്ളവരും നിത്യവും സൈ ക്കിള്‍ സവാരി ചെയ്യാറുണ്ട്. പല രാജ്യങ്ങളിലും സൈക്കിള്‍സവാരി ഒരു സ്റ്റാ റ്റസ് സിംബലായി മാറിവരികയാണ്.

ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇടവേളകളില്‍ എഴുന്നേറ്റു നടക്കുന്നത് ശീലമാക്കണം.

അടുക്കളത്തോട്ടവും പൂന്തോട്ടവും സ്വയം നിര്‍മിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്നത് നല്ലതാണ്.

അത്താഴത്തിനു ശേഷം കുടുംബാംഗങ്ങളോടൊപ്പം ചെറിയൊരു നടത്തം പതിവാക്കുക. വീട്ടുമുറ്റത്തോ തൊടിയിലോ മതിയാകുമിത്.

നാല്‍പതു വയസ്സു കഴിഞ്ഞാല്‍ പെട്ടെന്നൊരു ദിവസം വലിയ വ്യായാമങ്ങള്‍ തുടങ്ങുന്നത് നന്നല്ല. ഡോക്ടറുടെ ഉപദേശം തേടുക.

നിത്യേന വായനശാല, ദേവാലയങ്ങള്‍ തുടങ്ങിയ കേന്ദ്രങ്ങളിലേക്കുള്ള നടത്തം ശീലമാക്കുക.

Content Highlights: Excercises to keep your heart healthy