എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം.
ബീഫ്, പോര്‍ക്ക്, മട്ടണ്‍ തുടങ്ങി, കൊഴുപ്പു കൂടിയ മാംസങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇറച്ചി കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ കോഴി, താറാവ് തുടങ്ങിയ പക്ഷികളുടെ മാംസമാണ് നല്ലത്.
ഇറച്ചി വറുത്തു കഴിക്കരുത്, വേവിച്ച് കഴിച്ചാല്‍ മതിയാകും.
മത്തി തുടങ്ങിയ ചെറിയ മത്സ്യങ്ങളാണ് ആരോഗ്യത്തിനു നല്ലത്. കഴിവതും കറിവച്ചു മാത്രം കഴിക്കുക. വറുത്തും പൊരിച്ചും കഴിക്കാതിരിക്കുക.
ഊണിനോടൊപ്പം വേവിക്കാത്ത പച്ചക്കറി നിത്യവും കഴിക്കുക. വെള്ളരി, കക്കിരി, കാരറ്റ്, തക്കാളി, സവാള തുടങ്ങിയവ സാലഡായി ഉപയോഗിക്കാം.
ചോറിന്റെ അളവ് കുറച്ച്, വേവിക്കാത്ത പച്ചക്കറികളുടെ അളവ് കൂട്ടുക. മൊത്തത്തില്‍ അമിതഭക്ഷണം പാടില്ല.
ഉപ്പ് പരമാവധി കുറയ്ക്കുക. ഉപ്പിന് പ്രത്യേക ഔഷധഗുണങ്ങളൊന്നുമില്ല.
നാര് കൂടുതലുള്ള പയറുവര്‍ഗങ്ങള്‍, കടലവര്‍ഗങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവ ശീലമാക്കുക. ഇവ വറുത്തോ തോരന്‍ വച്ചോ കഴിക്കുന്നതിനേക്കാള്‍ കറിവച്ചു കഴിക്കുന്നതാണ് നല്ലത്.
പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക. കീടനാശിനികളും രാസവളങ്ങളും ചേരാത്തവയായാല്‍ നന്ന്. ജ്യൂസാക്കി കഴിക്കാതെ, നേരിട്ടു തിന്നുന്നതാണ് നല്ലത്.
മുട്ടയുടെ മഞ്ഞക്കരു പരമാവധി ഒഴിവാക്കുക.
ടെലിവിഷന്‍ കാണുമ്പോഴും വായിക്കുമ്പോഴും ചിപ്സ്, കോണ്‍ തുടങ്ങിയ വറുത്തതും ഉപ്പുകൂടിയതുമായ വസ്തുക്കള്‍ കഴിക്കുന്ന ശീലം നിര്‍ത്തണം.
ഐസ്‌ക്രീം, ചോക്ലേറ്റ്, കേക്ക്, പേസ്റ്ററി തുടങ്ങിയവ വളരെയധികം കൊഴുപ്പു ചേര്‍ന്നവയാണ്. വയറ്റിനും ഇവ ദോഷം ചെയ്യും. ഇവ പാടേ ഒഴിവാക്കുകയാണ് ബുദ്ധി.
ഊണിനോടൊപ്പം എപ്പോഴും പപ്പടം വേണമെന്ന നിര്‍ബന്ധം ഒഴിവാക്കുക. കൂടിയേ കഴിയൂ എങ്കില്‍ പപ്പടം ചുട്ടുതിന്നാം. അപ്പോഴും ഉപ്പുകുറയില്ലെന്നോര്‍ക്കുക.
പാലും പാലുല്‍പ്പന്നങ്ങളും പരമാവധി കുറയ്ക്കുക. മോര് കൂട്ടാം.
രാവിലെ ഭക്ഷണം കഴിച്ച് ഉച്ചയ്ക്കുമുമ്പ് വിശപ്പു തോന്നിയാല്‍ മറ്റെന്തെങ്കിലും കഴിക്കാതെ ഒരു ഗ്ലാസ് വെള്ളം മാത്രം കുടിക്കുക. ഇടനേരങ്ങളില്‍ ചെറുഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലം നന്നല്ല.
സദ്യക്കും പാര്‍ട്ടിക്കും പോകുംമുമ്പ് എന്തു കഴിക്കണം തുടങ്ങിയ കാര്യങ്ങളെപ്പറ്റി നേരത്തേ ആലോചിച്ചുറപ്പിക്കുകയും സ്വയം തയ്യാറെടുക്കുകയും വേണം. സദ്യ, ഒരവസരമായിക്കണ്ട് വലിച്ചുവാരി കഴിക്കരുത്.
Content Highlights: Healthy food for heart World heart day 2020