ഹൃദയസ്തംഭനം നേരിടാന്‍ സിപിആര്‍ പരിശീലിക്കാം. എങ്ങനെ ചെയ്യാം സിപിആര്‍?

പ്രഥമശുശ്രൂഷ

ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്ന വ്യക്തിയെ സമാശ്വസിപ്പിച്ച് കസേരയില്‍ ചാരിയിരുത്തുക. തലയും തോളും തലയണവെച്ച് താങ്ങുകൊടുക്കണം. ഇറുകിക്കിടക്കുന്ന വസ്ത്രങ്ങള്‍ അയച്ചുകൊടുക്കണം. തളര്‍ന്ന് അവശനായി ഇരിക്കുകയോ കുഴഞ്ഞുവീഴുകയോ ചെയ്താല്‍ ഉടന്‍ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തണം. കാലിനടിയിലായി ഒരു തലയണവെച്ച് കാല്‍ഭാഗം ഉയര്‍ത്തിവെക്കുന്നത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കും. ബോധം വീണ്ടെടുക്കാനും ഇതുപകരിക്കും. രോഗിയുടെ ശ്വാസോച്ഛ്വാസത്തിന്റെയും ഹൃദയമിടിപ്പിന്റെയും അവസ്ഥ മനസ്സിലാക്കണം. മൂക്കിനു താഴെ ചൂണ്ടുവിരല്‍ പിടിച്ചുനോക്കുകയാണെങ്കില്‍ നിശ്വാസവായു സ്പര്‍ശിച്ചറിയാന്‍ കഴിയും. ഒപ്പം നെഞ്ചിന്‍കൂടിന്റെ താളാത്മകമായ ചലനവും മനസ്സിലാക്കാം.

കഴുത്തിന്റെ ഇരുവശങ്ങളിലായി കരോട്ടിഡ് പള്‍സോ കൈത്തണ്ടയില്‍ പിടിച്ച് റേഡിയല്‍ പള്‍സോ നോക്കി ഹൃദയപ്രവര്‍ത്തനം അറിയാന്‍ ശ്രമിക്കാം. ശ്വസനപ്രവര്‍ത്തനവും ഹൃദയസ്പന്ദനവുമില്ലെങ്കില്‍ രോഗി അതീവ ഗുരുതരാവസ്ഥയിലാണെന്ന് മനസ്സിലാക്കാം. ഇവിടെ രോഗിക്ക് ഹൃദയസ്തംഭനവും (കാര്‍ഡിയാക് അറസ്റ്റ്), ശ്വസനസ്തംഭനവും (റെസ്പിറേറ്ററി അറസ്റ്റ്) ഉണ്ടായിരിക്കുകയാണ്. സി.പി.ആര്‍. (കാര്‍ഡിയോ പള്‍മനറി റെസസിറ്റേഷന്‍) എന്ന ജീവന്‍രക്ഷാപ്രക്രിയയിലൂടെ രോഗിയുടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് പ്രഥമശുശ്രൂഷകര്‍ ശ്രമിക്കേണ്ടത്.

സി.പി.ആര്‍. ചെയ്യാന്‍

രോഗിയെ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തുക. മൂക്കിലും വായിലുമൊക്കെ പിടിച്ചിരിക്കുന്ന ഉമിനീരും പതയുമൊക്കെ തുടച്ചുമാറ്റണം. ബോധക്ഷയമുണ്ടായ ആളിന്റെ നാവ് പുറകോട്ട് മറിഞ്ഞ് ശ്വാസതടസ്സമുണ്ടാകാതെയിരിക്കാനായി കീഴ്ത്താടി അല്പം ഉയര്‍ത്തിപ്പിടിക്കണം.

രോഗിയുടെ മാറെല്ലിനു മുകളിലായി ഇടതുകൈപ്പത്തിയും അതിനു മുകളിലായി ശുശ്രൂഷകന്റെ വലതുകൈപ്പത്തിയും ചേര്‍ത്തുവെക്കുക. കൈമുട്ടുകള്‍ മടക്കാതെ കൈകള്‍ നിവര്‍ത്തിപ്പിടിച്ചുകൊണ്ട് മാറെല്ല് ശക്തിയായി താഴേക്കമര്‍ത്തണം. 5-6 സെന്റീമീറ്റര്‍ വരെ താഴുമ്പോള്‍ ഹൃദയം ഞെരുങ്ങി ഹൃദയ അറകളില്‍ ശേഖരിച്ചിരിക്കുന്ന രക്തം പുറത്തേക്ക് പ്രവഹിക്കുകയാണ് ചെയ്യുന്നത്.

നെഞ്ചില്‍ സമ്മര്‍ദമേല്‍പ്പിക്കുന്നതോടൊപ്പം രോഗിയുടെ വായിലേക്ക് ശക്തിയായി ഊതി കൃത്രിമശ്വാസോച്ഛ്വാസവും നല്‍കണം. എന്നാല്‍ നെഞ്ചില്‍ അമര്‍ത്തുന്നതുകൊണ്ടുതന്നെ ഹൃദയപ്രവര്‍ത്തനങ്ങളെ പുരുജ്ജീവിപ്പിക്കാമെന്ന് കണ്ടാല്‍ കൃത്രിമശ്വാസോച്ഛ്വാസം നിര്‍ബന്ധമില്ല. കാര്‍ഡിയാക് മസാജ് നല്‍കുമ്പോള്‍ ഒരു മിനിറ്റില്‍ 70-80 തവണയെങ്കിലും അമര്‍ത്തണം. രോഗിയുടെ പള്‍സും ശ്വാസോച്ഛ്വാസ ചലനങ്ങളും പ്രത്യക്ഷപ്പെടുന്നതുവരെയോ ഹൃദ്രോഗപരിചരണ സംവിധാനമുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെയോ സി.പി.ആര്‍. തുടരണം. 

കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ച വ്യക്തിയുടെ നെഞ്ചില്‍ ഹൃദയഭാഗത്തായി ശക്തിയായി ഇടിക്കുക. പെട്ടെന്നുള്ള ഈ സമ്മര്‍ദം ഒരു ഷോക്കുപോലെ പ്രവര്‍ത്തിച്ച് ഹൃദയപ്രവര്‍ത്തനങ്ങള്‍ വീണ്ടെടുക്കാന്‍ സഹായിച്ചുവെന്നുവരാം. നെഞ്ചുവേദന കുറയ്ക്കാനായി നാക്കിനടിയില്‍ സോര്‍ബട്രേറ്റ് ഗുളിക ഇട്ടുകൊടുക്കാം. ഒരു ഡിസ്പ്രിന്‍ ഗുളിക ചവച്ചുകഴിക്കാനും കൊടുക്കാം. രക്തം കട്ടപിടിക്കുന്നതു തടയാന്‍ ക്ലോപ്പിഡോഗ്രല്‍ ഗുളികകള്‍ നാലെണ്ണം ഒരുമിച്ച് കഴിക്കുന്നത് നല്ലതാണ്.

അടിസ്ഥാന ഹൃദ്രോഗ പരിചരണ സംവിധാനങ്ങളും കാര്‍ഡിയാക് ഐ.സി.യു.വും ഉള്ള ഏറ്റവും അടുത്ത ആശുപത്രിയിലേക്ക്രോഗിയെ കൊണ്ടുപോവുക. ഓക്സിജന്‍ ഡീഫിബ്രില്ലേറ്റര്‍ സംവിധാനങ്ങളുള്ള ആംബുലന്‍സില്‍ തന്നെ രോഗിയെ കൊണ്ടുപോകാന്‍ ശ്രമിക്കുക. രോഗിയുമായി എത്തുന്ന കാര്യം ആശുപത്രിയില്‍ വിളിച്ചറിയിക്കുന്നതും പ്രയോജനം ചെയ്യും.

Content Highlights: healthy heart, World Heart Day 2019, Healthy Heart, Heart  Diseases, CPR Procedure